വില 64,900 രൂപ മാത്രം, 1 വർഷം കൊണ്ട് 3 ലക്ഷത്തിലധികം ആളുകൾ വാങ്ങിയത് ഈ ഹോണ്ട ബൈക്ക്
ഇന്ത്യയിലെ ഇരുചക്ര വാഹന വിപണിയിലെ ഇന്നത്തെ ശത്രുക്കളായ ഹീറോയും ഹോണ്ടയും ഒരുകാലത്ത് ചങ്ങാതിമാരായിരുന്നുവെന്ന കാര്യം മിക്കവരും മറന്നൊരു വിഷയമായിരിക്കാം അല്ലേ. മോട്ടോർസൈക്കിൾ സെഗ്മെന്റിൽ സ്പ്ലെൻഡറുമായി ഹീറോ ആധിപത്യം സ്ഥാപിക്കുമ്പോൾ സ്‌കൂട്ടർ വിഭാഗത്തിൽ ആക്‌ടിവയുമായി നീണാൽ വാഴുകയാണ് ഹോണ്ട. എൻട്രി ലെവൽ ബൈക്ക് വിഭാഗത്തിൽ ജാപ്പനീസ് ബ്രാൻഡിന് ഇന്ത്യൻ കമ്പനിയെ കാര്യമായി വെല്ലുവിളിക്കാനായിരുന്നില്ല.
കാലങ്ങളായി 100 സിസി ബൈക്ക് എന്നാൽ ഹീറോ സ്പ്ലെൻഡറാണ്. ഈ സെഗ്മെന്റിലെ എക്കാലത്തേയും വലിയ ഹിറ്റുകളിൽ ഒന്നായ ഇതിഹാസ മോഡലിനെ വെല്ലാൻ ഒരു മോട്ടോർസൈക്കിളിനും കഴിഞ്ഞിട്ടില്ലെന്ന് വേണം പറയാൻ. ബജാജും ടിവിഎസും പോലുള്ള വമ്പൻമാർ വരെ ഹീറോയുമായി മല്ലിടാൻ ഇറങ്ങിയെങ്കിലും പാതിവഴിയിൽ പരാജയപ്പെട്ടു പോയവരാണ്.

125 സിസി വിഭാഗത്തിൽ ഹോണ്ട കഴിവ് തെളിയിച്ചിട്ടുണ്ടെങ്കിലും അടുത്തകാലം വരെ 100 സിസി സെഗ്മെന്റിലേക്ക് കടക്കാനാൻ ഹോണ്ട തയാറായതുമില്ല. എന്നാൽ മടിയെല്ലാം മാറ്റിവെച്ച് പഴയ ചങ്ങാതിക്കുള്ള പണിയുമായി കമ്പനി ഷൈൻ 100 എന്ന തട്ടുപൊളിപ്പൻ എൻട്രി ലെവൽ ബൈക്കിന് രൂപംകൊടുക്കുകയുണ്ടായി. 125 സിസി വിഭാഗത്തിൽ വിപ്ലവം തീർത്ത ഷൈനിന്റെ പേര് കടമെടുത്തുകൊണ്ടാണ് പുത്തൻ മോട്ടോർസൈക്കിളിനും 'ഷൈൻ 100' എന്നു പേരിട്ടിരിക്കുന്നത്.
കാഴ്ച്ചയിലും ഏതാണ്ട് ചെറിയൊരു സാദൃശ്യം ഉള്ളതിനാൽ മോഡലിനെ ഇരുകൈയും നീട്ടിയാണ് ആളുകൾ സ്വീകരിച്ചത്. ഇപ്പോഴിതാ 1 വർഷം കൊണ്ട് 3 ലക്ഷത്തിലധികം യൂണിറ്റുകളുടെ വിൽപ്പന കൈവരിച്ച് ഹോണ്ട ഷൈൻ 100 കരുത്ത് തെളിയിച്ചിരിക്കുകയാണ്. നിലവിൽ ആഭ്യന്തര വിപണിയിൽ എൻട്രി ലെവൽ സെഗ്‌മെൻ്റിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കമ്മ്യൂട്ടർ മോട്ടോർസൈക്കിളുകളിൽ ഒന്നായി മാറാൻ ബൈക്കിന് അധിക സമയമൊന്നും വേണ്ടിവന്നില്ല.

വാർഷികാഘോഷത്തിൻ്റെ ഭാഗമായി ഇന്ത്യയിലെ നിരവധി നഗരങ്ങളിൽ ഷൈൻ 100 സിസി മോട്ടോർസൈക്കിളിന്റെ മെഗാ ഡെലിവറി ഇവൻ്റുകളും ഹോണ്ട സംഘടിപ്പിച്ചിട്ടുണ്ട്. മൈലേജും താങ്ങാനാവുന്ന വിലയും കാരണം 2023-24 സാമ്പത്തിക വർഷത്തിൽ ജാപ്പനീസ് നിർമാതാക്കൾ 100 സിസി മുതൽ 110 സിസി സെഗ്‌മെൻ്റിൽ ശ്രദ്ധേയമായ വിജയം നേടിയിട്ടുണ്ടെന്നതും എടുത്തു പറയേണ്ടതാണ്.
2023 മാർച്ച് മാസത്തിലാണ് കമ്പനി ഷൈൻ 100 അവതരിപ്പിക്കുന്നത്. നിലവിൽ 64,900 രൂപയുടെ പ്രാരംഭ എക്സ്ഷോറൂം വിലയുമായി എത്തിയിരിക്കുന്ന ഈ എൻട്രി ലെവൽ മോഡലിന് ഹോണ്ടയുടെ eSP സാങ്കേതികവിദ്യയോടുകൂടിയ പുതിയ 100 സിസി OBD2 നിലവാരമുള്ള ഫ്യുവൽ ഇഞ്ചക്ഷൻ എഞ്ചിനാണ് കരുത്ത് പകരുന്നത്. ഇത് പരമാവധി 7.3 bhp പവറിൽ പരമാവധി 8.05 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

നാല് സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിനിൽ ഫ്രിക്ഷൻ റിഡക്ഷൻ ടെക്നോളജി, കൂളിംഗ് കാര്യക്ഷമത എന്നിവ നിലനിർത്താൻ പിസ്റ്റൺ കൂളിംഗ് ജെറ്റ്, ഓട്ടോമാറ്റിക് ചോക്ക് ഉള്ള സ്റ്റാർട്ടർ സോളിനോയിഡ് എന്നിവയും കമ്പനി നൽകുന്നുണ്ട്. ഷൈൻ 100 പതിപ്പിനൊപ്പം 10 വർഷത്തെ വാറണ്ടി പാക്കേജും ഹോണ്ട വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിൽ 3 വർഷത്തെ സ്റ്റാൻഡേർഡ് വാണ്ടിയും 7 വർഷത്തെ ഓപ്ഷണൽ എക്സ്റ്റൻഡഡ് വാറണ്ടിയുമാണ് ഉൾപ്പെടുന്നത്.
ഡയമണ്ട് ഫ്രെയിമിലാണ് ഷൈൻ 100 സിസി ബൈക്കും കമ്പനി നിർമിച്ചെടുത്തിരിക്കുന്നത്. സംയോജിത ബ്രേക്കിംഗ് സിസ്റ്റം, ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകൾ, ഇൻ-ബിൽറ്റ് സൈഡ് സ്റ്റാൻഡ് എഞ്ചിൻ ഇൻഹിബിറ്റർ, ഡ്യുവൽ റിയർ ഷോക്കുകൾ, ഡ്യുവൽ-പോഡ് ഇൻസ്ട്രുമെൻ്റ് കൺസോൾ, അലുമിനിയം ഗ്രാബ് റെയിൽ, ഹാലൊജൻ ലൈറ്റിംഗ് യൂണിറ്റുകൾ തുടങ്ങിയ സവിശേഷതകളാണ് ബൈക്കിലെ പ്രധാന ഹൈലൈറ്റുകൾ.

കമ്മ്യൂട്ടർ മോട്ടോർസൈക്കിളായതിനാൽ തന്നെ വലിയ 670 mm നീളമുള്ള സീറ്റും അപ്-റൈറ്റ് റൈഡിംഗ് പൊസിഷനുമാണ് കുഞ്ഞൻ ഷൈനിൽ ഒരുക്കിയിട്ടുള്ളത്. ഡിസൈനിലേക്ക് നോക്കിയാൽ അലങ്കോലങ്ങളൊന്നുമില്ലാതെ ദൈനംദിന ഉപയോഗങ്ങൾക്ക് അനുസൃതമായാണ് മോഡലിനെ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. മൊത്തത്തിൽ 168 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസും 1,245 മില്ലീമീറ്റർ വീൽബേസുമാണ് മറ്റൊരു പ്രത്യേകത.


Click it and Unblock the Notifications








