പെട്രോൾ വേണ്ട, മൈലേജ് നോക്കേണ്ട! ചാർജ് ചെയ്‌താൽ 100 കി.മീ. ഓടുന്ന ആക്‌ടിവയുമായി ഹോണ്ട
നിരത്തുകളിൽ ഇലക്‌ട്രിക് സ്‌കൂട്ടറുകൾ വിരാജിക്കുന്ന സമയമാണിത്. പെട്രോൾ മോഡലുകളോട് ബൈ ബൈ പറഞ്ഞ് ആളുകളെല്ലാം ഇവിയിലേക്ക് ചേക്കേറി തുടങ്ങി. വൈദ്യുത വാഹന രംഗത്തെ സാധ്യതകൾ മനസിലാക്കി ടിവിഎസും ബജാജും ഹീറോയും പോലുള്ള ഇരുചക്ര വാഹന നിർമാതാക്കൾ നേരത്തെ തന്നെ കളത്തിലേക്ക് ഇറങ്ങിയെങ്കിലും സ്‌കൂട്ടർ നിർമാണ രംഗത്തെ പുലികളായ ഹോണ്ട ഇതൊന്നും മൈൻഡ് ചെയ്യാതെ ആക്‌ടിവയുടെ വിൽപ്പനയിൽ പുളകംകൊണ്ടിരിക്കുകയായിരുന്നു. പക്ഷേ കാര്യങ്ങൾ അധികം വൈകിപ്പിച്ചാൽ ചിലപ്പോൾ പിടിച്ചാൽ കിട്ടിയേക്കില്ലെന്ന് മനസിലായ ജാപ്പനീസ് ടൂവീലർ ബ്രാൻഡ് ആവനാഴിയിലെ പുതിയ അസ്‌ത്രവുമായി ഇറങ്ങുകയാണ്.
മനസിലായില്ലേ? അതായത് ഇന്ത്യയിലെ ഇലക്ട്രിക് സ്കൂട്ടർ (Electric Scooter) സെഗ്മെന്റിലേക്ക് ഹോണ്ടയും മത്സരത്തിനിറങ്ങുകയാണെന്ന് സാരം. വിദേശവിപണികളിൽ ഇതിനോടകം വൈദ്യുത വിപ്ലവത്തിന് തിരികൊളുത്തിയിരുന്നുവെങ്കിലും ഇന്ത്യയില്‍ ഹോണ്ട വില്‍പ്പനക്കെത്തിക്കുന്ന ആദ്യ ഇലക്ട്രിക് ടൂവീലര്‍ ആകും ഇത്. വരാനിരിക്കുന്നത് ആക്ടിവയുടെ ഇലക്ട്രിക് പതിപ്പായിരിക്കുമോയെന്നാണ് പലരും ചോദിക്കുന്ന ചോദ്യം.

ഇപ്പോൾ ടീസർ വീഡിയോകളിലൂടെ പുത്തൻ ഇവിയുടെ ഓരോ വിവരങ്ങളും പതിയെ പുറത്തുവിട്ടുകൊണ്ടിരിക്കുകയാണ് ഹോണ്ട. ഏറ്റവും പുതിയ ടീസറിൽ വൈദ്യുത സ്കൂട്ടറിന്റെ ഇലക്ട്രിക് മോട്ടോറാണ് കമ്പനി പരിചയപ്പെടുത്തിയിരിക്കുന്നത്. സെഗ്‌മെൻ്റിലെ മിക്ക പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടറുകളും മിഡ്-ഡ്രൈവ് പെർമെനന്റ് മാഗ്നെറ്റിക് സിൻക്രണസ് (PMS) മോട്ടോറാണ് ഉപയോഗിക്കുമ്പോൾ ഒരു സ്വിംഗാർം-മൌണ്ട് യൂണിറ്റായിട്ടാണ് ഹോണ്ട ഇവിയുടെ ഇലക്ട്രിക് മോട്ടോർ പണികഴിപ്പിച്ചിരിക്കുന്നത്.
BLDC ഹബ്ബുകളും സ്വിംഗാർം മൗണ്ടഡ് മോട്ടോറുകളും ഉപയോഗിക്കുന്ന ധാരാളം ഇ-സ്കൂട്ടറുകളും വിപണിയിലുണ്ടെങ്കിലും പ്രധാന എതിരാളികളായ ബജാജ് ചേതക്, വിഡ V1 തുടങ്ങിയ ഇലക്ട്രിക് സ്കൂട്ടറുകളിൽ സ്വിംഗാർം മൗണ്ടഡ് മോട്ടോറുകളാണുള്ളത്. വരാനിരിക്കുന്ന തങ്ങളുടെ ഇലക്ട്രിക് സ്കൂട്ടറിനും ഹോണ്ട ഇതേ സംവിധാനം ഉപയോഗിക്കുമെന്നാണ് വിവരം. ആക്‌ടിവ പോലെ തീർച്ചയായും ഫാമിലി അധിഷ്‌ഠിത വാഹനമായിരിക്കുമിത്.

മിഡ്-പെർഫോമൻസ് സെറ്റപ്പ് തെരഞ്ഞെടുക്കാൻ കാരണവും ഇതുതന്നെയായിരിക്കാം. സ്വിംഗാർം മൌണ്ടഡ് മോട്ടോർ ഉപയോഗിക്കുന്നതിലൂടെ നിർമാണത്തിലെ സങ്കീർണത കുറയ്ക്കാനും പിഎംഎസ് മോട്ടോറിനൊപ്പം വരുന്ന പവർ നഷ്ടം ഇല്ലാതാക്കാനും ഹോണ്ടയ്ക്കാവും. സിറ്റി യാത്രകൾക്ക് അനുയോജ്യമായ നല്ല ഗ്രിപ്പും സ്റ്റൈിബിലിറ്റിയും നൽകുന്ന എംആർഎഫ് ടയറുകളായിരിക്കും ഇവി വിപണനം ചെയ്യുക.
ഇതുകൂടാതെ ഫാമിലി ഇലക്ട്രിക് സ്കൂട്ടറുകളിൽ പൊതുവേ കാണാറുള്ള നീളമേറിയ സീറ്റും ആക്‌ടിവ ഇലക്ട്രിക്കിൽ ഉണ്ടാവുമെന്ന് ടീസർ വ്യക്തമാക്കിയിട്ടുണ്ട്. മറ്റ് വിവരങ്ങളൊന്നും ലഭ്യമല്ലെങ്കിലും വരാനിരിക്കുന്ന ഹോണ്ട ഇലക്ട്രിക് സ്കൂട്ടറിന് ഡിജിറ്റൽ കൺസോൾ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, നാവിഗേഷൻ എന്നിവയും അതിലേറെയും ഉൾപ്പെടെയുള്ള എല്ലാ അവശ്യ ഫീച്ചറുകളും ഉണ്ടാവും.

ഒരു സമര്‍പ്പിത ഇവി പ്ലാറ്റ്ഫോമില്‍ പണികഴിപ്പിക്കുന്നതിന് പകരം ആക്ടിവയില്‍ ചില്ലറ മാറ്റങ്ങള്‍ വരുത്തിയായിരിക്കും ഇലക്ട്രിക് സ്കൂട്ടർ നിർമിക്കുകയെന്നും റിപ്പോർട്ടുകളുണ്ട്. എന്തായാലും 2024 നവംബര്‍ 27-നാണ് ഹോണ്ട പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിക്കാന്‍ പോകുന്നത്. 100 കിലോമീറ്ററിനടുത്ത് റേഞ്ചും മണിക്കൂറില്‍ 70 കിലോമീറ്റരിന്റെ പരമാവധി വേഗവും ഉണ്ടാകുമെന്നാണ് അനുമാനം.
വിലയെ സംബന്ധിച്ച വിവരങ്ങളൊന്നും ഇപ്പോൾ ലഭ്യമല്ലെങ്കിലും ഏകദേശം 1 ലക്ഷം രൂപയ്ക്ക് മുകളിൽ വില വന്നേക്കാമെന്നാണ് വിവരം. ഇന്ത്യയിലെ ഇലക്ട്രിക് സ്കൂട്ടർ വിഭാഗത്തിൽ ഓല S1 പ്രോ, ഏഥര്‍ റിസ്ത, ടിവിഎസ് ഐക്യൂബ്, ഏഥര്‍ 450X , ബജാജ് ചേതക് എന്നിവ പോലുള്ള വമ്പൻമാരുമായിട്ടാണ് ഹോണ്ട മത്സരിക്കേണ്ടി വരിക. എന്നിരുന്നാലും ഹോണ്ടയുടെ ബ്രാൻഡിംഗ് ആവുമ്പോൾ വാങ്ങാൻ ആളുകൾ ഇരച്ചെത്തുമെന്ന് തന്നെ പ്രതീക്ഷിക്കാം.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








