1.11 ലക്ഷത്തിന് ഇത്രയും നല്ലൊരു ബൈക്ക് വേറെയില്ല, 'എക്‌സ്‌ട്രീം' മാറ്റങ്ങളുമായി എക്‌സ്‌ട്രീം 160R
ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപിന്റെ ഏറ്റവും വലിയ ആയുധമാണ് മോട്ടോർസൈക്കിളുകൾ. കമ്മ്യൂട്ടർ സെഗ്മെന്റിലാണ് കമ്പനിയുടെ മേധാവിത്വമുള്ളതെങ്കിലും മറ്റ് വിഭാഗങ്ങളിലേക്കും ഇറങ്ങി ചെല്ലാൻ ബ്രാൻഡ് തയാറായിട്ടുണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം. ഇക്കൂട്ടത്തിൽ 160 സിസി സെഗ്മന്റിലാണ് തങ്ങളുടെ തുറുപ്പുചീട്ടിനെ ഹീറോ സ്ഥാപിച്ചിട്ടുള്ളത്. പണ്ടത്തെ CBZ മോഡലിന്റെ പിൻമാഗിയായി വാഴ്ത്താനാവുന്ന എക്സ്ട്രീം 160 R എന്ന ബൈക്കിന്റെ കാര്യമാണീ പറഞ്ഞുവരുന്നത്. ബജാജ് പൾസർ സീരീസ്, ടിവിഎസ് അപ്പാച്ചെ എന്നിവയോടെ മല്ലിട്ട് തന്റേതായ സ്ഥാനം കണ്ടെത്തിയ നേക്കഡ് സ്ട്രീറ്റ് എൻട്രി ലെവൽ സ്പോർട്‌സ് മോട്ടോർസൈക്കിൾ യൂത്തിനിടയിൽ വലിയ പ്രാധാന്യം നേടിയെടുത്തിട്ടുണ്ട്.
കോളേജ് പയ്യൻമാർക്കെല്ലാം ചെത്തിയടിക്കാൻ പറ്റിയ ഹീറോ എക്‌സ്‌ട്രീം 160R മോട്ടോർസൈക്കിളിന്റെ താങ്ങാനാവുന്ന വിലയും സ്റ്റൈലിംഗും പെർഫോമൻസുമെല്ലാം ആരേയും വശീകരിക്കാൻ യോഗ്യമാണ്. കൃത്യമായ ഇടവേളകളിൽ ബൈക്കിനെ പരിഷ്ക്കാരിയാക്കാൻ കമ്പനി കാണിക്കുന്ന മനസും പ്രത്യേകം എടുത്തു പറയേണ്ട കാര്യമാണ്. ഇപ്പോഴിതാ അത്തരത്തിലൊരു അപ്ഡേറ്റുമായി വിപണിയിൽ വീണ്ടും അവതരിച്ചിരിക്കുകയാണ് വാഹനം.

കാഴ്ച്ചയിൽ മാറ്റങ്ങളൊന്നും ദൃശ്യമല്ലെങ്കിലും പുതിയ ഫീച്ചറുകളുടെ വരവാണ് പുതിയ ഹീറോ എക്‌സ്‌ട്രീം 160R 2V മോഡലിനെ സവിശേഷമാക്കുന്നത്. മോഡലിന്റെ സിംഗിൾ-ഡിസ്‌ക് വേരിയന്റിന് 1,11,111 രൂപയാണ് ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. ഇനി അപ്ഡേഷനുകൾ എന്തെല്ലാമാണെന്ന് നോക്കിയാൽ സെഗ്‌മെൻ്റിലെ ആദ്യ ഡ്രാഗ് റേസ് ടൈമർ ഫീച്ചർ ചേർത്ത സംഗതിയാണ് ഏറ്റഴും വലിയ ഹൈലൈറ്റ്.
ബൈക്കിൻ്റെ ആക്സിലറേഷനും വേഗതയും കൃത്യമായി നിരീക്ഷിക്കാൻ ആഗ്രഹിക്കുന്ന പെർഫോമൻസ് പ്രേമികൾക്കായാണ് ഈ ഫീച്ചർ ഡിസൈൻ ചെയ്‌തിരിക്കുന്നത്. ഡ്രാഗ് റേസ് ടൈമർ D1 , D2 എന്നിങ്ങനെ രണ്ട് വ്യത്യസ്ത മോഡുകളിലാണ് വരുന്നത്. ഇതിലെ D1 മോഡ് 0-60 കിലോമീറ്റർ ആക്സിലറേഷൻ ടൈമിംഗ് അളക്കുന്നതിനും D2 മോഡ് ക്വാർട്ടർ മൈൽ (402 മീ) സമയങ്ങൾ രേഖപ്പെടുത്തുന്നതിനുമാണ് കൊടുത്തിരിക്കുന്നത്.

സ്ലീക്കർ ടെയിൽ ലൈറ്റ് ഡിസൈനാണ് പുതിയ ഹീറോ എക്‌സ്‌ട്രീം 160R 2V മോട്ടോർസൈക്കിളിലേക്ക് വന്നിരിക്കുന്ന അടുത്ത നവീകരണം. റീഡിസൈൻ ചെയ്ത ടെയിൽ ലൈറ്റ് മുൻഗാമിയേക്കാളും കിടിലമാണെന്ന് പറയാതെ വയ്യ. ഇത് ബൈക്കിന് കൂടുതൽ പരിഷ്കൃതവും ആധുനികവുമായ രൂപമാണ് സമ്മാനിക്കുന്നത്. ടെയിൽ ലൈറ്റിൽ ഇപ്പോൾ ഹീറോയുടെ സിഗ്നേച്ചർ "H" മാർക്കും കാണാം. അങ്ങനെ മൊത്തിൽ പ്രീമിയം ഫീൽ കൊണ്ടുവരാനും ബ്രാൻഡിനായിട്ടുണ്ട്.
മെച്ചപ്പെട്ട പില്യൺ കംഫർട്ടും ഇനി മുതൽ എക്‌സ്‌ട്രീം 160R 2V എൻട്രി ലെവൽ സ്പോർട്‌സ് ബൈക്കിലുണ്ടാവും. ഇതിനായി പിൻസീറ്റിൽ ഹീറോ കാര്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. സീറ്റിന് ഇപ്പോൾ കൂടുതൽ ഫ്ലാറ്റായ ശൈലിയാണുള്ളത്. അത് റൈഡർക്കും യാത്രക്കാർക്കും കൂടുതൽ സുഖം പ്രദാനം ചെയ്യും. കൂടാതെ പിൻസീറ്റ് ഉയരം താഴ്ത്തിയിട്ടുമുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇതിലൂടെ യാത്രക്കാർക്ക് കയറാനും ഇറങ്ങാനും എളുപ്പമാക്കുന്നു.

മുമ്പ് ഏറെ പഴികേട്ടിരുന്ന സംഗതിയായിരുന്നു ബൈക്കിന്റെ പില്യൺ കംഫർട്ട്. ശരിയായ രീതിയിലല്ലാതിരുന്ന ഈ ക്രമീകരണം പിന്നിലിരിക്കുന്നവർക്ക് വലിയൊരു തലവേദനയായിരുന്നു. സീറ്റിലെ പരിഷ്ക്കാരത്തോടൊപ്പം പിൻവശത്തെ ഗ്രിപ്പും വിശാലമാക്കിയിട്ടുണ്ട്. അങ്ങനെ പിൻഭാഗത്തിന് കൂടുതൽ സുരക്ഷിതവും ആത്മവിശ്വാസവുമുള്ള ഗ്രിപ്പ് മോട്ടോർസൈക്കിൾ ഉറപ്പാക്കുകയും ചെയ്യുന്നു. ഈ മെച്ചപ്പെടുത്തലുകളെല്ലാം എക്‌സ്‌ട്രീം 160R 2V ബൈക്കിനെ കൂടുതൽ പ്രായോഗിക തിരഞ്ഞെടുപ്പാക്കി മാറ്റുമെന്ന് ഉറപ്പാണ്.
ഹീറോ എക്‌സ്‌ട്രീം 160R 2V ഒരൊറ്റ സ്റ്റെൽത്ത് ബ്ലാക്ക് കളർ ഓപ്ഷനിൽ മാത്രമാണ് വാങ്ങാനാവുക. സ്പോർട്‌സ് ബൈക്കിന്റെ ആക്രമണാത്മകവും സ്‌പോർട്ടി ലുക്കും കൂടുതൽ മെച്ചപ്പെടുത്തുന്ന നിറമാണിതെങ്കിലും മറ്റ് നിറങ്ങൾ കൂടി നൽകിയിരുന്നുവെങ്കിൽ സംഗതി ഉഷാറായിവുമായിരുന്നു. സിംഗിൾ-ഡിസ്ക് വേരിയൻ്റ് അവശ്യ പെർഫോമൻസ് സവിശേഷതകൾ നിലനിർത്തിക്കൊണ്ട് മൂല്യം നൽകുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.


Click it and Unblock the Notifications








