1.10 ലക്ഷത്തിന് 136 കി.മീ. റേഞ്ചുള്ള ഫാമിലി ഇലക്‌ട്രിക് സ്‌കൂട്ടറുമായി ആംപിയർ; റിസ്‌തക്ക് മുമ്പേ കൈയിൽകിട്ടും
ഇലക്ട്രിക് ഇരുചക്ര വാഹന രംഗത്ത് അടുത്തിടെയായി കേൾക്കാൻ തുടങ്ങിയ പേരാണ് ഫാമിലി ഇലക്‌ട്രിക് സ്‌കൂട്ടറുകളുടേത്. എല്ലാത്തരം ഉപഭോക്താക്കൾക്കും ഒരേപോലെ ഉപയോഗിക്കാനാവുന്ന തരത്തിലുള്ള മോഡലുകളാണിവയെന്ന് പൊതുവേ പറയാം. കൂടുതൽ സാധനങ്ങൾ കയറ്റാവുന്ന തരത്തിൽ സ്റ്റോറേജ് സ്പേസുള്ളതും പെർഫോമൻസിന് അധിക പ്രാധാന്യം കൊടുക്കാതെ റേഞ്ചിന് പരിഗണിച്ചാണ് ഇവ പൊതുവേ നിർമിക്കാറ്.
ഏഥർ എനർജിയുടെ റിസ്‌തയാണ് ഫാമിലി സ്‌കൂട്ടർ എന്ന വാക്കിനെ ജനകീയമാക്കിയത്. ഇതിന്റെ ചുവടുപിടിച്ച് ഇപ്പോഴിതാ ഗ്രീവ്‌സ് കോട്ടണ്‍ ലിമിറ്റഡിന്റെ വൈദ്യുത വാഹന വിഭാഗമായ ഗ്രീവ്‌സ് ഇലക്ട്രിക് മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡും ആമ്പിയർ ബ്രാൻഡിന് കീഴിൽ പുതിയൊരു ഇലക്ട്രിക് സ്‌കൂട്ടർ പുറത്തിറക്കിയിരിക്കുകയാണ്. ആംപിയര്‍ നെക്‌സസ് എന്നുപേരിട്ടിരിക്കുന്ന ഇവി അവതരണത്തിന് മുമ്പേ വാർത്തകളിൽ ഇടംപിടിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം നടന്ന 2023 ഓട്ടോ എക്‌സ്‌പോയില്‍ കണ്‍സ്‌പെ്റ്റ് രൂപത്തില്‍ അവതരിപ്പിച്ചിരുന്ന ആംപിയർ നെക്‌സസ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സിൽ ഇടംനേടിയിരുന്നു. വൈറ്റ് സാന്‍ഡില്‍ വരച്ച ഏറ്റവും വലിയ ഇലക്ട്രിക് സ്‌കൂട്ടര്‍ ബ്രാന്‍ഡ് ലോഗോ, പിക്കപ്പ് ട്രക്ക് ടോ ആദ്യത്തെ ഇലക്ട്രിക് സ്‌കൂട്ടര്‍ എന്നീ റെക്കോര്‍ഡുകളോടെയാണ് പുതിയ ആംപിയർ ഇവി സ്വന്തമാക്കിയത്. ഒപ്പം കശ്മീരിൽ നിന്നും കന്യാകുമാരി വരെ ഓടിയെത്തിയും വാഹനം റെക്കോർഡിട്ടിരുന്നു.
ഈ നേട്ടങ്ങൾക്കൊപ്പം ഇന്ത്യയിലെ ആദ്യത്തെ ഹൈ-പെർഫോമൻസ് ഫാമിലി ഇലക്‌ട്രിക് സ്‌കൂട്ടറായാണ് ആംപിയര്‍ നെക്‌സസ് അവതരണത്തിന് എത്തിയിരിക്കുന്നത്. 1,09,900 രൂപയുടെ പ്രാരംഭ എക്സ്ഷോറൂം വില മാത്രമാണ് ഈ കിടിലൻ മോഡലിനായി മുടക്കേണ്ടി വരുന്നത്. പൂര്‍ണമായും ഇന്ത്യയില്‍ രൂപകല്‍പ്പന ചെയ്ത് വികസിപ്പിച്ച് നിർമിച്ച ഇവിയാണ് ഇതെന്നും ഗ്രീവ്‌സ് ഇലക്ട്രിക് മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡ് അവകാശപ്പെടുന്നുണ്ട്.

ഇതാദ്യമായി ഒന്നില്‍ കൂടുതല്‍ നവീനതകളും ഈ ഗണത്തിലെ ഏറ്റവും മികച്ച സവിശേഷതകളും അവകാശപ്പെടുന്ന തരത്തിലാണ് ആംപിയര്‍ നെക്‌സസ് പണികഴിപ്പിച്ചിരിക്കുന്നത്. സന്‍സ്‌കാര്‍ അക്വ, ഇന്ത്യന്‍ റെഡ്ഡ്, ലൂണാര്‍ വൈറ്റ്, സ്റ്റീല്‍ ഗ്രേ എന്നീ കിടിലൻ കളർ ഓപ്ഷനുകളിൽ ഇവി സ്വന്തമാക്കാനുമാവും. ശരിക്കും പറഞ്ഞാൽ EX, ST എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് സ്കൂട്ടർ വിപണിയിൽ എത്തുന്നത്.
ഇവയ്ക്ക് യഥാക്രമം 1.10 ലക്ഷം, 1.20 ലക്ഷം എന്നിങ്ങനെയാണ് എക്സ്ഷോറൂം വില വരുന്നത്. പ്രാരംഭ ഓഫർ അവസാനിക്കുമ്പോൾ ഈ വിലകൾ 10,000 രൂപയോളം വർധിക്കുമെന്നും ആംപിയർ പറയുന്നുണ്ട്. ബുക്കിംഗ് ഇതിനോടകം ആരംഭിച്ച നെക്സസ് ഇലക്ട്രിക് സ്കൂട്ടറിനായുള്ള ഡെലിവറി മെയ് രണ്ടാം പകുതിയിൽ ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. ഡിസൈനിലേക്ക് നോക്കിയാൽ ശരിക്കും വളരെ ലളിതമായാണ് വാഹനം രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.

എന്നിരുന്നാലും ആരേയും മോഹിപ്പിക്കും വിധമുള്ള ആകാരമാണ് ഇലക്‌ട്രിക് സ്‌കൂട്ടറിനുള്ളത് എന്നുവേണം പറയാൻ. ടെലിസ്‌കോപ്പിക് ഫോർക്കും ഡ്യുവൽ റിയർ ഷോക്ക് അബ്‌സോർബറുകളും ഫീച്ചർ ചെയ്യുന്ന ഫാമിലി ഫോക്കസ്ഡ് ഇലക്ട്രിക് സ്‌കൂട്ടറായി തന്നെയാണ് മോഡലിന്റെ വരവ്. ഇവിയുടെ സീറ്റിന് 712 മില്ലീമീറ്റർ നീളവും സീറ്റ് ഹൈറ്റ് 765 മില്ലീമീറ്ററുമാണ് എന്നതിനാൽ ഏത് ഉയരത്തിലുള്ള ആളുകൾക്കും വാഹനം എളുപ്പത്തിൽ കൈകാര്യം ചെയ്യാനാവും.
എൽഇഡി ലൈറ്റിംഗ് സ്റ്റാൻഡേർഡായി നൽകിയതും കൈയടി അർഹിക്കുന്നുണ്ട്. വലിപ്പത്തിലേക്ക് നോക്കിയാൽ ആംപിയർ നെക്‌സസ് ഇലക്ട്രിക് സ്‌കൂട്ടറിന് 1,319 mm വീൽബേസ് നീളവും 170 mm ഗ്രൗണ്ട് ക്ലിയറൻസും 235 mm ഫ്ലോർബോർഡ് സ്പേസുമുണ്ടെന്നാണ് കമ്പനി പറയുന്നത്. ബ്രേക്കിംഗിലേക്ക് നോക്കിയാൽ നെക്‌സസിന് ഫ്രണ്ട് ഡിസ്‌ക് ബ്രേക്കും പിൻവശത്ത് ഡ്രം ബ്രേക്ക് സെറ്റപ്പുമാണ് ഒരുക്കിയിരിക്കുന്നത്.

12 ഇഞ്ച് അലോയ് വീലുകളും നെക്‌സസ് ഫാമിലി ഇലക്ട്രിക് സ്കൂട്ടറിൽ സ്റ്റാൻഡേർഡായി തന്നെ ലഭിക്കുന്നുണ്ട്. ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ടേൺ-ബൈ-ടേൺ നാവിഗേഷനുമുള്ള 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ST വേരിയന്റിലെ സവിശേഷതയാണ്. അതേസമയം ടോപ്പ് എൻഡ് EX പതിപ്പിൽ 6.2 ഇഞ്ച് സെഗ്മെൻ്റഡ് എൽസിഡി സ്ക്രീനാണ് സജ്ജീകരിച്ചിരിക്കുന്നത്. പരമ്പരാഗത സ്വിച്ചുകൾക്കുപകരം ടേൺ ഇൻഡിക്കേറ്ററുകൾ സജീവമാക്കുന്നതിനുള്ള ബട്ടണുകളും നെക്‌സസിനെ വേറിട്ടുനിർത്തുന്ന കാര്യമാണ്.
ഒരു മിഡ് മൌണ്ടഡ് പെർമനെന്റ് മാഗ്നെറ്റ് മോട്ടോറുമായി ജോടിയാക്കിയ 3 kWh LFP ബാറ്ററി പായ്ക്കാണ് ആംപിയർ നെക്‌സസ് ഇലക്ട്രിക് സ്‌കൂട്ടറിന് തുടിപ്പേകാൻ എത്തിയിരിക്കുന്നത്. ഇത് പരമാവധി 4 kW പവർ വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഹൈജീൻ റിവേഴ്‌സ് മോഡ് കൂടാതെ ഇക്കോ, സിറ്റി, പവർ, ലിമ്പ് ഹോം എന്നിങ്ങനെ നാല് റൈഡ് മോഡുകളും വാഹനത്തിലുണ്ട്. നെക്‌സസ് ഇവിയുടെ ടോപ്പ് സ്പീഡ് 93 കിലോമീറ്റർ വേഗത കൈവരിക്കും.

സിറ്റി മോഡിൽ വേഗത മണിക്കൂറിൽ 63 കിലോമീറ്ററായും ഇക്കോയിൽ അത് 42 കിലോമീറ്ററായും പരിമിതപ്പെടുത്തുന്നുണ്ട്. ആംപിയർ നെക്‌സസിൻ്റെ ഗ്രേഡബിലിറ്റി 16 ഡിഗ്രിയാണെന്നും കമ്പനി പറയുന്നു. പുതിയ ഫാമിലി പെർഫോമൻസ് ഇല്ട്രിക് സ്‌കൂട്ടറിന് സിംഗിൾ ചാർജിൽ 136 കിലോമീറ്റർ വരെ സർട്ടിഫൈഡ് റേഞ്ച് ഉണ്ടെന്ന് ബ്രാൻഡ് പറയുന്നു. ചാർജ് ചെയ്യാനുള്ള സമയം 3 മണിക്കൂറും 30 മിനിറ്റും ആണ്. എന്നാൽ ഒരു ഫാസ്റ്റ് ചാർജർ ഓപ്ഷനായി ലഭ്യമാകും.


Click it and Unblock the Notifications








