ഹോണ്ടയുടെ ഈ ബൈക്കുകൾ ഉള്ളവർ ശ്രദ്ധിക്കുക, പണിയൊന്ന് പാളി, തിരിച്ചുകൊടുത്താൽ ഫ്രീയായി നന്നാക്കി തരും
ആക്‌ടിവ, ഡിയോ പോലുള്ള സ്‌കൂട്ടറുകളിലൂടെയും ഷൈൻ, യൂണികോൺ, CBR പോലുള്ള മോട്ടോർസൈക്കിളുകളിലൂടെയും ഇന്ത്യക്കാർക്ക് പ്രിയങ്കരമായി മാറിയ ഇരുചക്ര വാഹന നിർമാതാക്കളാണ് ഹോണ്ട. അങ്ങ് ജപ്പാനിൽ നിന്നുമാണ് വരുന്നതെങ്കിലും നമ്മളിൽ ഒരാളായാണ് കമ്പനി ഇതുവരെ നിന്നത്. ബജറ്റ് വാഹനങ്ങൾ മാത്രമല്ല, ആഡംബര ഇരുചക്ര വാഹനങ്ങൾ പുറത്തിറക്കുന്നതിലും അഗ്രഗണ്യരാണ് ഹോണ്ട.
ഇന്ത്യയിൽ അത്രകണ്ട് പ്രീമിയം ബൈക്കുകൾ വാഗ്‌ദാനം ചെയ്യുന്നില്ലെങ്കിലും ആഗോളനിര കണ്ടാൽ പലരും അന്തംവിട്ടുപോവുന്ന വണ്ടികളാണ് കമ്പനിയുടെ ആവനാഴിയിലുള്ളത്. എങ്കിലും ആഭ്യന്തര വിപണിയെ പൂർണമായും ഒഴിവാക്കാൻ ബ്രാൻഡ് തുനിഞ്ഞിട്ടില്ല. ഗോൾഡ് വിംഗ്, CBR1000 ശ്രേണിയിലെ വേരിയന്റുകൾ എന്നിവ പുറത്തിറക്കി ഹോണ്ട സൂപ്പർബൈക്ക് വിഭാഗവും കൈക്കലാക്കിയിട്ടുണ്ട്.

ദേ ഇപ്പോഴിതാ ചെറിയ തകരാർ കണ്ടെത്തിയതിനെ തുടർന്ന ഹോണ്ട മോട്ടോർസൈക്കിൾസ് ആൻഡ് സ്കൂട്ടർ ഇന്ത്യ തങ്ങളുടെ GL1800 ഗോൾഡ് വിംഗ്, CBR1000RR മോട്ടോർസൈക്കിളുകൾ തിരികെവിളിച്ചിരിക്കുകയാണ്. മോഡലുകളുടെ ഫ്യുവൽ പമ്പിലെ ചില തകരാറാണ് ഇപ്പോൾ കമ്പനിക്ക് തലവേദനയായിരിക്കുന്നത്. പക്ഷേ ഈ ബൈക്കുകളുടെ ഉടമകൾക്ക് പ്രശ്‌നം സൗജന്യമായി തന്നെയാവും പരിഹരിച്ച് കൊടുക്കുക എന്നത് ആശ്വാസകരമായ കാര്യമായിരിക്കും.
മോഡലുകളുടെ ഫ്യുവൽ പമ്പ് ഇംപെല്ലറുകൾ തെറ്റായി മോൾഡ് ചെയ്‌തതിനാലാവാം തകരാർ സംഭവിച്ചിരിക്കുന്നതെന്നാണ് ഹോണ്ടയുടെ കണ്ടെത്തൽ. ഈ പ്രശ്‌നം പരിഹരിക്കാതെ ബൈക്കുകൾ കൊണ്ടുനടന്നാൽ അവ രൂപഭേദം വരുത്തുകയും ഫ്യുവൽ പമ്പ് തകരാറിലാകുകയും ചെയ്യും. ഇനി ഏതെങ്കിലും കാരണവശാൽ ഫ്യുവൽ പമ്പ് മൊഡ്യൂൾ പ്രവർത്തനരഹിതം ആവുകയാണെങ്കിൽ വാഹനം സ്റ്റാർട്ട് ആയില്ലെന്ന് വരെ വരാം.

അല്ലെങ്കിൽ റൈഡ് ചെയ്യുമ്പോൾ സൂചനയില്ലാതെ വണ്ടി നിന്നുപോവാനും സാധ്യതയുണ്ടെന്നും ഹോണ്ട മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 2017 ഡിസംബർ മുതൽ 2023 ഡിസംബർ വരെ നിർമ്മിച്ച ഹോണ്ട GL1800 ഗോൾഡ് വിംഗിനെയും 2017 സെപ്റ്റംബർ മുതൽ 2020 ഏപ്രിൽ വരെ നിർമിച്ച CBR1000RR സൂപ്പർബൈക്കിനെയുമാണ് തകരാർ ബാധിച്ചിരിക്കുന്നത്. മുൻകരുതൽ നടപടിയെന്ന നിലയിൽ ഇന്ത്യയിലുടനീളമുള്ള ബിഗ്‌വിംഗ് ടോപ്‌ലൈൻ ഡീലർഷിപ്പുകളിൽ ഫ്യുവൽ പമ്പുകളുടെ പരിശോധനയും മാറ്റിസ്ഥാപിക്കലും നടത്തും.
ടൂറിങ് അനുഭവത്തിന്റെ നിലവാരം മറ്റൊരു തലത്തിൽ എത്തിക്കാൻ കഴിയുന്ന മോട്ടോർസൈക്കിളാണ് ഹോണ്ടയുടെ ഗോൾഡ് വിംഗ്. മല്ലു ട്രാവലിറിലൂടെയാണ് കേരളത്തിലുള്ളവർക്ക് ഈ ബൈക്കിനെ കുറിച്ച് കൂടുതൽ അടുത്ത് അറിയാവുന്നത് എന്നുവേണം പറയാൻ. പടുകൂറ്റൻ ബൈക്കാണെങ്കിലും സംഗതി അടിപൊളിയാണെന്ന് വേണം പറയാൻ. കാറുകളിൽ സഞ്ചരിക്കുന്നതുപോലുള്ള യാത്രാ സുഖം വരെ ആസ്വദിക്കാൻ ഇതിലാവുമെന്നതും ശ്രദ്ധേയമായ കാര്യമാണ്.

ഗോൾഡ് വിംഗിന്റെ ഏറ്റവും പുതിയ ആവർത്തനം 2023 നവംബറിലാണ് ഇന്ത്യയിൽ പുറത്തിറങ്ങുന്നത്. കംപ്ലീറ്റ്ലി ബിൽറ്റ് അപ്പ് യൂണിറ്റുകളായി (CBU) രാജ്യത്ത് എത്തിക്കുന്ന വാഹനത്തിന് 39.20 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി നൽകേണ്ടി വരിക. റോഡ് ടാക്‌സും ഇൻഷുറൻസും മറ്റ് ചെലവുകളുമെല്ലാമായി ഇതിന് ഏകദേശം 50 ലക്ഷം രൂപയോളമാണ് ഓൺ-റോഡ് വിലയായി വരുന്നത്. ലോകത്തിലെ ഏറ്റവും അറിയപ്പെടുന്ന ടൂറിംഗ് മോട്ടോർസൈക്കിളുകളിൽ ഒന്നാണ് ഗോൾഡ് വിംഗ്.
ഇനി ഹോണ്ടയുമായി ബന്ധപ്പെട്ട മറ്റ് വാർത്തകളിലേക്ക് നോക്കിയാൽ NX500 പ്രീമിയം അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളാണ് കമ്പനി ഏറ്റവും ഒടുവിൽ പുറത്തിറക്കിയത്. ഇന്ത്യൻ വിപണിയിൽ നിർത്തലാക്കിയ CB500X പതിപ്പിന്റെ പിൻഗാമിയായാണ് ഇവൻ നിരത്തിലേക്ക് ഇറങ്ങുന്നത്. ഹോണ്ടയുടെ ബിഗ്‌വിംഗ് ഡീലർഷിപ്പുകൾ വഴി മാത്രമാണ് മോട്ടോർസൈക്കിൾ വിൽക്കുന്ന എഡിവിയുടെ ഡെലിവറികൾ ഇതിനകം ആരംഭിച്ചു കഴിഞ്ഞു.

ഗ്രാൻഡ് പ്രിക്സ് റെഡ്, മാറ്റ് ഗൺപൗഡർ ബ്ലാക്ക് മെറ്റാലിക്, പേൾ ഹൊറൈസൺ വൈറ്റ് എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിലാണ് ഹോണ്ട NX500 വിൽക്കുന്നത്. കവസാക്കി വെർസിസ് 650, റോയൽ എൻഫീൽഡ് ഹിമാലയൻ 450, കെടിഎം 390 അഡ്വഞ്ചർ എന്നിവയ്‌ക്കെതിരെയാണ് ഹോണ്ടയുടെ ഏറ്റവും പുതിയ പ്രിമീയം അഡ്വഞ്ചർ മോട്ടോർസൈക്കിൾ മത്സരിക്കുന്നത്. പാരലൽ ട്വിൻ സിലിണ്ടർ ലേഔട്ടുള്ള 471 സിസി, ലിക്വിഡ് കൂൾഡ്, 4-സ്ട്രോക്ക് DOHC എഞ്ചിനാണ് ബൈക്കിന്റെ ഹൃദയം.
ഇത് 8,600 ആർപിഎമ്മിൽ 46.5 bhp പവറും 6,500 ആർപിഎമ്മിൽ 43 Nm torque ഉം വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള 6-സ്പീഡ് ഗിയർബോക്സുമായാണ് പാരലൽ ട്വിൻ എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. സെലക്ടബിൾ ടോർക്ക് കൺട്രോൾ എന്ന് വിളിക്കുന്ന ഒരു ട്രാക്ഷൻ കൺട്രോൾ സിസ്റ്റവും ഹോണ്ട ഇതിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. 5 ഇഞ്ച് TFT ഫുൾ-കളർ TFT സ്‌ക്രീൻ, ടേൺ-ബൈ-ടേൺ നാവിഗേഷൻ, എൽഇഡി ലൈറ്റിംഗ് എന്നിവയാണ് മറ്റ് ഫീച്ചറുകൾ.


Click it and Unblock the Notifications








