പഴയ വിലയിൽ ഇനി കൂടുതൽ സൗകര്യം; 160 കി.മീ. റേഞ്ചുള്ള ഇലക്‌ട്രിക് ബൈക്കിൽ കിടിലനൊരു മാറ്റവുമായി കമ്പനി
മനുഷ്യരുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞിരിക്കുകയാണ് ഇലക്ട്രിക് വാഹനങ്ങൾ (Electric Vehicles). കുറച്ചുകാലത്തിന് മുമ്പ് പച്ച നമ്പർ പ്ലേറ്റുള്ള വണ്ടികൾ കണ്ടാൽ എന്തോ അന്യഗ്രഹ ജീവികളെ പോലെയാണ് പലരും നോക്കിയിരുന്നത്. ഇന്ന് നിരത്തുകൾ കീഴടക്കി ഇവർ അരങ്ങുതകർക്കുമ്പോൾ പലരുടേയും പോക്കറ്റിനും ഗുണം ഉണ്ടാവുന്നുണ്ട് .
വൈദ്യുത വിപ്ലവത്തിന് തിരികൊളുത്തിയത് ഇലക്ട്രിക് സ്‌കൂട്ടറുകളാണെങ്കിലും ഇന്ന് പതിയെ മോട്ടോർസൈക്കിൾ വിഭാഗവും ഇവികളാൽ നിറയുകയാണ്. ബൈക്കുകൾക്ക് ശബ്‌ദമുണ്ടങ്കിലേ ശരിയാകൂവെന്ന ചിന്തകളെയെല്ലാം തകർത്തെറിഞ്ഞ ഇവി നിർമാതാക്കളിൽ ഒരാളായിരുന്നു കൊമാകി. വർഷങ്ങൾക്ക് മുമ്പേ ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ക്രൂയിസര്‍ ബൈക്കായ റേഞ്ചര്‍ പുറത്തിറക്കിയാണ് കമ്പനി സെഗ്മെന്റിന് പുതിയ മാനങ്ങൾ സമ്മാനിച്ചത്.

ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകള്‍ക്കിടയില്‍ പോപ്പുലറായി മിന്നിനിൽക്കുകയാണ് കൊമാകി റേഞ്ചര്‍ ഇപ്പോൾ. ചെറിയ കാലപ്പഴക്കം തോന്നുമെങ്കിലും അടുത്തിടെ കൂടുതല്‍ റേഞ്ചും ഫീച്ചറുകളും നല്‍കി മിടുക്കനാക്കി ഇലക്ട്രിക് ബൈക്കിനെ കമ്പനി വിപണിയിൽ അവതരിപ്പിച്ചിരുന്നു. ഇപ്പോഴിതാ മറ്റൊരു മാറ്റം കൂടി വണ്ടിക്ക് സമ്മാനിച്ചിരിക്കുകയാണ് ബ്രാൻഡ്. മറ്റൊന്നുമല്ല, സ്‌കൂട്ടറുകളുടെ പ്രധാന പ്രായോഗിക വശമായ സ്റ്റോറേജ് സ്പേസിനെ തങ്ങളുടെ ബൈക്കിലേക്കും കൊണ്ടുവന്നിരിക്കുകയാണ് ബ്രാൻഡ്.
റേഞ്ചർ XE ഇലക്ട്രിക് മോട്ടോർസൈക്കിളിന് ഇപ്പോൾ സ്റ്റാൻഡേർഡായി തന്നെ 60 ലിറ്റർ സ്റ്റോറേജ് ബോക്സിനൊപ്പം കൂടുതൽ സംഭരണ സ്ഥലം ലഭിക്കുന്നുവെന്നാണ് കൊമാകി പറയുന്നത്. ഈ നവീകരണത്തിലൂടെ യാത്രാവേളയിൽ റൈഡർമാർക്ക് ചാർജറും മറ്റ് ചില അധിക സാധനങ്ങളും കൊണ്ടുപോകാൻ കഴിയും. ഈ പുതിയ കൂട്ടിച്ചേർക്കൽ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ ക്രൂയിസർ-സ്റ്റൈൽ ബോഡിയെ പൂരകമാക്കുന്നുവെന്ന് വേണം പറയാൻ.

മെച്ചപ്പെടുത്തിയ സ്റ്റോറേജുള്ള പരിഷ്‌ക്കരിച്ച റേഞ്ചർ XE അവതരിപ്പിക്കുന്നതിലൂടെ, തങ്ങൾ ഇന്ത്യൻ യാത്രക്കാർക്ക് പ്രായോഗിക പരിഹാരങ്ങൾ മാത്രമല്ല, പാരിസ്ഥിതിക ഉത്തരവാദിത്തത്തോടുള്ള ഞങ്ങളുടെ പ്രതിജ്ഞ വീണ്ടും ഉറപ്പിക്കുകയും ചെയ്യുന്നുവെന്ന് കൊമാകി ഇലക്ട്രിക് ഡിവിഷൻ ഡയറക്ടർ ഗുഞ്ജൻ മൽഹോത്ര പറഞ്ഞു. അധിക സ്റ്റോറേജ് സ്പേസ് നൽകിയത് മാറ്റി നിർത്തിയാൽ ക്രൂയിസർ ഇലക്ട്രിക് ബൈക്കിന് മറ്റ് പരിഷ്ക്കാരങ്ങളൊന്നും കമ്പനി കൊണ്ടുവന്നിട്ടില്ല.
സിംഗിൾ ചാർജിൽ 140 മുതൽ 160 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്ന 4 kWh ലിഥിയം അയൺ ബാറ്ററിയാണ് കൊമാകി റേഞ്ചർ XE ഇലക്ട്രിക് മോട്ടോർസൈക്കിൾ ഉപയോഗിക്കുന്നത്. ഈ ബാറ്ററി 5 kW ഇലക്ട്രിക് മോട്ടോറുമായാണ് ജോടിയാക്കിയിരിക്കുന്നത്. ഇലക്ട്രിക് ബൈക്കിന് മണിക്കൂറിൽ പരമാവധി 80 കിലോമീറ്റർ വേഗതയിൽ വരെ സഞ്ചരിക്കാൻ കഴിയും. ചാർജിംഗിലേക്ക് വന്നാൽ 4 മണിക്കൂറിനുള്ളിൽ ബാറ്ററി 0-90 ശതമാനം വരെ ചാർജ് ചെയ്യാമെന്നും കമ്പനി പറയുന്നു.

ഇവിയായതിനാൽ തന്നെ നിരവധി ഫീച്ചറുകളോടെയാണ് ബൈക്ക് വിപണിയിൽ എത്തുന്നത്. ഇതിൽ 7 ഇഞ്ച് TFT സ്‌ക്രീനാണ് പ്രധാന ഹൈലൈറ്റ്. റൈഡ് സുഖകരമാക്കാൻ സഹായിക്കുന്ന ഒന്നിലധികം സവിശേഷതകൾക്കായി ബ്ലൂടൂത്ത് കണക്റ്റിവിറ്റി പോലുള്ള കാര്യങ്ങളും ഇതിലൂടെ പ്രാപ്‌തമാക്കാനാവും. സെൽഫ് ഡയഗ്‌നോസിസ്, ഡബിൾ ഡിസ്‌ക് ബ്രേക്കുകൾ, റിവേഴ്‌സ് അസിസ്റ്റ്, അഡ്ജസ്റ്റബിൾ റിയർ സസ്പെൻഷനുകൾ പോലുള്ളവയാണ് കൊമാകി റേഞ്ചറിലെ മറ്റ് പ്രധാന ഫീച്ചറുകൾ.
അതോടൊപ്പം തന്നെ അഡ്വാൻസ്ഡ് ബ്രേക്കിംഗ് സിസ്റ്റങ്ങൾ, ക്രൂയിസ് കൺട്രോൾ, ആൻ്റി തെഫ്റ്റ് ലോക്ക്, ഫ്ലോർബോർഡുകൾ, റൈഡർ കംഫർട്ടിനുള്ള ബാക്ക്‌റെസ്റ്റ്, സൈഡ് സ്റ്റാൻഡ് സെൻസർ തുടങ്ങിയ സവിശേഷതകളും ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ക്രൂയിസർ ബൈക്കിന്റെ പ്രത്യേകതകളാണ്. 168,999 രൂപയുടെ പ്രാരംഭ എക്സ്ഷോറൂം വിലയിലാണ് കൊമാകി റേഞ്ചർ XE ഇലക്ട്രിക് മോട്ടോർസൈക്കിൾ വാങ്ങാനാവുന്നത്.
ട്യൂബ്‌ലെസ് ടയറിലോടുന്ന ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകള്‍ ചുമതല നിര്‍വഹിക്കുന്നു. ദീര്‍ഘമായ ബാറ്ററി ലൈഫും മികച്ച ആക്‌സിലറേഷനും ഈ ഇമോട്ടോര്‍സൈക്കിള്‍ ദീര്‍ഘദൂര, ഹ്രസ്വദൂര യാത്രികര്‍ക്ക് ഒരുപോലെ പ്രിയപ്പെട്ടതാക്കുന്നു.വലിയ ഗ്രോസര്‍ വീലുകളും ക്രോം ആക്‌സന്റുകളുള്ള കളർ ഓപ്ഷനുകളും ഇവിയെ ആകർഷകമാക്കുന്ന കാര്യമാണ്. മുമ്പുണ്ടായിരുന്ന സ്റ്റോറേജ് സ്പേസ് 50 ലിറ്ററിൽ നിന്നും 60 ലിറ്ററാക്കി ഉയർത്തിയത് എന്തായാലും പ്രായോഗികതയും മോട്ടോർസൈക്കിളും ഒരുമിച്ച് അന്വേഷിക്കുന്നവർക്ക് അനുഗ്രഹമാവും.
കിടു ഡിസൈന്‍, മികച്ച റേഞ്ച്, വേഗത എന്നിവക്കൊപ്പം ആകര്‍ഷകമായ നിരവധി ഫീച്ചറുകള്‍ കൂടി വാഗ്ദാനം ചെയ്യുമ്പോൾ സംഭവം മൊത്തത്തിൽ കളറാവുന്നുണ്ട്. റേഞ്ചറിന് പുറമെ കൊമാകി Cat 2.0, XGT KM, X One, X2 വോഗ്, X4, X5, ക്ലാസിക്, VP, MX-3 എന്നിങ്ങനെയുള്ള നിരവധി ഇലക്ട്രിക് സ്കൂട്ടറുകളും ബൈക്കുകളും പുറത്തിറക്കുന്നുണ്ട്.


Click it and Unblock the Notifications








