നമ്മൾ കണ്ടതല്ല ശരിക്കും സ്‌കൂട്ടറുകൾ, ഇന്ത്യയിലെ ഏറ്റവും വില കൂടിയ സ്‌കൂട്ടറുകളുടെ വില കേട്ടാൽ ഞെട്ടും
ഇന്ത്യക്കാരുടെ ഏറ്റവും ഇഷ്‌ടപ്പെട്ട ഇരുചക്ര വാഹന വിഭാഗമാണ് സ്‌കൂട്ടറുകളുടേത്. പ്രായോഗികമായ ഓപ്ഷനാണെന്നത് തന്നെയാണ് ഇവയെ ഇത്രയും ജനകീയമാക്കിയത്. ഗ്യാസ് കുറ്റി പോലുള്ള സാധനങ്ങൾ വരെ കയറ്റി വാങ്ങിക്കുന്ന പൈസക്കുള്ള പണി ഇന്ത്യക്കാർ സ്‌കൂട്ടറിനെ കൊണ്ട് എടുപ്പിക്കുന്നുണ്ട്. കൊണ്ടുനടക്കാനുള്ള എളുപ്പവും മോശമല്ലാത്ത ഇന്ധനക്ഷമതയും കൂടിയാവുമ്പോൾ സംഗതി കളറാവുന്നുണ്ട്. സ്‌കൂട്ടറുകൾ എക്കാലത്തും ഇന്ത്യൻ വിപണിയിൽ താങ്ങാനാവുന്ന ഗതാഗത മാർഗമായി കണക്കാക്കപ്പെടുന്നത് ഇക്കാരണങ്ങളാലാണ്.
പക്ഷേ സാധാരണക്കാർ മാത്രമല്ല കേട്ടോ, ഇക്കൂട്ടത്തിൽ ലക്ഷ്വറി മോഡലുകളുമുണ്ട്. ലക്ഷങ്ങൾ മുടക്കിയാൽ മാത്രം വാങ്ങാനാവുന്ന സ്‌കൂട്ടറുകൾ. പണ്ടൊക്കെ 100 സിസിയിൽ മാത്രം കിട്ടിയിരുന്നവ ഇപ്പോൾ 1000 സിസിക്ക് മുകളിൽ എഞ്ചിൻ ശേഷിയുമായി വരുന്നുണ്ട്. ഇപ്പോൾ ഏതുതരം സ്‌കൂട്ടറുകളും വാങ്ങാൻ രാജ്യത്ത് ആളുണ്ടെന്നത് കമ്പനികൾക്കറിയാം. ബിഎംഡബ്ല്യു മോട്ടോറാഡ്, കീവേ, വെസ്പ പോലെ നിരയങ്ങനെ നീളുകയാണ്. ഇന്ത്യയിൽ വിൽക്കുന്ന ഏറ്റവും വിലകൂടിയ അഞ്ച് സ്കൂട്ടറുകളെ ഒന്ന് പരിചയപ്പെട്ടാലോ?

ഏഥർ 450 അപെക്‌സ്: ഏഥർ എനർജി പുറത്തിറക്കിയിരിക്കുന്ന ലിമിറ്റഡ് എഡിഷൻ മോഡലായ 450 അപെക്‌സാണ് ഇന്ത്യയിലെ ഏറ്റവും വില കൂടിയ സ്‌കൂട്ടറുകളിലെ അഞ്ചാമൻ. കമ്പനിയുടെ പത്താം വാർഷികത്തോട് അനുബന്ധിച്ച് അവതരിപ്പിച്ച ഈ പെർഫോമൻസ് ഇലക്ട്രിക് സ്കൂട്ടറിന് 1.95 ലക്ഷം രൂപയാണ് ഇന്ത്യയിൽ വരുന്ന എക്സ്ഷോറൂം വില. ഏകദേശം എട്ട് മുതൽ ഒമ്പത് മാസം വരെ മാത്രമേ ഇത് വിൽപ്പനയ്‌ക്കെത്തൂവെന്ന് ജനുവരിയിൽ സ്‌കൂട്ടറിൻ്റെ ലോഞ്ച് വേളയിൽ ഏഥർ വ്യക്തമാക്കിയിരുന്നു.
കീവേ വിയസ്റ്റെ 300: ഹംഗേറിയൻ ടൂ-വീലർ ബ്രാൻഡായ കീവേ ഇന്ത്യയിൽ പുറത്തിറക്കുന്ന മോഡലുകളിലെ പ്രധാനിയാണ് വിയസ്റ്റെ 300. മാക്‌സി സ്റ്റൈൽ ഡിസൈനുള്ള മോഡലിന് 3.25 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില വരുന്നത്. ഡ്യുവൽ എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പ്, അലോയ് വീലുകൾ, വലിയ ടിൻറഡ് വൈസർ, ഷാർപ്പ് ബോഡി പാനലുകൾ, വലിയ സ്പ്ലിറ്റ് സീറ്റുകൾ എന്നിവ പോലുള്ള ഫീച്ചറുകളാൽ അത്യാഡംബരമാണ് ഈ സ്‌കൂട്ടർ.

കീവേ കണക്റ്റ് സിസ്റ്റത്തോടുകൂടിയ പാർട്ട് അനലോഗ്, പാർട്ട് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ്സ് ക്ലസ്റ്ററാണ് വിയസ്റ്റെ മാക്‌സ് സ്‌കൂട്ടറിൽ സജ്ജീകരിച്ചിരിക്കുന്നത്. ഓട്ടോമാറ്റിക് ട്രാൻസ്‌മിഷനുമായി ജോടിയാക്കിയ 278.2 സിസി എഞ്ചിനാണ് വാഹനത്തിൽ സജ്ജീകരിച്ചിരിക്കുന്നത്. ഇത് 6,500 ആർപിഎമ്മിൽ 18.4 bhp പവറഉം 5750 ആർപിഎമ്മിൽ 23.5 Nm ടോർക്കും വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.
കീവേ സിക്‌സ്റ്റീസ് 300i: ഹംഗേറിയൻ ബ്രാൻഡ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്ന റെട്രോ-സ്റ്റൈൽ സ്‌കൂട്ടറാണ് സിക്‌സ്റ്റീസ് 300i. ബെനലി ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലുള്ള ചൈനീസ് മോട്ടോർസൈക്കിൾ നിർമാതാക്കളായ QianJiang മോട്ടോർസൈക്കിൾ ഗ്രൂപ്പിൻ്റെ ഭാഗമാണ് കീവേ. സ്‌കൂട്ടറിൻ്റെ രൂപകല്പന അറുപത് കാലഘട്ടങ്ങളിലെ മോഡലുകളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇന്ത്യയിൽ 3.30 ലക്ഷം രൂപയാണ് ഇതിന്റെ എക്സ്ഷോറൂം വില വരുന്നത്.
മികച്ച റെട്രോ സ്റ്റൈലിംഗും ബോക്‌സ് ആകൃതിയിലുള്ള ഹെഡ്‌ലൈറ്റ് ഡിസൈനുള്ള ഓൾ-എൽഇഡി ലൈറ്റിംഗ് സിസ്റ്റവും ആരുടെയും മനംമയക്കും വിധത്തിലാണ് കീവേ ഒരുക്കിയിരിക്കുന്നത്. 278.2 സിസി സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ് എഞ്ചിനാണ് ഈ റെട്രോ സ്‌കൂട്ടറിന്റെ ഹൃദയം. സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 6,500 ആർപിഎമ്മിൽ 18.4 bhp പവറഉം 5750 ആർപിഎമ്മിൽ 23.5 Nm ടോർക്കും വികസിപ്പിക്കാനാവും.

ബിഎംഡബ്ല്യു C400 GT: നിലവിൽ ഇന്ത്യയിൽ വിൽക്കുന്ന ഏറ്റവും പവർഫുൾ സ്കൂട്ടറാണിത്. ഒരു മാക്സി-സ്കൂട്ടർ ആയതിനാൽ തന്നെ ഭീമാകാരമായ വലിപ്പവും ഈ ജർമൻ മോഡലിനുണ്ട്. 7,500 ആർപിഎമ്മിൽ 33.5 bhp കരുത്തും 5,750 ആർപിഎമ്മിൽ 35 Nm ടോർക്കും നൽകുന്ന 350 സിസി, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ബിഎംഡബ്ല്യുവിന്റെ വാഹനത്തിന് തുടിപ്പേകുന്നത്. 11.25 ലക്ഷം രൂപയാണ് ഇതിന്റെ എക്സോറൂം വില.
വെസ്‌പ 946 ഡ്രാഗൺ: ഇന്ത്യയിലെ ഏറ്റവും വിലയേറിയ സ്‌കൂട്ടറാണ് അടുത്തിടെ പുറത്തിറക്കിയ വെസ്‌പ 946 ഡ്രാഗൺ. ഇറ്റാലിയൻ ബ്രാൻഡിന്റെ ഏറ്റവും പുതിയ ലിമിറ്റഡ് എഡിഷൻ മോഡലിന് 14.28 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില വരുന്നത്. ലോകമെമ്പാടുമായി 1,888 യൂണിറ്റുകളായി പരിമിതപ്പെടുത്തിയിരിക്കുന്ന ഡ്രാഗൺ പതിപ്പിന് 150 സിസി എഞ്ചിനാണ് സ്കൂട്ടറിന് കരുത്തേകുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








