'എലിമിനേറ്റർ റിട്ടേൺസ്' കൊതിപ്പിക്കുന്ന വിലയിൽ കവസാക്കി ക്രൂയിസർ ഇന്ത്യയിൽ; ഉന്നം സൂപ്പർ മീറ്റിയോർ
പണ്ട് ബജാജിന്റെ കൈപിടിച്ച് ഒരുപാട് ഇതിഹാസ പരിവേഷമുള്ള കമ്മ്യൂട്ടർ മോട്ടോർസൈക്കിളുകൾ ഇന്ത്യക്ക് സമ്മാനിച്ചവരാണ് കവസാക്കി. എന്നാൽ ഇന്ന് ഇന്ന് സൂപ്പർ സ്പോർട്‌സ് ബൈക്കുകളുടെ തലതൊട്ടപ്പൻമാരായി വിലസുകയാണ് ഈ ജാപ്പനീസ് ടൂവീലർ ബ്രാൻഡ്. സാധാരണക്കാർക്ക് വേണ്ടി പേരിനുപോലും ഒരു മോഡൽ ഇന്ത്യയിലേക്ക് കൊണ്ടുവരാത്ത കമ്പനിക്ക് ഒരേയൊരു ലക്ഷ്യം മാത്രമേയുള്ളൂ. അത് പ്രീമിയം മോട്ടോർസൈക്കിൾ നിരയാണ്.
ബജാജും കവസാക്കിയും കൈകോർത്ത് ബജാജിന്റെ ആദ്യ ക്രൂയിസർ എലിമിനേറ്റർ പുറത്തിറക്കിയ ഒരു കാലമുണ്ടായിരുന്നു ഇന്ത്യക്ക്. പിന്നീട് അവഞ്ചറിന് പ്രചോദനമായത് വരെ ഈ ബൈക്കാണെന്നു വേണം പറയാൻ. ലോഞ്ച് ചെയ്യുമ്പോൾ ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ബൈക്കുകളിൽ ഒന്നായിരുന്നു ഇത്. ഇക്കാരണത്താൽ തന്നെ അധികമാരും വാങ്ങാതെ പോയ മോഡൽ പതിയെ നിരത്തൊഴിയുകയും ചെയ്‌തിരുന്നു.

എന്നാൽ രണ്ടാം ജൻമം എടുത്തുകൊണ്ട് മോഡൽ തിരിച്ചെത്തിയിരിക്കുകയാണിപ്പോൾ. 2024 എലിമിനേറ്റർ 400 ഇന്ത്യയിൽ അവതരിപ്പിച്ച് റോയൽ എൻഫീൽഡിനെയാണ് കമ്പനി വെല്ലുവിളിച്ചിരിക്കുന്നത്. സൂപ്പർ മീറ്റിയോർ 650 പതിപ്പിനുള്ള ഒരു ബദൽ ഓപ്ഷനായാണ് കവസാക്കി എലിമിനേറ്ററിനെ പ്രതിഷ്ഠിച്ചിരിക്കുന്നത്. 5.62 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് ഈ പ്രീമിയം കമ്മ്യൂട്ടർ മോട്ടോർസൈക്കിൾ രാജ്യത്ത് എത്തിച്ചിരിക്കുന്നത്.
വില അൽപം കൂടുതലാണെങ്കിലും പ്രീമിയം ടൂറിംഗ് ബൈക്ക് വാങ്ങുന്നവരെ എലിമിനേറ്ററിന് വശീകരിക്കാനാവും. പുത്തൻ ബൈക്കിനായുള്ള ബുക്കിംഗ് ഇപ്പോൾ കമ്പനിയുടെ ഡീലർഷിപ്പുകളിലുടനീളം ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയിൽ നിർമ്മിച്ച് ആഗോള വിപണികളിലേക്ക് പ്രധാനമായി കയറ്റുമതി ചെയ്തിരുന്ന ക്രൂയിസർ മോട്ടോർസൈക്കിളായ എലിമിനേറ്ററിനെ പുതുരൂപത്തിലും ഭാവത്തിലുമാണ് കമ്പനിയിപ്പോൾ പരിചയപ്പെടുത്തിയിരിക്കുന്നത്. പോയ വർഷം തുടക്കത്തിൽ ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ച അതേ മോഡലാണിത്.

പുതിയ 2024 കവാസാക്കി എലിമിനേറ്റർ മോഡേൺ സ്റ്റൈലിംഗുള്ള ഒരു ക്ലാസിക് ക്രൂയിസറായാണ് എത്തുന്നത്. ലോ-സ്ലംഗ് ഡിസൈനും ലെഡ്‌ബാക്ക് സ്റ്റാൻസും നിലനിൽക്കുന്നതിനാൽ തന്നെ റൈഡർമാരെ ആകർഷിക്കാൻ ഇത് പ്രാപ്‌തമാണ്. റെട്രോ ടച്ച് പിടിക്കാനായി ബൈക്കിന് റൗണ്ട് എൽഇഡി ഹെഡ്‌ലാമ്പ്, എക്‌സ്‌പോസ്ഡ് ഫ്രെയിം, ഓൾ-ബ്ലാക്ക് ഘടകങ്ങൾ പോലുള്ള സവിശേഷതകളും ജാപ്പനീസ് പ്രീമിയം ഇരുചക്ര വാഹന നിർമാതാക്കൾ ഒരുക്കിയിട്ടുണ്ട്.
സ്പീഡോമീറ്റർ, ടാക്കോമീറ്റർ, ഫ്യൂവൽ ഗേജ്, കൂളന്റ് ടെമ്പറേച്ചർ, ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ, രണ്ട് ട്രിപ്പ് മീറ്ററുകൾ എന്നിവയും അതിലേറെയും ഉൾപ്പെടെ എല്ലാ അവശ്യകാര്യങ്ങളും അടങ്ങുന്ന വൃത്താകൃതിയിലുള്ള എൽസിഡി ഇൻസ്ട്രുമെന്റ് കൺസോളാണ് എലിമിനേറ്റർ ക്രൂയിസറിന്റെ മറ്റൊരു ഹൈലൈറ്റ്. കോളുകൾക്കും നോട്ടിഫിക്കേഷനുകൾക്കും ഒപ്പം കവസാക്കി റൈഡോളജി ആപ്പ് വഴി ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും മോട്ടോർസൈക്കിളിന് ലഭിക്കുന്നുണ്ട്.

എലിമിനേറ്റർ 400 മോഡലിന്റെ വലിപ്പത്തിന്റെ കാര്യത്തിലേക്ക് നോക്കിയാൽ 2250 മില്ലീമീറ്റർ നീളവും 785 മില്ലീമീറ്റർ വീതിയും 1100 മില്ലീമീറ്റർ ഉയരവും 1520 മില്ലീമീറ്റർ വീൽബേസുമാണ് ഇതിനുള്ളത്. കുറഞ്ഞ 735 mm സീറ്റ് ഹൈറ്റും 150 mm ഗ്രൗണ്ട് ക്ലിയറൻസും ക്രൂയിസർ സ്വഭാവത്തെ എടുത്തുകാണിക്കുന്നുണ്ടെന്ന് വേണം പറയാൻ. സോളോ റൈഡുകൾക്ക് കവസാക്കി എലിമിനേറ്റർ 400 കൂടുതൽ അനുയോജ്യമാണെന്ന് ഇക്കാര്യങ്ങൾ പറയുന്നുണ്ട്.
പിൻ കാരിയർ, ടാങ്ക് പാഡ്, റേഡിയേറ്റർ സ്‌ക്രീൻ, ഫ്രെയിം സ്ലൈഡറുകൾ എന്നിവയുൾപ്പെടെയുള്ള ജെനുവിൻ ടൂറിംഗ് ആക്സസറികളും എലിമിനേറ്ററിനൊപ്പം കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. നിഞ്ച 400-ൽ നിന്ന് ഉരുത്തിരിഞ്ഞ 451 സിസി പാരലൽ-ട്വിൻ, ലിക്വിഡ്-കൂൾഡ് എഞ്ചിനിൽ നിന്നാണ് പുതിയ കവസാക്കി എലിമിനേറ്ററിന് തുടിപ്പേകുന്നത്. എന്നാൽ ക്രൂയിസർ ബൈക്കിന്റെ സ്വഭാവ സവിശേഷതകൾക്ക് അനുസൃതമായി വ്യത്യസ്തമായ ട്യൂണിലാണ് എഞ്ചിൻ ക്രമീകരിച്ചിരിക്കുന്നത്.

അങ്ങനെ ഈ എഞ്ചിന് 9,000 rpm-ൽ 44 bhp കരുത്തും 6,000 rpm-ൽ 46 Nm torque ഉം വരെ വികസിപ്പിക്കാൻ കഴിയും. സ്ലിപ്പ് ആൻഡ് അസിസ്റ്റ് ക്ലച്ചുള്ള 6-സ്പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. മറ്റ് മെക്കാനിക്കലുകളിലേക്ക് നോക്കിയാൽ പുതിയ ട്രെല്ലിസ് ഫ്രെയിലാണ് ബൈക്ക് നിർമിച്ചിരിക്കുന്നത്. സസ്പെൻഷനായി മുന്നിൽ ടെലിസ്‌കോപ്പിക് ഫോർക്കും പിന്നിൽ ട്വിൻ ഷോക്ക് അബ്‌സോർബർ സജ്ജീകരണവുമാണ് കമ്പനി നൽകിയിരിക്കുന്നത്.
അതേസമയം ബ്രേക്കിംഗിനായി മുൻവശത്ത് 310 mm സിംഗിൾ ഡിസ്‌കും പിന്നിൽ 240 mm ഡിസ്‌ക്കുമാണ് ഒരുക്കിയിരിക്കുന്നത്. രണ്ടിലും ട്വിൻ പോട്ട് ബ്രേക്ക് കാലിപ്പറുകൾ സജ്ജീകരിച്ചിട്ടുമുണ്ട്. അധിക സുരക്ഷക്കായി ഡ്യുവൽ-ചാനൽ എബിഎസിന്റെ അകമ്പടിയും വണ്ടിക്കുണ്ട്. ഇന്ത്യയിൽ ഇപ്പോൾ എല്ലാത്തരം ബൈക്കുകളും വാങ്ങാൻ ആളുള്ളതിനാൽ കവസാക്കിക്ക് ധൈര്യപൂർവും പുതിയ എലിമിനേറ്ററിന്റെ വിപണനം ആരംഭിക്കാം.


Click it and Unblock the Notifications








