എക്‌സ്‌പൾസിനുള്ള പണി, 300 സിസി അഡ്വഞ്ചർ ബൈക്കുകളുമായി ഹോണ്ട വരുന്നു; വില അറിയണോ?
അഡ്വഞ്ചർ മോട്ടോർസൈക്കിളുകളോടുള്ള ഇന്ത്യക്കാരുടെ പ്രണയം അനുദിനം വളർന്നുകൊണ്ടിരിക്കുകയാണ്. ഹീറോയും റോയൽ എൻഫീൽഡുമാണ് ഈ സെഗ്മെന്റിൽ നിന്നും പ്രധാനമായും പണം വാരുന്നവർ. റെട്രോ ക്ലാസിക് ബ്രാൻഡായ യെസ്‌ഡി ഹാർഡ്കോർ എഡിവി ബൈക്ക് പുറത്തിറക്കിയിട്ടുണ്ടെങ്കിലും കാര്യമായ രീതിയിൽ വിൽപ്പന പിടിക്കുന്നുമില്ല, പിന്നെയുള്ള ഹോണ്ടയാവട്ടെ അഡ്വഞ്ചർ സ്റ്റൈലുള്ള മോഡലുകൾ മാത്രമാണ് സാധാരണക്കാർക്കായി പുറത്തിറക്കുന്നത്. ഇനി വില അൽപം മുടക്കാനുണ്ടെങ്കിൽ ജാപ്പനീസ് ബ്രാൻഡിന്റെ NX500, ട്രാൻസാൽപ് പോലുള്ള വമ്പൻ മോട്ടോർസൈക്കിളുകൾ വാങ്ങാനാവും. പക്ഷേ വില കുറഞ്ഞ മോഡലുകളോട് പ്രത്യേക താത്പര്യമുള്ളവരാണ് നാം ഇന്ത്യക്കാർ.
ഇവിടെയാണ് ഹീറോ എക്‌സ്‌പൾസ് വിജയം നേടിയത്. രാജ്യത്തെ ഏറ്റവും താങ്ങാനാവുന്ന അഡ്വഞ്ചർ മോട്ടോർസൈക്കിളായി അരങ്ങ് വാഴുന്ന മോഡലിന് ബജറ്റിന്റെ കാര്യത്തിൽ എതിരാളിയില്ലെന്ന് വേണം പറയാൻ. ഹിമാലയനാവട്ടെ മൂന്ന് ലക്ഷത്തിന് മുകളിലാണ് വില വരുന്നത്. ഈയൊരു സംഗതി മനസിലാക്കിയ ഹോണ്ട പുതിയ എഡിവി ബൈക്കുകളെ പുറത്തിറക്കാൻ പോവുന്നതായാണ് വിവരം. CRF 300L, സഹാറ 300, CRF 300 റാലി എന്നീ മൂന്ന് വ്യത്യസ്‌ത മോഡലുകളെയാണ് ഇന്ത്യക്കാർക്കായി സമ്മാനിക്കാൻ ഒരുങ്ങുന്നത്.

ജാപ്പനീസ് നിർമ്മാതാവ് അടുത്തിടെ ബിഗ്റോക്ക് ഡേർട്ട് പാർക്കിൽ ഒരു പരിപാടി നടത്തിയപ്പോഴാണ് ഇക്കാര്യത്തെ കുറിച്ച് സൂചന കിട്ടിയത്. ഇന്ത്യൻ വിപണിയിൽ തങ്ങളുടെ മോട്ടോർസൈക്കിൾ ലൈനപ്പ് വിപുലീകരിക്കാൻ ശ്രമിക്കുന്ന ഹോണ്ടയിൽ നിന്നുള്ള സർപ്രൈസ് വാർത്തയാണിത്. CRF 300L, സഹാറ 300, CRF 300 റാലി മോഡലുകളുടെ വരവ് ഹീറോ മോട്ടോകോർപ്പിനും എക്സ്‌പൾസിനുമാണ് പണിയാവുന്നത്. കൂട്ടത്തിൽ ഹിമാലയൻ വാങ്ങാനിരിക്കുന്ന പകുതിപ്പേരെയെങ്കിലും കൂടെക്കൂട്ടാനും ജപ്പാൻകാർക്കാവും.
എന്തായാലും ഹോണ്ടയുടെ അടുത്ത ലോഞ്ച് ആയിരിക്കും ഈ അഡ്വഞ്ചർ 300 സിസി മോട്ടോർസൈക്കിളുകൾ. കംപ്ലീറ്റ്‌ലി ബിൽറ്റ് യൂണിറ്റ് ആണോ അതോ കംപ്ലീറ്റ്‌ലി നോക്‌ഡ് ഡൗൺ യൂണിറ്റ് ആയിട്ടാണോ അവ വരുന്നത് എന്ന് ഇപ്പോൾ സ്ഥിരീകരിച്ചിട്ടില്ല. സമ്പൂർണ ഇറക്കുമതിയാണെങ്കിൽ വില കൂടാനാണ് സാധ്യത. ഇന്ത്യയിൽ ലോഞ്ച് ചെയ്താൽ ഈ മൂന്ന് മോട്ടോർസൈക്കിളുകൾക്കും ഏകദേശം 3 ലക്ഷം രൂപ വില വരും.

CRF 300 റാലി, CRF 300L എന്നിവ ഓഫ് റോഡ് മോട്ടോർസൈക്കിളുകളാണ്. ഡ്യുവൽ പർപ്പസ് ടയറുകൾ, കൊക്ക് പോലെയുള്ള ഫ്രണ്ട് മഡ്‌ഗാർഡ്, ബെഞ്ച് സീറ്റ്, അപ്‌സ്‌വെപ്‌റ്റ് എക്‌സ്‌ഹോസ്റ്റ് എന്നിവയുമായാണ് രണ്ട് മോഡലുകളും വരുന്നത്. ഹാലൊജൻ ഹെഡ്‌ലാമ്പും എൽസിഡി ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററുമായിരിക്കും പ്രധാന ഫീച്ചറുകൾ. മുൻവശത്ത് 43 മില്ലീമീറ്റർ വലിപ്പമുള്ള അപ്പ് സൈഡ് ഡൌൺ ഫോർക്കുകളും പിന്നിൽ മോണോഷോക്ക് യൂണിറ്റുമായിരിക്കും ബൈക്കുകളുടെ സസ്പെൻഷൻ ചുമതലകൾ നിർവഹിക്കുക.
286 സിസി, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ഹോണ്ട CRF 300 റാലി, CRF 300L മോട്ടോർസൈക്കിളുകൾക്ക് കരുത്ത് പകരുന്നത്. ഇത് 26.9 bhp പവറിൽ പരമാവധി 26.6 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 6-സ്പീഡ് ഗിയർബോക്സുമായാവും എഞ്ചിൻ ജോടിയാക്കുക. മറുവശത്ത് എഥനോളിലും പെട്രോളിലും ഓടിക്കാൻ കഴിയുന്ന മോഡലാണ് ഹോണ്ട സഹാറ. 293 സിസി, സിംഗിൾ സിലിണ്ടർ, എയർ കൂൾഡ്, SOHC എഞ്ചിനാവും ഇത് ഉപയോഗിക്കുക.

ഇത് എഥനോളിൽ 25.2 bhp കരുത്ത് ഉത്പാദിപ്പിക്കുമ്പോൾ പെട്രോളിൽ 24.8 bhp പവറിൽ പരമാവധി ടോർക്ക് 27 Nm torque വരെ ബൈക്ക് നൽകും. 6-സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ഇന്ത്യയിലെ 300 സിസി മോട്ടോർസൈക്കിൾ വിപണി വളരെ വേഗത്തിൽ വളരുകയാണിപ്പോൾ. ഇക്കൂട്ടത്തിൽ ഏറ്റവും ഡിമാന്റുള്ള മോഡലുകളായി അഡ്വഞ്ചർ ബൈക്കുകളും മാറിയിട്ടുണ്ട്.
ഓഫ്-റോഡ് വിഭാഗത്തിൽ കെടിഎം 390 അഡ്വഞ്ചർ, റോയൽ എൻഫീൽഡ് ഹിമാലയൻ 450, യെസ്ഡി അഡ്വഞ്ചർ എന്നിവയെല്ലാമായാണ് ഹോണ്ട മത്സരിക്കേണ്ടത്. അടുത്ത വർഷം വരാനിരിക്കുന്ന 390 അഡ്വഞ്ചറിനെ പൂർണമായും നവീകരിച്ച പ്ലാറ്റ്‌ഫോമിൽ അവതരിപ്പിക്കാനാണ് കെടിഎം ഇപ്പോൾ തയാറെടുക്കുന്നത്. ഒപ്പം കാവസാക്കി വെർസിസ് X-300 എഡിവിയും അവതരിപ്പിക്കും. ആയതിനാൽ ഹോണ്ടയുടെ CRF ശ്രേണിക്ക് ഇന്ത്യയിൽ ചുവടുവെക്കാൻ പറ്റിയ സമയമായിരിക്കും ഇത്.


Click it and Unblock the Notifications








