യൂത്തൻമാരുടെ ഡ്രീം ബൈക്ക് വാങ്ങിയാൽ ഇനി തിരിഞ്ഞുനോക്കേണ്ട! 5 വർഷത്തെ വാറണ്ടി ഗ്യാരണ്ടി
യൂത്തൻമാരുടെ ഡ്രീം ബൈക്കുകൾ പുറത്തിറക്കുന്നവരാണ് ഓസ്ട്രിയൻ സ്പോർട്‌സ് മോട്ടോർസൈക്കിൾ നിർമാതാക്കളായ കെടിഎം. കോളേജിൽ പോവാനും ചെത്തിയടിച്ച് നടക്കാനും ഗമയുള്ള ഇത്രയും മികച്ച മോഡലുകൾ പുറത്തിറക്കുന്ന മറ്റൊരു കമ്പനിയുണ്ടോയെന്ന് വരെ സംശയമാണ്. പക്ഷേ മാതാപിതാക്കളെല്ലാം വില്ലനായി കാണുന്നൊരു ബ്രാൻഡ് കൂടിയാണിതെന്ന് വേണമെങ്കിൽ പറയാം.
പിള്ളേരുടെ റൈഡിംഗ് ശൈലി ശരിയല്ലാത്ത കാരണംകൊണ്ട് മാത്രം ഒരുപാട് ജീവനെടുത്ത ചീത്തപ്പേരും കെടിഎമ്മിനുണ്ട് (KTM). എന്നിട്ടും വിപണിയിൽ ചൂടപ്പം പോലെയാണ് ഡ്യൂക്കും ആർസിയുമെല്ലാം (Duke, RC) വിറ്റഴിക്കുന്നത്. സ്‌പോർട്ടി സ്റ്റൈലിംഗും ശക്തമായ പെർഫോമൻസും കൈമുതലായുള്ള ബ്രാൻഡ് ഉപഭോക്താക്കളിലേക്ക് ഇറങ്ങി ചെല്ലാനുള്ള ശ്രമത്തിലാണ് ഇപ്പോൾ.

മൊത്തത്തിലുള്ള വിൽപ്പനാനന്തര അനുഭവം മെച്ചപ്പെടുത്തുന്നതിനായി കെടിഎം പുതിയ പദ്ധതി അവതരിപ്പിച്ചിരിക്കുകയാണിപ്പോൾ. 2024 ഏപ്രിൽ 1 മുതൽ വാങ്ങിയ എല്ലാ കെടിഎം, ഹസ്ഖ്‌വർണ ബൈക്കുകൾക്കും 5 വർഷത്തെ സൗജന്യ വാറണ്ടി നൽകി കൊണ്ടാണ് കമ്പനിയിപ്പോൾ ഞെട്ടിക്കുന്നത്. ഇതിൽ 2 വർഷത്തെ സ്റ്റാൻഡേർഡ് വാറണ്ടിയും (30,000 km) 3 വർഷത്തെ എക്സ്റ്റെൻഡഡ് വാറണ്ടിയും (45,000 km) ആണ് ഉൾപ്പെടുന്നത്.
ഈ നീക്കം എന്തായാലും വിപണിയിൽ ചർച്ചയാവും. ഉപയോക്താക്കൾക്ക് അവരുടെ പ്രിയപ്പെട്ട കെടിഎം, ഹസ്ഖ്‌വർണ ബൈക്കുകൾ ഒട്ടും ആശങ്കയില്ലാതെ കൊണ്ടുനടക്കാൻ സഹായിക്കുന്നതാണ് ഈ പുതിയ 5 വർഷത്തെ വാറണ്ടി സ്കീം. ചെലവേറിയ മെയിന്റനെൻസും അറ്റകുറ്റപ്പണികളും മൂലം ഉണ്ടാകുന്ന സാമ്പത്തിക ബാധ്യത കുറയ്ക്കുന്നതിനും വാറണ്ടി ഉടമകളെ സഹായിക്കും.

ബൈക്കുമായി ബന്ധപ്പെട്ട ഒട്ടുമിക്ക കാര്യങ്ങളും ഇതിൽ കവറാവുന്നുണ്ടെന്നാണ് ഓസ്ട്രിയൻ മോട്ടോർസൈക്കിൾ നിർമാതാക്കൾ അവകാശപ്പെടുന്നത്. അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട ലേബർ കോസ്റ്റ് പോലും പുതിയ വാറണ്ടി സ്കീമിന് കീഴിൽ വഹിക്കും. മെയിന്റനെൻസ് ചെലവുകൾ മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ വാറണ്ടി അനുവദിക്കുന്നതിനാൽ, ഉപയോക്താക്കളുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കാൻ സഹായിക്കും.
പുതിയ വാറണ്ടി പാക്കേജിൻ്റെ പ്രയോജനകരമായ വശങ്ങളിലൊന്നും ഇതുതന്നെയാണ്. വാഹന നിർമാതാക്കൾ വാഗ്‌ദാനം ചെയ്യുന്ന വാറണ്ടി സ്കീമുകളിൽ ലേബർ ചാർജുകൾ സാധാരണയായി കവർ ചെയ്യപ്പെടുന്നില്ല. കെടിഎം, ഹസ്ഖ്‌വർണ പോലുള്ള ഹൈ-പെർഫോമൻസ് ബൈക്കുകൾക്ക് ഇത്തരം ചെലവുകൾ വളരെ ഉയർന്നതുമാണ്. ഇവിടെയാണ് ടീം ഓറഞ്ച് വേറിട്ടു നിൽക്കുന്നത്. ഉടമസ്ഥാവകാശത്തിലെ ആശങ്കകൾ പൂർണമായും ഒഴിവാക്കാൻ കമ്പനി എടുത്ത തീരുമാനത്തിലും വലിയൊരു കൈയടി കൊടുക്കേണ്ടതുണ്ട്.

വാറണ്ടി സ്കീമിന് പുറമെ കെടിഎം അല്ലെങ്കിൽ ഹസ്ഖ്‌വർണ ബൈക്കുകൾ വാങ്ങുന്ന ആളുകൾക്ക് 1 വർഷത്തെ സൗജന്യ റോഡ്സൈഡ് അസിസ്റ്റൻസ് പാക്കേജിൽ നിന്നും പ്രയോജനം ലഭിക്കും. 24/7 റോഡ് സൈഡ് അസിസ്റ്റൻസ്, സേഫ് ടോവിംഗ്, ഓൺ-സൈറ്റ് റിപ്പയർ, ഫ്ലാറ്റ് ടയർ അസിസ്റ്റൻസ് തുടങ്ങിയ സേവനങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് കെടിഎമ്മിൻ്റെ ഒരു സുപ്രധാന നീക്കമാണെന്ന് വേണം പറയാൻ.
എവിടേക്കെങ്കിലും യാത്ര പോവുമ്പോൾ ബൈക്ക് തകരാറിലാവുകയോ ടയർ പൊട്ടുകയോ ചെയ്യുന്നത് കാരണം ഏതെങ്കിലും സ്ഥലത്ത് കുടുങ്ങിപ്പോകാനുള്ള സാധ്യത ബൈക്കിംഗ് പ്രേമികൾക്ക് നിരന്തരമായ തലവേദനയാണ്. ഇത് മനസിലാക്കിയാണ് റോഡ്സൈഡ് അസിസ്റ്റൻസ് പാക്കേജും കമ്പനി കൊണ്ടുവന്നിരിക്കുന്നത്. 1 വർഷത്തെ സൗജന്യ റോഡ്സൈഡ് അസിസ്റ്റൻസിനൊപ്പം ഏറ്റവും ഉചിതമായ പരിഹാരം കാണാനാവുന്നത് ഡ്യൂക്ക്, ആർസി മോഡലുകളുടെ നിലവാരം ഉയർത്താനും സഹായിക്കും.

നിലവിൽ ഇന്ത്യൻ വിപണിയിൽ ഡ്യൂക്ക് 125, 200, 250, 390, ആർസി 200, RC 390, 390 അഡ്വഞ്ചർ, 390 അഡ്വഞ്ചർ X എന്നിവയാണ് ഓസ്ട്രിയൻ സ്പോർട് ബൈക്ക് നിർമാതാക്കൾ പുറത്തിറക്കുന്ന മോഡലുകൾ. മികച്ച ഡിമാന്റോടെ ആഭ്യന്തര വിപണിയിൽ കുതിക്കാനാവുന്നതിനാൽ തങ്ങളുടെ ഇന്ത്യൻ മോട്ടോർസൈക്കിൾ നിര വിപുലീകരിക്കാനുള്ള ഒരുക്കത്തിലാണ് കെടിഎമ്മിപ്പോൾ.
പുതിയ പദ്ധതികളുടെ ഭാഗമായി കെടിഎം 390 എൻഡ്യൂറോ. പുതിയ 390 അഡ്വഞ്ചർ പോലുള്ള മോഡലുകളാണ് അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. നിലവിൽ പരീക്ഷണയോട്ടത്തിൽ ഇരിക്കുന്നതിനാൽ ഇവയിൽ ഏതാവും വിപണിയിലേക്ക് ആദ്യമെത്തുക എന്ന് വ്യക്തമല്ല. കെടിഎം 390 എൻഡ്യൂറോ പ്രാഥമികമായി വരാനിരിക്കുന്ന റോയൽ എൻഫീൽഡ് ഹിമാലയൻ 450 അഡ്വഞ്ചർ ടൂററുമായാവും മത്സരിക്കുക.


Click it and Unblock the Notifications








