ബജാജ് ഷോറൂമിലെ തിരക്ക് ഇനിയീ ബൈക്ക് വാങ്ങാനാവും, ഇതുവരെ കാണാത്ത ഫീച്ചറുകളുമായി പൾസർ വരുന്നു
ഒരുകാലത്ത് പുത്തനൊരു ബൈക്ക് വാങ്ങാൻ പദ്ധതിയിട്ട് കഴിഞ്ഞാൽ ആദ്യം മനസിലേക്ക് ഓടിയെത്തുന്ന പേരായിരുന്നിരിക്കാം ബജാജ് പൾസറുകളുടേത്. 150 സിസി, 180 സിസി, 200 സിസി, 220 സിസി എന്നിങ്ങനെ വൈവിധ്യമാർന്ന എഞ്ചിൻ കപ്പാസിറ്റിയിൽ നിരത്തുകൾ ഭരിച്ചിരുന്ന മറ്റൊരു മോട്ടോർസൈക്കിൾ ഇതുവരെ ഉണ്ടായിട്ടില്ലെന്ന് വേണം പറയാൻ.
ഇന്ന് പ്രതാപം അൽപം മങ്ങിയെങ്കിലും പുതുതലമുറ ആവർത്തനങ്ങളിലൂടെ തിരിച്ചുപിടിക്കാനുള്ള നീക്കങ്ങളാണ് ബജാജിന്റെ ഭാഗത്തുനിന്നും ഉണ്ടാവുന്നത്. കമ്പനിയുടെ മൊത്തത്തിലുള്ള ഇരുചക്രവാഹന വിൽപ്പനയിൽ ഏറ്റവും വലിയ സംഭാവന നൽകുന്ന പൾസർ ശ്രേണി അപ്‌ഡേറ്റ് ചെയ്യുന്ന തിരക്കിലാണ് കമ്പനി ഇപ്പോൾ. ഈ വർഷം പൾസർ NS125, NS160, NS200 ബൈക്കുകൾ പുതുക്കിപണിത് ബ്രാൻഡ് പുറത്തിറക്കുകയും ചെയ്‌തു.

ഇതിനു പിന്നാലെ പൾസർ N150, N160 എന്നിവയുടെ പുതിയ ടോപ്പ്-സ്പെക്ക് പതിപ്പുകളും ബജാജ് പുറത്തിറക്കിയിരുന്നു. ഇനി അടുത്തതായി പൾസർ നിരയിലെ വല്യേട്ടൻമാരായ N250, F250 എന്നിവയ്‌ക്ക് മോഡിഫിക്കേഷൻ നൽകാൻ പോവുകയാണ് കമ്പനി. പെർഫോമൻസിന്റെ കാര്യത്തിൽ അണ്ണൻമാർ പുലികളാണെങ്കിലും ഫീച്ചറുകളുടെ കാര്യത്തിൽ ഏറെ പിന്നിലാണെന്നതാണ് യാഥാർഥ്യം. ഇതിന് പരിഹാരം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൾസർ മുതലാളി.
പുതുമകളുമായി എത്തുന്ന 2024 മോഡൽ പൾസർ 250 ബൈക്കുകൾ ഏപ്രിൽ 10-ന് ബജാജ് ഓട്ടോ അവതരിപ്പിക്കുമെന്നാണ് വിവരം. ഇതിന്റെ ഭാഗമായുള്ള ആദ്യ ടീസർ വീഡിയോയും കമ്പനി പുറത്തുവിട്ടിട്ടുണ്ട്. ഇനി പരിഷ്ക്കാരികളായി എത്തുന്ന 250 ട്വിൻസിലേക്ക് വരുന്ന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് പരിചയപ്പെട്ടാലോ? ക്വാർട്ടർ ലിറ്റർ സെഗ്‌മെന്റിലെ മിക്ക ബൈക്കുകളിലും ലഭ്യമായ ബ്ലൂടൂത്ത് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ പോലുള്ള കാര്യങ്ങൾ പൾസർ 250 പതിപ്പുകളിൽ ലഭ്യമല്ലാതിരുന്നത് ഉപഭോക്താക്കളെ പിന്നോട്ടു വലിച്ച കാര്യമായിരുന്നു.

പൾസർ NS200 ബ്ലൂടൂത്ത് അധിഷ്ഠിത ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ അടുത്തിടെ കൊണ്ടുവന്നിരുന്നു. ഇതേ സംഭവം N250, F250 എന്നിവയിലേക്കും ബ്രാൻഡ് അവതരിപ്പിക്കുന്നതാണ് ആദ്യകാര്യം. കോളുകൾ, ടെക്‌സ്‌റ്റ് മെസേജുകൾ, സിഗ്നൽ ലെവൽ, ഫോൺ ബാറ്ററി സ്റ്റാറ്റസ്, ടേൺ-ബൈ-ടേൺ നാവിഗേഷൻ തുടങ്ങിയ ഫംഗ്‌ഷനുകൾ ആക്‌സസ് ചെയ്യുന്നതിന് ഉപയോക്താക്കൾക്ക് ബജാജ് റൈഡ് കണക്ട് ആപ്പ് വഴി സ്‌മാർട്ട്‌ഫോൺ ഈ ക്ലസ്റ്ററുമായി ജോടിയാക്കാനാകും.
ഇതുകൂടാതെ സ്പോർട്ടിയറാക്കുന്നതിനായി പുതിയൊരു റെഡ് കളർ ഓപ്ഷനും ബജാജ് പൾസർ N250, F250 മോഡലുകളിലേക്ക് വന്നെത്തും. നിലവിൽ രണ്ട് പൾസറുകൾക്കും ബ്രൂക്ലിൻ ബ്ലാക്ക് കളർ ഷേഡ് മാത്രമാണുള്ളത്. ബൈക്കുകൾക്ക് ചില പുതിയ, സ്‌പോർട്ടിയർ ഗ്രാഫിക്‌സുകളും ഉൾക്കൊള്ളാൻ കഴിയും. കോസ്മെറ്റിക് പരിഷ്ക്കാരങ്ങൾക്ക് പുറമെ മെക്കാനിക്കലായും ചില നവീകരണങ്ങൾ ക്വാർട്ടർ ലിറ്റർ മോട്ടോർസൈക്കിളുകളിൽ വന്നെത്തും.
അപ്-സൈഡ് ഡൗൺ ഫോർക്കുകളുടെ രൂപത്തിൽ ചില മെക്കാനിക്കൽ അപ്‌ഗ്രേഡുകളും ഉണ്ടാകുമെന്നതാണ് മറ്റൊരു കാര്യം. പൾസർ NS200, പൾസർ NS160 എന്നിവയിൽ നിന്ന് USD ഫോർക്കുകൾ കടമെടുക്കാനാണ് സാധ്യത. ഇത് മോട്ടോർസൈക്കിളിൻ്റെ റൈഡിംഗ് നിലവാരം ഉയർത്തുമെന്നതാണ് സ്വീകാര്യമായ കാര്യം. അതോടൊപ്പം തന്നെ മോട്ടോർസൈക്കിളിൻ്റെ സുരക്ഷാ ഘടകം ഉയർത്തുന്ന ട്രാക്ഷൻ കൺട്രോളുമായി 2024 പൾസർ N250 വരുമെന്ന് പ്രതീക്ഷിക്കുന്നു.
ഡ്യുവൽ-ചാനൽ ആൻ്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റവും സ്റ്റാൻഡേർഡായി തന്നെ ഉണ്ടാകും. പൾസർ N250, F250 എന്നിവയുടെ പുതിയ പതിപ്പുകൾ നിലവിലുള്ള അതേ 249.07 സിസി, സിംഗിൾ സിലിണ്ടർ 4 സ്ട്രോക്ക്, SOHC, 2 വാൽവ്, ഓയിൽ കൂൾഡ്, FI എഞ്ചിൻ തന്നെയാവും ബൈക്കുകൾക്ക് തുടിപ്പേകാൻ എത്തുക. ഇത് 24.5 bhp പവറിൽ പരമാവധി 21.5 Nm torque വരെ ഉത്പാദിപ്പിക്കാനും ശേഷിയുള്ളതാണ്.

5-സ്പീഡ് ഗിയർബോക്സുമായി തന്നെയാവും എഞ്ചിൻ ജോടിയാക്കുക. ബ്രേക്കിംഗിനായി ഫ്രണ്ടിൽ 300 mm ഡിസ്ക്കും പിന്നിൽ 230 mm ഡിസ്ക്കുമാണ് ബജാജ് ഉപയോഗിക്കുന്നത്. ഡ്യുവൽ ചാനൽ എബിഎസ്, റിയർ മോണോഷോക്ക് സസ്പെൻഷൻ, 17 ഇഞ്ച് വീലുകൾ, 100/80/130/70 ട്യൂബ്ലെസ് ടയറുകൾ എന്നിവയെല്ലാമാണ് പൾസർ 250 പതിപ്പിലെ മറ്റ് പ്രധാന ഹൈലൈറ്റുകൾ. USD ഫോർക്കുകളും ബ്ലൂടൂത്ത് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററും ചേർക്കുന്നതോടെ പൾസർ 250 ഇരട്ടകൾക്ക് ഉയർന്ന വില മുടക്കേണ്ടി വരും.


Click it and Unblock the Notifications








