ഈ ബൈക്കിന് വെട്ടിക്കുറച്ചത് 1.30 ലക്ഷം രൂപ, എൻഫീൽഡിന് ഇനി ഉറക്കമില്ലാ രാത്രികൾ
മോട്ടോർസൈക്കിൾ പ്രേമികളെ ആവേശത്തിലാഴ്‌ത്തിയുള്ള വരവായിരുന്നു ഇറ്റാലിയൻ ബ്രാൻഡായ മോട്ടോ മോറിനിയുടേത്. ആദിശ്വർ ഓട്ടോ റൈഡ് ഇന്ത്യയുമായി (AARI) പങ്കാളിത്തത്തോടെ രാജ്യത്തേക്ക് കടന്നുവന്ന ബ്രാൻഡിന്റെ മോഡൽ നിര കണ്ട് ഞെട്ടിയവരാണ് പല കമ്പനികളും. എക്‌സ്-കേപ്പ് 650, എക്‌സ്-കേപ്പ് 650X, സീമെസോ, റെട്രോ സ്ട്രീറ്റ്, സ്ക്രാംബ്ലർ എന്നിവയുമായാണ് മോട്ടോ മോറിനി ഇന്നിംഗ്‌സ് ആരംഭിച്ചത്.
എന്നാൽ റോയൽ എൻഫീൽഡ് കോണ്ടിനെന്റൽ ജിടിയും ഇന്റർസെപ്റ്ററും അരങ്ങുവാഴുന്ന 650 സെഗ്മെന്റിൽ കാര്യമായി തിളങ്ങാൻ മോട്ടോ മോറിനിക്ക് സാധിച്ചില്ല. വില കൂടുതലാണെന്ന കാരണം പറഞ്ഞാണ് പലരും ഈ ഇറ്റാലിയൻ മോട്ടോർസൈക്കിളുകളെ തഴഞ്ഞിട്ടിരുന്നത്. എന്നാൽ ഇപ്പോഴിതാ ഞെട്ടിക്കുന്ന തീരുമാനവുമായി രംഗത്തെത്തിയിരിക്കുകയാണ് ബ്രാൻഡ്. പേടിക്കേണ്ട തോറ്റുപിൻമാറാനല്ല, പകരം പൊരുതി നോക്കാനുള്ള ശ്രമങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്.

അതിന്റെ ഭാഗമായി മോട്ടോ മോറിനി ബൈക്കുകളുടെ ഔദ്യോഗിക വിതരണക്കാരായ ആദിശ്വർ ഓട്ടോ റൈഡ് ഇന്ത്യ എക്‌സ്-കേപ്പ് 650 ശ്രേണിയിൽ വമ്പൻ വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുകയാണ്. സ്റ്റാൻഡേർഡ് എക്‌സ്-കേപ്പ് മോട്ടോർസൈക്കിളിന് ഒറ്റയടിക്ക് 1.30 ലക്ഷം രൂപയാണ് കമ്പനി വെട്ടിക്കുറച്ചിരിക്കുന്നത്. പുതിയ തീരുമാനത്തോടെ ബൈക്ക് വെറും 5.99 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയോടെ വീട്ടിലെത്തിക്കാം.
എന്നാൽ ഇത് 2023 മോഡൽ ഇയർ വേരിയന്റുകളിൽ മാത്രമേ കിട്ടുകയൂള്ളുവെന്നും മോട്ടോ മോറിനി പ്രത്യേകം അറിയിച്ചിട്ടുണ്ട്. അതുപോലെ ഓഫ്-റോഡ് വേരിയന്റായ എക്‌സ്-കേപ്പ് 650X മോട്ടോർസൈക്കിളിനും ഒരുലക്ഷം രൂപയിലധികം വില കുറച്ചിട്ടുണ്ട്. പുതിയ പ്രഖ്യാപനത്തിന് ശേഷം വാഹനം ഇപ്പോൾ വെറും 6.49 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിൽ ലഭ്യമാണ്. ഈ പുതിയ വിലകൾ ഉടനടി പ്രാബല്യത്തിൽ വരുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. കൂടാതെ എല്ലാ കളർ ഓപ്ഷനുകൾക്കും ഇത് ബാധകമാണ് താനും.

2024-ലെ പുതിയ നിർമാണ തന്ത്രത്തിൻ്റെ ഫലമാണ് ഈ വിലക്കുറവ് എന്ന് മോട്ടോ മോറിനി പറയുന്നു. ഈ സെഗ്‌മെന്റിൽ നിലവിൽ കവസാക്കിയുടെ മോട്ടോർസൈക്കിളുകൾ ആധിപത്യം പുലർത്തുന്നുണ്ടെങ്കിലും ആദിശ്വർ ഓട്ടോ റൈഡ് ഇന്ത്യ എക്‌സ്-കേപ്പ് 650X എഡിവിയിലൂടെ വിപണി വിഹിതം പിടിച്ചെടുക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. വില കുറച്ചതോടെ എക്‌സ്-കേപ്പ് 650 ശ്രേണിയിലേക്ക് കൂടുതൽ ആളുകൾ എത്തിയേക്കുമെന്നാണ് വിലയിരുത്തൽ.
പുതുക്കിയ വില നിർണയത്തോടെ മോട്ടോ മോറിനി എക്‌സ്-കേപ്പ് 650 ശ്രേണി കൂടുതൽ വാല്യു ഫോർ മണി വാഗ്‌ദാനം ചെയ്യുമെന്നതിൽ സംശയമൊന്നും വേണ്ട. പ്രത്യേകിച്ച് അതിൻ്റെ വിപുലമായ ഫീച്ചർ നിരയിലേക്ക് നോക്കിയാൽ ഇതൊരു മികച്ച ഡീലാണെന്ന് മനസിലാക്കാം. ബ്രാൻഡിൻ്റെ വിൽപ്പനാനന്തര പിന്തുണയും മറ്റ് സർവീസ് സെന്റുകളുടെ എണ്ണത്തിലെ പരിമിതി ആളുകളെ പിന്നോട്ടു വലിക്കുന്ന കാര്യമാണ്.

മോട്ടോ മോറിനിയുടെ അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളുകളാണ് എക്‌സ്-കേപ്പ് നിരയിലുള്ളത്. 650, 650X എന്നിവയിൽ ഒരേ 649 സിസി, ലിക്വിഡ് കൂൾഡ്, ഇൻലൈൻ ട്വിൻ സിലിണ്ടർ എഞ്ചിനുകളാണ് പ്രവർത്തിക്കുന്നത്. ഇത് 60 bhp കരുത്തിൽ പരമാവധി 54 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള 6 സ്പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.
എൽഇഡി ലൈറ്റുകൾ, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള 7 ഇഞ്ച് ടിഎഫ്‌ടി കൺസോൾ, റൈഡിംഗ് മോഡുകൾ, യുഎസ്ബി ചാർജിംഗ് പോർട്ട്, എബിഎസ് എന്നിവയുൾപ്പെടെയുള്ള ആകർഷകമായ ഫീച്ചറുകളാലും മോട്ടോ മോറിനി എക്‌സ്-കേപ്പ് അഡ്വഞ്ചർ ബൈക്കുകൾ സമ്പന്നമാണ്. സെഗ്മെന്റിലെ മറ്റ് എതിരാളികൾക്കില്ലാത്ത ട്യൂബ്‌ലെസ് സ്‌പോക്ക് വീലുകളുമായാണ് ഇവ വരുന്നത് എന്നതും ശ്രദ്ധേയമായ കാര്യമാണ്.

മറ്റ് മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ മുൻവശത്ത് പൂർണമായും ക്രമീകരിക്കാവുന്ന 50 mm മർച്ചോസി USD ഫോർക്കും പിന്നിൽ പ്രീലോഡും ഡാംപിംഗ് അഡ്ജസ്റ്റ് ചെയ്യാവുന്ന KYB മോണോഷോക്ക് സസ്പെൻഷനുമാണ് മോട്ടോ മോറിനി എക്‌സ്-കേപ്പ് അഡ്വഞ്ചർ മോട്ടോർസൈക്കിളുകൾക്ക് സമ്മാനിച്ചിരിക്കുന്നത്. ഇന്ത്യയിലെ പ്രീമീയം എഡിവി വിഭാഗത്തിൽ ഹോണ്ട XL750 ട്രാൻസാൽപ്, സുസുക്കി V-സ്ട്രോം 800DE എന്നിവയുമായാണ് ഇറ്റാലിയൻ ബ്രാൻഡ് മത്സരിക്കുന്നത്.


Click it and Unblock the Notifications








