ഇനി പെട്രോളടിച്ച് കാശ് കളയണോ? 153 കി.മീ. റേഞ്ചുള്ള ചേതക് ഇവിയുമായി ബജാജ്; വില 1.20 ലക്ഷം മാത്രം
ഇലക്‌ട്രിക് സ്‌കൂട്ടർ ഒരെണ്ണാം വാങ്ങിയാൽ കൊള്ളാമെന്ന് ആഗ്രഹിക്കാത്തവരായി ആരും തന്നെ ഇപ്പോഴുണ്ടാവില്ലെന്ന് വേണം പറയാൻ. കാരണം സെഞ്ചുറിയടിച്ച് ഔട്ടാവാതെ നിൽക്കുന്ന പെട്രോൾ വില തന്നെയാണ്. 106 രൂപ കൊടുത്ത് ഒരു ലിറ്ററടിച്ചാൽ പരമാവധി ഓടാനാവുന്നത് 60 കിലോമീറ്ററായിരിക്കും. അതേസമയം ഇവിയാണെങ്കിൽ ഫുൾ ചാർജിൽ 100 കിലോമീറ്ററിലധികം കൊണ്ടുനടക്കാനുമാവും. പെട്രോളടിക്കുന്ന പകുതി പൈസ പോലുമാവില്ല ചാർജ് ചെയ്യാൻ എന്നതാണ് പലരേയും മോഹിപ്പിക്കുന്ന കാര്യം. ബജാജും ടിവിഎസും ഹീറോയും ഹോണ്ടയും പോലുള്ള പ്രമുഖ ബ്രാൻഡുകളെല്ലാം വൈദ്യുത വാഹന നിർമാണത്തിലേക്ക് കടക്കുകയും ചെയ്‌തിരിക്കുന്നതിനാൽ വിശ്വസിച്ച് വാങ്ങാനുമാവും.
ഫാമിലി സ്‌കൂട്ടറുകളിലെ രാജാവാണ് ബജാജ് ചേതക് ഇവിയെന്ന് നിസംശയം പറയാം. ഫുൾ മെറ്റൽ ബോഡിയുമായി വരുന്ന ഇലക്‌ട്രിക് സ്‌കൂട്ടർ അടിക്കടി പരിഷ്ക്കാരങ്ങളുമായി രംഗപ്രവേശം ചെയ്യാറുമുണ്ട്. ഇപ്പോഴിതാ ഇവിയുടെ മറ്റൊരു പുത്തൻ മോഡലിനെയും വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് പൾസർ മുതലാളി. ചേതക് 35 സീരീസ് എന്നുപേരിട്ടിരിക്കുന്ന ഇവി . 3501, 3502, 3503 എന്നീ മൂന്ന് വേരിയൻ്റുകളിലായാണ് ലോഞ്ച് ചെയ്തിരിക്കുന്നത്.

ഇതിൽ 3501, 3502 വേരിയൻ്റുകൾക്ക് എക്‌സ്‌ഷോറൂം വില യഥാക്രമം 1.27 ലക്ഷം, 1.20 ലക്ഷം രൂപ എന്നിങ്ങനെയാണ് വരുന്നത്. അതേസമയം ടോപ്പ് എൻഡ് 3503 മോഡലിന്റെ വില കമ്പനി പിന്നീട് പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. പുതിയ പ്ലാറ്റ്‌ഫോമിൽ പണികഴിപ്പിച്ചിരിക്കുന്ന ബജാജ് ചേതക് ഇവിയുടെ ഏറ്റവും ഫീച്ചർ റിച്ച് മോഡൽ കൂടിയാണ് ഇപ്പോൾ വിപണിയിലെത്തിയിരിക്കുന്നത്.
ടെക്, പെർഫോമൻസ് എന്നിവയിൽ മുൻഗാമികളേക്കാൾ മിടുക്കനായതിനാൽ വാങ്ങാൻ ആളുകൾ ഇരച്ചെത്തുമെന്നാണ് ബജാജിന്റെ പ്രതീക്ഷ. 3.5kWh ബാറ്ററി പായ്ക്ക് ഉൾക്കൊള്ളുന്ന തികച്ചും പുതുപുത്തൻ ഫ്രെയിമിലാണ് ചേതക് 35 സീരീസ് നിർമിച്ചെടുത്തിരിക്കുന്നത്. ബാറ്ററി ഫ്ലോർബോർഡിന് താഴെ സ്ഥാപിച്ച് മെച്ചപ്പെട്ട സ്പേസ് നൽകുന്നവിധത്തിലാണ് ഇലക്ട്രിക് സ്‌കൂട്ടർ രൂപകൽപ്പന ചെയ്‌തിരിക്കുന്നതും.

ഈ റീകോൺഫിഗറേഷൻ സ്റ്റോറേജ് പരമാവധിയാക്കുന്നതിനോടൊപ്പം കൂടുതൽ റേഞ്ചും നൽകുമെന്നാണ് ബജാജ് പറയുന്നത്. ചേതക് ഇവിയുടെ 35 സീരീസ് മോഡലുകൾക്ക് ഫുൾ ചാർജിൽ 153 കിലോമീറ്റർ റേഞ്ച് വരെ നൽകാനാവും. പെർഫോമൻസിൽ വിട്ടുവീഴ്ച്ച വരുത്താതെ 35 ലിറ്റർ അണ്ടർസീറ്റ് സ്റ്റോറേജ് കൂടി ഉൾപ്പെടുത്തി മോഡലിന്റെ പ്രായോഗികത ഉറപ്പാക്കാനും ബ്രാൻഡിനായിട്ടുണ്ട്.
സ്‌കൂട്ടറിൻ്റെ മൊത്തത്തിലുള്ള ഡിസൈൻ ക്ലാസിക് ചേതക്കിൻ്റെ ആധുനിക ശൈലിയെയാണ് പ്രതിഫലിപ്പിക്കുന്നത്. സ്ലീക്കർ ടേൺ ഇൻഡിക്കേറ്ററുകൾ, ബ്ലാക്ക്-ഔട്ട് ഹെഡ്‌ലാമ്പ് സറൗണ്ട്, കൂടുതൽ സ്ട്രീംലൈൻഡ് എൽഇഡി ടെയിൽ ലൈറ്റ് എന്നിവയോടെ ഇലക്ട്രിക് സ്കൂട്ടറിനെ ഇടിവെട്ടാക്കാനും ബജാജിന് കഴിഞ്ഞിട്ടുണ്ടെന്ന് വേണം പറയാൻ. ഈ സൂക്ഷ്മമായ ഡിസൈൻ ട്വീക്കുകൾ മോഡേൺ സ്റ്റൈലിംഗ് കൈവരിക്കാൻ വാഹനത്തെ സഹായിച്ചിട്ടുമുണ്ടേ.

സ്‌മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, മ്യൂസിക് കൺട്രോൾ, ഇൻ്റഗ്രേറ്റഡ് മാപ്പ്സ്, ജിയോ ഫെൻസിംഗ് എന്നിവയുള്ള ടച്ച്‌സ്‌ക്രീൻ ടിഎഫ്‌ടി ഡിസ്‌പ്ലേ ഉൾപ്പെടെയുള്ള അത്യാധുനിക സവിശേഷതകളാണ് ചേതക് 3501 ഇവിയുടെ ഹൈലൈറ്റ്. ഈ ഫീച്ചറുകൾക്കൊപ്പം സ്കൂട്ടറിൽ പരിചിതമായ മോണോഷോക്ക് സസ്‌പെൻഷൻ സിസ്റ്റവും ബജാജ് നിലനിർത്തിയിട്ടുണ്ട്. കൂടാതെ മികവുറ്റ ബ്രേക്കിംഗിനായി മുൻവശത്ത് ഡിസ്‌ക് ബ്രേക്കും പിന്നിൽ ഡ്രം ബ്രേക്കുമാണ് കോർത്തിണക്കിയിരിക്കുന്നത്.
3.5kWh ബാറ്ററിക്കൊപ്പം കരുത്തുറ്റ 4kW മോട്ടോറാണ് ബജാജ് ചേതക് ഇലക്ട്രിക് സ്കൂട്ടറിന്റെ 35 സീരീസിന് തുടിപ്പേകുന്നത്. പുതിയ, 950W ബോർഡ് ക്വിക്ക് ചാർജർ ഉപയോഗിച്ചാൽ ഇവി 0-80 ശതമാനം മുതൽ ചാർജ് ചെയ്യാൻ മൂന്ന് മണിക്കൂർ സമയം മാത്രമാണ് വേണ്ടി വരിക. എന്തായാലും നല്ല ഒന്നാന്തരം ഇലക്ട്രിക് സ്കൂട്ടർ തേടിനടന്നവർക്കുള്ള ഉത്തരമാണ് ചേതക് 35 സീരീസ്. നല്ല സ്റ്റോറേജ് സ്പേസിനൊപ്പം 153 കിലോമീറ്റർ റേഞ്ച് കൂടി ആവുന്നതോടെ സംഗതി കളറാവും.


Click it and Unblock the Notifications








