എക്‌സ്‌പൾസ് കരുതിയിരുന്നോ, 2 ലക്ഷത്തിന് ഡ്യുവൽ സ്പോർട് മോട്ടോർസൈക്കിളുമായി കവസാക്കി; ഇത് റോഡിലൂടെ ഓടിക്കാം
ഏറെക്കാലം മുമ്പ് ഇന്ത്യൻ മോട്ടോർസൈക്കിൾ രംഗത്ത് വിപ്ലവം സൃഷ്‌ടിച്ച കൂട്ടുകെട്ടായിരുന്നു കവസാക്കിയുടെയും ബജാജിന്റെയും. ഈ കൂട്ട്കെട്ട് എപ്പോഴോ പിരിഞ്ഞുവെങ്കിലും ഇരുവരുടെയും പങ്കാളിത്തത്തിൽ ഉടലെടുത്ത ബൈക്കിനെ നമുക്കൊന്നും ഒരിക്കലും മറക്കാനാവില്ല. അതിലെ മിടുക്കനായിരുന്നു കാലിബർ. അങ്ങനെ ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളുടെ മേൻമ ഇന്ത്യക്കാർ തിരിച്ചറിയുകയും ചെയ്‌തു. പിന്നീട് നിഞ്ച പോലുള്ള അത്യുഗ്രൻ സൂപ്പർബൈക്കുകൾ സമ്മാനിച്ച് പ്രീമിയം വിഭാഗത്തിലേക്ക് നീങ്ങിയ കവസാക്കി സാധാരണക്കാരിലേക്ക് ഇറങ്ങിവരാൻ ഇതുവരെ തയാറായിരുന്നില്ല. ഇടയ്ക്ക് W175 ക്ലാസിക് മോഡലിനെ കൊണ്ടുവന്ന് ചെറിയൊരു ശ്രമം നടത്തിയെങ്കിലും സംഗതി ഇതുവരെയങ്ങ് ക്ലിക്കായിട്ടില്ല.
എന്നാൽ ഒരു 200 സിസി സെഗ്മെന്റിലേക്ക് കാലുകുത്തിയാലോയെന്ന ചിന്തയിലാണ് കമ്പനിയിപ്പോൾ. അതിന്റെ ഭാഗമായി പുത്തൻ മോട്ടോർസൈക്കിളിന്റെ ടീസറും കവസാക്കി പുറത്തുവിട്ടുകഴിഞ്ഞു. എന്നാൽ ഇതൊരു സാധാരണ ടൂവീലർ ഒന്നുമായിരിക്കില്ലെന്നാണ് വിവരം. ഇന്ത്യക്കാർക്കിടയിൽ അഡ്വഞ്ചർ ബൈക്കുകൾക്ക് വന്ന സ്വീകാര്യത മുതലെടുക്കാനാണ് കവസാക്കിയുടെ ശ്രമം. ആയതിനാൽ കൊണ്ടുവരുന്നത് ഒരു ഗംഭീര സാധനമായിരിക്കണമെന്ന വാശിയും ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കൾക്കുണ്ട്.

പ്രാദേശികമായി നിർമിച്ച ഡ്യുവൽ സ്പോർട്സ് മോട്ടോർസൈക്കിളാണ് കവസാക്കിയുടെ ഇന്ത്യൻ നിരയിലേക്ക് അടുത്തതായി എത്തുക. അതും മത്സരാധിഷ്ഠിത വിലയിലാണെന്നത് കൂടിയറിയുമ്പോൾ ആളുകൾക്കെല്ലാം ആവേശം ഇരട്ടിയാവും. കവസാക്കി KLX 230 S ബൈക്കിനെയാണ് ഇതിനായി ബ്രാൻഡ് കണ്ടുവെച്ചിരിക്കുന്നത്. ഒക്ടോബർ 17-ന് മോഡലിന്റെ അവതരണവും വില പ്രഖ്യാപനവും ഉണ്ടാവുമെന്നാണ് ടീസർ ചിത്രങ്ങൾ പറഞ്ഞുവെക്കുന്നത്.
ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കൾ നിലവിൽ ഇന്ത്യയിൽ വിൽക്കുന്ന ഏറ്റവും താങ്ങാനാവുന്ന മോഡൽ W 175 റെട്രോയാണ്. അതിന് മുകളിലായിരിക്കും KLX 230 S ഇടംപിടിക്കുക. ഇന്ത്യയിൽ തന്നെ പ്രാദേശികമായി നിർമിക്കുന്നതിനാൽ 2 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി പലരും പ്രതീക്ഷിക്കുന്നതും. ഇതിന് ഇന്ത്യയിൽ നേരിട്ടുള്ള എതിരാളികളൊന്നും ഉണ്ടാകില്ലെങ്കിലും ഹീറോ എക്‌സ്‌പൾസ് 200, കെടിഎം 250 അഡ്വഞ്ചർ എന്നിവയുമായി മത്സരിക്കേണ്ടി വന്നേക്കും.

ഡിസൈനിൻ്റെ അടിസ്ഥാനത്തിൽ ഇത് ആഗോളതലത്തിൽ വിൽക്കുന്ന 2024 KLX 230 S എഡിവിക്ക് സമാനമായിരിക്കുമിത്. അതായത് മൊത്തത്തിൽ ഒരു റാലി ബൈക്കിന് സമാനമായ ശൈലിയായിരിക്കും പുതിയ മോഡൽ സ്വീകരിക്കുകയെന്ന് സാരം. ഒരു ചെറിയ ഹെഡ്‌ലൈറ്റ് യൂണിറ്റും അതിന് വശങ്ങളിലായി ഇൻഡിക്കേറ്ററുകൾ, മിററുകൾ, ഡ്യുവൽ പർപ്പസ് ടയറുകൾ, രജിസ്ട്രേഷൻ പ്ലേറ്റ്, ഒരു വലിയൊരു മഡ്ഗാർഡ് എന്നിവയും മോഡലിനുണ്ടാവും.
റോഡുകളിൽ നിയമപരമായി ഓടിക്കാൻ അനുവദിക്കുന്ന ഡേർട്ട് ബൈക്കിയാതിനാൽ അതിനൊത്ത പരിഷ്ക്കാരങ്ങളും കണാനായേക്കാം. കൂടുതൽ റോഡ് സൗഹൃദമാക്കാൻ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നാണ് കവസാക്കി പറയുന്നത്. അന്താരാഷ്ട്ര വിപണിയിൽ ഇതിനകം വിൽപ്പനയ്‌ക്കെത്തുന്ന KLX 230 S മോട്ടോർസൈക്കിളിന് 198 mm ഫ്രണ്ട്, 220 mm പിൻ സസ്‌പെൻഷൻ ട്രാവലാണുള്ളത്. 843 mm സീറ്റ് ഹൈറ്റ്, 239 mm ഗ്രൗണ്ട് ക്ലിയറൻസ് എന്നിവ കൂടിയാവുമ്പോൾ കട്ട ഓഫ്-റോഡർ തന്നെയാണ് കക്ഷിയെന്ന് വർണിക്കാം.

മോട്ടോർസൈക്കിളിനെ ഇന്ത്യൻ റൈഡർമാർക്ക് കൂടുതൽ അനുയോജ്യമാക്കാൻ കവാസാക്കി ഈ കണക്കുകളിൽ എന്തെങ്കിലും മാറ്റങ്ങൾ കൊണ്ടുവരുമോ എന്നത് കണ്ടറിയണം. 133 കിലോഗ്രാം ഭാരം മാത്രമാണ് അഡ്വഞ്ചർ ബൈക്കിനുണ്ടാവുക എന്നതാണ് മറ്റൊരു ഹൈലൈറ്റ്. ഡ്യുവൽ സ്‌പോർട് മോട്ടോർസൈക്കിൾ എന്ന ആശയം ഇന്ത്യയ്ക്ക് താരതമ്യേന പുതിയതാണെങ്കിലും സംഭവം ക്ലിക്കാവുമെന്ന് തന്നെ വേണം കരുതാൻ.
233 സിസി സിംഗിൾ-സിലിണ്ടർ എയർ-കൂൾഡ് എഞ്ചിനാണ് KLX 230 S ബൈക്കിന് തുടിപ്പേകാനായി എത്തുക. ഇത് 8,000 ആർപിഎമ്മിൽ 19.73 bhp പരമാവധി പവർ ഔട്ട്പുട്ടും 6,000 ആർപിഎമ്മിൽ 20.3 Nm ടോർക്കും വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ആറ് സ്പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നത്. 21 ഇഞ്ച് ഫ്രണ്ട്, 18 ഇഞ്ച് വയർ സ്‌പോക്ക്ഡ് വീലുകളാവും മോഡലിനുണ്ടാവുക. ഗ്രീൻ, ഗ്രേ നിറങ്ങളിലും മോട്ടോർസൈക്കിൾ വാങ്ങാനായേക്കും.


Click it and Unblock the Notifications








