ഇതൊന്ന് ഓടിച്ചാൽ പിന്നെ എസ്‌യുവി വാങ്ങില്ല, രാജ്യത്തെ ഏറ്റവും വില കൂടിയ അഡ്വഞ്ചർ ബൈക്കുമായി അപ്രീലിയ
സൂപ്പർബൈക്കുകൾക്ക് ഏറ്റവും ഡിമാന്റുള്ള രാജ്യങ്ങളിൽ ഒന്നായി നമ്മുടെ ഇന്ത്യ വളർന്നു കഴിഞ്ഞു. പലർക്കും ഇത്തരം മോഡലുകൾ സുപരിചിതമായത് ജോൺ ഏബ്രഹാം വില്ലനായി വന്ന ധൂം എന്ന സൂപ്പർഹിറ്റ് ഹിന്ദി സിനിമയിലൂടെയാണെന്ന് വേണം പറയാൻ. അതേ താരത്തെ കമ്പനിയുടെ ബ്രാൻഡ് അംബാസിഡറാക്കി കളിക്കാൻ ഒരുങ്ങുകയാണ് ഇറ്റാലിയൻ ഇരുചക്ര വാഹന നിർമാതാക്കളായ അപ്രീലിയ.
സ്‌കൂട്ടറുകളിലൂടെയാണ് ഇന്ത്യക്കാർക്ക് അപ്രീലിയയെ പരിചയമെങ്കിലും ഇനി ഇവരറിയപ്പെടുക ചില കിടിലൻ സൂപ്പർബൈക്കുകളിലൂടെയാവും. ആഗോളതലത്തിൽ നല്ല ഒന്നാന്തരം സൂപ്പർബൈക്കുകൾ നിർമിക്കുന്ന ബ്രാൻഡ് ദേ ഇന്ത്യൻ വിപണിയിൽ പുത്തൻ 3 മോഡലുകൾ പുറത്തിറക്കി പുതിയ അദ്ധ്യായത്തിന് തുടക്കം കുറിക്കുകയാണ്. പൂർണമായും ഇന്ത്യയിൽ നിർമിച്ച RS 457 എന്ന എൻട്രി ലെവൽ സൂപ്പർബൈക്കിനൊപ്പം ട്യൂണോ 660, RS 660, ടുവാരഗ് 660 എന്നീ മോഡലുകളും ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുകയാണ് ബ്രാൻഡ്.

അപ്രീലിയ ഇന്ത്യയിൽ അവതരിപ്പിച്ച തങ്ങളുടെ ആദ്യത്തെ മിഡിൽവെയ്റ്റ് അഡ്വഞ്ചർ മോട്ടോർസൈക്കിളായ ടുവാരഗ് 660 ബൈക്കിനെ കുറിച്ചാണ് ഇവിടെ വിശദീകരിക്കാൻ പോവുന്നത്. കംപ്ലീറ്റ്ലി ബിൽറ്റ് യൂണിറ്റായി (CBU) വിപണിയിലെത്തുന്ന മോഡൽ ആട്രിഡ്സ് ബ്ലാക്ക്, ക്യാന്യൻ സാന്റ്, ഇവോക്കേറ്റീവ് ഡാക്കർ പോഡിയം എന്നിങ്ങനെ 3 കളർ ഓപ്ഷനുകളിലാണ് വാങ്ങാനാവുന്നത്. തെരഞ്ഞെടുക്കുന്ന നിറം അനുസരിച്ച് വിലയിലും വ്യത്യാസമുണ്ടാവും.
ആദ്യത്തെ രണ്ട് നിറങ്ങളുള്ള മോഡലിന് എന്നിവയ്ക്ക് 18.85 ലക്ഷം രൂപയാണ് ഇന്ത്യയിൽ വരുന്ന എക്‌സ്‌ഷോറൂം വില. അതേസമയം അപ്രീലിയ ടുവാരെഗ് 660 ഡാക്കർ പോഡിയത്തിന് 19.16 ലക്ഷം രൂപയുമാണ് മുടക്കേണ്ടി വരിക. അതായത് രാജ്യത്തെ ഏറ്റവും വിലകൂടിയ മിഡിൽവെയ്റ്റ് അഡ്വഞ്ചർ ടൂറർ ബൈക്കായി അപ്രീലിയ ടുവാരെഗ് മാറുന്നുവെന്ന് സാരം. ഇറ്റാലിയൻ ബ്രാൻഡിന്റെ ഏറ്റവും പുതിയ 660 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള മൂന്നാമത്തെ മോട്ടോർസൈക്കിളാണിത്.

ഡാകർ ബൈക്കുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട പർപ്പസ്‌ഫുൾ ഡിസൈനാണ് ബൈക്കിന് ലഭിക്കുന്നത്. സ്പോർട്സ് മിനിമൽ ഫെയറിംഗിനൊപ്പം ടോളർ വിൻഡ്‌സ്‌ക്രീൻ, എൽഇഡി ഹെഡ്‌ലാമ്പ്, ഫ്യുവൽ ടാങ്ക് ഡിസൈൻ, റേഡിയേറ്റർ ആവരണം എന്നിവയെല്ലാം ഏത് സാഹചര്യങ്ങളേയും നേരിടാനുള്ള അഡ്വഞ്ചർ ടൂററിന്റെ കഴിവിനെയാണ് എടുത്തു കാണിക്കുന്നത്. അതേസമയം എക്സ്പോസ്ഡ് ട്രെല്ലിസ് ഫ്രെയിം ടുവാരഗിന്റെ പരുക്കൻ ആകർഷണം വർധിപ്പിക്കുന്നുമുണ്ട്.
പിൻഭാഗം കാണാനും വളരെ രസമാണ്. ടെയിൽ ലൈറ്റിനും ഇൻഡിക്കേറ്ററിനും ഒപ്പം നമ്പർ പ്ലേറ്റ് ഹോൾഡറും എല്ലാം കഴിയുന്നത്ര ചെറുതാക്കി നിലനിർത്താനുള്ള ശ്രമമാണ് അപ്രീലിയ നടത്തിയിരിക്കുന്നത്. ഫീച്ചറുകളിലേക്ക് നോക്കിയാലും ആള് പുലിയാണ്. നാല് റൈഡിംഗ് മോഡുകൾ, മൾട്ടി ലെവൽ ട്രാക്ഷൻ കൺട്രോൾ, സ്വിച്ചബിൾ എബിഎസ്, ക്രൂയിസ് കൺട്രോൾ, എഞ്ചിൻ ബ്രേക്ക് കൺട്രോൾ എന്നിവയും അതിലേറെയും ഉൾപ്പെടെയുള്ള കാര്യങ്ങൾ മോട്ടോർസൈക്കിളിൽ കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്.

ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള 5 ഇഞ്ച് TFT ഡിസ്‌പ്ലേയാണ് ഈ ലക്ഷ്വറി അഡ്വഞ്ചർ ടൂറർ ബൈക്കിന് ലഭിക്കുന്നത്. ടുവാരെഗിന്റെ സീറ്റ് ഹൈറ്റ് 860 മില്ലീമീറ്ററായും ഗ്രൗണ്ട് ക്ലിയറൻസ് 240 മില്ലീമീറ്ററായുമാണ് സജ്ജീകരിച്ചിരിക്കുന്നത്. RS660, ട്യൂണോ 660 എന്നിവയുമായി പങ്കിടുന്ന 659 സിസി, ലിക്വിഡ്-കൂൾഡ്, പാരലൽ-ട്വിൻ എഞ്ചിനാണ് മോഡലിന്റെ ഹൃദയം. പക്ഷേ അഡ്വഞ്ചർ ടൂററിന്റെ സ്വഭാവ സവിശേഷതകൾക്ക് അനുസരിച്ച് എഞ്ചിൻ റീട്യൂൺ ചെയ്‌തിട്ടുണ്ടെന്നാണ് ഇറ്റാലിയൻ ഇരുചക്ര വാഹന നിർമാതാക്കൾ അവകാശപ്പെടുന്നത്.
ഈ പാരലൽ ട്വിൻ എഞ്ചിന് 9,250 ആർപിഎമ്മിൽ പരമാവധി 80 bhp പവറും 6,500 ആർപിഎമ്മിൽ 70 Nm ടോർക്കും വരെ ഉത്പാദിപ്പിക്കാനാവും. ക്വിക്ക്‌ഷിഫ്‌റ്ററുള്ള 6-സ്പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. മറ്റ് മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ സസ്പെഷൻഷനായി മുന്നിൽ 43 mm അപ്സൈഡ് ഡൌൺ ഫോർക്കുകളും പിന്നിൽ പ്രോഗ്രസീവ് ലിങ്കേജ് റിയർ മോണോഷോക്കുമാണ് നൽകിയിരിക്കുന്നത്.

ബ്രേക്കിംഗിനായി മുന്നിൽ ട്വിൻ ഡിസ്ക്കുകളും പിന്നിൽ സിംഗിൾ ഡിസ്ക്കും ഡ്യുവൽ ചാനൽ എബിഎസിന്റെ സഹായത്തോടെയാണ് പ്രവർത്തിക്കുന്നത്. ട്യൂബ്‌ലെസ് ടയറുകളുള്ള 21 ഇഞ്ച് ഫ്രണ്ട്, 18 ഇഞ്ച് പിൻ സ്‌പോക്ക് വീലുകളുമാണ് ടുവാരെഗ് 660 അഡ്വഞ്ചർ ടൂററിൽ ലഭിക്കുക. വില കൂടുതലാണെങ്കിലും സുസുക്കി V-സ്ട്രോം 800DE, ഹോണ്ട XL750 ട്രാൻസാൽപ്, ബിഎംഡബ്ല്യു F 850 GS, ട്രയംഫ് ടൈഗർ 900 പോലുള്ളവയുമായാണ് അപ്രീലിയ മത്സരിക്കാൻ ഇറങ്ങുന്നത്.


Click it and Unblock the Notifications








