ബൈക്കിന് 60,000 രൂപ വരെ ഡിസ്‌കൗണ്ട്, വേറൊരു കമ്പനിയും തരാത്ത ഓഫറുകളുമായി ടീം ഗ്രീൻ
നിഞ്ച സൂപ്പർബൈക്കുകളിലൂടെ ഇന്ത്യൻ ജനതയുടെ മനസ് കീഴടക്കിയവരാണ് ജാപ്പനീസ് പ്രീമിയം മോട്ടോർസൈക്കിൾ നിർമാതാക്കളായ കവസാക്കി. പണ്ട് ബജാജിന്റെ കൈപിടിച്ച് കമ്മ്യൂട്ടർ ബൈക്കുകൾ അവതരിപ്പിച്ചിരുന്ന കമ്പനി ഇപ്പോൾ കൂടുതൽ ശ്രദ്ധകൊടുക്കുന്നത് വില കൂടിയ മോഡലുകളിലാണ്. അടുത്തിടെ നിഞ്ച 500 സ്പോർട്‌സ് ബൈക്കും രാജ്യത്തെത്തിച്ച് സജീവമായി നിൽക്കുകയാണ് ബ്രാൻഡിപ്പോൾ.
ദേ ഇപ്പോൾ കവസാക്കി ഇന്ത്യ തങ്ങളുടെ നിരയിലെ തെരഞ്ഞെടുത്ത മോട്ടോർസൈക്കിളുകൾക്ക് ആകർഷകമായ ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. ആരും കൊതിക്കുന്ന ഡിസ്‌കൗണ്ട് ആനുകൂല്യങ്ങളാണ് 2024 മാർച്ച് മാസത്തേക്കായി ടീം ഗ്രീൻ ഒരുക്കിയിരിക്കുന്നത്. 300 സിസി മുതൽ 500 സിസി വരെയുള്ള മൾട്ടി-സിലിണ്ടർ ടൂവീലർ വിഭാഗത്തിൽ വർധിച്ചുവരുന്ന മത്സരം മുതലെടുത്ത് കൂടുതൽ ഉപഭോക്താക്കളെ കണ്ടെത്താനാണ് കവസാക്കി ശ്രമിക്കുന്നത്.

300 സിസി മുതൽ 500 സിസി വരെയുള്ള സെഗ്‌മെൻ്റിൽ നിഞ്ച 300, നിഞ്ച 400, എലിമിനേറ്റർ 400, നിഞ്ച ZX-4R, അടുത്തിടെ പുറത്തിറക്കിയ നിഞ്ച 500 എന്നിങ്ങനെ അഞ്ച് മോഡലുകളാണ് കവസാക്കി ഇന്ത്യയിൽ അണിനിരത്തുന്നത്. അതേസമയം 650 സിസി വിഭാഗത്തിൽ നിഞ്ച 650, വെർസിസ് 650, വൾക്കാൻ S, Z650, Z650 RS എന്നിങ്ങനെ അഞ്ച് മോഡലുകളുമാണ് കമ്പനി അണിനിരത്തിയിരിക്കുന്നത്. ഈ നിരയിലെ തെരഞ്ഞെടുത്ത ബൈക്കുകൾക്കാണ് ഓഫറുകൾ അവതരിപ്പിച്ചിരിക്കുന്നത്.
ഈ ആനുകൂല്യങ്ങൾ കവസാക്കിയിൽ നിന്നുള്ള ഗുഡ് ടൈംസ് വൗച്ചർ ബെനിഫിറ്റ് എന്നാണ് അറിയപ്പെടുന്നത്. ഇതിനു കീഴിൽ ഉപഭോക്താക്കൾക്ക് പരമാവധി 60,000 രൂപ വരെ ഓഫറുകൾ ഉപയോഗപ്പെടുത്താനാവും. എന്നാൽ എല്ലാ വാഹനങ്ങൾക്കും ഒരേ ഇളവ് ലഭിക്കില്ല എന്നകാര്യവും പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. ഇനി മാർച്ച് മാസത്തിൽ ജാപ്പനീസ് മോട്ടോർസൈക്കിൾ നിർമാതാക്കൾ പ്രഖ്യാപിച്ചിരിക്കുന്ന ഓഫറുകൾ എങ്ങനെയാണെന്ന് നോക്കാം.

2024 മാർച്ചിൽ കവസാക്കി നിഞ്ച 400 വാങ്ങുന്നവർക്ക് 40,000 രൂപയുടെ ഗുഡ് ടൈം വൗച്ചർ ആനുകൂല്യങ്ങളാണ് ഉപയോഗപ്പെടുത്താനാവുന്നത്. നിലവിൽ 5.24 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിൽ വിപണനത്തിനെത്തുന്ന ബൈക്ക് ഇപ്പോൾ വെറും 4.64 ലക്ഷത്തിന് വീട്ടിലെത്തിക്കാമെന്നതാണ് ഓഫർ. 6-സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയ 399 സിസി പാരലൽ-ട്വിൻ DOHC 4V ലിക്വിഡ് കൂൾഡ് എഞ്ചിനാണ് ബേബി നിഞ്ചയുടെ ഹൃദയം. ഇതിന് 44.7 bhp പവറിൽ 37 Nm torque വരെ ഉത്പാദിപ്പിക്കാനാവും.
കവസാക്കി നിഞ്ച 650 പതിപ്പിനും ഈ മാസം 30,000 രൂപയുടെ ഗുഡ് ടൈംസ് വൗച്ചർ ബെനിഫിറ്റാണ് സമ്മാനിച്ചിരിക്കുന്നത്. 7.16 ലക്ഷം രൂപ എക്സ്ഷോറൂം വിലയുള്ള സൂപ്പർബൈക്ക് ഓഫറിന് കീഴിൽ 6.86 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കാം. 649 സിസി പാരലൽ-ട്വിൻ DOHC 4V ലിക്വിഡ് കൂൾഡ് എഞ്ചിനാണ് ഇതിന്റെ ഹൃദയം. 8,000 ആർപിഎമ്മിൽ 67.3 bhp കരുത്തും 6,700 ആർപിഎമ്മിൽ 64 Nm ടോർക്കും ഉത്പാദിപ്പിക്കാനാവുന്ന എഞ്ചിൻ 6-സ്പീഡ് ഗിയർബോക്‌സുമായാണ് വരുന്നത്.

കവസാക്കിയുടെ പ്രശസ്തമായ 650 സിസി പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള വെർസിസ് 650 അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളിന് 45,000 രൂപയുടെ ഡ് ടൈം വൗച്ചറാണ് ഉപയോഗപ്പെടുത്താനാവുന്നത്. 7.77 ലക്ഷം രൂപ എക്സ്ഷോറൂം വിലയുള്ള ബൈക്ക് 7.32 ലക്ഷം രൂപയ്ക്ക് ഈ മാസം വാങ്ങാനാവും. 65.7 bhp പവറിൽ പരമാവധി 61 Nm torque വരെ ഉത്പാദിപ്പിക്കാനാവുന്ന 649 സിസി പാരലൽ-ട്വിൻ DOHC 4V ലിക്വിഡ് കൂൾഡ് എഞ്ചിനാണ് വെർസിസിനും തുടിപ്പേകുന്നത്.
ജാപ്പനീസ് ബ്രാൻഡിന്റെ 650 സിസി ക്രൂയിസർ മോട്ടോർസൈക്കിളായ വൾക്കൻ S ഏറ്റവും ഉയർന്ന ഗുഡ് ടൈം വൗച്ചർ ആനുകൂല്യങ്ങളാണ് അവതരിപ്പിക്കുന്നത്. അതായത് 60,000 രൂപ വരെ ഈ മാസം ലാഭിക്കാനാവുമെന്ന് സാരം. 7.10 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയ്ക്ക് ഇന്ത്യൻ വിപണിയിലെത്തുന്ന ബൈക്ക് 5.60 ലക്ഷത്തിന് മുറ്റത്തിടാം. വൾക്കാൻ അതിൻ്റെ എഞ്ചിൻ നിഞ്ച 650, വെർസിസ് 650 എന്നിവയുമായി പങ്കിടുകയാണ് ചെയ്‌തിരിക്കുന്നത്.

എന്നാൽ മോട്ടോർസൈക്കിളിന്റെ സ്വഭാവ സവിശേഷതകൾക്ക് അനുസരിച്ച് പവർ കണക്കുകളിൽ വ്യതാസമുണ്ടാക്കാനായി എഞ്ചിൻ ഡീട്യൂൺ ചെയ്‌തിട്ടുണ്ടെന്നാണ് കവസാക്കി അവകാശപ്പെടുന്നത്. അതായത് 649 സിസി പാരലൽ-ട്വിൻ DOHC 4V ലിക്വിഡ് കൂൾഡ് എഞ്ചിന് 7,500 ആർപിഎമ്മിൽ 59.94 bhp കരുത്തും 6,400 ആർപിഎമ്മിൽ 62.4 Nm torque ഉം മാത്രമാണ് സൃഷ്ടിക്കാനാവുന്നത്.
ഇത്രയും മോഡലുകളിലാണ് കവസാക്കി 2024 മാർച്ച് മാസം ഓഫറുകൾ അവതരിപ്പിച്ചിരിക്കുന്നത്. ഗുഡ് ടൈം വൗച്ചർ തുകയിൽ ജിഎസ്ടി ഉൾപ്പെടുന്നുണ്ടെന്ന കാര്യവും കമ്പനി പ്രത്യേകം ഓർമപ്പെടുത്തുന്നുണ്ട്. മുകളിൽ ലിസ്‌റ്റ് ചെയ്‌തിരിക്കുന്ന എല്ലാ മോട്ടോർസൈക്കിളുകൾക്കും 2024 മാർച്ച് 1 മുതൽ 2024 മാർച്ച് 31 വരെ മാത്രമാണ് ഓഫറുകൾ ഉപയോഗപ്പെടുത്താനാവുക. ഈ ഓഫർ പരിമിതമായ യൂണിറ്റുകൾക്ക് മാത്രമേ സാധുതയുള്ളൂവെന്നതും ശ്രദ്ധിക്കണം.


Click it and Unblock the Notifications








