ഈ വിലയ്ക്ക് പെട്രോൾ സ്‌കൂട്ടർ പോലും കിട്ടില്ല, 98 കി.മീ. റേഞ്ചുമായി പുതിയ ഇലക്‌ട്രിക് ടൂവീലർ
ഇരുചക്ര വാഹന വിഭാഗത്തിൽ വൈദ്യുത വിപ്ലവം നടന്നുകൊണ്ടിരിക്കുകയാണ്. ഓലയും ഏഥറും പോലുള്ള സ്റ്റാർട്ടപ്പ് ബ്രാൻഡുകൾ അരങ്ങ് തകർക്കുമ്പോൾ കാഴ്ച്ചക്കാരായും കളിക്കാരായും രാജ്യത്തെ പ്രമുഖ ബ്രാൻഡുകളും മൈതാനത്തേക്ക് എത്തിക്കഴിഞ്ഞു. സാധാരണ പെട്രോൾ സ്‌കൂട്ടറുകളിൽ പോലും ഇന്ധനമടിച്ചാൽ തികയാറില്ലെന്ന കാരണം കൊണ്ട് പലരും ഇവികളിലേക്ക് മാറിചിന്തിച്ചു തുടങ്ങിയിട്ടുണ്ട്. ഒപ്പം ഇവയുടെ താങ്ങാനാവുന്ന വിലയും കൂടെയാവുമ്പോൾ സംഭവം കളറാവുന്നുണ്ട്.
ഇതിൽ ദൈനംദിന ആവശ്യങ്ങൾക്കായുള്ള ഉപയോഗങ്ങൾക്ക് പറ്റിയ കുറഞ്ഞ വിലയുള്ള സ്‌കൂട്ടറുകളാണ് പലർക്കും പ്രിയം. അതിനാൽ തന്നെ ഓലയെല്ലാം പോക്കറ്റിന് ഇണങ്ങുന്ന ബജറ്റിൽ ഇവികൾ പുറത്തിറക്കി കഴിഞ്ഞു. എന്നാൽ നാം അറിയാത്ത ചില കിടിലൻ സ്റ്റാർട്ടപ്പ് ബ്രാൻഡുകളും ഈ രംഗത്ത് സാന്നിധ്യമറിയിച്ചിട്ടുണ്ട്. അക്കൂട്ടത്തിലെ പ്രധാനിയാണ് SAR ഗ്രൂപ്പിന്റെ ഇലക്‌ട്രിക് മൊബിലിറ്റി വിഭാഗമായ ലെക്‌ട്രിക്‌സ് ഇവി.

ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളായ ലെക്ട്രിക്‌സ് ഇവി ഒറ്റ ചാർജിൽ 98 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്ന പുതിയ LXS 2.0 ഇലക്ട്രിക് സ്കൂട്ടർ ഇന്ത്യയിൽ പുറത്തിറക്കിയിരിക്കുകയാണ്. 79,999 രൂപയുടെ എക്സ്ഷോറൂം വിലയിലെത്തിയിരിക്കുന്ന ഇവി വൈദ്യുത വിഭാഗത്തിലെ തനതായ വലിപ്പവും താങ്ങാനാവുന്ന വിലയുമുള്ള യുണീക് സ്കൂട്ടറാണെന്നും കമ്പനി പറയുന്നു.പുത്തൻ ഇവിക്ക് 2.3 kWh ബാറ്ററി പായ്ക്കാണ് ലഭിക്കുന്നത്.
പുതിയ ലെക്ട്രിക്‌സ് LXS 2.0 റേഞ്ച്, ഗുണനിലവാരം, മൂല്യം എന്നീ മൂന്ന് നിർണായക ഉപഭോക്തൃ ആവശ്യങ്ങൾ നിറവേറ്റുകയും ചെയ്യുന്നുവെന്ന് കമ്പനി വിശ്വസിക്കുന്നു. വിപണിയിൽ അവതരിപ്പിച്ചുവെങ്കിലും 2024 മാർച്ച് മാസത്തോടെയാവും മോഡലിനായുള്ള ഡെലിവറികൾ ആരംഭിക്കുകയുള്ളൂ. അതേസമയം LXS 2.0 ഇവിക്കായുളള പ്രീ-ബുക്കിംഗ് ഇപ്പോൾ തുടങ്ങിയിട്ടുണ്ടെന്നും കമ്പനി പറയുന്നു.

പുതിയ ലെക്ട്രിക്സ് LXS 2.0 ഇലക്ട്രിക് സ്കൂട്ടർ വലിയ 3 കിലോവാട്ട് ബാറ്ററി പായ്ക്ക് ഉള്ള LXS 3.0 ഇലക്ട്രിക് സ്കൂട്ടറിന് താഴെയാണ് സ്ഥാപിച്ചിരിക്കുന്നത്. ചെറിയ ബാറ്ററി കപ്പാസിറ്റി ഒഴികെ മോഡൽ കാഴ്ച്ചയിൽ ഒരേപോലെ തന്നെ തോന്നിയാലും തെറ്റുപറയാനാവില്ല. ഇ-സ്‌കൂട്ടറിന് 2.2 kW (2.9 bhp) BLDC ഹബ് മോട്ടോറാണ് ലഭിക്കുന്നത്. മണിക്കൂറിൽ പരമാവധി 60 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാനും ഇവിക്ക് സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
25 ലിറ്റർ അണ്ടർസീറ്റ് സ്റ്റോറേജ് സ്പേസ്, 90/110 ഫ്രണ്ട്, 110/90 പിന്നിൽ 10 ഇഞ്ച് ടയറുകൾ, ഫോളോ-മീ ഹെഡ്‌ലാമ്പ് ഫംഗ്‌ഷൻ എന്നിവയും അതിലേറെയും പോലുള്ള മോഡേൺ ഫീച്ചറുകളാലും വൈദ്യുത സ്‌കൂട്ടർ സമ്പന്നമാണ്. നൂതനത്വത്തിലും ഗുണനിലവാരത്തിലും വിട്ടുവീഴ്ച്ച ചെയ്യാതെ 'മൂല്യ'ത്തിൻ്റെയും 'താങ്ങാനാവുന്നതിൻ്റേയും' തികഞ്ഞ സന്തുലിതാവസ്ഥയാണ് പുതിയ ലെക്ട്രിക്സ് LXS 2.0 ഇവിയെന്ന് ലോഞ്ചിംഗ് വേളയിൽ സംസാരിച്ച SAR ഇലക്ട്രിക് മൊബിലിറ്റി എംഡിയും സിഇഒയുമായ കെ വിജയ കുമാർ പറഞ്ഞു.

പുതിയ LXS 2.0 ഇലക്ട്രിക് സ്കൂട്ടർ ആദ്യമായി ടൂവീലർ വാങ്ങുന്നവരെ ലക്ഷ്യമിട്ടാണ് പണികഴിപ്പിരിക്കുന്നത്. 3 വർഷത്തെ അല്ലെങ്കിൽ 30,000 കിലോമീറ്റർ വാറണ്ടിയും ഇവിക്കൊപ്പം ലെക്ട്രിക്സ് വാഗ്ദാനം ചെയ്യുന്നുണ്ട്. മോഡലിന് ആൻ്റി തെഫ്റ്റ് സിസ്റ്റം, എമർജൻസി എസ്ഒഎസ്, ഡോർസ്റ്റെപ്പ് സർവീസ് എന്നിവയും ബ്രാൻഡ് ഒരുക്കിയിട്ടുണ്ട്. ഇവി വിഭാഗത്തിൽ ശക്തമായ ഒരു സ്ഥാനം നേടിയെടുക്കുകയാണ് ഇന്ത്യൻ ബ്രാൻഡിന്റെ പ്രാധമിക ലക്ഷ്യം.
കൂടാതെ രാജ്യത്തുടനീളമുള്ള ഉപഭോക്താക്കൾ 10,000-ത്തിലധികം ലെക്ട്രിക്സ് സ്‌കൂട്ടറുകൾ ഉപയോഗിക്കുന്നുണ്ട്. കുറഞ്ഞ വിലയ്ക്ക് ദൈനംദിന ആവശ്യങ്ങൾ നിറവേറ്റുന്ന കുഞ്ഞൻ ഇലക്ട്രിക് സ്കൂട്ടറുകൾ തേടുന്നവർക്ക് പറ്റിയ ഓപ്ഷനുകളാണ് SAR ഗ്രൂപ്പിന്റെ കീഴിലുള്ള ബ്രാൻഡ് പുറത്തിറക്കുന്നതെന്ന് നിസംശയം പറയാം. ഇലക്ട്രിക് മോട്ടോർസൈക്കിൾ ഉൾപ്പെടെ ഒന്നിലധികം മോഡലുകളും വികസിപ്പിക്കുന്ന പ്രവർത്തനത്തിലാണ് ബ്രാൻഡിപ്പോൾ.
പ്രതിവർഷം 150,000 യൂണിറ്റ് സ്ഥാപിത ശേഷിയുള്ള ഒരു നിർമാണ കേന്ദ്രം സ്ഥാപിക്കാൻ ലെക്ട്രിക്സ് ഇവി ഇതിനകം 300 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്. ഇലക്ട്രിക് ഇരുചക്ര വാഹന കമ്പനിക്ക് നിലവിൽ ഡൽഹി, കർണാടക, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മു ആൻഡ് കശ്മീർ എന്നിവയുൾപ്പെടെ 14 സംസ്ഥാനങ്ങളിലായി 60 ഡീലർഷിപ്പുകളുടെ ശൃംഖലയുണ്ടെന്നതും ശ്രദ്ധേയമായ കാര്യമാണ്.


Click it and Unblock the Notifications








