ബുള്ളറ്റ് വാങ്ങാൻ വരട്ടെ... കൊതിപ്പിക്കുന്ന വിലയ്ക്ക് ജാവയുടെ പുത്തൻ വേരിയന്റുകൾ ഇങ്ങെത്തി
ക്ലാസിക് മോട്ടോർസൈക്കിളുകളുടെ രാജകുമാരൻമാരാണ് ജാവയും യെസ്‌ഡിയും (Jawa Yezdi). പണ്ട് രണ്ട് കമ്പനികളായിരുന്നുവെങ്കിലും ഇന്ന് മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ക്ലാസിക് ലെജൻഡ്‌സിന്റെ (Classic Legends) കീഴിലാണ് ഇരുബ്രാൻഡുകളും അണിനിരക്കുന്നത്. പണ്ടത്തെ പ്രതാപം ഇപ്പോഴില്ലെങ്കിലും മിഡ്-കപ്പാസിറ്റി ബൈക്ക് സെഗ്മെന്റിലെ നിറസാന്നിധ്യമാണ് ജാവ. പേര് കേൾക്കുമ്പോൾ തന്നെ പ്രത്യേകിച്ച് ആമുഖമൊന്നുമില്ലാതെ തന്നെ വണ്ടിഭ്രാന്തൻമാർക്ക് ആളെ പിടികിട്ടുകയും ചെയ്യും. വിപണിയിലെ പ്രധാന എതിരാളി ആരെന്ന് ചോദിച്ചാൽ അത് സെഗ്മെന്റിലെ അതികായകൻമാരായ റോയൽ എൻഫീൽഡാണ്. പ്രത്യേകിച്ച് 350 സിസി ശ്രേണിയിൽ ഇരുവരും കാലാകാലങ്ങളായുള്ള ബദ്ധശത്രുക്കളാണ്.
എൻഫീൽഡിന്റെ ടോപ്പ് സെല്ലിംഗ് ക്ലാസിക് 350 മോഡലുമായി മല്ലിടാൻ ജാവ പുറത്തിറക്കിയ മോട്ടോർസൈക്കിളാണ് ജാവ 350. ഐക്കണിക് ബൈക്കിന്റെ തിരിച്ചുവരവിന് ഇന്ത്യ സാക്ഷ്യംവഹിച്ചുവെങ്കിലും വേണ്ടത്ര സ്വീകാര്യത വാഹനത്തിന് ലഭിച്ചില്ല. ഇടയ്ക്ക് വന്ന ഹോണ്ട ഹൈനസിനാണെങ്കിൽ ക്ലച്ച്പിടിക്കുകയും ചെയ്‌തു. എന്നാൽ തളരാൻ ക്ലാസിക് ലെജൻഡ്‌സ് തയാറല്ല. അതിന്റെ ഭാഗമായി നിരന്തരം മോഡൽ ലൈനപ്പിൽ പരിഷ്ക്കാരങ്ങൾ അവതരിപ്പിക്കുകയാണ് ബ്രാൻഡ്.

ഇപ്പോഴിതാ ക്ലാസിക് ലെജൻഡ്‌സ് ജാവ 350 മോട്ടോർസൈക്കിളിന്റെ മൂന്ന് പുതിയ വേരിയന്റുകളുമായി ഇന്ത്യൻ വിപണിയിലേക്ക് എത്തിയിരിക്കുകയാണ്. വില കുറവുള്ള എൻട്രി ലെവൽ മോഡലിന്റെ വരവാണ് ഇതിൽ ശ്രദ്ധേയമാവുന്നത്. 1.99 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയുള്ള ഈ പതിപ്പ് സ്പോക്ക് വീലുകളോടെയാണ് നിരത്തിലേക്ക് എത്തുന്നത്. അതേസമയം ബാക്കി രണ്ടിനും അലോയ് വീലുകളോടെയാണ് വരുന്നത്. ഇതിനായി 2.15 ലക്ഷം രൂപ മുടക്കേണ്ടി വരുമെന്ന് മാത്രം.
പുതിയ ജാവ 350 മോഡലുകൾ ഒബ്സിഡിയൻ ബ്ലാക്ക്, ഗ്രേ, ഡീപ് ഫോറസ്റ്റ് എന്നീ മൂന്ന് പുതിയ കളർ ഓപ്ഷനുകളിലും ബൈക്ക് ഇനി വാങ്ങാം. സ്‌പോക്ക്, അലോയ് വീലുകളോട് കൂടിയ മെറൂൺ, ബ്ലാക്ക്, വൈറ്റ്, മിസ്റ്റിക് ഓറഞ്ച് നിറങ്ങളോടെ വിൽപ്പന തുടരും. ഇങ്ങനെ വൈവിധ്യമോടെ വിപണനം ചെയ്യുന്നതിനാൽ ധാരാളം ഉപഭോക്താക്കളെ ആകർഷിക്കാൻ ക്ലാസിക് ലെജൻഡ്‌സിനാവുമെന്നാണ് അനുമാനം.

ഈ പുതിയ വേരിയന്റുകളുടെയും കളർ ഓപ്ഷന്റെയും കൂട്ടിച്ചേർക്കലുകൾ കൂടാതെ ജാവ 350 മോട്ടോർസൈക്കിളിന് മെക്കാനിക്കലായി മാറ്റങ്ങളൊന്നും ലഭിക്കുന്നില്ല. ജാവ 350 അലോയ് വീലുകളിൽ ലഭ്യമാണെങ്കിലും അവ എങ്ങനെയിരിക്കും എന്നതിൻ്റെ ചിത്രങ്ങൾ ക്ലാസിക് ലെജൻഡ്‌സ് പുറത്തുവിട്ടിട്ടില്ല. എന്തായാലും 16,000 രൂപ വരെ വില കുറവുള്ള പുത്തൻ ബേസ് മോഡലിന്റെ വരവ് ഷോറൂമിലേക്ക് ആളുകളെ ആകർഷിക്കും.
ആവേശകരമായ പെർഫോമൻസ്, ചടുലമായ ഹാൻഡിലിംഗ്, മികച്ച സ്റ്റൈൽ, കിടിലമാക്കിയ ഫിറ്റ് ആൻഡ് ഫിനിഷിംഗ് എന്നിവയെല്ലാമാണ് ജാവ 350 മോഡലിനെ വേറിട്ടതാക്കുന്നത്. അടുത്തിടെ ദൈർഘ്യമേറിയ വീൽബേസും മികച്ച 178 mm ഗ്രൗണ്ട് ക്ലിയറൻസുമായി മോട്ടോർസൈക്കിളിനെ കമ്പനി പരിഷ്ക്കരിക്കുകയും ചെയ്‌തിരുന്നു. 7000 ആർപിഎമ്മിൽ 22.5 bhp കരുത്തും 5000 ആർപിഎമ്മിൽ 28.1 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 334 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ജാവ 350-യുടെ ഹൃദയം.

സ്ലിപ്പർ അസിസ്റ്റ് ക്ലച്ച് സാങ്കേതികവിദ്യയുള്ള ആറ് സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയ എഞ്ചിൻ ശക്തമായ ലോ-എൻഡ്, മിഡ് റേഞ്ച് പെർഫോമൻസ് ഉപയോഗിച്ച് മികച്ച ഇൻ-ക്ലാസ് ആക്സിലറേഷൻ നൽകുന്നതായും ക്ലാസിക് ലെജൻഡ്‌സ് അവകാശപ്പെടുന്നു. വൃത്താകൃതിയിലുള്ള ഹെഡ്ലൈറ്റ്, ക്രോം ടാങ്ക്, മുന്നിലും പിന്നിലും ഫുള്‍ ഫെന്‍ഡറുകള്‍, ധാരാളം ക്രോം എലമെന്റുകള്‍, പഴയ മോഡലുകള്‍ക്ക് സമാനമായ ഡിസൈനിലുള്ള എക്സ്ഹോസ്റ്റുകള്‍ എന്നിവയാണ് ബൈക്കിന് റെട്രോ ലുക്ക് സമ്മാനിക്കുന്നത്.
സസ്പെൻഷനായി ടെലിസ്‌കോപിക് ഫ്രണ്ട് ഫോര്‍ക്ക്, ഡ്യുവല്‍ റിയര്‍ ഷോക്കുകള്‍ എന്നിവയാണ് ജാവ 350 ബൈക്കിൽ ഉപയോഗിച്ചിരിക്കുന്നത്. അതേസമയം ഡ്യുവല്‍ ചാനല്‍ എബിഎസ് സഹിതം രണ്ടറ്റത്തും ഡിസ്‌ക് ബ്രേക്കുകള്ളാണ് ബ്രേക്കിംഗിനായി ഒരുക്കിയിട്ടുള്ളത്. രാജ്യത്തെ മിഡ്-കപ്പാസിറ്റി മോട്ടോർസൈക്കിൾ സെഗ്മെന്റിൽ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350, ഹോണ്ട CB350, ബെനലി ഇംപെരിയാലെ 400, ഹാർലി X440 എന്നീ മോഡലുകള്‍ക്കെതിരെയാണ് ജാവ 350 മത്സരിക്കുന്നത്.
പെറാക്ക്, 42, റോഡ്‌സ്റ്റർ, സ്‌ക്രാംബ്ലർ, അഡ്വഞ്ചർ തുടങ്ങിയ ജനപ്രിയ മോഡലുകൾ ഉൾപ്പെടുന്ന ജാവ യെസ്‌ഡിയുടെ കരുത്തുറ്റ നിരയിലേക്കാണ് പുതിയ ജാവ 350 ശ്രേണി ചേരുന്നത്. നിലവിൽ ബേസ് സ്‌പോക്ക് വീൽ വേരിയൻ്റ് 1.99 ലക്ഷം രൂപയ്ക്കും അലോയ് വീൽ വേരിയൻ്റ് 2.08 ലക്ഷം രൂപയ്ക്കുമാണ് വിൽക്കുന്നത്. അതേസമയം ടോപ്പ് എൻഡ് ക്രോം വേരിയൻ്റുകൾ സ്‌പോക്ക് വീലുകൾക്ക് 2.15 ലക്ഷം രൂപയിലും അലോയ് വീൽ വേരിയൻ്റിന് 2.23 ലക്ഷം രൂപയിലും വാങ്ങാനാവും.


Click it and Unblock the Notifications








