നല്ല മൈലേജും റിഫൈൻമെന്റും, എന്നിട്ടും ആരും വാങ്ങാൻ വന്നില്ല, ഈ 160 സിസി ബൈക്ക് നിർത്തലാക്കി ഹോണ്ട
ഇരുചക്ര വാഹന വിപണിയിൽ വിശ്വാസത്തിന്റെ പര്യായമാണ് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ ഹോണ്ട (Honda). ഗംഭീര എഞ്ചിനും അടിപൊളി നിർമാണ നിലവാരവുമെല്ലാം എന്നും ആളുകളെ ഹോണ്ടയിലേക്ക് അടുപ്പിക്കുന്ന കാര്യങ്ങളാണ്. അതിപ്പോൾ കമ്മ്യൂട്ടർ സെഗ്മെന്റിലെ എൻട്രി ലെവൽ ബൈക്കുകളായാലും സ്‌കൂട്ടറുകളായാലും സൂപ്പർ പ്രീമിയം മോട്ടോർസൈക്കിളുകളാലായാലും ക്വാളിറ്റി വിട്ടൊരു കളിക്ക് ബ്രാൻഡ് തയാറാവാറില്ല. കമ്പനിയുടെ ഒട്ടുമിക്ക എല്ലാ മോഡലുകളും ഇന്ത്യക്കാർക്ക് പ്രിയങ്കരമാണ്. ആക്‌ടിവ (Activa), ഡിയോ (Dio), ഷൈൻ (Shine), SP125, ഹൈനസ് CB350 (H'ness) അങ്ങനെ നീളും വാഹനനിര.
ഇപ്പോഴിതാ കമ്പനിയുടെ നിരയിൽ നിന്നും ഒരു ബൈക്കിനെ ഒഴിവാക്കിയിരിക്കുന്ന വാർത്തയാണ് പുറത്തുവരുന്നത്. ഒട്ടുമിക്ക എല്ലാ ബൈക്കുകളും ഹിറ്റാണെങ്കിലും ഹോണ്ടയുടെ പദ്ധതികൾ പാളിപ്പോയ മോഡലായിരുന്നു എക്‌സ്-ബ്ലേഡ്. വാങ്ങാൻ ആളില്ലാതിരുന്ന മോട്ടോർസൈക്കിളിന്റെ ഇന്ത്യയിലെ നിർമാണം കമ്പനി അവസാനിപ്പിച്ചു. 2018 ലാണ് ഇത് ആദ്യമായി ലോഞ്ച് ചെയ്തതെങ്കിലും കമ്പനിക്ക് മികച്ച വിൽപ്പന നൽകാൻ മോട്ടോർസൈക്കിളിന് കഴിഞ്ഞില്ല.

ഇതിനെ തുടർന്നാണ് ആറ് വർഷങ്ങൾക്കിപ്പുറം ഇന്ത്യൻ വിപണിയിൽ നിന്ന് എക്‌സ്-ബ്ലേഡ് നിർത്തലാക്കാൻ ഹോണ്ട തീരുമാനം എടുത്തത്. ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് എക്‌സ്-ബ്ലേഡിനെ ഒഴിവാക്കിയിട്ടുമുണ്ട്. പക്ഷേ എന്തെങ്കിലും കാരണവശാൽ വാങ്ങാൻ പ്ലാട്ടിരിക്കുന്നയാളാണ് നിങ്ങളെങ്കിൽ രാജ്യത്തുടനീളമുള്ള ഏതെങ്കിലും ഡീലർമാരിൽ എക്‌സ്-ബ്ലേഡിന്റെ ചില യൂണിറ്റുകൾ വിറ്റഴിയാതെ കിടപ്പുണ്ടാവും.
ഈ യൂണിറ്റുകൾ നല്ല വിലക്കിഴിവിൽ വാങ്ങാനും അവസരം ലഭിച്ചേക്കും. ഇതുമായി കൂടുതലറിയാൻ നിങ്ങളുടെ അടുത്തുള്ള അംഗീകൃത ഹോണ്ട ഡീലർഷിപ്പുമായി ബന്ധപ്പെട്ടാൽ മതിയാവും. ആദ്യ തലമുറ CB ഹോർനെറ്റ് ബൈക്കിനെ അടിസ്ഥാനമാക്കിയാണ് X-ബ്ലേഡ് പണികഴിപ്പച്ചത്. അൽപം പരുക്കൻ ലുക്ക് സമ്മാനിക്കാൻ പരിഷ്ക്കരിച്ച ഡിസൈൻ പാളിപ്പോവുകയായിരുന്നു.

റോബോട്ടിക് മുഖമുള്ള എൽഇഡി ഹെഡ്‌ലാമ്പ്, ആക്രമണാത്മക രൂപത്തിലുള്ള ഫ്യുവൽ ടാങ്ക്, വീൽ സ്ട്രൈപ്പുകൾ, സ്‌പോർട്ടി അണ്ടർ കൗൾ, ഫ്രണ്ട് ഫോർക്ക് കവർ, ഷാർപ്പ് സൈഡ് കവറുകൾ, റേസർ എഡ്ജ്ഡ് എൽഇഡി ടെയിൽ ലാമ്പ്, ഡ്യുവൽ ഔട്ട്‌ലെറ്റ് മഫ്ലർ എന്നിവയെല്ലാമാണ് ഹോണ്ട എക്‌സ്-ബ്ലേഡ് സ്പോർട്ടി കമ്മ്യൂട്ടർ മോട്ടോർസൈക്കിളിനെ ആകർഷകമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിരുന്ന ഡിസൈൻ ഹൈലൈറ്റുകൾ.
ഹോർനെറ്റ് 160R പതിപ്പിനെ അപേക്ഷിച്ച് എക്‌സ്-ബ്ലേഡിൽ സീറ്റും ടാങ്ക് ആവരണവും പോലെയുള്ള മറ്റ് ചില ഘടകങ്ങൾ വ്യത്യസ്തമായിരുന്നു. സ്പോർട്ടി കമ്മ്യൂട്ടർ മോട്ടോർസൈക്കിളായി വിപണനം ചെയ്‌ത മോഡൽ ഒരിക്കൽ പോലും വലിയ വിൽപ്പന സംഖ്യകൾ ഹോണ്ടയ്ക്ക് നൽകിയില്ലെന്നതാണ് യാഥാർഥ്യം. സിംഗിൾ, ഡ്യുവൽ ഡിസ്ക് വേരിയന്റുകളിലായി വിപണിയിൽ എത്തിയിരുന്ന ബൈക്കിന് 1.15 ലക്ഷം മുതലായിരുന്നു വില ആരംഭിച്ചിരുന്നത്.

ഫ്യുവൽ ഇഞ്ചക്ഷൻ സംവിധാനമുള്ള 162.7 സിസി, സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ് എഞ്ചിനാണ് ഹോണ്ട എക്‌സ്-ബ്ലേഡിന്റെ ഹൃദയം. അഞ്ച് സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയ എഞ്ചിൻ 13.5 bhp കരുത്തിൽ പരമാവധി 14.7 Nm torque വരെ ഉത്പാദിപ്പിക്കാനാവുമായിരുന്നു. കൂടുതൽ കാര്യക്ഷമതയും പ്രകടനവും നൽകുന്നതിന് PGM-FI സിസ്റ്റം 8 ഓൺബോർഡ് സെൻസറുകൾ ഉപയോഗിക്കുന്നുവെന്ന് ഹോണ്ട പറയുന്നു.
മറ്റ് മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ 160 സിസി മോട്ടോർസൈക്കിളിന്റെ സസ്പെൻഷനായി മുൻവശത്ത് ടെലിസ്കോപ്പിക് ഫോർക്കുകളും പിന്നിൽ ഒരു മോണോഷോക്കുമായിരുന്നു എക്‌സ്-ബ്ലേഡിന് സമ്മാനിച്ചിരുന്നത്. 17 ഇഞ്ച് അലോയ് വീലുകളുമായി നിരത്തിലെത്തിയിരുന്ന മോഡലിന് ബ്രേക്കിംഗിനായി മുൻവശത്ത് ഡിസ്ക്കും പിന്നിൽ ഒരു ഓപ്ഷനായി ഡിസ്ക്ക് ബ്രേക്കും തെരഞ്ഞെടുക്കാൻ സാധിക്കും.
എക്‌സ്-ബ്ലേഡിനെ കൂടുതൽ ആകർഷകമാക്കുന്നതിന് ഹോണ്ട ആറ് വർഷത്തെ വാറണ്ടി പാക്കേജും വാഗ്‌ദാനം ചെയ്‌തിരുന്നു. 160 സിസി സെഗ്മെന്റിൽ ബജാജ് പൾസർ NS 160, സുസുക്കി ജിക്സർ, ടിവിഎസ് അപ്പാച്ചെ RTR 160 4V, യമഹ FZ, ഹീറോ എക്‌സ്ട്രീം 160 R എന്നീ മോഡലുകളുമായിട്ടായിരുന്നു ഹോണ്ട എക്‌സ്-ബ്ലേഡിന്റെ പ്രധാന മത്സരം. ഇവയെല്ലാം കൂടുതൽ ആകർഷകമായിരുന്നതിനാൽ ആളുകളെല്ലാം ഇതിലേക്കായിരുന്നു പോയിരുന്നത്.


Click it and Unblock the Notifications








