ടിവിഎസിന്റെ കച്ചോടമുള്ള ബൈക്കിന്റെ കാര്യം തീരുമാനമായി, കളംപിടിക്കാൻ ബേബി പൾസറുമായി ബജാജ്
ഇന്ത്യയിലെ 125 സിസി മോട്ടോർസൈക്കിൾ സെഗ്മെന്റിൽ തീപ്പൊരി പാറിക്കാനായി പുത്തൻ ബൈക്കുമായി രംഗപ്രവേശം ചെയ്‌തിരിക്കുകയാണ് യൂത്തൻമാരുടെ ജനപ്രിയ ഇരുചക്ര വാഹന നിർമാതാക്കളായ ബജാജ് (Bajaj). ഇന്ത്യയിലെ യുവാക്കൾക്കിടയിൽ പൾസർ മോഡലുകൾ തീർത്ത ഓളം തിരിച്ചുപിടിക്കാനുള്ള വരവാണ് ഇത്തവണത്തേത്. ഈ വർഷമാദ്യം പൾസർ ശ്രേണിയിലെ ഏറ്റവും പവർഫുൾ മോഡലായ പൾസർ NS400Z പുറത്തിറക്കിയാണ് കമ്പനി ഞെട്ടിച്ചിരുന്നു. ഇതിനുപിന്നാലെ ടിവിഎസ് റൈഡർ, ഹീറോ എക്‌സ്ട്രീം തുടങ്ങിയ വമ്പൻമാർ അരങ്ങുവാഴുന്നിടത്തേക്ക് പൾസർ N125 (Pulsar N125) എന്ന ചുണക്കുട്ടനെയാണ് ബജാജ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്.
നിലവിൽ പൾസർ ശ്രേണിയുടെ പുതിയമുഖമാണ് N സീരീസുകൾ. എല്ലാത്തരത്തിലും മുൻഗാമികളേക്കാൾ മെച്ചപ്പെട്ട സ്റ്റൈലിംഗും ഫീച്ചറുകളുമെല്ലാമാണ് ഇവ അവതരിപ്പിക്കുന്നതും. എന്നാൽ വിലയോ മറ്റ് കാര്യങ്ങളോ ഒന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ഇത് ലോഞ്ചിനോട് അനുബന്ധിച്ചായിരിക്കും പുറത്തുവരിക. രണ്ട് വേരിയൻ്റുകളിലും ആറ് കളർ ഓപ്ഷനുകളിലും സ്‌പോർട്‌സ് കമ്മ്യൂട്ടർ മോട്ടോർസൈക്കിൾ ലഭ്യമാവും.

പർപ്പിൾ ഫ്യൂറി എന്ന പുതിയ പർപ്പിൾ-ഓവർ-ബ്ലാക്ക് ഓപ്ഷനുമായാണ് പൾസർ 125 വരുന്നത്. കോക്ടെയ്ൽ വൈൻ റെഡ്, സിട്രസ് റഷ്, എബോണി ബ്ലാക്ക്, കരീബിയൻ ബ്ലൂ, പേൾ മെറ്റാലിക് വൈറ്റ് എന്നിവയാണ് മറ്റ് കളർ ഓപ്ഷനുകളിലും തെരഞ്ഞെടുക്കാൻ അവസരമുണ്ട്. N150 പതിപ്പിൽ നിന്ന് 17 ഇഞ്ച് അലോയ് വീലുകൾ കടമെടുത്താണ് ബജാജ് N125 പണികഴിപ്പിച്ചിരിക്കുന്നത്. എൽഇഡി ഡിസ്‌ക്, എൽഇഡി ഡിസ്‌ക് ബ്ലൂടൂത്ത് എന്നിവയാണ് വേരിയന്റുകൾ.
മുമ്പിൽ നിന്നും നോക്കുമ്പോൾ പെട്ടെന്ന് ഹോണ്ട ഹോർനെറ്റ് പോലെ തോന്നിക്കുന്ന ഹെഡ്‌ലൈറ്റാണ് പൾസർ N125 പതിപ്പിലെ പ്രധാന ഹൈലൈറ്റ്. N സീരീസിലെ മറ്റ് മോഡലുകളിൽ നിന്നും വ്യത്യസ്‌തമായ ഡിസൈൻ സമീപനമാണ് പുതിയ ബേബി പൾസർ സ്വീകരിച്ചിരിക്കുന്നതെന്ന് വേണം പറയാൻ. പുതിയ ബജാജ് പൾസർ N125 അടുത്തിടെ അപ്‌ഡേറ്റ് ചെയ്ത N160, N250 എന്നിവയുൾപ്പെടെ മറ്റ് N സീരീസ് മോഡലുകളിൽ നിന്ന് വ്യത്യസ്തമാക്കുന്ന ഒരു ബോൾഡ് ഡിസൈൻ അവതരിപ്പിക്കുന്നുവെന്ന് പറയാം.

എൽഇഡി ഹെഡ്‌ലാമ്പുകൾ, ടു പീസ് എൽഇഡി ടെയിൽ ലാമ്പ്, ഹാലൊജൻ ബൾബ് ടേൺ ഇൻഡിക്കേറ്ററുകൾ എന്നിവയാണ് ബജാജ് പൾസർ N125 സ്പോർട്‌സ് കമ്മ്യൂട്ടർ ബൈക്കിൽ ഒരുക്കിയിരിക്കുന്നത്. മോഡലിന് ഒരു സ്പ്ലിറ്റ്-സീറ്റ് സജ്ജീകരണം ലഭിക്കുന്നതും പ്രായോഗികമായ കാര്യമാണ്. അത് സിംഗിൾ-പീസ് ഗ്രാബ് റെയിൽ ഉപയോഗിച്ച് മെലിഞ്ഞ പിൻഭാഗത്തേക്ക് കോർത്തിണക്കിയിരിക്കുകയാണ്.
ഫ്യുവൽ ടാങ്ക് അക്ഷരങ്ങളിൽ മഞ്ഞ ഹൈലൈറ്റുകൾ കൊണ്ട് അലങ്കരിച്ച ഒരു ആവരണവും കിടിലമായി രൂപത്തോട് യോജിക്കുന്നുണ്ട്. മോട്ടോർസൈക്കിളിന്റെ രണ്ട് വേരിയന്റുകളിലും 240 mm ഫ്രണ്ട് ഡിസ്‌ക് ബ്രേക്കും പിന്നിൽ ഡ്രം ബ്രേക്കുമാണ് ഘടിപ്പിച്ചിരിക്കുന്നത്. ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകൾ, റിയർ മോണോഷോക്ക് സസ്‌പെൻഷൻ, ബോക്‌സ് സെക്ഷൻ സ്വിംഗ്ആം എന്നിവ സ്റ്റാൻഡേർഡായി N125 മോഡലിൽ വരുന്നുണ്ട്.

125 സിസി സിംഗിൾ സിലിണ്ടർ എയർ കൂൾഡ് എഞ്ചിനാണ് പുതിയ പൾസർ N125 ഉപയോഗിക്കുന്നത്. ഔദ്യോഗിക പവർ കണക്കുകൾ ഇതുവരെ പുറത്തുവന്നിട്ടില്ലെങ്കിലും എഞ്ചിന് 11.8 bhp കരുത്തിൽ പരമാവധി 11 Nm torque വരെ ഉത്പാദിപ്പിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് 5-സ്പീഡ് മാനുവൽ ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നതും. പുതിയ മോഡലിന് ഭാരം കുറവായതിനാൽ മികച്ച പവർ-ടു-വെയ്റ്റ് അനുപാതം ഉണ്ടാവുമെന്നാണ് വിവരം.
N125 കമ്മ്യൂട്ടർ സ്പോർട്‌സ് ബൈക്കിന്റെ ഫീച്ചറുകളിലേക്ക് നോക്കിയാൽ ഡിജിറ്റൽ എൽസിഡി ഇൻസ്ട്രുമെൻ്റ് കൺസോളാണ് പ്രധാനം. എൽഇഡി ഡിസ്ക് BT വേരിയൻ്റിൽ കൺസോളിന് ബ്ലൂടൂത്ത് കണക്റ്റിവിറ്റി ലഭിക്കുന്നുണ്ട്. ഇത് കോൾ അലേർട്ടുകളും SMS നോട്ടിഫിക്കേഷനുകളും റൈഡറിന് ക്ലസ്റ്ററിൽ അറിയാനാവും. ഏകദേശം 1 ലക്ഷം രൂപയാണ് മോട്ടോർസൈക്കിളിന് എക്സ്ഷോറൂം വില മുടക്കേണ്ടി വരുമെന്നാണ് വിവരം.


Click it and Unblock the Notifications








