201 കി.മീ. റേഞ്ചുള്ള ഇലക്‌ട്രിക് ബൈക്കുകൾക്ക് 25,000 രൂപ ഡിസ്‌കൗണ്ട്, പക്ഷേ ഈ കണ്ടീഷൻ പാലിക്കണം
ഇലക്‌ട്രിക് ഇരുചക്ര വാഹന വിപണിയിൽ സ്‌കൂട്ടറുകളെ പോലെ തന്നെ ഇലക്‌ട്രിക് മോട്ടോർസൈക്കിളുകൾക്കും (Electric Motorcycles) പ്രചാരമേറുകയാണ്. പെട്രോൾ മോഡലുകളേക്കാൾ രണ്ടിരട്ടി ലാഭം കിട്ടുമെന്ന് മനസിലാക്കിയവരെല്ലാം പതിയെ ഇവികളിലേക്ക് ചേക്കേറാൻ തുടങ്ങിയിട്ടുണ്ട്. റിവോൾട്ടിനും അൾട്രാവയലറ്റിനും ടോർക്കിനുമെല്ലാം ലഭിക്കുന്ന സ്വീകാര്യത മറ്റൊരു സ്റ്റാർട്ടപ്പ് ബ്രാൻഡും നേടിയെടുക്കുന്നുണ്ടേ. ആരാണെന്ന് ചോദിച്ചാൽ ഗോവ ആസ്ഥാനമായുള്ള ഇലക്‌ട്രിക് വാഹന സ്റ്റാർട്ടപ്പായ കബീറ മൊബിലിറ്റിയാണ് (Kabira Mobility) ആ കക്ഷി. ഈ പേര് മനസിലായില്ലെങ്കിലും കവസാക്കി നിഞ്ച സ്റ്റൈലുള്ള ഇവരുടെ ഇലക്ട്രിക് ബൈക്കുകൾ കണ്ടാൽ ആളുകൾക്കെല്ലാം പെട്ടെന്ന് മനസിലാവും.
കവസാക്കി നിഞ്ച ഇരട്ടപെറ്റത് പോലെയിരിക്കും ഇവ രണ്ടിനേയും കണ്ടാൽ. അടുത്തിടെ ഉത്സവ സീസണിനോട് അനുബന്ധിച്ച വലിയ ഓഫറുകൾ പ്രഖ്യാപിച്ച് വാർത്തകളിൽ ഇടംനേടിയ ബ്രാൻഡ് ഇപ്പോഴിതാ പുതിയ ചില പുത്തൻ ഓഫറുകളുമായി വീണ്ടുമെത്തിയിരിക്കുകയാണ്. പക്ഷേ കബീറ മൊബിലിറ്റി അവതരിപ്പിച്ചിരിക്കുന്ന ആനുകൂല്യം എല്ലാവർക്കും ലഭ്യമാവില്ലെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

നിഞ്ച സ്റ്റൈലിലുള്ള ഇലക്‌ട്രിക് ബൈക്ക് വാങ്ങാൻ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ കബീറ മൊബിലിറ്റിയുടെ ഈ അവസരം പ്രയോജനപ്പെടുമോയെന്ന് നോക്കിയാലോ? ഇന്ത്യൻ സായുധ സേനയിലെ ജോലിക്കാർക്കും സജീവ സേവന അംഗങ്ങൾക്കും മാത്രമായിട്ടാണ് ഗോവ ആസ്ഥാനമായുള്ള ഇലക്‌ട്രിക് വാഹന സ്റ്റാർട്ടപ്പായ കബീറ മൊബിലിറ്റി പരിമിതകാല ഡിസ്‌കൗണ്ട് ഓഫർ അവതരിപ്പിച്ചിരിക്കുന്നത്.
ഈ ഓഫർ 2024 നവംബർ 15 മുതൽ നവംബർ 30 വരെ മാത്രമാണ് ലഭ്യമാവുകയെന്നും കമ്പനി പ്രത്യേകം അറിയിച്ചിട്ടുമുണ്ട്. കൂടാതെ BSF, CRPF, CISF എന്നിവയുൾപ്പെടെയുള്ള ആർമി, നേവി, എയർഫോഴ്‌സ്, അർദ്ധസൈനിക സേനകളിൽ നിന്നുള്ള ഉദ്യോഗസ്ഥർക്കും ഈ അവസരം വിനിയോഗിക്കാനാവും. ഈ പ്രത്യേക ആനുകൂല്യങ്ങൾക്ക് കീഴിൽ, ബ്രാൻഡിൻ്റെ മുൻനിര ഇലക്ട്രിക് മോട്ടോർസൈക്കിളുകളായ KM3000, KM4000 മാർക്ക് 01 എന്നിവ 25,000 രൂപ ഡിസ്‌കൗണ്ടോടെ ലഭ്യമാണ്.

അതേസമയം മാർക്ക് 02 വേരിയൻ്റുകൾ 12,000 രൂപയുടെ ഓഫറുകളാണ് നിലവിൽ വാഗ്‌ദാനം ചെയ്യുന്നത്. കൂടാതെ കബീറയുടെ ഹെർമിസ് 75 കാർഗോ ഡെലിവറി സ്കൂട്ടറിന് 7,500 രൂപ ഡിസ്‌കൗണ്ടും ഗോവൻ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. യോഗ്യരായ ഉപഭോക്താക്കൾക്ക് ബ്രാൻഡിന്റെ ഷോറൂമുകൾ വഴിയോ ഓൺലൈനായോ ഇലക്ട്രിക് ബൈക്കുകൾ വാങ്ങാനാവും. ഈ ഓഫർ മൊത്തത്തിൽ 1,000 യൂണിറ്റുകളായി പരിമിതപ്പെടുത്തിയിട്ടുമുണ്ട്.
അതായത് ആദ്യമെത്തുന്ന ആയിരം ഉപഭോക്താക്കൾക്ക് മാത്രമേ മുകളിൽ പറഞ്ഞ ആനുകൂല്യങ്ങൾ ലഭ്യമാവുകയുള്ളൂവെന്ന് സാരം. ഇന്ത്യയിലുടനീളമുള്ള ഏത് കബീറ മൊബിലിറ്റി ഡീലർഷിപ്പിലും യോഗ്യരായ ഉപഭോക്താക്കൾക്ക് ഓഫറുകൾ ഉപയോഗപ്പെടുത്താം. എന്നാൽ അവരുടെ സർവീസ് ഐഡി കാർഡ് ഹാജരാക്കിയാൽ മാത്രമേ ആനുകൂല്യങ്ങൾ ലഭ്യമാവുകയുള്ളൂവെന്നതും പ്രത്യേകം ശ്രദ്ധിക്കണേ.

ഓരോ മോഡലിലും ഗംഭീരമായ വാറണ്ടി കവറേജും രാജ്യവ്യാപകമായി കബീറ മൊബിലിറ്റിയുടെ 350-ലധികം സർവീസ് കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനവും ഉൾപ്പെടുന്നുണ്ടെന്നതും ആശ്വാസകരമായ വിഷയമാണ്. KM3000, KM4000 മാർക്ക് II എന്നീ ഇലക്ട്രിക് മോട്ടോർസൈക്കിളുകൾക്ക് നിലവിൽ യഥാക്രമം 1.74 ലക്ഷം രൂപയും 1.76 ലക്ഷം രൂപയുമാണ് ഇന്ത്യയിൽ വരുന്ന എക്സ്ഷോറൂം വില.
KM3000 ഫുൾ ഫെയർഡ് ഡിസൈനിലാണ് വരുന്നതെങ്കിൽ KM4000 ഒരു നേക്കഡ് സ്ട്രീറ്റ് മോഡലായാണ് അവതരിപ്പിച്ചിരിക്കുന്നത്. രണ്ട് മോഡലുകളും ഒരു ഡയമണ്ട് സ്റ്റീൽ ട്യൂബ് ഫ്രെയിമും ഒരു അലുമിനിയം കോർ ഹബ് മോട്ടോറും പങ്കിടുന്നു. രണ്ട് ഇവികളുടേയും പെർഫോമൻസിലേക്ക് നോക്കിയാൽ 2.9 സെക്കൻഡിനുള്ളിൽ 0 മുതൽ 40 കിലോമീറ്റർ വരെ വേഗത കൈവരിക്കാനാവുമെന്നാണ് കമ്പനി പറയുന്നത്.
അതേസമയം ഇലക്ട്രിക് ബൈക്കുകളുടെ പരമാവധി വേഗം 120 കിലോമീറ്ററായി നിജപ്പെടുത്തിയിട്ടുമുണ്ട്. ഫോക്‌സ്‌കോൺ വികസിപ്പിച്ച 12 കിലോവാട്ട് ഇൻ-ഹബ് മോട്ടോർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന കബീറ മോട്ടോർസൈക്കിളുകൾക്ക് സിംഗിൾ ചാർജിൽ പരമാവധി 201 കിലോമീറ്റർ റേഞ്ചാണ് വാഗ്ദാനം ചെയ്യുന്നത്. 12 kW അലൂമിനിയം കോർ ഹബ് മോട്ടോർ അവതരിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോർസൈക്കിൾ വിഭാഗത്തിലെ ആദ്യത്തെ മോഡലുകളാണ് ഇവയെന്നതും ഹൈലൈറ്റാണ്.


Click it and Unblock the Notifications








