ഇലക്‌ട്രിക് സ്‌കൂട്ടർ വിപണിയിൽ കൊടുങ്കാറ്റാവാൻ ഹോണ്ട, 102 കിലോമീറ്റർ റേഞ്ചുമായി ആക്‌ടിവ ഇ പുറത്തിറക്കി
പെട്രോൾ സ്‌കൂട്ടർ വിപണിയിലെ അതികായകൻമാരായ ഹോണ്ടയിതാ ഇലക്‌ട്രിക് ഇരുചക്ര വാഹന വിപണിയിലേക്കും പ്രവേശിച്ചിരിക്കുകയാണ്. ഓല, ഏഥർ, ബജാജ്, ടിവിഎസ്, ഹീറോ മോട്ടോകോർപ് തുടങ്ങിയ വമ്പൻമാർ മാത്രം ഇതുവരെ നിറഞ്ഞാടിയിരുന്ന ഇവി സെഗ്മെന്റ് തൂക്കാൻ ഹോണ്ട എത്തിയിരിക്കുകയാണ്. നീണ്ടനാളുകളായുള്ള കാത്തിരിപ്പിനൊടുവിൽ ആക്‌ടിവയുടെ വൈദ്യുത പതിപ്പുമായാണ് ബ്രാൻഡ് രാജ്യത്തേക്ക് കാലുകുത്തിയിരിക്കുന്നത്. ഒപ്പം കൂട്ടിന് മറ്റൊരു മോഡൽ കൂടിയുണ്ടെന്നതാണ് രസകരമായ കാര്യം. QC1 ഇവിയാണ് ആ കക്ഷി. രണ്ട് പുത്തൻ ഇലക്ട്രിക് സ്‌കൂട്ടറുകളുടേയും വിശേഷങ്ങൾ വിശദമായി നോക്കിയാലോ?
രണ്ടും ഇന്ത്യയിൽ തന്നെയായിരിക്കും പൂർണമായും നിർമിക്കുകയെന്ന് ഹോണ്ട വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ ഓല പോലുള്ള വമ്പൻമാർക്ക് തിരിച്ചടിയും കിട്ടും. ഇലക്ട്രിക് സ്കൂട്ടർ വാങ്ങാൻ ആക്‌ടിവ വരട്ടേയെന്ന് പറഞ്ഞ് കാത്തിരുന്നവരെല്ലാം പെട്രോൾ മോഡലുകളെ ഉപേക്ഷിച്ച് ഇവികളിലേക്ക് ചേക്കേറാൻ തുടങ്ങുന്ന സുവർണ കാലഘട്ടമാണ് വരാനിരിക്കുന്നതെന്ന് ഉറപ്പിക്കാം. ആക്‌ടിവ ഇവിയിൽ സ്വാപ്പബിൾ ബാറ്ററി പായ്ക്കും QC1 ഇവിയിൽ ഫിക്‌സഡ് ബാറ്ററിയുമാണ് ഉപയോഗിച്ചിരിക്കുന്നത്.

ആക്ടിവയുടെ തന്നെ ബോഡിയും ഫ്രെയിമും അടിസ്ഥാനമാക്കിയാണ് ഹോണ്ട ആക്ടിവ ഇ നിർമിച്ചിരിക്കുന്നത്. ടിവിഎസ് ഐക്യൂബ്, ഓല S1, ബജാജ് ചേതക് പോലുള്ള ഫാമിലി ഇലക്ട്രിക് സ്കൂട്ടറുകളുമായിട്ടാവും ആക്ടിവയുടെ വൈദ്യുത പതിപ്പും മാറ്റുരയ്ക്കാൻ പോവുന്നത്. കാഴ്ച്ചയിൽ സമാനതകൾ ഒന്നുമില്ലെങ്കിലും ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ആക്ടിവയുടെ ഡിസൈൻ ഭാഷ ഉൾപ്പെടുത്താൻ ഹോണ്ട ശ്രമിച്ചിട്ടുണ്ട്.
ഡിസൈനിൻ്റെ കാര്യത്തിൽ ഹോണ്ട ആക്ടിവ ഇലക്ട്രിക്കിന് മുന്നിലും പിന്നിലും എൽഇഡി കോമ്പിനേഷൻ ലൈറ്റുകളും ഇൻഡിക്കേറ്ററുകളുമാണ് ലഭിക്കുക. മൊത്തത്തിൽ ഒരു സ്റ്റാൻഡേർഡ് ലുക്ക് കൊണ്ടുവരാൻ ജാപ്പനീസ് ബ്രാൻഡിനായിട്ടുണ്ടെന്ന് പറയാം. അതായത് ആര് കണ്ടാലും സ്വന്തമാക്കാൻ മോഹിക്കുന്ന രൂപഭംഗി ഇവിക്കുണ്ടെന്ന് ചുരുക്കം. പേൾ ഷാലോ ബ്ലൂ, പേൾ മിസ്റ്റി വൈറ്റ്, പേൾ സെറിനിറ്റി ബ്ലൂ, മാറ്റ് ഫോഗി സിൽവർ മെറ്റാലിക്, പേൾ ഇഗ്നിയസ് ബ്ലാക്ക് എന്നിങ്ങനെ 5 നിറങ്ങളിലും ആക്ടിവ ഇവി ലഭ്യമാവും.

ഇനി ഫീച്ചറുകളിലേക്ക് നോക്കിയാൽ ഹോണ്ട റോഡ്‌സിങ്ക് ഡ്യുവോ സ്മാർട്ട്‌ഫോൺ ആപ്ലിക്കേഷൻ സുഗമമാക്കുന്ന നിരവധി കണക്റ്റിവിറ്റി സവിശേഷതകളുള്ള വലിയ 7 ഇഞ്ച് ടിഎഫ്‌ടി സ്‌ക്രീനുമായിട്ടാണ് ആക്ടിവ ഇവി വിപണിയിലേക്ക് എത്തുന്നത്. നാവിഗേഷനും ഇതോടൊപ്പമുള്ളതിനാൽ റൈഡിംഗ് കൂടുതൽ എളുപ്പമാക്കും. ഹാൻഡിൽബാറിൽ സ്ഥാപിച്ചിരിക്കുന്ന ടോഗിൾ സ്വിച്ചുകളിലൂടെ ഇതിലെ സംവിധാനങ്ങളെല്ലാം ആക്‌സസ് ചെയ്യാനും ഉടമയ്ക്കാവും.
ഇതിന് ഡേ-നൈറ്റ് മോഡുകളും ഉണ്ട്. സ്മാർട്ട് ഫൈൻഡ്, സ്മാർട്ട് സേഫ്, സ്മാർട്ട് അൺലോക്ക്, സ്മാർട്ട് സ്റ്റാർട്ട് എന്നിവ ഉൾപ്പെടുന്ന ഹോണ്ടയുടെ H-സ്മാർട്ട് സവിശേഷതകളും ആക്ടിവയുടെ ഇലക്ട്രിക് സ്കൂട്ടറിന് ലഭിക്കും. മറ്റ് മെക്കാനിക്കൽ വശങ്ങളെ സംബന്ധിച്ചിടത്തോളം സസ്പെൻഷനായി മുന്നിൽ ടെലിസ്‌കോപ്പിക് ഫോർക്കുകളും പിന്നിൽ ഡ്യുവൽ സ്പ്രിംഗുകളുമാണ് കമ്പനി കൊടുത്തിരിക്കുന്നത്.

12 ഇഞ്ച് അലോയ്‌വീലുകളിലാണ് ഇവി നിരിത്തിലേക്ക് എത്തുന്നത്. അതേസമയം ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നത് ഡിസ്ക്-ഡ്രം കോമ്പിനേഷനാണ്. രണ്ട് 1.5kWh സ്വാപ്പബിൾ ബാറ്ററി പായ്ക്കുമായി വരുന്ന ആക്‌ടിവ-ഇ സ്കൂട്ടറിന് സിംഗിൾ ചാർജിൽ 102 കിലോമീറ്റർ റേഞ്ച് വരെ നൽകാനാവും. ഈ ബാറ്ററികളെ ഹോണ്ട മൊബൈൽ പവർ പായ്ക്ക് ഇ എന്നാണ് വിളിക്കുന്നത്. ബെംഗളൂരു, ഡൽഹി എന്നിവിടങ്ങളിൽ ബാറ്ററി സ്വാപ്പിംഗ് സ്‌റ്റേഷനുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും മുംബൈയിൽ ഉടൻ തന്നെ മറ്റൊന്ന് ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു.
ഈ ബാറ്ററികൾ 22 Nm പീക്ക് ടോർക്ക് ഉത്പാദിപ്പിക്കുന്ന 6kW പെർമനൻ്റ് മാഗ്നറ്റ് സിൻക്രണസ് ഇലക്ട്രിക് മോട്ടോറുമായിട്ടാണ് ബാറ്ററി ജോടിയാക്കിയിരിക്കുന്നത്. ഇക്കോൺ, സ്റ്റാൻഡേർഡ്, സ്‌പോർട് എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവിയുടെ ഉയർന്ന വേഗത മണിക്കൂറിൽ 80 കിലോമീറ്ററാണ്. പൂജ്യം മുതൽ 60 കിലോമീറ്റർ വരെ വേഗത വെറും 7.3 സെക്കൻഡിൽ കൈവരിക്കാനും ആക്ടിവ ഇലക്ട്രിക്കാനാവും.
ആക്ടിവ ഇയുടെ വിൽപ്പന ഘട്ടം ഘട്ടമായി ആരംഭിക്കാനാണ് ഹോണ്ടയുടെ പദ്ധതി. ആദ്യ ഘട്ടത്തിൽ ഇലക്ട്രിക് സ്കൂട്ടർ മാർച്ച്, മെയ് മാസത്തോടെ ബെംഗളൂരു, ഡൽഹി എൻസിആർ, മുംബൈ എന്നിവിടങ്ങളിൽ വിൽപ്പനയ്‌ക്കെത്തും. ഈ മൂന്ന് നഗരങ്ങളിലും ഹോണ്ട മൊബൈൽ പവർ പായ്ക്ക് ഇ ഉപയോഗിച്ച് ബാറ്ററി സ്വാപ്പ് സേവനവും നൽകും. ഇതിന് ശേഷമാവും കേരളം പോലുള്ള സംസ്ഥാനങ്ങളിലേക്ക് ഹോണ്ട കടന്നുവരിക.


Click it and Unblock the Notifications








