ആക്‌ടിവയും ഷൈനും വാങ്ങാൻ ആളുകളുടെ ക്യൂ, ഹോണ്ട ഇതുവരെ വിറ്റത് 6 കോടി ഇരുചക്ര വാഹനങ്ങൾ
ലോകത്ത് തന്നെ മനുഷ്യന്റെ ജീവിതത്തിൽ നിന്നും ഒഴിച്ചുകൂടാനാവാത്ത കാര്യങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ് വാഹനങ്ങൾ. അതിപ്പോൾ കാറായാലും ഇരുചക്ര വാഹനങ്ങളായാലും സംഗതി ഒരുപോലെയാണ്. ഏതൊരു സാധാരണക്കാരന്റെ വീട്ടിലും ഒരു സ്‌കൂട്ടർ എങ്കിലും കാണുമെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. സ്‌കൂട്ടറാണെങ്കിൽ അത് ആക്‌ടിവയല്ലേ എന്നുചോദിക്കുന്ന നാടാണ് നമ്മുടേത്.
അത്രക്കും വലിയ ഇംപാക്‌ടാണ് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ ഹോണ്ട (Honda) ഇന്ത്യൻ വിപണിയിൽ സ്ഥാപിച്ചുവെച്ചിരിക്കുന്നത്. ആക്‌ടിവ (Activa) മുതലാളിയെന്നാണ് അറിയപ്പെടുന്നതെങ്കിലും കമ്മ്യൂട്ടർ ബൈക്കുകൾ മുതൽ ഹൈ-എൻഡ് സൂപ്പർബൈക്കുകൾ വരെ നിർമിക്കുന്നതിൽ വൈധഗ്ദ്യമുള്ളവരാണ് ഹോണ്ട. അതുകൊണ്ട് തന്നെ ഇന്ത്യക്കാർക്ക് ബ്രാൻഡിനെ ഏറെയിഷ്‌ടവുമാണ്.

വിശ്വസിച്ച് വാങ്ങാൻ പറ്റുന്ന മോഡലുകളും അതിലെ ഉഗ്രൻ എഞ്ചിനും തന്നെയാണ് ഹോണ്ടയുടെ ഹൈലൈറ്റ്. ഓരോ മാസവും ലക്ഷക്കണക്കിന് വാഹനങ്ങൾ വിറ്റഴിക്കുന്ന കമ്പനി ഇപ്പോഴിതാ വലിയൊരു നാഴികക്കല്ല് താണ്ടിയിരിക്കുകയാണ്. എന്താണന്നോ ഇന്ത്യയിൽ 6 കോടി ഇരുചക്ര വാഹനങ്ങൾ വിറ്റഴിച്ച റെക്കോർഡാണ് കമ്പനി ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. 2001-ൽ അതിൻ്റെ ആദ്യ മോഡലായ ആക്ടിവ അവതരിപ്പിച്ചുകൊണ്ടാണ് ഹോണ്ട ഇന്ത്യൻ വിപണിയിൽ പ്രവേശിക്കുന്നത്.
ഇന്ത്യൻ ഉപഭോക്താക്കളുടെ വൈവിധ്യമാർന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ലോകോത്തര ഉൽപന്നങ്ങളുടെ ഒരു വലിയ നിര തുടർച്ചയായി വിതരണം ചെയ്യുന്നതിൽ വിജയിച്ചതാണ് ഈ വലിയ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്ന പ്രധാന കാര്യം. ഗുണനിലവാരത്തിലും ഉപഭോക്തൃ സംതൃപ്തിയിലും ഹോണ്ട തുടക്കം മുതലേ മുൻപന്തിയിലാണ്.

ആക്‌ടിവയ്ക്ക് പുറമെ ഷൈൻ 125, യുണീകോൺ, ഡിയോ, ഹൈനസ് CB350 പോലുള്ള മോഡലുകളും ബ്രാൻഡിന്റെ ടോപ്പ് സെല്ലിംഗ് വാഹനങ്ങളാണ്. 2001 ജൂണിൽ റീട്ടെയിൽ പ്രവർത്തനങ്ങൾ ആരംഭിച്ച ഹോണ്ട രണ്ട് പതിറ്റാണ്ടിലേറെയായി ഇന്ത്യൻ ഉപഭോക്താക്കളുടെ പ്രിയങ്കരമായ വണ്ടികമ്പനിയാണ്. ആദ്യത്തെ 1 കോടി ഉപഭോക്താക്കളെ നേടാൻ കമ്പനി പതിനൊന്ന് വർഷമെടുത്തപ്പോൾ വേഗത മൂന്നിരട്ടിയായി, അടുത്ത മൂന്ന് വർഷത്തിനുള്ളിൽ അത് 2 കോടിയിലെത്തി.
2017 ഏപ്രിൽ മാസത്തിലാണ് ഹോണ്ട ഇന്ത്യയിൽ 3 കോടി വിൽപ്പനയെന്ന നാഴികക്കല്ല് കൈവരിക്കുന്നത്. ഇത് പ്രവർത്തനം ആരംഭിച്ച് ഏകദേശം 16 വർഷത്തിനുള്ളിലാണ് നടന്നത്. എന്നാൽ അടുത്ത 3 കോടി ഉപഭോക്താക്കൾ ഏഴ് വർഷത്തിനുള്ളിൽ ഹോണ്ടക്കൊപ്പം ചേർന്നു. തുർന്ന് 2024 മാർച്ചിൽ കമ്പനി 6 കോടി ആഭ്യന്തര വിൽപ്പന എന്ന നാഴികക്കല്ലിലെത്തി. ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട ഫാമിലി സ്‌കൂട്ടറായ ആക്ടിവ ഷൈൻ മോട്ടോർസൈക്കിൾ എന്നിവയാണ് ഈ നാഴികക്കല്ല് ഇത്രവേഗം കൈവരിക്കാൻ സഹായിച്ചത്.

വിശ്വാസ്യത, പെർഫോമൻസ്, നൂതന സവിശേഷതകൾ എന്നിവയ്ക്ക് പരക്കെ പ്രശംസിക്കപ്പെട്ട ആക്ടിവയും ഷൈനും ഇന്ത്യൻ ഉപഭോക്താക്കൾക്ക് മികച്ച ചോയ്‌സുകളായി ഉയർന്നു. അതത് സെഗ്‌മെൻ്റിൽ പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കുകയും ഹോണ്ടയുടെ വിജയഗാഥയിൽ ഗണ്യമായ സംഭാവന നൽകുകയും ചെയ്തിട്ടുണ്ട്. ഇന്നും ബ്രാൻഡിൽ നിന്നും ഏറ്റവും കൂടുതൽ വിപണനം നടത്തുന്ന മോഡലുകളും ഇവ തന്നെയാണ്.
ഇന്ത്യൻ ഉപഭോക്താക്കൾ ഹോണ്ട ബ്രാൻഡിൽ അർപ്പിക്കുന്ന വിശ്വാസത്തിൻ്റെയും വിശ്വാസത്തിൻ്റെയും തെളിവാണ് ഈ 6 കോടി വിൽപ്പനയെന്ന നാഴികക്കല്ലെന്ന് ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യയുടെ പ്രസിഡന്റും സിഇഒയുമായ സുത്സുമു ഒട്ടാനി പറഞ്ഞു. എൻട്രി ലെവൽ 100 സിസി ഷൈൻ മുതൽ മുൻനിര 1800 സിസി ഗോൾഡ് വിംഗ് ടൂർ വരെയുള്ള വൈവിധ്യമാർന്ന ഉൽപ്പന്ന പോർട്ട്‌ഫോളിയോ ഉള്ള ഇന്ത്യയിലെ ഒരേയൊരു ഇരുചക്ര വാഹന നിർമാതാക്കളാണ് ഹോണ്ട എന്നതും ശ്രദ്ധേയമാണ്.

റെഡ് വിംഗ്, ബിഗ് വിംഗ് എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായി ഡീലർഷിപ്പുകളെ തരംതിരിച്ചാണ് ഹോണ്ടയുടെ ഇരുചക്ര വാഹന വിൽപ്പന നടത്തുന്നത്. കമ്പനിയുടെ റെഡ് വിംഗ് ഉൽപ്പന്ന നിരയിൽ ആക്ടിവ 110, ഡിയോ 110, ആക്ടിവ 125, ഡിയോ 125 എന്നീ നാല് സ്കൂട്ടറുകളും ഷൈൻ 100, ഷൈൻ 125, ഡ്രീം ഡീലക്സ്, ലിവോ, SP 125, യുണീകോൺ 160, SP 160, ഹോർനെറ്റ് 2.0, CB200X എന്നീ ഒമ്പത് ബൈക്കുകളുമാണ് ഉൾപ്പെടുന്നത്.
അതേസമയം ഹോണ്ടയുടെ പ്രീമിയം മോട്ടോർസൈക്കിൾ റീട്ടെയിൽ വിഭാഗമായ ബിഗ് വിംഗിലൂടെ പുതിയ CB350, ഹൈനസ് CB350, CB350RS, CB300F, CB300R, NX500, XL750 ട്രാൻസാൽപ്, ആഫ്രിക്ക ട്വിൻ, ഗോൾഡ് വിംഗ് ടൂർ എന്നിവയാണ് വിപണനം ചെയ്യുന്നത്. 2024 ഫെബ്രുവരിയിൽ 458,711 യൂണിറ്റ് റീട്ടെയിൽ വിൽപ്പനയോടെ കമ്പനി 86 ശതമാനം വാർഷിക വിൽപ്പന വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്.


Click it and Unblock the Notifications








