ക്ലാസിക് 350 vs ജാവ 350; കേമൻ ആരെന്ന് നോക്കിയാലോ? വായിച്ചാൽ ധാരണകളെല്ലാം നമ്മൾ തിരുത്തും
ഒരു ക്ലാസിക് ബൈക്ക് വാങ്ങിയാലോ എന്ന് ആലോചിക്കുമ്പോൾ തന്നെ മനസിലേക്ക് വരുന്ന പേര് റോയൽ എൻഫീൽഡിന്റേതാവും അല്ലേ. 350 സിസി സെഗ്‌മെന്റിൽ ഈ പേര് അരങ്ങുവാഴാൻ തുടങ്ങിയിട്ട് കാലങ്ങളായി. പണ്ട് വൈബ്രേഷനുൾപ്പടെ ഏറെ പരാതികൾ ആളുകൾ പറയുമായിരുന്നെങ്കിലും ഇന്ന് അതൊന്നും കാര്യമായി കേൾക്കാനില്ല. അങ്ങനെ മിഡ്-കപ്പാസിറ്റി സെഗ്മെന്റിൽ അരങ്ങുവാഴുമ്പോൾ കൊതികുത്തിയ എതിരാളികളെല്ലാം കൂട്ടത്തോടെ അരങ്ങത്തേക്ക് എത്തി.
അതിൽ ഏറെ കൊട്ടിഘോഷിച്ചെത്തിയവരായിരുന്നു ക്ലാസിക് ലെജൻഡ്‌സ് ജാവ. പണ്ടത്തെ പ്രതാപവുമായി എത്തി ആളുകളെ കൈയിലെടുക്കുന്നതിൽ ഒരു പരിധിവരെ ബ്രാൻഡ് വിജയിക്കുകയും ചെയ്‌തു. ഇപ്പോൾ മുമ്പുണ്ടായിരുന്നതിനേക്കാൾ കൂടുതൽ മെച്ചപ്പെടുത്തി 2024 മോഡൽ ഇയറിലേക്ക് പരിഷ്ക്കരിച്ചിരിക്കുകയാണ് ജാവ 350 മോഡലിനെ. റോയൽ എൻഫീൽഡ് ക്ലാസിക് 350-നോട് നേരിട്ടാണ് മത്സരവും.

എന്നാൽ ഇതിൽ ഏത് വാങ്ങുമെന്ന് ഓർത്ത് കൺഫ്യൂഷനടിച്ചിരിക്കുന്നവരാണോ നിങ്ങൾ. എന്നാൽ റോയൽ എൻഫീൽഡ് ക്ലാസിക് 350-യും ജാവ 350-യും തമ്മിൽ നമുക്കൊന്ന് മാറ്റുരച്ച് നോക്കിയാലോ . വില, സവിശേഷതകൾ, ഫീച്ചറുകൾ, ഹാർഡ്‌വെയർ എന്നിവയെല്ലാം താരതമ്യം ചെയ്‌ത് ഒരു വിജയിയെ നമുക്ക് കണ്ടെത്താം. ക്ലാസിക് ബൈക്ക് നോക്കുന്നവർക്കുള്ള കൺഫ്യൂഷനും ഇതോടെ ഇല്ലാതാവും.
വില: ഏതൊരു വാഹനത്തിന്റെയും വിജയ പരാജയങ്ങൾ നിർണയിക്കുന്ന ഘടകങ്ങളിൽ ഒന്നാണ് വില. അതിനാൽ ഇവിടുന്ന് തന്നെ തുടങ്ങാം താരതമ്യം. ഏറ്റവും പുതിയ ജാവ 350 മോട്ടോർസൈക്കിളിന് ഇന്ത്യയിൽ 2.15 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില വരുന്നത്. അതേസമയം റോയൽ എൻഫീൽഡ് ക്ലാസിക് 350 പതിപ്പിന്റെ വില ആരംഭിക്കുന്നത് 1.93 ലക്ഷം രൂപ മുതലാണ്. തെരഞ്ഞെടുക്കുന്ന വേരിയന്റ് അനുസരിച്ച് 2.24 ലക്ഷം വരെ എൻഫീൽഡിന്റെ വില ഉയരാം.

എഞ്ചിനും പെർഫോമൻസും: ലിക്വിഡ് കൂൾഡ് ആയ 334 സിസി, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ജാവ 350 ഉപയോഗിക്കുന്നത്. ഇത് 7,000 ആർപിഎമ്മിൽ 22.26 bhp പവറും 5,000 ആർപിഎമ്മിൽ 28.1 Nm torque ഉം വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. സ്ലിപ്പ് ആൻഡ് അസിസ്റ്റ് ക്ലച്ച് ലഭിക്കുന്ന 6-സ്പീഡ് യൂണിറ്റാണ് ഗിയർബോക്‌സ് എന്നത് ഏറെ ശ്രദ്ധേയമായ കാര്യമാണ്.
റോയൽ എൻഫീൽഡിന്റെ ഏറ്റവും പുതിയ ജെ-പ്ലാറ്റ്ഫോം എഞ്ചിനാണ് ക്ലാസിക് 350 പതിപ്പിന്റെ ഹൃദയം. എയർ-ഓയിൽ കൂൾഡായ 349 സിസി ലോംഗ്-സ്ട്രോക്ക് എഞ്ചിന് 6,100 ആർപിഎമ്മിൽ 20.2 bhp കരുത്തും 4,000 ആർപിഎമ്മിൽ 27 Nm പരമാവധി ടോർക്കും പുറപ്പെടുവിക്കാൻ കഴിയും. ഇത് 5-സ്പീഡ് ഗിയർബോക്സുമായാണ് വരുന്നത്. പുതിയ ജാവ 350 മോട്ടോർസൈക്കിൾ ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസും പവർ-പാക്ക്ഡ് പെർഫോമൻസും നൽകുന്നതിനാൽ ഇവിടെ വിജയം ക്ലാസിക് ലെജൻഡ്‌സിനാണെന്ന് വിലയിരുത്തേണ്ടി വരും.

ഫീച്ചറുകൾ: ഇക്കാര്യത്തിൽ രണ്ട് മോട്ടോർസൈക്കിളുകളും ഒരു അനലോഗ് സ്പീഡോമീറ്റർ, സൈഡ്-സ്റ്റാൻഡ് കട്ട്-ഓഫ്, ഹാലൊജൻ ലൈറ്റിംഗ് ഘടകങ്ങൾ എന്നിവ പൊതുവായി ഉപയോഗിക്കുന്നുണ്ട്. ഡിജിറ്റൽ ഫ്യൂവൽ റീഡൗട്ട്, ഇക്കോ ഇൻഡിക്കേറ്റർ, സർവീസ് ഡ്യൂ ഇൻഡിക്കേറ്റർ, ട്രിപ്പ് എഫ് എന്നിവ കാണിക്കാൻ കഴിയുന്ന ഒരു ചെറിയ ഡിജിറ്റൽ റീഡൗട്ട് ഉപയോഗിച്ച് ക്ലാസിക് 350 ഒരു പടി മുന്നോട്ട് പോകുന്നതിനാൽ ഇവിടെ എൻഫീൽഡ് മേൽകൈ നേടുന്നുണ്ട്.
മെക്കാനിക്കൽ: സസ്പെൻഷനായി ജാവ 350 അതിന്റെ മുൻവശത്ത് 35 mm ടെലിസ്‌കോപിക് ഫോർക്കുകളും പിന്നിൽ ഗ്യാസ് ചാർജ്ഡ് ട്വിൻ ഷോക്ക് അബ്‌സോർബറുകളും 5 സ്റ്റെപ്പ് അഡ്ജസ്റ്റബിലിറ്റിയോടെ വാഗ്‌ദാനം ചെയ്യുന്നു. മറുവശത്ത് റോയൽ എൻഫീൽഡ് ക്ലാസിക് 350-യിൽ 41 mm ടെലിസ്കോപ്പിക് ഫോർക്കുകളും പിന്നിൽ 6-സ്റ്റെപ്പ് ട്വിൻ ഷോക്ക് അബ്സോർബറുകളുമാണ് ഉപയോഗിച്ചിരിക്കുന്നത്.

ബ്രേക്കിംഗിന്റെ കാര്യത്തിലേക്ക് നോക്കിയാൽ ജാവ 350 മുന്നിൽ 280 mm ഡിസ്‌കും പിന്നിൽ 240 mm ഡിസ്‌ക്കുമാണ് ഒരുക്കിയിരിക്കുന്നത്. റോയൽ എൻഫീൽഡ് ക്ലാസിക്കിന്റെ മുൻവശത്ത് 300 mm ഡിസ്‌ക്കും പിന്നിൽ 270 mm ഡിസ്‌ക് അല്ലെങ്കിൽ 153 mm ഡ്രം ബ്രേക്കുമാണ് ഉപയോഗിക്കുന്നത്. ജാവയ്ക്ക് ഡ്യുവൽ-ചാനൽ എബിഎസ് സ്റ്റാൻഡേർഡായി ലഭിക്കുന്നിടത്ത് ക്ലാസിക് 350-ബേസ് വേരിയന്റിൽ സിംഗിൾ-ചാനൽ എബിഎസും ഉയർന്നവയിൽ ഡ്യുവൽ-ചാനൽ എബിഎസും നൽകുന്നുണ്ട്.
അങ്ങനെ മൊത്തത്തിൽ നോക്കുമ്പോൾ പെട്ടന്നൊരു വിജയിയെ മൊത്തിൽ തെരഞ്ഞെടുക്കുന്നത് അൽപം ബുദ്ധിമുട്ടുള്ള കാര്യമാണ്. രണ്ട് മോട്ടോർസൈക്കിളുകളും അവരവരുടേതായ രീതിക്ക് വേറിട്ടു നിൽക്കുന്നുണ്ട്. എങ്കിലും കൂടുതൽ ബ്രാൻഡ് വാല്യുവും റിഫൈൻമെന്റ് ലെവലുകളും സർവീസ് സെന്ററുകളുടെ ലഭ്യതയും റീസെയിൽ വാല്യുവുമെല്ലാം വെച്ച് നോക്കുമ്പോൾ ക്ലാസിക് 350 മുന്നിട്ടു നിൽക്കും. എങ്കിലും പുതുതായി എന്തെങ്കിലും വേണമെന്നുള്ളവർക്ക് ജാവയിലേക്ക് പോവാം. കൂടുതൽ ആളുകളുടെ ശ്രദ്ധയും ജാവക്ക് കിട്ടും.


Click it and Unblock the Notifications








