ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ബൈക്ക് ഏതാണെന്ന് അറിയാമോ? 59,018 രൂപയ്ക്ക് 70 കി.മീ. മൈലേജും
ഇന്ത്യയുടെ ഇരുചക്ര വാഹന വിപണിയിൽ ബൈക്കുകൾ വഹിക്കുന്ന പങ്ക് ചെറുതല്ലെന്ന് വേണം പറയാൻ. ഒരുകാലത്ത് 100 സിസി മോട്ടോർസൈക്കിളുകളായിരുന്നു നിരത്തുകൾ ഭരിച്ചിരുന്നത്. കുറഞ്ഞ വിലയിൽ കൂടുതൽ മൈലേജുള്ള മോഡലുകളാണ് ആളുകൾക്ക് എക്കാലവും പ്രിയങ്കരമെങ്കിലും പണ്ടത്തെ അപേക്ഷിച്ച് ഇന്ന് മോട്ടോർസൈക്കിളിംഗ് സംസ്ക്കാരം ആകെപ്പാടെ മാറിയിട്ടുണ്ട്. വിവിധ ആവശ്യങ്ങൾ പരിഗണിക്കപ്പെടുമ്പോൾ ബൈക്കുകളുടെ വിലയെല്ലാം പലരുടേയും ബജറ്റിനും അപ്പുറമാണ്. ഇന്ത്യന്‍ വിപണിയിലെ മോട്ടോര്‍സൈക്കിള്‍ വില്‍പ്പനയില്‍ ഭൂരിഭാഗവും ന്യായമായ വിലയുള്ള മോഡലുകളാണ് ഇപ്പോൾ ഭരിക്കുന്നത്. പുതിയൊരണ്ണം വാങ്ങാമെന്നോർത്താൽ ഒരു ലക്ഷത്തിന് മുകളിൽ പോവും വില.
എന്നാൽ ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ബൈക്ക് ഏതാണെന്ന് അറിയാമോ? എൻട്രി ലെവൽ മോഡലാണെങ്കിലും നമ്മളിൽ പലരും വിചാരിക്കുന്നതിലും കുറഞ്ഞ വിലയാണ് ഈ മോട്ടോർസൈക്കിളിനുള്ളത്. അതേതാണ് ആ മോഡൽ എന്ന് പറഞ്ഞുതരാം. രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപിന്റെ HF 100 എന്ന മോഡലാണ് ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള ബൈക്ക്.

ഇന്നത്തെ വില അനുസരിച്ച് വെറും 59,018 രൂപ മാത്രമാണ് ഹീറോ HF 100 മോഡലിന് വരുന്ന എക്സ്ഷോറൂം വില. പക്ഷേ കൊച്ചിയിൽ എത്തുമ്പോൾ 62,110 രൂപയോളം വില വരും. എന്തായാലും ഇന്ന് വാങ്ങാനാവുന്ന ഏറ്റവും ബജറ്റ് ഫ്രണ്ട്ലി മോഡൽ ഇതുതന്നെയാണ്. ആധുനിക മോട്ടോർസൈക്കിളുകളിൽ കാണുന്ന മോഡേൺ ഫീച്ചറുകളോ മറ്റ് ആഡംബരങ്ങളോ ഒന്നുമില്ലാത്ത പക്കാ എൻട്രി ലെവൽ ബൈക്കാണിത്. എന്തിന് ഏറെപ്പറയുന്നു ഇന്ന് പൊതുവേ എല്ലാ വണ്ടികളിലുമുള്ള ഇലക്ട്രിക് സ്റ്റാർട്ട് പോലും ഇതിൽ കിട്ടില്ല.
പകരം കിക്ക് സ്റ്റാർട്ടിംഗോടെയാണ് ഹീറോ HF 100 ബൈക്കിന്റെ ബേസ് മോഡൽ വരുന്നത്. എന്നാൽ അൽപം കൂടി പണംമുടക്കിയാൽ സെൽഫ് സ്റ്റാർട്ടിംഗുള്ള വേരിയന്റെല്ലാം ഇതിൽ കിട്ടും കേട്ടോ. വില കുറവാണെങ്കിലും അത്യാവിശ്യം വേണ്ടുന്ന കാര്യങ്ങളൊക്കെ ഇതിലുണ്ട്. നിലവിൽ രാജ്യത്ത് വിറ്റഴിക്കപ്പെടുന്ന ഏറ്റവും ഭാരം കുറഞ്ഞ ബൈക്കുകളിൽ ഒന്നാണിതെന്നതും ശ്രദ്ധേയമാണ്. ആയതിനാൽ ഏത് സാഹചര്യങ്ങളിലും വളരെ എളുപ്പത്തിൽ കൈകാര്യം ചെയ്യാനും സാധിക്കും.

8 bhp പവറിൽ പരമാധി 8.05 Nm torque വരെ ഉത്പാദിപ്പിക്കാനാവുന്ന 97.2 സിസി എയർ കൂൾഡ് സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ഹീറോ HF 100 മോട്ടോർസൈക്കിളിന്റെ ഹൃദയം. നാല് സ്പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. സൈഡ്-സ്റ്റാൻഡ് എഞ്ചിൻ കട്ട് ഓഫ് ഫീച്ചർ ചെയ്യുന്ന ഈ മോട്ടോർസൈക്കിൾ ലിറ്ററിന് 70 കിലോമീറ്റർ വരെ മൈലേജ് വാഗ്ദാനം ചെയ്യാനും സാധിക്കും.
2021-ൽ പുറത്തിറക്കിയ ഈ എൻട്രി ലെവൽ കമ്മ്യൂട്ടർ ബൈക്കിന് തുടക്കത്തിൽ 49,400 രൂപ മാത്രമായിരുന്നു വില വന്നിരുന്നത്. ഹീറോയുടെ മോഡൽ ലൈനപ്പിൽ HF ഡീലക്സിന് താഴെയാണ് ഇത് സ്ഥാനം പിടിച്ചിരിക്കുന്നത്. ഏറ്റവും വില കുറഞ്ഞ മോഡലായതിനാൽ തന്നെ ബ്ലാക്ക്-റെഡ് കോമ്പിനേഷനിൽ ഒരൊറ്റ കളർ ഓപ്ഷൻ മാത്രമാണ് HF 100 മോട്ടോർസൈക്കിളിന് ലഭ്യമാവുക. മെക്കാനിക്കലുകളിലും വെറും സാധാരണക്കാരനാണ് കക്ഷി.

അതായത് സസ്പെൻഷനായി ഹീറോ HF 100 മോഡലിന്റെ മുന്നിൽ ടെലിസ്‌കോപ്പിക് ഫോർക്കുകളിലും പിന്നിൽ ഹൈഡ്രോളിക് ഷോക്ക് അബ്‌സോർബറുകളുമാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. ബ്രേക്കിംഗിംനായി മുന്നിലും പിന്നിലും 130 mm ഡ്രം യൂണിറ്റുകളാണ് ഹീറോ മോട്ടോകോർപ് വാഗ്‌ദാനം ചെയ്യുന്നത്. എബിഎസും സിബിഎസും ഒന്നും ഇല്ലാത്ത കമ്മ്യൂട്ടർ ബൈക്കിന് 110 കിലോഗ്രാം ഭാരം മാത്രമാണുള്ളത്.
ചെലവ് കഴിയുന്നത്ര കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് HF 100 പണികഴിപ്പിച്ചിരിക്കുന്നതെന്ന് ആദ്യ നോട്ടത്തിൽ തന്നെ മനസിലാക്കാം. അലോയ് വീലുകളും എക്‌സ്‌ഹോസ്റ്റ് ഷീൽഡും ഹാൻഡിൽബാർ, സ്‌കിന്നർ ബ്ലാക്ക് ഗ്രാബ് റെയിൽ പോലുള്ള ഘടകങ്ങൾ കറുപ്പിലാണ് പണികഴിപ്പിച്ചിരിക്കുന്നതും. എന്തായാലും ഫുഡ് ഡെലിവറി പോലുള്ള ആവശ്യങ്ങൾക്കും അല്ലെങ്കിൽ അടിസ്ഥാന കാര്യങ്ങൾക്കായി സാധാരണ ബൈക്കുകൾ തേടുന്നവർക്ക് പറ്റിയ മോഡലാണ് ഇതെന്ന് പറയാതെ വയ്യ.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








