ഏഥറും ഓലയും വാങ്ങിതിരിക്കാൻ കാരണമുണ്ടാക്കി ബജാജ്, മോഹവില 137 കി.മീ. റേഞ്ചുള്ള പുത്തൻ ഇവി വാങ്ങാം
ഇലക്‌ട്രിക് സ്‌കൂട്ടർ വിപണിയിൽ ഓലയുടേയും ഏഥറിന്റേയും ആധിപത്യം അവസാനിപ്പിക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് ബജാജ്. ഇതിൽ ഏഥർ എനർജിയെ മറികടന്ന് കരുത്തുകാട്ടാൻ പൾസർ മുതലാളിക്കായി എങ്കിലും ഒന്നാമനായ ഓലയെ കവച്ചുവെക്കാനുള്ള ശ്രമങ്ങളും കമ്പനി ആരംഭിച്ചിട്ടുണ്ട്. തങ്ങളുടെ ആദ്യ ഇവിയായ ചേതക്കിനെ കൂടുതൽ ജനപ്രിയമാക്കി എതിരാളികളെ തറപറ്റിക്കാനാണ് ബജാജ് നിലവിൽ ആവഷ്ക്കരിച്ചിരിക്കുന്ന പദ്ധതി. അതിന്റെ ഭാഗമായി ചേതക്കിന്റെ പുത്തൻ വേരിയന്റുകളെ വിപണിയിലേക്ക് എത്തിക്കുന്നതിന്റെ തിരക്കിലാണ് ബ്രാൻഡിപ്പോൾ. അടുത്തിടെ മോഡലിന്റെ പുതിയ സ്പെഷ്യൽ എഡിഷൻ പതിപ്പിനെ അവതരിപ്പിച്ചതിന് പിന്നാലെ മറ്റൊരു വേരിയന്റ് കൂടി വിപണിയൽ ലോഞ്ച് ചെയ്യാൻ ഒരുങ്ങുകയാണ് ബജാജ്.
ചേതക് ബ്ലൂ 3202 എന്നു പേരിട്ടിരിക്കുന്ന ചേതക് ഇലക്ട്രിക് സ്കൂട്ടറിൻ്റെ പുതിയ വേരിയന്റിനെ ബജാജ് ഓട്ടോ അവരുടെ വെബ്‌സൈറ്റിൽ ലിസ്റ്റ് ചെയ്തിട്ടുമുണ്ട്. 2901, അർബേൻ വേരിയൻ്റുകൾക്ക് ഇടയിലാണ് ഈ പുത്തൻ പതിപ്പിന്റെ സ്ഥാനം വരുന്നത്. കൊതിപ്പിക്കുന്ന റേഞ്ചും വിലയുമാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. 1.15 ലക്ഷം രൂപ എക്സ്ഷോറൂം വില വരുന്ന ഇവിക്ക് സിംഗിൾ ചാർജിൽ 137 കിലോമീറ്റർ റേഞ്ച് വരെ നൽകാനാവും.

പുതിയ വേരിയന്റിന് ചേതക് ഇവിയുടെ അർബൻ വേരിയൻ്റിനേക്കാൾ 8,000 രൂപ വിലക്കുറവാണുള്ളത്. പുതിയ ചേതക് ബ്ലൂ 3202 മോഡൽ സ്വന്തമാക്കാൻ താത്പര്യമുള്ള ആളുകൾക്ക് 2,000 രൂപ ടോക്കൺ തുക മുടക്കി വാഹനം ബുക്ക് ചെയ്യാം. ബ്രൂക്ലിൻ ബ്ലാക്ക്, സൈബർ വൈറ്റ്, ഇൻഡിഗോ മെറ്റാലിക്, മാറ്റ് കോർസ് ഗ്രേ എന്നീ നാല് കളർ ഓപ്ഷനുകളിലും ബജാജ് ചേതക് ബ്ലൂ 3202 എന്ന പുതിയ വേരിയന്റ് മുറ്റത്തെത്തിക്കാനാവും.
ഡിസൈനിലേക്ക് നോക്കിയാൽ മറ്റ് വേരിയന്റുകൾക്ക് സമാനമാണ്. കുതിരപ്പടയുടെ ആകൃതിയിലുള്ള എൽഇഡി ഡിആർഎൽ, കണക്റ്റിവിറ്റി സവിശേഷതകൾ, ഒരു TFT ഇൻസ്ട്രുമെൻ്റ് കൺസോൾ, ഓൾ-മെറ്റൽ ബോഡി, യുഎസ്ബി ചാർജിംഗ് പോർട്ട്, എൽഇഡി ഹെഡ്‌ലാമ്പ് തുടങ്ങിയ സവിശേഷതകളെല്ലാം നിലനിർത്തിയാണ് മോഡൽ പണികഴിപ്പിച്ചിരിക്കുന്നത്. ഇൽയുമിനേറ്റഡ് സ്വിച്ച് ഗിയർ, സോഫ്റ്റ് ക്ലോസ് സീറ്റ്, റിവേഴ്സ് ഫംഗ്ഷൻ, സ്മാർട്ട് കീ എന്നിവയും ഇവിയുടെ മൊഞ്ച് കൂട്ടാനായി വന്നെത്തിയിട്ടുണ്ട്.

സ്‌പോർട്‌സ്, ക്രാൾ മോഡുകൾ കൂടാതെ റേഞ്ച് പരമാവധിയാക്കാൻ ഒരു ഇക്കോ മോഡും ബജാജ് ചേതക് ബ്ലൂ 3202 മോഡലിൽ സജ്ജീകരിച്ചിട്ടുണ്ട്. ഇലക്‌ട്രിക് സ്കൂട്ടറിൽ ടെക്‌പായ്ക്ക് കൂടി തെരഞ്ഞെടുക്കുകയാണെങ്കിൽ അധികമായി ഹിൽ ഹോൾഡ്, റോൾ-ഓവർ ഡിറ്റക്ഷൻ എന്നീ ഫീച്ചറുകളും ഉപഭോക്താക്കൾക്ക് ലഭിക്കും. പ്രീമിയം വേരിയന്റിൽ ഒരുക്കിയിരിക്കുന്ന വലിയ 3.2 kWh ബാറ്ററി പായ്ക്ക് തന്നെയാണ് പുതിയ പതിപ്പിനും ലഭിക്കുന്നത്.
കൂടുതൽ റേഞ്ച് നേടാൻ കഴിയുന്ന പുതിയ ബാറ്ററി സെല്ലുകൾ കാരണം ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ റേഞ്ച് 126 കിലോമീറ്ററിൽ നിന്ന് 137 കിലോമീറ്ററായി ഉയർന്നു. മറ്റെല്ലാ വേരിയൻ്റുകളേയും പോലെ ബജാജ് ചേതക് 3202 ഇവിക്കൊപ്പം ഏഥർ റിസ്‌ത, ഓല S1 പ്രോ, ടിവിഎസ് ഐക്യൂബ് എന്നിവയ്‌ക്കെതിരെയാണ് ബജാജിന്റെ പുത്തൻ വേരിയന്റും മത്സരിക്കാനിറങ്ങുന്നത്. കഴിഞ്ഞ 12 മാസ കാലയളവില്‍ ചേതക് ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വില്‍പ്പന ബജാജ് ഗണ്യമായി മെച്ചപ്പെടുത്തിയിട്ടുണ്ട്.

2023 ഓഗസ്റ്റ് മുതല്‍ 2024 ജൂലൈ വരെ ബജാജ് ചേതക് ഇലക്ട്രിക് സ്‌കൂട്ടറിന്റെ 1,51,308 യൂണിറ്റുകളാണ് നിരത്തിലെത്തിച്ചത്. 2022 ഓഗസ്റ്റിനും 2023 ജൂലൈയ്ക്കും ഇടയില്‍ വിപണനം ചെയ്‌ത 52,169 യൂണിറ്റുകളുമായി അപേക്ഷിച്ച് നോക്കുമ്പോള്‍ വിൽപ്പനയിൽ ഗണ്യമായ വര്‍ധനവാണുണ്ടായിരിക്കുന്നത്. 2023 ഓഗസ്റ്റ് മുതല്‍ 2024 ജൂലൈ വരെയുള്ള കാലയളവില്‍ ഇവിയുടെ ശരാശരി പ്രതിമാസ വില്‍പ്പന 12,609 യൂണിറ്റുകളാണ്.
സെഗ്‌മെന്റില്‍ മത്സരം ശക്തമാകുന്ന സാഹചര്യത്തില്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ വില കുറയ്ക്കാനും ബജാജിന് പ്ലാനുണ്ടെന്നാണ് പറയപ്പെടുന്നത്. എന്തായാലും അതെല്ലാം വരും ദിവസങ്ങളിൽ അറിയാൻ പറ്റും. പുതിയ പരിഷ്ക്കാരങ്ങൾ കൊണ്ടുവരുന്നതും വേരിയന്റുകൾ അവതരിപ്പിക്കുന്നതുമെല്ലാം വരാനിരിക്കുന്ന ഉത്സവ സീസണിൽ വിൽപ്പന ഇരട്ടിയാക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ. കൂട്ടിന് ബജാജിന്റെ വിശ്വാസം കൂടിയാവുമ്പോൾ ആളുകൾക്ക് ആശങ്കപ്പെടേണ്ട കാര്യവുമില്ല.


Click it and Unblock the Notifications








