ഓലയേക്കാൾ സൂപ്പർ... കൊതിപ്പിക്കുന്ന വിലയും 127 കി.മീ. റേഞ്ചുമായി ബജാജിന്റെ ഇലക്‌ട്രിക് സ്‌കൂട്ടർ
ഇലക്ട്രിക് വാഹനങ്ങൾ എല്ലാവർക്കും പരിചിതമായി കഴിഞ്ഞിരിക്കുകയാണ്. നേരത്തെ പച്ച നമ്പർപ്ലേറ്റുള്ള വാഹനങ്ങൾ നമുക്കിടയിലൂടെ കടന്നു പോവുമ്പോൾ ഇതെന്താണ് സംഭവമെന്ന മട്ടിൽ നോക്കി നിന്നവരായിരിക്കാം നമ്മളിൽ പലരും. ഇന്ന് ആ കൌതുകമില്ലെങ്കിലും നിരത്തുകളിലെ രസകരമായ കാഴ്ച്ചയാണ് ശബ്‌ദമൊന്നുമില്ലാതെ ഓടിപ്പായുന്ന ഇവികൾ. സ്‌കൂട്ടറുകളിലൂടെയാണ് വൈദ്യുത വാഹനങ്ങൾ ഇത്രയേറെ ജനകീയമായതെന്ന് പറയാം.
സ്റ്റാർട്ടപ്പ് ബ്രാൻഡുകൾ വിരാജിക്കുന്ന രംഗത്തെ പുത്തനൊരു ഇവി വാങ്ങിയാലോ എന്ന് ആലോചിക്കുമ്പോൾ തന്നെ ആദ്യം ഓർമ വരുന്നത് ഓലയും ഏഥറുമെല്ലാമാവും. എന്നാൽ നമ്മുടെ പ്രമുഖ ടൂവീലർ നിർമാതാക്കളുടെ ഒരു മോഡൽ കിട്ടിയിരുന്നെങ്കിൽ എന്നു വിചാരിക്കാത്തവർ കുറവായിരിക്കും. തകരാറുകളും മറ്റ് പ്രശ്‌നങ്ങളും അടിക്കടി സംഭവിക്കുന്നതാണ് ഈയൊരു ആശങ്കക്ക് പിന്നിലുള്ള കാരണം. ഇത്തരം ആകുലതകളുള്ളവർക്കുള്ള ഉത്തരമാണ് ബജാജ് ചേതക് ഇവി.

ഓലയെല്ലാം അരങ്ങുവാഴുന്നിടത്ത് സ്റ്റൈലും ക്വാളിറ്റി കൊണ്ടും തന്റെതായ സ്ഥാനം കണ്ടെത്തിയ ഇലക്ട്രിക് സ്കൂട്ടറാണ് ചേതക് ഇവി. 2019 മുതൽ ഇന്ത്യൻ വിപണിയിലുള്ള മോഡൽ കൂടിയാണിത്. പണ്ട് പ്രമുഖ നഗരങ്ങളിൽ മാത്രമാണ് കിട്ടിയിരുന്നതെങ്കിൽ ഇന്ന് രാജ്യത്തെ മിക്ക ബജാജ് ഡീലർഷിപ്പിലൂടെയും ഇവി വാങ്ങാനാവും. ഇപ്പോഴിതാ അമ്പരപ്പിക്കുന്ന കിടിലൻ മാറ്റങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ചേതക്കിന്റെ 2024 മോഡൽ.
ബജാജ് ഓട്ടോ ഇന്ന് പുതുക്കിയ ചേതക് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. അർബൻ, പ്രീമിയം എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ എത്തുന്ന ഇവിക്ക് യഥാക്രമം 1,15,001 രൂപയും 1,35,463 രൂപയുമാണ് എക്സ്ഷോറൂം വില വരുന്നത്. ഇതുവരെ, നിർമാതാവ് 140 ലധികം നഗരങ്ങളിലായി ഒരു ലക്ഷത്തിലധികം ചേതക് ഇലക്ട്രിക് സ്കൂട്ടറുകൾ വിറ്റഴിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ. പുത്തൻ പരിഷ്ക്കാരങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്താൻ സഹായിക്കുമെന്നാണ് ബജാജിന്റെ വിശ്വാസം.

മാത്രമല്ല, ഉപഭോക്താക്കൾക്ക് ഓൺലൈനായി വാങ്ങാൻ കഴിയുന്ന ടെക്‌പാക്കും (TecPac) ബജാജ് വാഗ്ദാനം ചെയ്യുന്നുണ്ട്. നിരവധി പുതിയ ഫീച്ചറുകൾ പ്രയോജനപ്പെടുത്തുന്നതിനായാണ് ഇപ്പോൾ പുതിയ ഓപ്ഷണൽ ടെക്‌പാക് പാക്കേജ് അവതരിപ്പിച്ചിരിക്കുന്നത്. ഇതിൽ അടിസ്ഥാനപരമായി ടേൺ-ബൈ-ടേൺ നാവിഗേഷൻ, മ്യൂസിക് കൺട്രോൾ, കോൾ അലേർട്ടുകൾ, ഡിസ്പ്ലേ തീമുകൾ എന്നിവ പോലുള്ള ഫീച്ചറുകളാണ് വാഗ്‌ദാനം ചെയ്യുന്നത്.
ഇതുകൂടാതെ ടെക്‌പാക് ഹിൽ ഹോൾഡ്, റിവേഴ്സ് മോഡ്, സ്‌പോർട്‌സ് മോഡ് എന്നിവയും സ്റ്റാൻഡേർഡ് മോഡലിൽ 63 കിലോമീറ്ററുമായി താരതമ്യപ്പെടുത്തുമ്പോൾ മണിക്കൂറിൽ 73 കിലോമീറ്റർ ഉയർന്ന വേഗതയും നിങ്ങളുടെ ഇലക്ട്രിക് സ്‌കൂട്ടറിലേക്ക് ചേർക്കും. പ്രീമിയത്തിൽ മാത്രമല്ല, TecPac പാക്കേജ് തെരഞ്ഞെടുത്ത് അർബേൻ വേരിയന്റിലും ഈ സവിശേഷതകൾ ഉൾപ്പെടുത്താനാവുമെന്നതാണ് ഹൈലൈറ്റ്.

ഒരു പുതിയ കളർ സ്ക്രീനും ഇപ്പോൾ ബജാജ് ചേതക് ഇവിക്കൊപ്പം ഒരുക്കിയിട്ടുണ്ടെന്നതും ശ്രദ്ധേയമായ കാര്യമാണ്. മോഡലിന്റെ പ്രീമിയം വേരിയന്റിന് ലഭിച്ച ഏറ്റവും ശ്രദ്ധേയമായ അപ്‌ഡേറ്റാണ് ഈ പുതിയ 5 ഇഞ്ച് TFT സ്‌ക്രീൻ. മാത്രമല്ല, ബജാജ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ ടോപ് സ്പീഡ് 73 കിലോമീറ്ററായി ഉയർന്നപ്പോൾ പുതിയ 3.2kWh ബാറ്ററി പായ്ക്കിലൂടെ ചേതക് ഇവി സിംഗിൾ ചാർജിൽ പരമാവധി 127 കിലോമീറ്റർ റേഞ്ചും ചെയ്യുന്നു.
ഇത് മുമ്പത്തേതിനേക്കാൾ വളരെ കൂടുതലാണ്. 30 മിനിറ്റിനുള്ളിൽ 15.6 കിലോമീറ്റർ വരെ ഓടാൻ കഴിയുന്ന തരത്തിൽ ചേതക്കിനെ ചാർജ് ചെയ്യാവുന്ന 800W ചാർജറും പ്രീമിയം ട്രിമ്മിൽ ബജാജ് വാഗ്ദാനം ചെയ്യുന്നുണ്ട്. ചേതക് പ്രീമിയത്തിൽ അവതരിപ്പിച്ച മറ്റ് ഫീച്ചറുകളിൽ സെൽഫ് ക്യാൻസൽ ബ്ലിങ്കർ, ലെഫ്റ്റ്, റൈറ്റ് കൺട്രോൾ സ്വിച്ചുകൾ, ഇലക്ട്രോണിക് ഹാൻഡിൽ ലോക്ക്, സീറ്റ് ഓപ്പണിംഗ് സ്വിച്ച് എന്നിവയും ഉൾപ്പെടുന്നുണ്ട്.

ചേതക്കിന്റെ ബൂട്ട് സ്പേസും കൂടുതൽ പ്രായോഗികമാക്കാൻ വർധിപ്പിച്ചിട്ടുണ്ടെന്നാണ് ബജാജ് പറയുന്നത്. അങ്ങനെ മൊത്തത്തിൽ ഇവിയുടെ പ്രായോഗികത വർധിപ്പിക്കാൻ കമ്പനിക്കായത് കൈയടി അർഹിക്കുന്ന കാര്യമാണ്. ഇൻഡിഗോ ബ്ലൂ, ബ്രൂക്ലിൻ ബ്ലാക്ക്, ഹാസൽനട്ട് എന്നീ മൂന്ന് കളർ ഓപ്ഷനുകളിൽ 2024 ബജാജ് ചേതക് പ്രീമിയം വേരിയന്റ് ലഭ്യമാകും. അതേസമയം, കോർസ് ഗ്രേ, സൈബർ വൈറ്റ്, ബ്രൂക്ലിൻ ബ്ലാക്ക്, ഇൻഡിഗോ മെറ്റാലിക് ബ്ലൂ എന്നിവയുൾപ്പെടെ നാല് നിറങ്ങളിലാണ് അർബേൻ ട്രിം വരുന്നത്.


Click it and Unblock the Notifications








