പ്രീമിയം നിര കിടുക്കാൻ ഹോണ്ട, പുത്തൻ അഡ്വഞ്ചർ ബൈക്കിന്റെ ഡെലിവറി തുടങ്ങി; ആദ്യ ഓണർ ചില്ലറക്കാരനല്ല
ഇന്ത്യക്കാർക്കിടയിൽ ഹരമായി മാറിക്കൊണ്ടിരിക്കുകയാണ് അഡ്വഞ്ചർ മോട്ടോർസൈക്കിളുകൾ. റോയൽ എൻഫീൽഡ് ഹിമാലയൻ തുടക്കമിട്ട് മുന്നേറിക്കൊണ്ടിരിക്കുന്ന വിഭാഗത്തിലേക്ക് ഒരുപാട് മോഡലുകൾ വന്നെങ്കിലും ഇന്നേവരെ ഹിമിയെ തൊടാനായില്ലെന്നു വേണം പറയാൻ. അതിനിടിയ്ക്ക് പുതുതലമുറ ആവർത്തനത്തിലേക്ക് ചേക്കേറാനും ഹിമാലയന് സാധിച്ചു. യെസ്‌ഡി അഡ്വഞ്ചർ, ഹീറോ എക്‌സ്പൾസ്, സുസുക്കി V-സ്ട്രോം പോലുള്ള എതിരാളികളെല്ലാം തങ്ങളുടേതായ സ്ഥാനം കണ്ടെത്തിയെങ്കിലും എൻഫീൽഡിന് അതൊന്നും ഒരുവെല്ലുവിളിയായതേയില്ല.
അതിനിടിയിൽ ഹോണ്ട കൂടി ഈ രംഗത്തേക്കിറങ്ങുന്നുവെന്ന വാർത്തകളും പ്രചരിച്ചിരുന്നു. പുതിയ 350 എഡിവി ബൈക്കിന്റെ പണിപ്പുരയിലിരിക്കുന്ന കമ്പനി മറ്റൊരു വജ്രായുധത്തെ ഇന്ത്യയിൽ അടുത്തിടെ പുറത്തിറക്കിയിരുന്നു. 2023 EICMA മോട്ടോർസൈക്കിൾ ഷോയിൽ അവതരിപ്പിച്ച NX500 അഡ്വഞ്ചർ ടൂററിനെയാണ് ഹോണ്ട വിപണിയിൽ എത്തിച്ചത്. റോയൽ എൻഫീൽഡ് ഹിമാലയൻ 450 പതിപ്പിന്റെ ചിറകരിനായി എത്തുന്ന പ്രീമിയം ബൈക്കിനായുള്ള ഡെലിവറിയും ആരംഭിച്ചിരിക്കുകയാണ് കമ്പനിയിപ്പോൾ.

വിലയുടെ കാര്യത്തിൽ ഹിമാലയൻ 450 പതിപ്പിനേക്കാൾ കൂടുതലാണെങ്കിലും മുടക്കുന്ന വിലയ്ക്കുള്ള സംഭവമുണ്ടിത്. ഒരു പ്രീമിയം മൾട്ടി സിലിണ്ടർ ADV മോട്ടോർസൈക്കിളായാണ് ഹോണ്ട NX500 അരങ്ങത്തേക്ക് എത്തുന്നത്. 5.90 ലക്ഷം രൂപയാണ് ഇതിന് മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. ഹോണ്ടയുടെ പ്രീമിയം ബിഗ് വിംഗ് ഡീലർഷിപ്പുകൾ വഴി മാത്രം വിൽക്കുന്ന ബൈക്കിന്റെ ആദ്യ ഡെലിവറി ഗുരുഗ്രാമിലാണ് നടന്നിരിക്കുന്നത്.
രാജ്യത്തെ ആദ്യത്തെ യൂണിറ്റ് കേണൽ അഭിഷേക് മിശ്രയ്ക്ക് കൈമാറിക്കൊണ്ടാണ് തുടക്കം. ഇന്ത്യയിൽ ഒരു കംപ്ലീറ്റ്ലി ബിൽറ്റ് അപ്പ് യൂണിറ്റായാണ് (CBU) ഹോണ്ട NX500 അവതരിപ്പിച്ചിരിക്കുന്നത്. ഗ്രാൻഡ് പ്രിക്സ് റെഡ്, മാറ്റ് ഗൺപൗഡർ ബ്ലാക്ക് മെറ്റാലിക്, പേൾ ഹൊറൈസൺ വൈറ്റ് എന്നിങ്ങനെ മൂന്ന് ആവേശകരമായ നിറങ്ങളിൽ ഹോണ്ട മോട്ടോർസൈക്കിൾ സ്വന്തമാക്കാനാവും. ഇതിൽ ഗ്രാൻഡ് പ്രിക്സ് റെഡാണ് കേണൽ അഭിഷേക് മിശ്ര തെരഞ്ഞെടുത്തിരിക്കുന്നത്.

കാറിന്റെ വിലയുള്ള ഈ പ്രീമിയം അഡ്വഞ്ചർ ടൂററിൽ അപ്സൈഡ് ഡൌൺ (USD) ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകൾ, ഫ്രണ്ട് വീലുകൾക്കുള്ള ഡ്യുവൽ ഡിസ്‌ക് ബ്രേക്ക് സജ്ജീകരണം എന്നിവ പോലുള്ള കൂടുതൽ പ്രീമിയം ഫീച്ചറുകളം ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കൾ നൽകിയിട്ടുണ്ട്. ഇപ്പോൾ നിർത്തലാക്കിയ ലൈനപ്പിൽ CB500X-ന് പകരമായാണ് ഹോണ്ട NX500 എത്തുന്നത് എന്നതും പ്രത്യേകം പറയേണ്ട കാര്യമാണ്.
പഴയ CB500X മോഡലിലെ അതേ ലിക്വിഡ്-കൂൾഡ് 471 സിസി, പാരലൽ-ട്വിൻ എഞ്ചിനാണ് ഹോണ്ട NX500 എഡിവിക്കും തുടിപ്പേകുന്നത്. ഇത് 47.5 bhp കരുത്തിൽ പരമാവധി 43 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണെന്നും കമ്പനി പറയുന്നു. സ്ലിപ്പ് ആൻഡ് അസിസ്റ്റ് ക്ലച്ച് ലഭിക്കുന്ന 6-സ്പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. പരമാവധി 180 കിലോമീറ്റർ സ്പീഡ് കൈവരിക്കാനും പ്രീമിയം മോട്ടോർസൈക്കിളിനാവും.

മൊത്തത്തിൽ 196 കിലോഗ്രാം ഭാരമുള്ള NX500 പുതിയ റോയൽ എൻഫീൽഡ് ഹിമാലയന്റെ അതേ ഭാരവും 830 mm സീറ്റ് ഹൈറ്റോടും കൂടിയാണ് വരുന്നത്. ശരിക്കും പറഞ്ഞാൽ NX500 ഒരു ഹൈബ്രിഡ് അഡ്വഞ്ചർ മോട്ടോർസൈക്കിൾ ഡിസൈൻ വഹിക്കുന്നുവെന്ന് വേണം പറയാൻ. സെമി-ഫെയർഡ് സ്‌പോർട്‌സ് ടൂറിംഗ് മോട്ടോർസൈക്കിൾ ഡിഎൻഎ കൂടിക്കലർത്തിയതിനാൽ ടൂറിംഗിനെല്ലാം അതിഗംഭീര പെർഫോമൻസാവും വാഹനം കാഴ്ച്ചവെക്കുക.
പുതിയ 5 ഇഞ്ച് TFT ഇൻസ്ട്രുമെൻ്റ് സ്‌ക്രീനാണ് ബൈക്കിലെ മറ്റൊരു ഹൈലൈറ്റ്. ഇത് CB500X-ൻ്റെ എൽസിഡി യൂണിറ്റുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ ആകർഷകമാണ്. കസ്റ്റമൈസ് ചെയ്യാനാവുന്ന ലേഔട്ട്, സ്പീഡോമീറ്റർ, ടാക്കോമീറ്റർ, ക്ലോക്ക്, ഗിയർ ഷിഫ്റ്റ് ഇൻഡിക്കേറ്റർ എന്നിവയെല്ലാം ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.ആൻഡ്രോയിഡ്, ഐഒഎസ് എന്നിവയ്‌ക്കായുള്ള ആപ്പ് സപ്പോർട്ടോടു കൂടി ഹോണ്ട റോഡ്‌സിങ്ക് കണക്റ്റഡ് സവിശേഷതകളും ഇതിൽ ഉപയോഗിക്കാം.

ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ഈ ടിഎഫ്‌ടി യൂണിറ്റിന് ലഭിക്കുന്നു. കോൾ കൺട്രോൾ, മ്യൂസിക് കൺട്രോൾ, നാവിഗേഷൻ ഡീറ്റുകൾ എന്നിവ പ്രവർത്തനക്ഷമമാക്കാനും ഇതുവഴി സാധിക്കും. ഇനി മറ്റ് മെക്കാനിക്കൽ പാർട്‌സുകളിലേക്ക് വന്നാൽ 17.5 ലിറ്ററാണ് ഫ്യുവൽ ടാങ്ക് കപ്പാസിറ്റി. വീൽ സൈസിലേക്ക് നോക്കിയാൽ ഫണ്ടിൽ 19 ഇഞ്ചും പിന്നിൽ 17 ഇഞ്ചും വലിപ്പമുള്ള അലോയ് വീലുകൾ ബ്ലോക്ക് പാറ്റേൺ ടയറുകളോടെയാണ് നിരത്തിലേക്ക് ഇറങ്ങുക.
ബ്രേക്കിംഗിനായി ഫ്രണ്ടിൽ ട്വിൻ ഡിസ്കുകളും പിന്നിൽ സിംഗിൾ ഡിസ്ക്കുമാണ് ഹോണ്ട NX500 പ്രീമിയം അഡ്വഞ്ചർ ടൂററിൽ ഉപയോഗിച്ചിരിക്കുന്നത്. മോട്ടോർസൈക്കിളിന്റെ അധിക സുരക്ഷക്കായി ഡ്യുവൽ-ചാനൽ എബിഎസും ഓഫറിലുണ്ട്. വില നിലവാരം കണക്കിലെടുക്കുമ്പോൾ കവസാക്കി വെർസിസ് 650, മോട്ടോ മൊറിനി എക്സ്-കേപ്പ് എന്നീ മോഡലുകളാണ് ഹോണ്ടയ്ക്ക് വിലങ്ങുതടിയായി നിൽക്കുന്നത്.


Click it and Unblock the Notifications








