ഹിമാലയന്റെ ചിറകരിയാൻ ഹോണ്ടയുടെ പുത്തൻ അഡ്വഞ്ചർ ബൈക്ക്, വരാൻ പോവുന്നത് ആരെന്ന് കണ്ടോ?
അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളുകൾ ഇന്ത്യക്കാർക്കിടയിൽ ഹരമായിക്കൊണ്ടിരിക്കുകയാണ്. റോയൽ എൻഫീൽഡ് ഹിമാലയൻ തുടക്കമിട്ട ട്രെൻഡ് പിന്തുടർന്ന് ഒരുപാട് കമ്പനികൾ ഈ നിരയിലേക്ക് വന്നെത്തി. പക്ഷേ ഇവർക്കാർക്കും ഹിമാലയന് പകരംനിൽക്കാനായില്ലെന്നതാണ് യാഥാർഥ്യം. യെസ്‌ഡി അഡ്വഞ്ചർ, ഹീറോ എക്‌സ്പൾസ്, സുസുക്കി ജിക്‌സർ പോലുള്ള എതിരാളികളെല്ലാം തങ്ങളുടേതായ സ്ഥാനം കണ്ടെത്തിയെങ്കിലും എൻഫീൽഡിന് അതൊന്നും ഒരുവെല്ലുവിളിയായതേയില്ല.
റെട്രോ ക്ലാസിക് മോട്ടോർസൈക്കിൾ വിഭാഗത്തിൽ കിരീടം വെക്കാത്ത രാജാക്കൻമാരായി വിലസുന്ന എൻഫീൽഡിനിട്ട് പണികൊടുക്കാൻ ഹോണ്ട തീരുമാനിച്ചിറക്കിയ ഹൈനസ് CB350 മോഡലുകൾ നേടി വിജയം അഡ്വഞ്ചർ ബൈക്ക് സെഗ്മെന്റിലേക്കും വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് കമ്പനി. അതിനായി കണ്ടെത്തിയിരിക്കുന്നത് ഒരു പുതുപുത്തൻ 500 സിസി ADV മോഡലിനെയാണ്.

2023 EICMA മോട്ടോർസൈക്കിൾ ഷോയിൽ അവതരിപ്പിച്ച NX500 അഡ്വഞ്ചർ ടൂററിനെയാണ് ഹോണ്ട ഇന്ത്യൻ വിപണിയിലേക്ക് അവതരിപ്പിക്കുന്നത്. റോയൽ എൻഫീൽഡ് ഹിമാലയൻ 450 പതിപ്പിന്റെ ചിറകരിനായി എത്തുന്ന പ്രീമിയം ബൈക്കിനായുള്ള പ്രീ-ബുക്കിംഗും ആരംഭിച്ചിരിക്കുകയാണ് ജാപ്പനീസ് ബ്രാൻഡിപ്പോൾ. 10,000 രൂപ ടോക്കൺ തുക നൽകി താത്പര്യമുള്ളവർക്ക് വാഹനം ബുക്ക് ചെയ്യാം. ഹോണ്ടയുടെ ബിഗ്‌വിംഗ് ഡീലർഷിപ്പുകൾ വഴിയാണ് NX500 വിൽക്കുക.
ഇപ്പോൾ നിർത്തലാക്കിയ ലൈനപ്പിൽ CB500X-ന് പകരമായാണ് ഹോണ്ട NX500 എത്തുന്നത്. വിലയുടെ കാര്യത്തിലേക്ക് നോക്കിയാൽ നിർത്തലാക്കുന്നതിനു മുമ്പ് CB500X മോഡലിന്റെ എക്‌സ്‌ഷോറൂം വില 5.79 ലക്ഷം രൂപ ആയിരുന്നു. NX500 പ്രീമിയം അഡ്വഞ്ചർ ടൂററിനും ഏകദേശം ഇതേ വിലയുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. എന്നാൽ ഇക്കാര്യത്തിൽ ഹിമാലയന് വെല്ലുവിളിയാകാനാവില്ലെങ്കിലും മറ്റ് കഴിവുകളുടെ കാര്യത്തിൽ എൻഫീൽഡിനേക്കാൾ കേമനാണിതെന്ന് പറയാം.

റെഡ്, ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളിൽ മാത്രമായിരിക്കും ഹോണ്ടയുടെ അഡ്വഞ്ചർ ബൈക്ക് ലഭ്യമാവുക. ഫെബ്രുവരി അല്ലെങ്കിൽ മാർച്ച് മാസത്തോടെ മോട്ടോർസൈക്കിളിനായുളള ഡെലിവറികൾ ആരംഭിക്കുമെന്നാണ് കമ്പനി വൃത്തങ്ങൾ നൽകുന്ന സൂചന. പഴയ CB500X-ൽ കണ്ടെത്തിയ അതേ ലിക്വിഡ്-കൂൾഡ് 471 സിസി, പാരലൽ-ട്വിൻ എഞ്ചിനാണ് ഹോണ്ട NX50 എഡിവിക്കും കരുത്ത് പകരുന്നത്.
ഇത് 47.5 bhp പവറിൽ 43 Nm torque വരെയാണ് ഉത്പാദിപ്പിക്കുന്നത്. സ്ലിപ്പ് ആൻഡ് അസിസ്റ്റ് ക്ലച്ച് ലഭിക്കുന്ന 6-സ്പീഡ് യൂണിറ്റാണ് ഗിയർബോക്‌സ്.മൊത്തത്തിൽ 196 കിലോഗ്രാം ഭാരമുള്ള NX500 പുതിയ റോയൽ എൻഫീൽഡ് ഹിമാലയന്റെ അതേ ഭാരവും 830 mm സീറ്റ് ഹൈറ്റോടും കൂടിയാണ് വരുന്നത്. മാത്രമല്ല പെർഫോമൻസ് കണക്കുകൾ കൂടുതലായത് മുടക്കുന്ന പണത്തിനുള്ള മൂല്യവും നൽകും. ഫീച്ചറുകളുടെ കാര്യത്തിലും ആളിച്ചിരി സമ്പന്നനാണെന്ന് വേണം പറയാൻ.

കസ്റ്റമൈസ് ചെയ്യാനാവുന്ന ലേഔട്ട്, സ്പീഡോമീറ്റർ, ടാക്കോമീറ്റർ, ക്ലോക്ക്, ഗിയർ ഷിഫ്റ്റ് ഇൻഡിക്കേറ്റർ എന്നിവ ഉൾക്കൊള്ളിച്ചിരിക്കുന്ന 5 ഇഞ്ച് TFT സ്‌ക്രീൻ NX500 അഡ്വഞ്ചർ ബൈക്കിന്റെ പ്രധാന ആകർഷണമാണ്. മോട്ടോർസൈക്കിളിലെ എല്ലാ ലൈറ്റിംഗ് ഘടകങ്ങളും എൽഇഡി യൂണിറ്റുകളാണെന്നതും ഹോണ്ടയ്ക്ക് കരുത്താകുന്ന കാര്യമാണ്. കൂടാതെ, ഒരു എമർജൻസി സ്റ്റോപ്പ് സിഗ്നലും ഹോണ്ട റോഡ്സിങ്ക് പ്രവർത്തനവും ബൈക്കിൽ വാഗ്‌ദാനം ചെയ്യുന്നുണ്ട്.
റാലി-ബൈക്ക് ശൈലിയിലുള്ള ഫെയറിംഗ്, ഉയരമുള്ള വിൻഡ്‌സ്‌ക്രീൻ, സീറ്റിംഗ് പൊസിഷൻ എന്നിവയാണ് പുതിയ പ്രീമിയം ബൈക്കിന്റെ ഡിസൈനിൽ എറിച്ചുനിൽക്കുന്ന കാര്യങ്ങൾ. വരാനിരിക്കുന്ന NX500 അഡ്വഞ്ചർ ബൈക്കിന് വേണ്ടി ഹോണ്ട ഉപയോഗിക്കുന്നത് ഒരു സ്റ്റീൽ ഡയമണ്ട് ഫ്രെയിമാണ്. അത് മുന്നിൽ അപ്-സൈഡ് ഡൌൺ ഫോർക്കുകളും പിന്നിൽ ഒരു മോണോഷോക്കും സസ്പെൻഡ് ചെയ്തിട്ടുണ്ട്.

മുൻവശത്ത് ഇരട്ട ഡിസ്കുകളും പിന്നിൽ ഒറ്റ ഡിസ്കും ഉപയോഗിച്ചാണ് മോട്ടോർസൈക്കിളിന്റെ ബ്രേക്കിംഗ് സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നത്. ഡ്യുവൽ-ചാനൽ എബിഎസും ഓഫറിലുണ്ട്. 17.5 ലിറ്ററാണ് ഫ്യുവൽ ടാങ്ക് കപ്പാസിറ്റി. വീൽ സൈസിലേക്ക് നോക്കിയാൽ ഫണ്ടിൽ 19 ഇഞ്ചും പിന്നിൽ 17 ഇഞ്ചും വലിപ്പമുള്ള അലോയ് വീലുകൾ ബ്ലോക്ക് പാറ്റേൺ ടയറുകളോടെയാണ് നിരത്തിലേക്ക് ഇറങ്ങുക.
റോയൽ എൻഫീൽഡ് ഹിമാലയൻ 450, കെടിഎം 390 അഡ്വഞ്ചർ എന്നിവയ്‌ക്കെതിരെയാണ് ഹോണ്ട NX500 പ്രധാനമായും മത്സരിക്കാൻ എത്തുന്നതെങ്കിലും വില നിലവാരം കണക്കിലെടുക്കുമ്പോൾ കവസാക്കി വെർസിസ് 650, മോട്ടോ മൊറിനി എക്സ്-കേപ്പ് എന്നീ മോഡലുകളിൽ നിന്നും മത്സരം നേരിടേണ്ടി വന്നേക്കും. ജാപ്പനീസ് കമ്പനിയുടെ മിഡ്-കപ്പാസിറ്റി എഡിവി വില നിർണയത്തിന്റെ അടിസ്ഥാനത്തിൽ അടുത്തിടെ പുറത്തിറക്കിയ XL750 ട്രാൻസാൽപ്പിന് താഴെയാകും ഇടംപിടിക്കുക.


Click it and Unblock the Notifications








