ഫുൾ ചാർജിൽ 220 കി.മീ. ഓടും, ബുള്ളറ്റിന് പകരക്കാരനാവാൻ ഈ പുതിയ ഇലക്‌ട്രിക് ബൈക്ക്
ഇന്ത്യയിലെ ഇരുചക്ര വാഹന വിപണി ഇപ്പോൾ ഭരിക്കുന്നത് ആരെന്ന് ചോദിച്ചാൽ ഇലക്‌ട്രിക് സ്‌കൂട്ടറുകളാണെന്ന് വേണം പറയാൻ. 108 രൂപായായി നിൽക്കുന്ന പെട്രോൾ വില കാരണം ടൂവീലർ വാങ്ങാൻ പോവുന്നവർക്കെല്ലാം ഇവികൾ മതിയെന്നായി. എല്ലാവരും സ്‌കൂട്ടറുകൾക്ക് പിന്നാലെ പായുമ്പോൾ വ്യത്യസ്‌തമായി എന്തെങ്കിലും വേണമെന്നുള്ളവർക്ക് നിരവധി ഇ-ബൈക്കുകളും ഇപ്പോൾ ആഭ്യന്തര വിപണിയിൽ ഇറങ്ങുന്നുണ്ട്.
അടുത്തിടെയായി വൈദ്യുത വാഹന രംഗത്ത് ട്രെൻഡായി മാറുകയാണ് ഇലക്‌ട്രിക് മോട്ടോർസൈക്കിളുകൾ. കൊമാക്കിയുടെ സഹോദര ബ്രാൻഡായ ഇലക്ട്രിക് വെഹിക്കിൾ സ്റ്റാർട്ടപ്പ് എംഎക്‌സ്‌മോട്ടോ (mXmoto) പുതിയൊരു ഇ-ബൈക്കുമായി ഇന്ത്യയിൽ എത്തിയിരിക്കുകയാണിപ്പോൾ. ബ്രാൻഡിന്റെ ആദ്യത്തെ mX9 മോഡലിന് ശേഷം പുറത്തിറക്കുന്ന രണ്ടാമത്തെ വൈദ്യുത മോട്ടോർസൈക്കിളാണിത്. പുതിയ എംഎക്‌സ്‌മോട്ടോ M16 ഒരു ഇലക്ട്രിക് ക്രൂയിസർ ബൈക്കായാണ് രൂപമെടുത്തിരിക്കുന്നതെന്ന് വേണം പറയാൻ.

കാഴ്ച്ചയിൽ ഒരു കളിപ്പാട്ടം പോലെയൊക്കെ തോന്നുമെങ്കിലും സംഗതി പുലിയാണെന്ന് വേണം പറയാൻ. ഒരുപാട് പ്രത്യേകതകളുമായി എത്തുന്ന വാഹനത്തിന് ഇന്ത്യയിൽ 1.98 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വിലയായി മുടക്കേണ്ടി വരുന്നത്. വില കൂടുതലാണെന്ന് തോന്നുമെങ്കിലും പെട്രോൾ പതിപ്പുകളേക്കാൾ ഏറെ ലാഭത്തിൽ കൊണ്ടുനടക്കാം എന്നതാണ് പ്രത്യേകത.
ബാറ്ററി പായ്ക്കിന് 8 വർഷത്തെ വാറണ്ടി, മോട്ടോർ കൺട്രോളറിന് 3 വർഷത്തെ വാറണ്ടി, ഫുൾ മെറ്റൽ ബോഡി എന്നിവ ഉൾപ്പെടെ നിരവധി ആനുകൂല്യങ്ങളാണ് എംഎക്‌സ്മോട്ടോ തങ്ങളുടെ M16 ഇലക്ട്രിക് ബൈക്കിനൊപ്പം അവതരിപ്പിച്ചിരിക്കുന്നത്. ഉയർന്ന പ്രതിരോധശേഷിയുള്ള മെറ്റൽ ബോഡി നമ്മുടെ നിരത്തുകൾക്ക് ഏറ്റവും ആവശ്യമായ കാര്യങ്ങളിൽ ഒന്നാണ്. കുണ്ടും കുഴിയുമെല്ലാം ചാടുമ്പോൾ വാഹനത്തിന് കേടുപാടുകളൊന്നും വരുന്നില്ലെന്ന് ഉറപ്പുവരുത്തുന്ന കാര്യമാണിത്.

മിക്ക ഇലക്ട്രിക് മോട്ടോർസൈക്കിൾ ബ്രാൻഡുകളെയും പോലെ നേക്കഡ് സ്ട്രീറ്റ് ശൈലിയിൽ നിന്നും വ്യത്യസ്തമായി എംഎക്‌സ്മോട്ടോ ഒരു ക്രൂയിസർ നിർമിക്കാൻ ധൈര്യം കാണിച്ചതും എടുത്തു പറയേണ്ട കാര്യമാണ്. പെട്രോൾ എഞ്ചിൻ സെഗ്‌മെൻ്റിൽ പോലും കുറച്ച് മത്സരാർഥികൾ ഉള്ള ഒരു വിഭാഗമാണിത്. എന്നാൽ ഇന്ത്യയിൽ ഇവി രംഗത്തേക്ക് നോക്കിയാൽ കൊമാക്കിയുടെ തന്നെ ക്രൂയിസർ മോഡൽ ലഭ്യമാണെങ്കിലും ഇത് കാര്യമായി ക്ലച്ചുപിടിച്ചിട്ടില്ലെന്നു വേണം പറയാൻ.
എംഎക്‌സ്മോട്ടോ M16 ഇലക്‌ട്രിക് മോട്ടോർസൈക്കിളിന് മസ്‌കുലാർ ടാങ്ക്, ചെറിയ ഫ്ലൈസ്‌ക്രീനോടുകൂടിയ വൃത്താകൃതിയിലുള്ള ഹെഡ്‌ലൈറ്റ്, ക്ലാസിക് സ്റ്റെപ്പ്-അപ്പ് ഡിസൈനുള്ള സിംഗിൾ പീസ് സീറ്റ്, വൈഡ് ഹാൻഡിൽബാർ, USD ഫോർക്കുകൾ, ഡ്യുവൽ റിയർ ഷോക്കുകൾ, 17 ഇഞ്ച് വീലുകൾ, രണ്ട് വശത്തും ഡിസ്‌ക് ബ്രേക്കുകൾ, ഒപ്പം ഫോർവേഡ്-സെറ്റ് ഫൂട്ട് പെഗുകൾ എന്നിവയെല്ലാമാണ് ബൈക്കിന്റെ പ്രധാന ഹൈലൈറ്റുകൾ.

ഇനി മറ്റ് ഫീച്ചറുകളുടെ കാര്യത്തിലേക്ക് വന്നാൽ മിക്ക ഇലക്ട്രിക് വാഹനങ്ങളെയും പോലെ എംഎക്‌സ്മോട്ടോ M16 ഇവിയും സമ്പന്നനാണ്. ഓൺബോർഡ് നാവിഗേഷൻ, കോൾ നോട്ടിഫിക്കേഷനുകൾ, ഒരു മ്യൂസിക് സിസ്റ്റം, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, TFT ഡിസ്‌പ്ലേ പോലുള്ള കാര്യങ്ങളെല്ലാം ഇതിൽ കിട്ടും. കൂടാതെ മോട്ടോർസൈക്കിളിന് ക്രൂയിസ് കൺട്രോൾ, പാർക്ക് അസിസ്റ്റ്, റിവേഴ്സ് മോഡ്, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് എന്നിവയും ലഭിക്കുന്നുണ്ട്.
ഏറ്റവും പുതിയ M16 ഇവിക്ക് ഒരു ലിഥിയം അയൺ ബാറ്ററി പായ്ക്കാണ് ഹൃദയമായി വരുന്നത്. ഒരു ഫുൾ ചാർജിൽ 160 മുതൽ 220 കിലോമീറ്റർ വരെ റേഞ്ച് നൽകാനും ഇലക്ട്രിക് മോട്ടോർസൈക്കിളിന് സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. മൂന്ന് മണിക്കൂറിനുള്ളിൽ ബാറ്ററി 0 മുതൽ 90 ശതമാനം വരെ റീചാർജ് ചെയ്യാൻ കഴിയുമെന്ന് കമ്പനി പറയുന്നുണ്ട്. അതേസമയം ഹബ് മൗണ്ടഡ് മോട്ടോർ 140 Nm torque വരെ ഉത്പാദിപ്പിക്കാനാണ് ട്യൂൺ ചെയ്‌തിരിക്കുന്നത്.
ബാറ്ററി പായ്ക്കിൻ്റെ വലിപ്പത്തെക്കുറിച്ചോ M16 ഇവിയുടെ ആക്സിലറേഷനെക്കുറിച്ചോ ഉയർന്ന വേഗതയെക്കുറിച്ചോ കമ്പനി യാതൊരു വിവരവും വെളിപ്പെടുത്തിയിട്ടില്ല. M16 കൂടാതെ കമ്പനിയുടെ ലൈനപ്പിൽ mX9 എന്നൊരു നേക്കഡ് സ്റ്റൈൽ ഇലക്ട്രിക് ബൈക്ക് കൂടിയുണ്ട്. 1.46 ലക്ഷം രൂപയാണ് പ്രാരംഭ എക്‌സ്ഷോറൂം വില വരുന്ന മോഡലിന് സിംഗിൾ ചാർജിൽ 140 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയും. ചെറിയ ദൈനംദിന യാത്രക്കായി ചെലവ് കുറഞ്ഞ പരിഹാരം തേടുന്ന ആളുകൾക്ക് ഇത്തരം ഇരുചക്രവാഹനങ്ങൾ വളരെയധികം സഹായകരമാണ്.


Click it and Unblock the Notifications








