ആളൊരൽപം പരിഷ്ക്കാരിയാണന്നേയുള്ളൂ, ജാഡയിടാൻ മാത്രം ഒന്നുമില്ല! ജാവ 42 vs ജാവ FJ മാറ്റങ്ങൾ ഇതൊക്കെ
റോയൽ എൻഫീൽഡുമായി അങ്കംവെട്ടാൻ ഏതറ്റം വരെയും പോവാൻ തയാറെടുത്തിരിക്കുകയാണ് ജാവ മോട്ടോർസൈക്കിൾസ്. പണ്ടുകാലത്ത് നിരത്തുകൾ ഭരിച്ചിരുന്ന ഇതിഹാസ മോഡലുകളെ ആധുനിക രൂപത്തിലാക്കി അവതരിപ്പിച്ചാണ് ക്ലാസിക് ലെജൻഡ്‌സിന്റെ കീഴിൽ ജാവ കളംനിറയുന്നത്. പണ്ടത്തെ പ്രതാപം ഇപ്പോഴില്ലെങ്കിലും മിഡ്-കപ്പാസിറ്റി ബൈക്ക് സെഗ്മെന്റിലെ രണ്ടാമനായാണ് ഇപ്പോഴത്തെ വിലസ്. എങ്ങനെയും എൻഫീൽഡിനെ താഴെയിറക്കാൻ കഴിഞ്ഞ ദിവസം ജാവ 42 FJ എന്ന മോഡേൺ റെട്രോ ബൈക്കിനെയും പുറത്തിറക്കുകയുണ്ടായി. മുമ്പുണ്ടായിരുന്ന 42 ബൈക്കിനെ അടിസ്ഥാനമാക്കി തന്നെയാണ് പണികഴിപ്പിച്ചിരിക്കുന്നതെങ്കിലും ചില ഗംഭീര മാറ്റങ്ങൾ വാഹനത്തിൽ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.
ജാവ-യെസ്ഡി മോട്ടോർസൈക്കിൾസ് പുതിയ 42 FJ ലൈനപ്പിലെ ഏറ്റവും ശക്തമായ വേരിയന്റായാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. കൂടാതെ ജാവ 42, 42 ബോബർ എന്നിവയ്ക്ക് മുകളിലാണ് ഇതിനെ പ്രതിഷ്ഠിച്ചിരിക്കുന്നതും. 42 FJ മോഡലിന് ജാവ 42 സ്റ്റാൻഡേർഡിനേക്കാൾ ഒരുപിടി മാറ്റങ്ങൾ ലഭിക്കുന്നു. അതിൽ വലിയ എഞ്ചിൻ, സ്പോർട്ടിയർ ഡിസൈൻ ഘടകങ്ങൾ, പരിഷ്ക്കരിച്ച മെക്കാനിക്കൽ വിഭാഗങ്ങൾ എന്നിവയും ഉൾപ്പെടുന്നുണ്ട്. എന്നിരുന്നാലും ഇരുവരും എങ്ങനെ വേറിട്ടുനിൽക്കുന്നുവെന്ന് പറഞ്ഞുതരാം.

വില: വിലനിർണയത്തിൻ്റെ കാര്യത്തിൽ 42 സീരീസിനുള്ളിലെ പ്രീമിയം മോഡലായാണ് ജാവ 42 FJ സ്ഥാനം പിടിച്ചിരിക്കുന്നത്. 1.99 ലക്ഷം രൂപ മുതൽ 2.20 ലക്ഷം രൂപ വരെയാണ് ഇതിന്റെ എക്സ്ഷോറൂം വിലവരുന്നത്. മറുവശത്ത് ജാവ 42 സ്റ്റാൻഡേർഡ് പതിപ്പിന് 1.73 ലക്ഷം മുതൽ 1.98 ലക്ഷം രൂപ വരെയാണ് വില വരുന്നത്. FJ വകഭേദത്തിന് മുടക്കുന്ന അധിക തുകയ്ക്ക് കൂടുതൽ പവർ, കിടിലൻ കളർ ഓപ്ഷനുകൾ എന്നിവ ലഭ്യമാവുകയും ചെയ്യും.
ഡിസൈൻ: ഒറ്റനോട്ടത്തിൽ ജാവ 42 FJ അതിൻ്റെ ഡിസൈൻ ജാവ 42 സ്റ്റാൻഡേർഡുമായി പങ്കിടുന്നതായി മനസിലാക്കാം. എന്നാൽ 42 പതിപ്പിലെ സ്‌ട്രെയിറ്റ് എക്‌സ്‌ഹോസ്റ്റ് ഡിസൈനുമായി താരതമ്യപ്പെടുത്തുമ്പോൾ 42 FJ അപ്‌വെറ്റ് എക്‌സ്‌ഹോസ്റ്റുകളാണ് അവതരിപ്പിക്കുന്നത്. പിന്നെ ഹെഡ്‌ലൈറ്റിലും ചെറിയ മിനുക്കുപണികൾ കമ്പനി കൊണ്ടുവന്നിട്ടുണ്ട്. പിന്നെ പുതിയ ഡ്യുവൽ കളർ കോമ്പിനേഷനുകൾ കൂടിയാവുമ്പോൾ സംഗതി കളറാവുന്നുമുണ്ട്.

എഞ്ചിൻ: രണ്ട് മോട്ടോർസൈക്കിളുകളും തമ്മിലുള്ള ഏറ്റവും പ്രധാനപ്പെട്ട വ്യത്യാസം എഞ്ചിനിലാണ് വരുന്നത്. 29 bhp കരുത്തിൽ 29.6 Nm torque ഉത്പാദിപ്പിക്കുന്ന പുതിയ 'ആൽഫ 2' 334 സിസി സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ് എഞ്ചിനാണ് ജാവ 42 FJ മോഡലിന് തുടിപ്പേകുന്നത്. മറുവശത്ത് ജാവ 42 സ്റ്റാൻഡേർഡിൽ 26.9 bhp പവറിൽ ഏകദേശം 26.84 Nm torque നൽകുന്ന 'J പാന്തർ' എന്നറിയപ്പെടുന്ന ചെറിയ 294.72 സിസി എഞ്ചിനാണുള്ളത്.
എഞ്ചിനിൽ വ്യത്യാസം ഉണ്ടെങ്കിലും പവർ കണക്കുകളിലെ വ്യത്യാസം താരതമ്യേന നാമമാത്രമാണെന്ന് മനസിലാക്കാം. 42 FJ മോഡേൺ റെട്രോ മോട്ടോർസൈക്കിളിന് 42 സ്റ്റാൻഡേർഡിനേക്കാൾ 2.1 bhp പവറും 2.76 Nm ടോർക്കും മാത്രമാണ് അധികം നൽകുന്നത്. രണ്ട് മോഡലുകളിലും സ്ലിപ്പർ അസിസ്റ്റ് ഫംഗ്ഷനുഉള്ള 6-സ്പീഡ് ഗിയർബോക്‌സാണ് ഫീച്ചർ ചെയ്യുന്നത്. ഒപ്പം പുതിയതിൽ കൂടുതൽ റിഫൈൻമെന്റും ലഭിക്കും.

വലിപ്പവും ഭാരവും: വലിപ്പത്തിന്റെ കാര്യത്തിൽ ജാവ 42 FJ, ജാവ 42 സ്റ്റാൻഡേർഡ് എന്നിവ ഒരേപോലെ തന്നെയാണ്. എന്നിരുന്നാലും 790 മില്ലീമീറ്റർ സീറ്റ് ഹൈറ്റാണ് 42 FJ പതിപ്പിനുള്ളത്. സ്റ്റാൻഡേർഡ് മോഡലിലേക്ക് വന്നാൽ 788 mm സീറ്റ് ഹൈറ്റിനേക്കാൾ നേരിയ തോതിൽ കൂടുതലാണ്. 12 ലിറ്റർ ഫ്യുവൽ ടാങ്ക് ശേഷിയോടെയാണ് എഫ്ജെ മോഡൽ വരുന്നതെങ്കിലും സ്റ്റാൻഡേർഡിൽ 13.2 ലിറ്റർ ടാങ്കാണ് കമ്പനി ഒരുക്കിയിരിക്കുന്നത്.
രണ്ട് മോഡലുകൾക്കും 184 കിലോഗ്രാം ഭാരമാണ് വരുന്നതെങ്കിലും 42 സ്റ്റാൻഡേർഡ് അൽപംകൂടി ലൈറ്റ്‌വെയ്റ്റായി തോന്നിയേക്കാം. സ്റ്റാൻഡേർഡിലെ 1,369 mm വീൽബേസുമായി താരതമ്യപ്പെടുത്തുമ്പോൾ 42 FJ പതിപ്പിന് 1,440 mm വീൽബേസാണുള്ളത്. കൂടാതെ 18 ഇഞ്ച് ഫ്രണ്ട് വീലിൽ 100/90 സെക്ഷൻ ടയറും പിന്നിൽ 120/80 സെക്ഷൻ ടയറുകളും 17 ഇഞ്ച് വീലുമാണ് കമ്പനി സമ്മാനിച്ചിരിക്കുന്നത്. അതേസമയം സ്റ്റാൻഡേർഡിൽ 90/90 സെക്ഷൻ ഫ്രണ്ട് ടയറുകളും 120/80 റിയർ സെക്ഷൻ ടയറുകളുമാണ് ലഭിക്കുന്നത്.
സസ്പെൻഷനും ബ്രേക്കിംഗും: ജാവ 42 FJ ബൈക്കിന്റെ സസ്പെൻഷനായി മുൻവശത്ത് 41 mm ടെലിസ്‌കോപിക് ഫോർക്കുകളും പിന്നിൽ പ്രീലോഡ് അഡ്ജസ്റ്റ്‌മെൻ്റോടുകൂടിയ ഡ്യുവൽ ഷോക്ക് അബ്‌സോർബറുകളുമാണ് ജാവ മോട്ടോർസൈക്കിൾസ് ഒരുക്കിയിരിക്കുന്നത്. ഇവയ്ക്ക് 5-സ്റ്റെപ്പ് പ്രീലോഡ് അഡ്ജസ്റ്റബിലിറ്റിയുമുണ്ട്. അതേസമയം സ്റ്റാൻഡേർഡിന്റെ മുന്നിൽ 35 mm ടെലിസ്‌കോപിക് ഫോർക്കുകളും പിന്നിൽ പ്രീലോഡ് അഡ്ജസ്റ്റ്‌മെൻ്റോടുകൂടിയ ഡ്യുവൽ ഷോക്ക് അബ്‌സോർബറുകളുമാണ് ലഭിക്കുക.
ബ്രേക്കിംഗിൻ്റെ കാര്യത്തിൽ 42 FJ പതിപ്പിന് വലിയ 320 mm ഫ്രണ്ട് ഡിസ്കും 240 mm പിൻ ഡിസ്കും ഫ്ലോട്ടിംഗ് കാലിപ്പറുകളും എബിഎസുമാണ് വാഗ്‌ദാനം ചെയ്യുന്നത്. മറുവശത്ത് 42 സ്റ്റാൻഡേർഡിന്റെ മുന്നിൽ 280 mm ഡിസ്ക്കും പിന്നിൽ 240 mm ഡിസ്കുകളുമാണ് ഉപയോഗിക്കുന്നത്. കൂടാതെ 42 FJ എല്ലാ വേരിയൻ്റുകളിലും സ്റ്റാൻഡേർഡായി ഡ്യുവൽ-ചാനൽ എബിഎസുമായി വരുന്നത്. സ്റ്റാൻഡേർഡിന്റെ ടോപ്പ് വേരിയന്റുകളിലാണ് ഈ ഫീച്ചർ ലഭ്യമാവുക.


Click it and Unblock the Notifications








