കുറഞ്ഞ വിലയിൽ 180 കി.മീ. റേഞ്ചുള്ള ഇലക്‌ട്രിക് സ്‌കൂട്ടറുമായി ഇന്ത്യൻ കമ്പനി, കൂട്ടിന് 3 വർഷത്തെ വാറണ്ടിയും
ഇന്ത്യയിലെ ഇലക്‌ട്രിക് ഇരുചക്ര വാഹന വിഭാഗത്തിൽ ഓലയുടെ വരവാണ് കൊടുങ്കാറ്റ് സൃഷ്‌ടിച്ചത് എങ്കിലും പ്രമുഖ ബ്രാൻഡുകളെ എല്ലാം കാഴ്ച്ചക്കാരാക്കി ചെറിയ സ്റ്റാർട്ടപ്പ് ബ്രാൻഡുകളും പറന്നുയരുകയാണ്. ഓലയും ഏഥറും ഒഖിനാവയും പോലുള്ളവർ വിപണിയിൽ കത്തിക്കയറുമ്പോൾ വലിയ കടലിലെ ചെറിയ മീനുകളായി ഐവൂമി പോലുള്ള കുഞ്ഞൻ ബ്രാൻഡുകളും പണംവാരുകയാണ്. താങ്ങാനാവുന്ന വിലയ്ക്ക് നല്ല കിടിലൻ വൈദ്യുത സ്കൂട്ടറുകൾ വിപണിയിലെത്തിക്കുന്ന ബ്രാൻഡ് എന്നനിലയിലാണ് ഇവർ പേരെടുത്തത്. സാധാരണക്കാർക്കും ഇലക്‌ട്രിക് വാഹനങ്ങൾ സ്വന്തമാക്കാൻ അവസരമൊരുക്കി കൊടുത്ത കമ്പനിയുടെ നിര വൈവിധ്യമാർന്ന മോഡലുകളാൽ സമ്പന്നവുമാണ്.
ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിലെ മുൻനിരയിലുള്ള ഐവൂമി താങ്ങാനാവുന്ന ഇലക്ട്രിക് ഇരുചക്ര വാഹനം തേടുന്നവർക്കായി പുതിയൊരു ഇവിയെ അവതരിപ്പിച്ചിരിക്കുകയാണ്. S1 ലൈറ്റ് വേരിയന്റാണ് വിപണിയിലേക്ക് എത്തിയിരിക്കുന്ന പുതുമുഖം. വെറും 84,999 രൂപ എക്സ്ഷോറൂം വിലയുള്ള വാഹനം ഓലയുടെ എൻട്രി ലെവൽ സ്കൂട്ടറുകളുമായി മത്സരിക്കാനാണ് എത്തിയിരിക്കുന്നതും.

ചാർജിൽ 180 കിലോമീറ്റർ റേഞ്ചാണ് ഐവൂമി S1 ലൈറ്റ് ഇലക്ട്രിക് സ്കൂട്ടറിന് നൽകാനാവുന്നത്. ഇത് ഇന്ത്യയിലെ ഏറ്റവും ലാഭകരമായ ഹൈ-സ്പീഡ് ഇ-സ്‌കൂട്ടറാണെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്. മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട്, തെലങ്കാന, രാജസ്ഥാൻ തുടങ്ങിയ പ്രധാന സംസ്ഥാനങ്ങൾ ഉൾപ്പെടെ ഇന്ത്യയിലുടനീളമുള്ള ഐവൂമി ഡീലർഷിപ്പുകളിൽ ഏറ്റവും പുതിയ ഇവിക്കായുള്ള ബുക്കിംഗും ബ്രാൻഡ് ആരംഭിച്ചിട്ടുണ്ട്.
ഒറ്റയടിക്ക് സ്കൂട്ടറിന്റെ വിലയായ 84,999 രൂപ മുടക്കാനില്ലാത്തവർക്കായി.കമ്പനി ഇഎംഐ ഓപ്‌ഷനുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. വിവിധ യാത്രാ ആവശ്യങ്ങൾക്കായി ഉതകുന്ന തരത്തിലാണ് ഇലക്ട്രിക് സ്കൂട്ടർ പണികഴിപ്പിച്ചിരിക്കുന്നത്. ഈട്, സൗകര്യം, നൂതന സാങ്കേതികവിദ്യ എന്നിവ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിനായാണ് S1 ലൈറ്റ് ഇ-സ്കൂട്ടർ ഡിസൈൻ ചെയ്തിരിക്കുന്നത്. ERW 1 ഗ്രേഡ് ചേസിസ് ഉപയോഗിച്ച് നിർമിച്ചിരിക്കുന്ന വാഹനം സ്റ്റെബിലിറ്റിയും ഡ്യൂറബിലിറ്റിയും ഉറപ്പാക്കുന്നുമുണ്ട്.

ഒപ്പം വ്യത്യസ്ത ഭൂപ്രദേശങ്ങൾ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ അനുവദിക്കുന്ന 170 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസും ഐവൂമിയുടെ ഇലക്ട്രിക് സ്കൂട്ടറിനുണ്ട്. കൂടുതൽ സൗകര്യത്തിനായി സ്കൂട്ടർ 18 ലിറ്റർ ബൂട്ട് സ്പേസും നൽകുന്നുണ്ട്. ഇത് ദൈനംദിന അവശ്യവസ്തുക്കൾ കൊണ്ടുപോകാൻ അനുയോജ്യമാക്കുന്നു. വ്യത്യസ്ത മുൻഗണനകൾക്ക് അനുസൃതമായി 12 ഇഞ്ച് അല്ലെങ്കിൽ 10 ഇഞ്ച് വീലുകളിൽ ഇവി തിരഞ്ഞെടുക്കാം.
യുഎസ്ബി ചാർജിംഗ് പോർട്ട് (5V, 1A), സ്പീഡ് എളുപ്പത്തിൽ ട്രാക്കുചെയ്യുന്നതിന് എൽഇഡി ഡിസ്പ്ലേ സ്പീഡോമീറ്റർ എന്നിവ പോലുള്ള ഉപയോഗപ്രദമായ സവിശേഷതകളും ഐവൂമി S1 ലൈറ്റിൽ സജ്ജീകരിച്ചിട്ടുണ്ട്. ഐവൂമി ഇലക്ട്രിക് സ്കൂട്ടർ സുരക്ഷയ്ക്കും മുൻഗണന നൽകിക്കൊണ്ടാണ് പണികഴിപ്പിച്ചിരിക്കുന്നത്. റൈഡറെയും വാഹനത്തെയും പരിരക്ഷിക്കുന്നതിന് 7 ലെവൽ സുരക്ഷാ ഫീച്ചറുകളാണ് ഇതിനായി ഉൾപ്പെടുത്തിയിരിക്കുന്നത്.

കൂടുതൽ ഫീച്ചറുകൾ ആവശ്യമുള്ളവർക്ക് 4,999 രൂപ മുടക്കിയാൽ ഒരു സ്മാർട്ട് ഫീച്ചറുകൾ അപ്‌ഗ്രേഡും ലഭിക്കും. അതിൽ ഡിസ്റ്റൻസ് ടു എംടി (DTE) ഇൻഡിക്കേറ്റർ, ടേൺ-ബൈ-ടേൺ നാവിഗേഷൻ, കോൾ, എസ്എംഎസ് അലേർട്ടുകൾ എന്നിവയാണ് ഐവൂമി വാഗ്ദാനം ചെയ്യുന്നത്. ഈ അപ്‌ഗ്രേഡുകളിലൂടെ റൈഡിംഗ് അനുഭവം വർധിപ്പിക്കുകയും ദൈനംദിന യാത്രക്കാർക്ക് സൗകര്യവും സുരക്ഷയും നൽകുകയും ചെയ്യുന്നു.
നാവിഗേഷൻ, അലേർട്ടുകൾ, സർവീസ് റിമൈൻഡറുകൾ എന്നിവയ്‌ക്കായുള്ള കണക്‌റ്റഡ് അപ്ലിക്കേഷൻ ഫീച്ചർ ചെയ്യുന്ന സ്‌മാർട്ട്-കണക്‌റ്റഡ് സ്‌കൂട്ടർ കൂടിയാണ് ഐവൂമിയുടെ S1 ലൈറ്റ് ഇവി. വിശ്വാസ്യതയ്ക്കും പെർഫോമൻസിനുമായി പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്ന അഡ്വാൻസ്ഡ് ബാറ്ററി സാങ്കേതികവിദ്യയാണ് പുതിയ ഇലക്ട്രിക് വാഹനത്തിൽ ഇന്ത്യൻ ബ്രാൻഡ് ഉപയോഗിച്ചിരിക്കുന്നത്.
ഇതിൽ ഭാരം കുറഞ്ഞ ചാർജറും ഈടുനിൽക്കാൻ വാട്ടർ റെസിസ്റ്റൻ്റ് IP67 ബാറ്ററിയും ഉൾപ്പെടുന്നു. റിമൂവബിൾ ബാറ്ററി പായ്ക്ക് എളുപ്പത്തിൽ ചാർജിംഗും അനുവദിക്കുന്ന കാര്യമാണ്. ഐവൂമി S1 ലൈറ്റ് ഇവിയുടെ പരമാവധി വേഗത 53 കിലോമീറ്ററായാണ് നിശ്ചയിച്ചിരിക്കുന്നതും. 180 കിലോമീറ്റർ റേഞ്ചുമായി വരുന്ന പുതിയ വേരിയൻ്റിൻ്റെ സമാരംഭത്തോടെ ഉയർന്ന പ്രവർത്തനക്ഷമതയുള്ളതും താങ്ങാനാവുന്നതുമായ ഇലക്ട്രിക് വാഹനങ്ങൾ ഇന്ത്യൻ വിപണിയിൽ എത്തിക്കുന്നതിനുള്ള ബ്രാൻഡിന്റെ പ്രതിബദ്ധതയാണ് ഇവിടെ കാണിക്കുന്നത്.


Click it and Unblock the Notifications








