ഓലയുടെ കച്ചോടം കുറയും, ഇലക്‌ട്രിക് സ്‌കൂട്ടർ വിപണിയിൽ സ്റ്റാറാവാൻ 'LML സ്റ്റാർ'; കുറഞ്ഞ വിലയിൽ കിട്ടുമോ?
ഇലക്‌ട്രിക് സ്‌കൂട്ടറുകളെന്നാൽ ആളുകൾക്കെല്ലാം ഓലയും ഏഥറും ഹീറോയും ടിവിഎസും ബജാജും പോലെയുള്ള കമ്പനികളാവും ആദ്യം ഓർമ വരിക. എന്നാൽ കടലിലെ ചെറുമീനുകളെ പോലെ മറ്റനേകം ബ്രാൻഡുകളും ഇവി രംഗത്തുണ്ട്. ഇവരെല്ലാം മികച്ച വിറ്റുവരവാണ് വിപണിയിൽ നിന്നും വാരുന്നതും. ലൂണ, കൈനറ്റിക് പോലുള്ള പണ്ടത്തെ ഐതിഹാസിക വാഹന നിർമാതാക്കൾ വരെ ഇലക്ട്രിക് ടൂവീലർ നിർമാണത്തിലേക്ക് കടന്നുവന്നിട്ടുണ്ട്. അക്കൂട്ടത്തിലേക്ക് എൽഎംഎൽ (LML) കൂടി അവതരിക്കാൻ പോവുന്നുവെന്ന വാർത്തകളും നമ്മളെല്ലാം കേട്ടിരുന്നു. മൂന്ന് പുതിയ ഇരുചക്ര വാഹനങ്ങൾ അവതരിപ്പിച്ചുകൊണ്ടാണ് കമ്പനി ഇന്ത്യയിലേക്കുള്ള തിരിച്ചുവരവ് പ്രഖ്യാപിച്ചിരുന്നത്.
ഓറിയോൺ, മൂൺഷോട്ട്, സ്റ്റാർ എന്നിവയായിരുന്നു പുതിയ ഇലക്ട്രിക് വാഹനങ്ങൾ. ഇപ്പോഴിതാ ഇക്കൂട്ടത്തിലെ ആദ്യ മോഡലായ സ്റ്റാറിൻ്റെ ഔദ്യോഗിക രൂപകല്പനയുടെ ആദ്യ രൂപം പുറത്തുവിട്ട് വാർത്തകളിൽ ഇടംനേടിയിരിക്കുകയാണ് ഇരുചക്ര വാഹന നിർമാതാക്കളായ എൽഎംഎൽ. ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി ഇ-സ്‌കൂട്ടറിൻ്റെ ഡിസൈനിന് പേറ്റന്റ് ലഭിച്ചതായി ഇവി ബ്രാൻഡ് അറിയിച്ചു.

ആഗോള ഇരുചക്ര വാഹന ഭീമന്മാരായ ഡ്യുക്കാട്ടി, ഫെറാറി, യമഹ, കവസാക്കി എന്നിവയിൽ നിന്നുള്ള ഡിസൈനർമാരാണ് സ്റ്റാർ ഇലക്ട്രിക് സ്കൂട്ടർ വികസിപ്പിച്ചെടുത്തത്. ഈ വർഷത്തിൻ്റെ രണ്ടാം പകുതിയോടെ സ്റ്റാർ ഇ-സ്കൂട്ടർ പുറത്തിറക്കുമെന്ന് എൽഎംഎൽ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഉത്സവ സീസണിൽ എപ്പോഴെങ്കിലും ഇത് നിരത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്തായാലും സാധാരണ മോഡലുകളേക്കാൾ കിടിലൻ ലുക്കിലാണ് ഇവിയെ കൊണ്ടുവരുന്നത്.
ഇന്ത്യയ്ക്കായി എൽഎംഎൽ പുറത്തിറക്കാൻ പ്ലാൻ ചെയ്യുന്ന മൂന്ന് ഇലക്ട്രിക് സ്കൂട്ടറുകളിൽ ആദ്യത്തേതാണ് സ്റ്റാർ. ഇവി നിർമാതാവ് പിന്നീട് മൂൺഷോട്ടും ഓറിയണും പുറത്തിറക്കും. മൂന്നും അവരുടെ കൺസെപ്റ്റ് രൂപങ്ങളിൽ നേരത്തെ പ്രദർശിപ്പിച്ചിരുന്നു. കഴിഞ്ഞ വർഷം നടന്ന എയ്‌റ്റോ എക്‌സ്‌പോയിലാണ് സ്റ്റാർ ഇലക്ട്രിക് സ്‌കൂട്ടറിൻ്റെ അരങ്ങേറ്റം നടന്നത്. ഡിസൈൻ പേറ്റന്റ് വെളിപ്പെടുത്തുന്നതുപോലെ സ്റ്റാർ ഇലക്ട്രിക് സ്കൂട്ടർ ഒരു ഫ്യൂച്ചറിസ്റ്റിക് ലുക്കുമായാണ് വരുന്നത്.

ഇതിന് ഡ്യുവൽ-ടോൺ ബ്ലാക്ക് ആൻഡ് വൈറ്റ് ബോഡി കളർ, എൽഇഡി ഡിആർഎൽ, പ്രൊജക്ടർ ഹെഡ്‌ലൈറ്റുകൾ, റെഡ് ആക്‌സൻ്റുകൾ എന്നിവയും ലഭിക്കുന്നുണ്ട്. നിരവധി ഡിസൈൻ ഘടകങ്ങൾ കടമെടുത്ത മിഡ്-മാക്സി സ്കൂട്ടർ പോലെയാണ് സ്റ്റാർ എന്ന് എൽഎംഎൽ പറയുന്നു. സെഗ്മെന്റിലെ മിക്ക എതിരാളികളും വാഗ്ദാനം ചെയ്യാത്ത നിരവധി ഫീച്ചറുകൾ കോർത്തിണക്കിയാണ് സ്റ്റാർ ഇലക്ട്രിക് സ്കൂട്ടർ വിപണിയിലെത്തുക.
ഗൈഡ്-മീ ഹോം ലാമ്പുകളുള്ള ഒരു ഓട്ടോമാറ്റിക് ഹെഡ്‌ലൈറ്റ്, മുൻ ഏപ്രണിന് പിന്നിൽ കസ്റ്റമൈസ് ചെയ്യാനാവുന്ന സ്‌ക്രീൻ, വയർലെസ് ചാർജർ, ആംബിയന്റ് ലൈറ്റിംഗ്, ഡിജിറ്റൽ സ്‌ക്രീൻ എന്നിവ മോഡലിലെ ചില പ്രധാന സവിശേഷതകളിൽ ഉൾപ്പെടുന്നു. ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഹിൽ ഹോൾഡ് അസിസ്റ്റ്, റിവേഴ്സ് മോഡ്, എബിഎസ് തുടങ്ങിയ സുരക്ഷാ ഫീച്ചറുകളും സ്റ്റാർ ഇ-സ്കൂട്ടർ വാഗ്ദാനം ചെയ്യുമെന്നതും ജാഡ കൂട്ടും.

സ്റ്റാർ ഇലക്ട്രിക് സ്കൂട്ടറിൻ്റെ മറ്റ് വിവരങ്ങളൊന്നും ഇതുവരെ അറിവായിട്ടില്ല. ബാറ്ററിയുടെ വലുപ്പത്തെക്കുറിച്ചോ ഇലക്ട്രിക് സ്കൂട്ടറിലുണ്ടാവുന്ന റേഞ്ചിനെ കുറിച്ചോ എൽഎംഎൽ ഇതുവരെ കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. 2 kWh ശേഷിയുള്ള രണ്ട് സെറ്റ് റിമൂവബിൾ ബാറ്ററി പായ്ക്കുകൾക്കൊപ്പം ഇത് വരുമെന്ന് പ്രതീക്ഷിക്കുന്നത്. ഒറ്റ ചാർജിൽ ഏകദേശം 150 കിലോമീറ്റർ റേഞ്ച് സ്റ്റാർ വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട്.
ഇ-സ്‌കൂട്ടർ പരമാവധി 90 കിലോമീറ്റർ വേഗതയും ഏകദേശം 7 bhp പവർ ഔട്ട്പുട്ടും വാഗ്ദാനം ചെയ്യുമെന്ന അഭ്യൂഹങ്ങളും എയറിലുണ്ട്. ഇലക്‌ട്രിക് സ്കൂട്ടർ ഒരു അലുമിനിയം സ്വിംഗാർമിലാണ് നിർമിച്ചെടുത്തിരിക്കുന്നതും. ബജാജ് ചേതക്, ടിവിഎസ് ഐക്യൂബ്, ഏഥർ 450X, ഓല S1, വരാനിരിക്കുന്ന ഹീറോ വിഡ സ്കൂട്ടർ എന്നിവയ്‌ക്കെതിരെയാവും എൽഎംഎൽ സ്റ്റാർ എന്ന പുത്തൻ മോഡൽ ഇന്ത്യയിൽ മത്സരിക്കുക.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








