110 കി.മീ. റേഞ്ചും മോഹിപ്പിക്കും വിലയുമുണ്ട്; പക്ഷേ ഇക്കാര്യങ്ങളറിയാതെ ഇ-ലൂണ വാങ്ങരുതേ
പണ്ടുകാലത്ത് 100 സിസി ബൈക്കുകൾ ഇളക്കി മറിച്ച നിരത്തുകളായിരുന്നു നമ്മുടേത്. എന്നാൽ അതിനും മുമ്പേ 'ലൂണ' എന്ന വ്യത്യസ്‌തനായിരുന്നു നാട് ഭരിച്ചിരുന്നത്. ചൽ മേരി ലൂണ എന്ന പരസ്യമൊക്കെ ഉണ്ടാക്കിയെടുത്ത ഓളം ചില്ലറയല്ലെന്നു വേണം പറയാൻ. 50 സിസി പെട്രോൾ എഞ്ചിൻ ഘടിപ്പിച്ച ഈ മോപ്പഡ് ഇന്ത്യക്കാരുടെ ജനപ്രിയ ഇരുചക്ര വാഹനമായിരുന്നു.
ദേ ഇപ്പോൾ ഇലക്ട്രിക് കാലഘട്ടത്തിൽ ലൂണ വൈദ്യുത വേഷത്തിൽ തിരിച്ചെത്തിയിരിക്കുകയാണ്. ഇ-ലൂണ ഇലക്ട്രിക് മോപ്പഡിൻ്റെ അവതരണം ഒരുകാലഘട്ടത്തിന്റെ ഓർമ്മപ്പെടുത്തലുകൾ കൂടിയാണ്. ടൂവീലർ എന്ന സങ്കൽപ്പം തന്നെ മാറിയിട്ടുണ്ടെങ്കിലും മോപ്പഡുകൾക്ക് ഇന്നും സാധ്യതയുണ്ടെന്ന് ടിവിഎസ് XL100 തെളിയിച്ച് തന്നിട്ടുണ്ട്. ഈ സാധ്യത വൈദ്യുത വാഹന രംഗത്തേക്ക് പര്യവേഷണം ചെയ്യുകയാണ് കൈനറ്റിക്കിന്റെ പദ്ധതി.

ഇ-ലൂണ X1, ഇ-ലൂണ X2 എന്നിങ്ങനെ രണ്ട് വേരിയൻ്റുകളിലാണ് ഇലക്ട്രിക് മോപ്പഡ് നിലവിൽ എത്തുന്നത്. ആദ്യത്തേതിന് 69,990 രൂപയാണ് വില വരുന്നതെങ്കിൽ രണ്ടാമത്തെ മോഡലിന് 74,990 രൂപ എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരും. നിലവിൽ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മോപ്പഡായ ടിവിഎസ് XL100-നെ അപേക്ഷിച്ച് കൈനറ്റിക് ഇ-ലൂണ ശരിക്കും ഒരു ഗെയിം ചേഞ്ചറാവുമെന്ന് തന്നെയാണ് വിലയിരുത്തൽ. ഒന്ന് വാങ്ങാൻ നിങ്ങൾക്ക് പ്ലാനുണ്ടെങ്കിൽ വാഹനത്തെ കുറിച്ചുള്ള ഇക്കാര്യങ്ങൾ അറിയാതെ പോയി വാങ്ങരുത്.
എവിടുന്ന് വാങ്ങാം: ഇ-ലൂണ വാങ്ങാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് വെറും 500 രൂപ ടോക്കൺ തുക നൽകി കൈനറ്റിക് ഇ-ലൂണ പ്രീ-ബുക്ക് ചെയ്‌തിടാം. നിരത്തുകളിൽ വിസ്‌മയം തീർക്കാൻ പോവുന്ന ഇലക്ട്രിക് മോപ്പഡിന്റെ ഡെലിവറികൾ അടുത്ത മാസം ആരംഭിക്കുമെന്നാണ് കൈനറ്റിക് ഗ്രീൻ അറിയിച്ചിരിക്കുന്നത്. കൂടാതെ ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലും മോപ്പഡ് വാങ്ങാനാവും.

ഡിസൈൻ: രൂപകൽപ്പനയുടെ കാര്യത്തിൽ മുൻകാല ലൂണയുടെ അതേ ഡിസൈൻ ഭാഷയാണ് പുതിയ ഇലക്ട്രിക് അവതാരത്തിലും കാണാനാവുന്നത്. മൊത്തത്തിൽ എളിമയുള്ളതും പ്രയോജനപ്രദവും ലളിതവുമാണ് കൈനറ്റിക് ഇ-ലൂണയെന്ന് വേണം പറയാൻ. പെട്രോളിൽ പ്രവർത്തിക്കുന്ന മോപ്പഡിലെ സിഗ്നേച്ചർ പെഡലുകൾ കാണുന്നില്ലെങ്കിലും. വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ് റെട്രോ ടച്ച് കൊണ്ടുവരുന്നുണ്ട്.
ഒപ്പം ലളിതമായ ഡിജിറ്റൽ ഇൻസ്ട്രുമെൻ്റേഷനും കൊണ്ട് ഇവി മൊത്തത്തിൽ സമകാലികമായി കാണപ്പെടുന്നുണ്ട്. മാത്രമല്ല വേർപെടുത്താവുന്ന റിയർ സീറ്റുകളും ടൂ-സെറ്റപ്പ് സെറ്റപ്പും അധിക സ്റ്റോറേജ് സ്പേസ് വാഗ്ദാനം ചെയ്യുന്നു. കളർ ഓപ്ഷനുകളുടെ കാര്യത്തിൽ കൈനറ്റിക് ലൂണ ഇലക്ട്രിക് മൊത്തത്തിൽ മൾബറി റെഡ്, ഓഷ്യൻ ബ്ലൂ, പേൾ യെല്ലോ, സ്പാർക്ലിംഗ് ഗ്രീൻ, നൈറ്റ് സ്റ്റാർ ബ്ലാക്ക് എന്നിങ്ങനെ അഞ്ച് ഷേഡുകളിൽ ലഭിക്കും.

ഫീച്ചറുകൾ: ഇവിയുടെ സവിശേഷതകളിലേക്ക് നോക്കിയാൽ സ്പീഡോമീറ്റർ റീഡിംഗുകൾ, ബാറ്ററി ചാർജ് ലെവൽ, സൈഡ്-സ്റ്റാൻഡ് സ്റ്റാറ്റസ്, യുഎസ്ബി പോർട്ട് എന്നിവയുൾപ്പെടെയുള്ള അവശ്യ വിവരങ്ങൾ പ്രദർശിപ്പിക്കുന്ന ഒരു ഓൾ-ഡിജിറ്റൽ എൽസിഡി ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററാണ് കൈനറ്റിക് ഗ്രീൻ ലൂണ ഇലക്ട്രിക്കിൽ അവതരിപ്പിച്ചിരിക്കുന്നത്. കൂടാതെ ഇക്കോ, സിറ്റി, സ്പീഡ്, സ്പോർട്ട് എന്നിങ്ങനെ നാല് റൈഡിംഗ് മോഡുകളും മോഡലിലുണ്ട്.
ബാറ്ററി: 2 kWh ബാറ്ററി പായ്ക്ക് പിന്തുണയ്ക്കുന്ന 1.2kW മിഡ് മൗണ്ടഡ് മോട്ടോറാണ് ഇ-ലൂണയ്ക്ക് കരുത്തേകുന്നത്. മണിക്കൂറിൽ പരമാവധി 50 കിലോമീറ്റർ വേഗതയിൽ വരെ സഞ്ചരിക്കാനാവുന്ന ഇവിക്ക് സിംഗിൾ ചാർജിൽ 110 കിലോമീറ്റർ റേഞ്ച് നൽകാനാവും. 22 Nm torque ഔട്ട്പുട്ട് നൽകാൻ പവർട്രെയിനിന് കഴിയും. ഇ-ലൂണ ഒരു പോർട്ടബിൾ ചാർജറുമായാണ് വരുന്നത്. ബ്രാൻഡ് അനുസരിച്ച് ബാറ്ററി പൂർണമായി ചാർജ് ചെയ്യാൻ ഏകദേശം നാല് മണിക്കൂർ സമയം വേണ്ടിവരുമെന്നാണ്.

മറ്റ് മെക്കാനിക്കലുകൾ: ട്യൂബുലാർ ഫ്രെയിമിനെ അടിസ്ഥാനമാക്കി നിർമിച്ചിരിക്കുന്ന ബജറ്റ് ഫ്രണ്ട്ലി മോപ്പഡിന്റെ സസ്പെൻഷനായി മുൻവശത്ത് ടെലിസ്കോപ്പിക് ഫോർക്കും പിന്നിൽ ട്വിൻ ഷോക്ക് അബ്സോർബറുകളുമാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്. സ്‌പോക്ക്ഡ് 16 ഇഞ്ച് വീലുകളിൽ വരുന്ന ഇ-ലൂണയുടെ രണ്ട് അറ്റത്തും ഡ്രം ബ്രേക്കുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.
96 കിലോഗ്രാം ഭാരമുള്ള കൈനറ്റിക് 150 കിലോഗ്രാം വരെ ഭാരം വഹിക്കാനുള്ള ശേഷിയുണ്ടെന്നും കൈനറ്റിക് പറയുന്നു. ഇനി വലിപ്പത്തിന്റെ കാര്യം നോക്കിയാൽ പുതിയ ലൂണ ഇലക്ട്രിക്കിന് 1985 mm നീളവും 735 mm വീതിയും 1036 mm ഉയരവുമാണുള്ളത്. ഫ്രണ്ട് ലെഗ് ഗാർഡ്, സാരി ഗാർഡ്, സേഫ്റ്റി ലോക്ക്, ഒരു ബാഗ് ഹുക്ക് എന്നിവ പോലുള്ള പ്രായോഗിക ആഡ്-ഓണുകൾ വാഗ്ദാനം ചെയ്യാനും കമ്പനി മറന്നിട്ടില്ലെന്നതും ശ്രദ്ധേയമായ കാര്യമാണ്.


Click it and Unblock the Notifications








