വാങ്ങുന്നേൽ ജനുവരിക്ക് മുമ്പേ ആയിക്കോട്ടെ, യൂത്തൻമാരുടെ ഡ്രീം ബൈക്കിന് 20,000 രൂപ വിലക്കുറച്ച് കമ്പനി
ഒരുകാലത്ത് യൂത്തൻമാരുടെ ഡ്രീം ബൈക്കുകളിൽ ഒന്നായിരുന്നു കെടിഎം ഡ്യൂക്ക്. 125 സിസി മുതൽ 390 സിസി വരെയുള്ള വിഭാഗത്തിൽ ഓറഞ്ച് വിപ്ലവം നടത്തിയ ബ്രാൻഡിന് ഇന്ന് പണ്ടത്തെ അത്രയും പ്രതാപമൊന്നുമില്ലെങ്കിലും മോശമാക്കാതെ വിൽപ്പന പിടിക്കുന്നുണ്ടെന്ന് വേണം പറയാൻ. കാലൻ വണ്ടിയെന്ന ചീത്തപ്പേര് കേൾക്കാൻ തുടങ്ങിയിട്ട് നാളിമ്മിണിയായെങ്കിലും ഓസ്ട്രിയൻ സ്പോർട്‌സ് ബൈക്ക് നിർമാതാക്കൾക്ക് പിന്നാലെ ഇന്നും യൂത്തൻമാർ അണിനിരക്കുന്നുണ്ട്. അത്രയും പവറുള്ള മോട്ടോർസൈക്കിളുകളെ കൈകാര്യം ചെയ്യുന്നതിൽ ഇന്ത്യക്കാർ പരാജയമായിരുന്നുവെന്ന് പറയുന്നതാണ് ശരി. നിരവധി ജീവൻ അത്തരത്തിൽ നിരത്തുകളിൽ പൊലിഞ്ഞിട്ടുണ്ട്.
എന്നാൽ വണ്ടിയെ മനസിലാക്കി കൈകാര്യം ചെയ്‌തിരുന്നവരെല്ലാം ഇപ്പോഴും സമാധാനത്തോടെയാണ് ഡ്യൂക്കിൽ നടക്കുന്നത്. കൃത്യമായ ഇടവേളകളിൽ മോഡൽ നിരയിൽ പരിഷ്ക്കാരങ്ങൾ കൊണ്ടുവരുന്നതിൽ കെടിഎമ്മിനെ വെല്ലുവിളിക്കാൻ മറ്റൊരു ഇരുചക്ര വാഹന നിർമാതാക്കൾ ഇല്ലെന്ന് പറയാം. അടുത്തിടെ തങ്ങളുടെ പുതുതലമുറ മോഡലുകളെല്ലാം ഇന്ത്യയിൽ അവതരിപ്പിച്ച് കമ്പനി ശ്രദ്ധനേടിയിരുന്നു. ഇതിന് പിന്നാലെ ഇയർ എൻഡ് ഓഫറും പ്രഖ്യാപിച്ചിരിക്കുകയാണ് കെടിഎം.

250 ഡ്യൂക്കിലാണ് ആകർഷകമായ ഡിസ്‌കൗണ്ട് ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ വർഷം ആദ്യം അപ്‌ഡേറ്റ് ചെയ്‌ത് പുറത്തിറക്കിയ കെടിഎം 250 ഡ്യൂക്കിന് 2.45 ലക്ഷം രൂപയായിരുന്നു ഇന്ത്യയിൽ മുടക്കേണ്ടി വന്നിരുന്ന എക്സ്ഷോറൂം വില. എന്നാൽ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന ഇയർ എൻഡ് ഓഫറിലൂടെ സ്പോർട്‌സ് ബൈക്ക് വെറും 2.25 ലക്ഷം രൂപയുടെ എക്‌സ്‌ഷോറൂം വിലയിൽ സ്വന്തമാക്കാമെന്നാണ് ഓസ്ട്രിയൻ ഇരുചക്ര വാഹന നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്.
ഈ ആനുകൂല്യം 2024 ഡിസംബർ 31 വരെ മാത്രമേ സ്വന്തമാവൂവെന്നും കെടിഎം പ്രത്യേകം അറിയിച്ചിട്ടുണ്ട്. ഏതൊരു ചെറുപ്പക്കാരനേയും കൊതിപ്പിക്കുന്ന രൂപവുമായാണ് 250 ഡ്യൂക്കിന്റെ പുതുപുത്തൻ മോഡൽ വരുന്നത്. വലിയ കെടിഎം 390 ഡ്യൂക്കിന് സമാനമായ ഭീകര ഡിസൈൻ ആഗോളതലത്തിൽ വരെ പ്രശംസ നേടിയിട്ടുണ്ട്. ബൂമറാംഗ് ആകൃതിയിലുള്ള എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളാണ് മോട്ടോർസൈക്കിളിന്റെ പ്രധാന സവിശേഷത.

അറ്റ്ലാൻ്റിക് ബ്ലൂ, ഇലക്ട്രോണിക് ഓറഞ്ച്, സെറാമിക് വൈറ്റ്, എബണി ബ്ലാക്ക് എന്നിങ്ങനെ നാല് വ്യത്യസ്ത കളർ ഓപ്ഷനുകളിലാണ് പുതിയ കെടിഎം 250 ഡ്യൂക്ക് ലഭ്യമാകുന്നത്. കെടിഎം 390 ഡ്യൂക്കിൽ നിന്ന് കടമെടുത്ത ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററിനായുള്ള പുതിയ 5.0 ഇഞ്ച് ഫുൾ കളർ ടിഎഫ്ടി ഡിസ്‌പ്ലേയാണ് 2024 കെടിഎം 250 ഡ്യൂക്കിൻ്റെ മറ്റൊരു പ്രധാന വശം. സ്‌മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, ടേൺ-ബൈ-ടേൺ നാവിഗേഷൻ, ഹെഡ്‌സെറ്റ് കണക്ഷൻ എന്നിവയും അതിലേറെയും പുതിയ ഗ്രാഫിക്സും സവിശേഷതകളുമായാണ് ഇത് വരുന്നത്.
കെടിഎം കണക്ട് ആപ്പ് വഴി ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററുമായി റൈഡറിന്റെ ഹെഡ്സെറ്റ് ജോടിയാക്കാൻ സാധിക്കുന്നത് വളരെ ഉപയോഗപ്രദമായ സംഗതിയാണ്. ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററിന് പുറമെ 2024 മോഡലിന് പുതിയ സ്വിച്ച് ഗിയറും കമ്പനി സമ്മാനിച്ചിരുന്നു. അവ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററിൻ്റെ പുതിയ പ്രവർത്തനങ്ങൾ നിറവേറ്റുന്നതിനായി അപ്‌ഡേറ്റ് ചെയ്തിട്ടുമുണ്ട്. സ്ട്രീറ്റ്, ട്രാക്ക് എന്നിങ്ങനെ രണ്ട് റൈഡിംഗ് മോഡുകളും ക്വാർട്ടർ ലിറ്റർ മോട്ടോർസൈക്കിളിൽ ഒരുക്കിയിട്ടുണ്ട്.

ഇനി മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ 2024 കെടിഎം 250 ഡ്യൂക്കിൽ കാര്യമായ നവീകരണങ്ങളൊന്നും കാണാനാവില്ല. പഴയ മോഡലിലെ അതേ 248 സിസി, സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ് എഞ്ചിനാണ് കെടിഎമ്മിൽ ഇപ്പോഴും പ്രവർത്തിക്കുന്നത്. ഈ എഞ്ചിന് 9,250 ആർപിഎമ്മിൽ 30 bhp പവറും 7,250 ആർപിഎമ്മിൽ പരമാവധി 25 Nm ടോർക്കും ഉത്പാദിപ്പിക്കാൻ കഴിയും.
ബൈ-ഡയറക്ഷണൽ ക്വിക്ക് ഷിഫ്റ്ററും അസിസ്റ്റും സ്ലിപ്പർ ക്ലച്ചും വരുന്ന ആറ് സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ഒരു സ്റ്റീൽ ട്രെല്ലിസ് ഫ്രെയിമിൽ നിർമിച്ചിരിക്കുന്ന ബൈക്കിന്റെ സസ്പെൻഷനായി മുന്നിൽ അപ്സൈഡ് ഡൗൺ ഫോർക്കുകളും പിന്നിൽ മോണോഷോക്ക് സജ്ജീകരണവുമാണ് ഓസ്ട്രിയൻ ബ്രാൻഡ് കൊടുത്തിരിക്കുന്നത്. ബ്രേക്കിംഗിനായി ഇരുവശത്തും സിംഗിൾ ഡിസ്‌ക്കുമാണ് ഉപയോഗിച്ചിരിക്കുന്നത്.
അധിക സുരക്ഷക്കായി ഡ്യുവൽ ചാനൽ എബിഎസിന്റെ അകമ്പടിയും 2024 കെടിഎം 250 ഡ്യുക്കിന് ലഭിക്കും. എബിഎസ് പ്രവർത്തനരഹിതമാക്കുന്ന സൂപ്പർമോട്ടോ മോഡിനൊപ്പം ഡ്യുവൽ-ചാനൽ ആൻ്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം ആവശ്യാനുസരണം ക്രമീകരിക്കാനുമാവും കേട്ടോ. 17 ഇഞ്ച് അലോയ് വീലുകളാണ് ഇരുവശത്തും കൊടുത്തിരിക്കുന്നത്. ഇന്ത്യയിലെ ക്വാർട്ടർ ലിറ്റർ സ്പോർട്സ് ബൈക്ക് സെഗ്മെന്റിൽ ഏറ്റവും പെർഫോമൻസുള്ള മോഡലാണ് 250 ഡ്യൂക്ക്.


Click it and Unblock the Notifications








