എക്‌സ്‌പൾസിനോടാണ് മത്സരം, ഹോണ്ടയുടെ അഡ്വഞ്ചർ സ്റ്റൈൽ ബൈക്കിൽ ഇനിയീ കിടിലൻ ഫീച്ചറും
അഡ്വഞ്ചർ ബൈക്കുകളുടെ (Adventure Bikes) കാലമാണിത്. പണ്ട് ഹീറോ ഇംപൾസിലൂടെയാണ് (Hero Impulse) ഇത്തരമൊരു മോഡലിനെ ഇന്ത്യക്കാർക്ക് പരിചിതമായതെങ്കിലും അന്ന് അത്തരമൊരു മോട്ടോർസൈക്കിളിനെ സ്വീകരിക്കാൻ ജനങ്ങൾ തയാറല്ലായിരുന്നു. എന്നാൽ പിന്നീട് സാക്ഷാൽ റോയൽ എൻഫീൽഡ് തന്നെ കളത്തിലേക്ക് ഹിമാലയൻ എന്നൊരു തട്ടുപൊളിപ്പൻ മോഡലുമായി എത്തിയതോടെ സംഗതി ഉഷാറായി. പിന്നെയെല്ലാവരും ഇത്തരം ബൈക്കുകൾക്ക് പിന്നാലെയാണെന്ന് മനസിലാക്കിയ കമ്പനികൾ മടിച്ചുനിൽക്കാതെ ഈ രംഗത്തേക്ക് ഇറങ്ങി. ഹീറോ എക്‌സ്‌പൾസിന് രൂപം കൊടുത്തപ്പോൾ ഹോണ്ട പക്കാ അഡ്വഞ്ചറിലേക്ക് മാറാതെ ക്രോസ്ഓവർ പതിപ്പിനെയാണ് രംഗത്തിറക്കിയത്.
അതായത് കഠിനമായ ഓഫ്-റോഡിംഗിന് കഴിവില്ലെങ്കിലും ചെറിയ ഓഫ്-റോഡിംഗ് ശേഷിയുള്ള CB200X മോട്ടോർസൈക്കിളിനെ കുറിച്ചാണീ പറഞ്ഞുവരുന്നത്. ഒരു അഡ്വഞ്ചർ ബൈക്കിന്റെ സ്റ്റൈലും എന്നാൽ എൻട്രി ലെവൽ സ്പോർട്‌സ് ബൈക്കിന്റെ പെർഫോമൻസും നൽകുന്ന മോഡലായാണ് ഇതിനെ കമ്പനി വിപണനം ചെയ്യുന്നത്. ഹോർനെറ്റ് 2.0 അടിസ്ഥാനമാക്കിയാണ് CB200X പണികഴിപ്പിച്ചിരിക്കുന്നത്.

രാജ്യത്തെ ഏറ്റവും താങ്ങാനാവുന്ന എൻട്രി ലെവൽ എഡിവി-സ്റ്റൈൽ ബൈക്കുകളിൽ ഒന്നാണിത്. പുതിയ മെക്കാനിക്കൽ അപ്‌ഡേറ്റുകൾ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് മൊത്തത്തിലുള്ള മികച്ച അനുഭവം ഉറപ്പാക്കാൻ ഹോണ്ട CB200X പുതുക്കി വിപണിയിൽ എത്തിച്ചിരിക്കുകയാണ് കമ്പനിയിപ്പോൾ. ഡിസൈനിലൊന്നും കൈവെക്കാൻ ഹോണ്ട തയാറായിട്ടില്ല. പകരം 2024 മോഡലിൽ റൈഡർമാരെ സഹായിക്കുന്ന മെക്കാനിക്കൽ നവീകരണങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്.
സ്ലിപ്പർ അസിസ്റ്റ് ക്ലച്ചിന്റെ വരവാണ് ഹോണ്ട CB200X എഡിവിയിലെ ഏറ്റവും പ്രധാനപ്പെട്ട കൂട്ടിച്ചേർക്കൽഈ സംവിധാനം ക്ലച്ച് ലിവർ പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ പ്രയത്നം കുറയ്ക്കുന്നു എന്നതിലുപരി തിരക്കേറിയ സിറ്റി ട്രാഫിക്കിലെ റൈഡിനെ ഇത് കൂടുതൽ എളുപ്പമാക്കുകയും ചെയ്യും. ഡൗൺഷിഫ്റ്റ് ചെയ്യുമ്പോൾ വീൽ ലോക്ക് തടയുന്നതിനും സ്ലിപ്പർ ഫംഗ്ഷൻ സഹായിക്കും.

സ്റ്റെബിലിറ്റിയും കൺട്രോളും വർധിപ്പിക്കുന്നതിനും റൈഡർ സുരക്ഷ മെച്ചപ്പെടുത്തുന്നതിനും പുറമേ, ട്രാക്കുകളിൽ വേഗമേറിയ ലാപ് സമയം നേടാനും സ്ലിപ്പർ ക്ലച്ചിന് കഴിയും. ഈ സവിശേഷതയ്ക്ക് പുറമെ ഹോണ്ട CB200X മോട്ടോർസൈക്കിളിൽ മറ്റ് പ്രധാന മാറ്റങ്ങളൊന്നുമില്ല. ബൈക്കിൻ്റെ സ്‌പോർട്ടി സ്റ്റൈലിനെ പൂരകമാക്കുന്ന ഓൾ എൽഇഡി ലൈറ്റിംഗ് സജ്ജീകരണമെല്ലാം അതേപടി നിലനിർത്തിയാണ് കമ്പനി വാഹനത്തെ വിപണിയിൽ എത്തിച്ചിരിക്കുന്നത്.
മെച്ചപ്പെട്ട ലൈറ്റിംഗ് സുരക്ഷാ വശങ്ങൾ മെച്ചപ്പെടുത്താനും സഹായിക്കുന്നു. ഉയർത്തിയതും സ്വെജ് ചെയ്തതുമായ ഹാൻഡിൽബാർ, എൽഇഡി വിങ്കറുകളുള്ള നക്കിൾ കവറുകൾ, ഉയരമുള്ള വൈസർ, സ്പ്ലിറ്റ് സ്റ്റെപ്പ്-അപ്പ് സീറ്റ് എന്നിവയാണ് ഹോണ്ട CB200X അഢ്വഞ്ചർ സ്റ്റൈൽ മോട്ടോർസൈക്കിളിലെ മറ്റ് പ്രധാന സവിശേഷതകൾ. ടാങ്കിന്റെ ഭാഗത്തായി നൽകിയിരിക്കുന്ന കീഹോൾ, സ്റ്റൈലിഷ് അലോയ് വീലുകൾ, റഗ്ഗഡ് അണ്ടർ-കൗൾ, അപ്സ്വെറ്റ് എക്‌സ്‌ഹോസ്റ്റ് എന്നിവയാണ് ബൈക്കിലെ മറ്റ് ഫീച്ചറുകൾ.

ഇതോടൊപ്പം എഞ്ചിൻ സ്റ്റോപ്പ് സ്വിച്ച്, ഹസാർഡ് സ്വിച്ച്, നെഗറ്റീവ് ഡിജിറ്റൽ എൽസിഡി ഡിസ്പ്ലേ എന്നിവയും ഹോണ്ടയുടെ ഈ മോഡലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പല ബൈക്കുകളിലും കാണുന്ന ഒരു സാധാരണ സവിശേഷതയായ ബ്ലൂടൂത്ത് കണക്റ്റീവിറ്റി പോലുള്ള സവിശേഷതകളൊന്നും CB200X എഡിവി സ്റ്റൈൽ മോഡലിൽ കമ്പനി നൽകിയിട്ടില്ലെന്നത് നിരാശപ്പെടുത്തുന്ന കാര്യമാണ്.
അഡ്വഞ്ചർ ടൂററായി വിപണനം ചെയ്യുന്ന ഇതിൽ യുഎസ്ബി ചാർജിംഗ് പോർട്ടും ഇല്ലെന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. അടുത്ത അപ്‌ഡേറ്റ് സൈക്കിളിൽ അത്തരം അത്യാവശ്യ സാങ്കേതിക സവിശേഷതകൾ ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കൾ എന്തായാലും അവതരിപ്പിക്കാൻ സാധ്യതയുണ്ട്. ഇനി ബൈക്കിന്റെ മെക്കാനിക്കൽ വശങ്ങളിലേക്ക് വന്നാൽ പുതിയ 17 bhp കരുത്തിൽ 15.9 Nm torque നൽകുന്ന അതേ 184.4 സിസി എഞ്ചിനാണ് 2024 ഹോണ്ട CB200X പതിപ്പിലും പ്രവർത്തിക്കുന്നത്.

സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള 5-സ്പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. 1.47 ലക്ഷം രൂപയാണ് മോട്ടോർസൈക്കിളിനായി ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറം വില. ഈ സെഗ്മെന്റിൽ പക്കാ ഓഫ്-റോഡറായ ഹീറോ എക്‌സ്‌പൾസ് 200 4V മോഡലുമായാണ് ഹോണ്ട CB200X മത്സരിക്കുന്നത്. ഹീറോയുടെ ബൈക്കിന് 1.46 ലക്ഷം രൂപയാണ് പ്രാരംഭ വിലയായി മുടക്കേണ്ടി വരുന്നത്.


Click it and Unblock the Notifications








