3.43 ലക്ഷത്തിന്റെ നിഞ്ച, കൊതിപ്പിക്കുന്ന മാറ്റങ്ങളുമായി രാജ്യത്തെ കുറഞ്ഞ വിലയുള്ള ട്വിൻ സിലിണ്ടർ ബൈക്ക്
സപോർട്‌സ് മോട്ടോർസൈക്കിളുകളുടെ രാജകുമാരൻമാരാണ് കവസാക്കി. യുവാക്കളുടെ ഡ്രീം ബൈക്കുകളാണ് ജനപ്രിയ നിഞ്ച സീരീസ്. പണ്ട് ബജാജിന്റെ കൈപിടിച്ച് കമ്മ്യൂട്ടർ മോട്ടോർസൈക്കിൾ പുറത്തിറക്കിയാണ് ജീപ്പനീസ് ബ്രാൻഡ് ആഭ്യന്തര വിപണിയിൽ അഡ്രസുണ്ടാക്കി എടുത്തതെങ്കിലും ഇന്ന് കാണുന്ന നിലയിലേക്ക് പടർന്ന് പന്തലിച്ചത് സ്വന്തം കാലിൽ നിന്നുകൊണ്ടാണെന്ന് വേണം പറയാൻ. വിലയുടെ കാര്യത്തിൽ പലർക്കും എത്തിപ്പിടിക്കാനാവാത്തിടത്താണ് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളുടെ സ്ഥാനമെങ്കിലും മിക്കവരും നിഞ്ച വാങ്ങാൻ ആഗ്രഹിക്കുന്നവരാണ്. അത്തരക്കാർക്കായി കവസാക്കി ഇന്ത്യയിൽ അവതരിപ്പിച്ച മോഡലാണ് നിഞ്ച 300 (Kawasaki Ninja 300).
ബേബി നിഞ്ചയെന്ന വിളിപ്പേരുള്ള ബൈക്ക് അടിക്കടി വേഷം മാറിയെത്താറുമുണ്ട്. ഇപ്പോഴിതാ ഏറ്റവും പുതിയ 2024 മോഡൽ നിഞ്ച 300 വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് കവസാക്കി മോട്ടോർ ഇന്ത്യ. രാജ്യത്തെ ഏറ്റവും കുറഞ്ഞ വിലയുള്ള നിഞ്ച മോട്ടോർസൈക്കിളായാണ് ഇതിനെ കമ്പനി മാർക്കറ്റ് ചെയ്യുന്നതും. കാൻഡി ലൈം ഗ്രീൻ, മെറ്റാലിക് മൂൺഡസ്റ്റ് ഗ്രേ എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളാണ് പുതുക്കിയ പതിപ്പിൽ ബ്രാൻഡ് കൊണ്ടുവന്നിരിക്കുന്നത്.

പുത്തൻ കളർ ഓപ്ഷനൊപ്പം പുതിയ ബോഡി ഗ്രാഫിക്‌സും കൂടി ചേരുന്നതോടെ സംഭവം കളറാവുന്നുണ്ട്. ലൈം ഗ്രീൻ ഷേഡ് പുതിയ മോഡൽ ഇയറിലും മാറ്റമില്ലാതെ നിലനിർത്തിയിട്ടുമുണ്ട്. വിലയിലും മാറ്റമില്ലെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. 2024 കവസാക്കി നിഞ്ച 300 സീരീസിന് 3.43 ലക്ഷം രൂപ മുതലാണ് എക്സ്ഷോറൂം വില ആരംഭിക്കുന്നത്. അങ്ങനെ നോക്കുമ്പോൾ പ്രീമിയം ബൈക്ക് നിരയിൽ തെരഞ്ഞെടുക്കാനാവുന്ന നല്ലൊരു ഓപ്ഷനായി വാഹനം മാറുന്നുമുണ്ട്.
ബ്രാൻഡിൻ്റെ മറ്റ് മോട്ടോർസൈക്കിളുകളെ അപേക്ഷിച്ച് കവസാക്കി നിഞ്ച 300 വളരെയധികം പ്രാദേശികവൽക്കരിക്കപ്പെട്ടിരിക്കുന്നതിനാലാണ് ഇത്രയും വില കുറയാൻ കാരണമായിരിക്കുന്നത്. അതിനാൽ തന്നെ ബൈക്ക് വാങ്ങാൻ ആളെത്തുന്നുമുണ്ട്. 2018-ൽ ആഗോളതലത്തിൽ നിഞ്ച 400 എത്തിയതോടെ 300 സിസി നിഞ്ച വിദേശത്തെല്ലാം നിർത്തലാക്കുകയുണ്ടായി. എന്നാൽ ഇവിടുത്തെ ഡിമാന്റ് കാരണം ഇന്ത്യൻ വിപണിയിൽ മോട്ടോർസൈക്കിളിന്റെ വിൽപ്പന തുടരുകയായിരുന്നു.

നിഞ്ച 300 സ്പോർട്‌സ് മോട്ടോർസൈക്കിളിന്റെ വിൽപ്പന തുടരുന്ന അവസാന വിപണികളിലൊന്നാണ് ഇന്ത്യ. ആകസ്മികമായിട്ടാണെങ്കിലും നിഞ്ച 300, നിഞ്ച 400 മോഡലുകക്ഷ ഈ വർഷം ആദ്യം വരെ ഇന്ത്യയിൽ വിറ്റഴിച്ചിരുന്നു. അടുത്തിടെ 400 സിസി പതിപ്പിന് പകരക്കാരനായി നിഞ്ച 500 എത്തുകയും ചെയ്‌തിരുന്നു. എങ്കിലും ഇവയേക്കാളും വിൽപ്പന പിടിക്കുന്ന ബേബി നിഞ്ച അടുത്ത കാലത്തൊന്നും മാറ്റിസ്ഥാപിക്കാൻ ജാപ്പനീസ് ബ്രാൻഡിന് ഉദ്ദേശമില്ലെന്നാണ് വിവരം.
2013-ലാണ് കവസാക്കി നിഞ്ച 300 വിപണിയിൽ എത്തുന്നത്. ഒരു പതിറ്റാണ്ട് പിന്നിടുമ്പോഴും പിടിച്ചുനിൽക്കാനാവുന്നത് കൈയടി അർഹിക്കുന്നുണ്ട്. ട്വിൻ ഹെഡ്‌ലാമ്പുകളും ഷാർപ്പ് സ്‌റ്റൈൽ ഫെയറിംഗും ഉള്ള കാലാകാലങ്ങളായുള്ള ഡിസൈൻ മാറ്റമില്ലാതെ തുടരുകയാണ്. സമീപ വർഷങ്ങളിൽ ഒരു പില്യൺ ഗ്രാബ് റെയിലും ഒരു സാരി ഗാർഡും കമ്പനി അധികമായി നൽകിയിട്ടുണ്ട്. ഏത് ആഡംബര ബൈക്കാണെങ്കിലും അമ്മമാരെല്ലാം കയറുമ്പോൾ ഇതെല്ലാം സഹായകരമാവുന്ന നീക്കമാണ്.

ആയതിനാൽ പില്യൺ ഗ്രാബ് റെയിലും സാരി ഗാർഡും ബൈക്കിലേക്ക് കൊണ്ടുവന്നത് നല്ലൊരു തീരുമാനമായിരുന്നു. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള 6-സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയ 296 സിസി ട്വിൻ സിലിണ്ടർ, ലിക്വിഡ് കൂൾഡ് എഞ്ചിനാണ് കവസാക്കി നിഞ്ച 300 സ്പോർട്‌സ് ബൈക്കിന് കരുത്ത് പകരുന്നത്. ഇത് 38.88 bhp പവറിൽ പരമാവധി 26.1 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.
ട്യൂബുലാർ ഡയമണ്ട്-ടൈപ്പ് ഷാസിയിലാണ് കവസാക്കിയുടെ ഫുൾ-ഫെയർഡ് സ്പോർട് ബൈക്ക് പണിതിരിക്കുന്നത്. അതേസമയം സസ്‌പെൻഷൻ ചുമതലകൾക്കായി മുൻവശത്ത് ടെലിസ്കോപ്പിക് ഫോർക്കുകളും പിന്നിൽ ഒരു മോണോഷോക്ക് യൂണിറ്റുമാണ് കമ്പനി ഉപയോഗിച്ചിരിക്കുന്നത്. ബ്രേക്കിംഗിനായി രണ്ട് അറ്റത്തും സിംഗിൾ ഡിസ്ക്ക് ബ്രേക്കാണ് ഒരുക്കിയിരിക്കുന്നത്. അധിക സുരക്ഷക്കായി ഡ്യുവൽ-ചാനൽ എബിഎസ് സ്റ്റാൻഡേർഡായി തന്നെ കൊടുത്തിട്ടുമുണ്ട്.

17 ഇഞ്ച് അലോയ് വീലുകളിലാണ് നിഞ്ച 300 വിപണിയിലേക്ക് വരുന്നത്. ഇന്ത്യയിലെ എൻട്രി ലെവൽ പെർഫോമൻസ് മോട്ടോർസൈക്കിൾ സെഗ്‌മെൻ്റിൽ കെടിഎം RC 390, യമഹ R3, അപ്രീലിയ RS457, ടിവിഎസ് അപ്പാച്ചെ RR 310, ബിഎംഡബ്ല്യു G310 RR പോലുള്ള തട്ടുപൊളിപ്പൻ മോഡലുകളുമായാണ് കവസാക്കിയുടെ ബേബി നിഞ്ച മത്സരിക്കുന്നത്. എന്നാൽ ഈ വിഭാഗത്തിലെ ട്വിൻ സിലിണ്ടർ മോട്ടോർസൈക്കിളുകളിൽ ഏറ്റവും താങ്ങാനാവുന്ന വിലയാണ് നിഞ്ചക്കുള്ളത്.


Click it and Unblock the Notifications








