കെടിഎമ്മിന് കോളടച്ചു, നിഞ്ച 400 ഇനി വാങ്ങാൻ കിട്ടില്ലെന്ന് കവസാക്കി; പുതിയ തീരുമാനം ഇങ്ങനെ
ഇന്ത്യയിലെ സ്പോർട്‌സ് ബൈക്ക് പ്രേമികളുടെ പ്രിയപ്പെട്ട ബ്രാൻഡാണ് കവസാക്കി. പണ്ട് ബജാജിന്റെ കൈപിടിച്ച് കമ്മ്യൂട്ടർ മോട്ടോർസൈക്കിൾ പുറത്തിറക്കിയാണ് ജീപ്പനീസ് ബ്രാൻഡ് ആഭ്യന്തര വിപണിയിൽ അഡ്രസുണ്ടാക്കി എടുത്തതെങ്കിൽ ഇപ്പോൾ നിഞ്ച എന്ന മോഡലാണ് കവസാക്കിയുടെ മുഖം. പ്രീമിയം ബ്രാൻഡാണെങ്കിലും വിൽപ്പനയൊന്നും പിട്ടോട്ടു പോവാതെ പിടിച്ചു നിൽക്കാനും ഇവർക്കാവുന്നുണ്ട്.
പല രാജ്യങ്ങളിലും കവസാക്കിയുടേതായി ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലുകളിൽ ഒന്നാണ് നിഞ്ച 400. ബേബി നിഞ്ചയെന്ന് വിളിപ്പേരുള്ള ബൈക്ക് ഇന്ത്യയിലും ഇതുവരെ വാങ്ങാനാവുമായിരുന്നു. എന്നാൽ കമ്പനിയുടെ പുതിയ തീരുമാനം അനുസരിച്ച് സ്പോർട്‌സ് ബൈക്ക് ഇനി ഇവിടെ വാങ്ങാനാവില്ല. പക്ഷേ നിരാശപ്പെടേണ്ടതില്ലെന്നും ടീം ഗ്രീൻ സൂചന നൽകിയിട്ടുണ്ട്.

എന്തെന്നുവെച്ചാൽ ഏറ്റവും പുതിയ നിഞ്ച 500 പതിപ്പിന്റെ അവതരണം അടുത്തിടെ നടന്നിരുന്നു. അതായത് നിഞ്ച 400 നിർത്തലാക്കിയതിനു ശേഷം പകരക്കാരനായി നിഞ്ച 500 വിപണിയിൽ എത്തുമെന്ന് സാരം. 2018-ലാണ് 4.69 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിൽ 400 സിസി നിഞ്ച ഇന്ത്യയിൽ എത്തുന്നത്. വർഷങ്ങൾക്ക് മുമ്പേ അന്താരാഷ്‌ട്ര തലത്തിൽ നിർത്തലാക്കിയെങ്കിലും ഇവിടുത്തെ ഡിമാന്റ് കാരണം കമ്പനി ഇന്ത്യയിൽ വിപണനം തുടരുകയായിരുന്നു.
പ്രാദേശികവൽക്കരിച്ച നിഞ്ച 300 മോഡലുമായി വളരെ കുറച്ച് മാത്രം ഘടകങ്ങൾ പങ്കിട്ട ഒരു പുതിയ മോഡലായാണ് ഇതിനെ ബ്രാൻഡ് അവതരിപ്പിച്ചതും. 2020-ൽ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾ പ്രാബല്യത്തിൽ വന്നപ്പോൾ താത്ക്കാലികമായി നിർത്തലാക്കിയിരുന്നുവെങ്കിലും പിന്നീട് ആളുകൾ ഏറെ അന്വേഷിച്ച് എത്തിയതോടെ കവസാക്കി നിഞ്ച 400 സ്പോർട്‌സ് ബൈക്കിനെ 2022-ൽ തിരിച്ചെത്തിക്കാനും നിർബന്ധിതരായി.

കവസാക്കി നിഞ്ച 400 മോട്ടോർസൈക്കിളിന് 399 സിസി പാരലൽ-ട്വിൻ, ലിക്വിഡ്-കൂൾഡ് എഞ്ചിനായിരുന്നു തുടിപ്പേകിയിരുന്നത്. ഇത് 10,000 ആർപിഎമ്മിൽ 44 bhp പവറും 8,000 ആർപിഎമ്മിൽ 37 Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരുന്നു. 6-സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരുന്നത്. വരാനിരിക്കുന്ന നിഞ്ച 500 അതിന്റെ മുൻഗാമിയെ അടിസ്ഥാനമാക്കി തന്നെയാണ് പണികഴിപ്പിച്ചിരിക്കുന്നത്.
മാത്രമല്ല വിലയും സമാനമായിരിക്കും എന്നതാണ് ആകർഷകമാവുന്ന മറ്റൊരു കാര്യം. കംപ്ലീറ്റ്ലി ബിൽറ്റ് യൂണിറ്റ് (CBU) ആയിട്ട് എത്തുന്ന നിഞ്ച 500 സ്പോർട്സ് ബൈക്കിന് ഇന്ത്യയിൽ 5.24 ലക്ഷം രൂപയായിരിക്കും എക്സ്ഷോറൂം വിലയായി നൽകേണ്ടി വരിക. പുതിയ 451 സിസി, പാരലൽ-ട്വിൻ, ലിക്വിഡ്-കൂൾഡ് എഞ്ചിനും ബോറും അതേപടി നിലനിൽക്കുമ്പോൾ ലോങ് സ്‌ട്രോക്ക് യൂണിറ്റായിരിക്കും ഇതെന്ന് കമ്പനി പറയുന്നു.

.
പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ 9,000 ആർപിഎമ്മിൽ 45 bhp കരുത്തും 6,000 ആർപിഎമ്മിൽ 42.6 Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കാൻ ഈ 451 സിസി എഞ്ചിൻ പ്രാപ്‌തമായിരിക്കും. 6-സ്പീഡ് ഗിയർബോക്സുമായാവും ഈ എഞ്ചിനും ജോടിയാക്കുക. പുതിയ മോട്ടോർ മികച്ച ലോ-എൻഡ് ട്രാക്റ്റബിലിറ്റി വാഗ്ദാനം ചെയ്യുന്നുണ്ടെന്നത് റൈഡിംഗിനെ സുഗമമാക്കും.
വലിയ നിഞ്ച ZX-10R-ൽ നിന്ന് കടമെടുത്ത നിഞ്ച 400 പതിപ്പിന്റെ ഡിസൈൻ ഭാഷയും ബൈക്കിൽ കാണാനാവും. എന്നാൽ അൽപം പുതുമക്കായി ബൈക്കിന് മുന്നിലും പിന്നിലും പുതിയ ഡിസൈനും ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഒരു ഡിജിറ്റൽ എൽസിഡി സ്ക്രീനും കവസാക്കി സമ്മാനിക്കും. ഇന്ത്യൻ വിപണിയിൽ കെടിഎം RC 390, യമഹ R3, അപ്രീലിയ RS 457 എന്നിവ പോലുള്ള തട്ടുപൊളിപ്പൻ സ്പോർട്‌സ് ബൈക്കുമായാവും കവസാക്കി നിഞ്ച 500 മത്സരത്തിന് ഇറങ്ങുക.

ഇതിനു പുറമെ ഈ വർഷം കവാസാക്കി ഇന്ത്യ വെർസിസ് X300 എന്ന ചെറിയ അഡ്വഞ്ചർ ടൂററിന്റെ പ്രാദേശികമായി നിർമിച്ച മോഡലും പുറത്തിറക്കുമെന്ന അഭ്യൂഹങ്ങൾ എയറിലുണ്ട്. നിഞ്ച 300, W175 എന്നിവയ്ക്ക് ശേഷം കവസാക്കി ഇന്ത്യയിൽ പണികഴിപ്പിക്കുന്ന മൂന്നാമത്തെ മോഡലായിരിക്കും ഇത്. നിഞ്ച 300 സ്പോർട്‌സ് ബൈക്കിലൂടെ പരിചിതമായ 296 സിസി ലിക്വിഡ് കൂൾഡ് ട്വിൻ-സിലിണ്ടർ എഞ്ചിൻ ആയിരിക്കും കവസാക്കി വെർസിസ് X 300 അഡ്വഞ്ചർ ടൂററിന് തുടിപ്പേകാൻ എത്തുക.


Click it and Unblock the Notifications








