കനഗംഭീരമായ ശബ്‌ദവുമായി പൾസറിന്റെ പുതിയ അവതാരം, അപ്പാച്ചെയെ ഒതുക്കാൻ ഇതിലും നല്ല ബൈക്ക് വേറെയില്ല!
ബജാജിന്റെ എക്കാലത്തേയും സൂപ്പർഹിറ്റ് മോഡലുകളിൽ ഒന്നാണ് പൾസർ സീരീസ്. 125 സിസി മുതൽ 400 സിസി വരെ നീണ്ടുകിടക്കുന്ന പൾസർ നിര യുവാക്കളുടെ ഹരമായിരുന്ന ഒരുകാലമുണ്ടായിരുന്നു. റോയൽ എൻഫീൽഡും ട്രയംഫും ഹോണ്ടയുമെല്ലാം വിലസുന്ന ഇന്നത്തെ ജനറേഷനിടയിൽ പൾസറിന് വലിയ സ്ഥാനമില്ലെങ്കിലും 90 കിഡ്‌സിന് പൾസറുകൾ സമ്മാനിച്ച ഓർമകൾ ചെറുതൊന്നുമായിരിക്കില്ല. 150, 180, 200, 220 തുടങ്ങിയ ലൈനപ്പ് എന്നും ജനപ്രീതി നിറഞ്ഞതായിരുന്നു. ഇതിനിടയിൽ കൂടുതൽ പെർഫോമൻസ് വേണ്ടവർക്കായി റോബോർട്ടിന്റെ സ്റ്റൈലുള്ള കിടലൻ ഒരു മോട്ടോർസൈക്കിളും ബജാജ് പൾസർ ശ്രേണിയിലേക്ക് കടന്നുവന്നിരുന്നു.
മറ്റാരുമല്ല പൾസർ RS200 എന്ന തട്ടുപൊളിപ്പൻ ബൈക്കായിരുന്നു അത്. മോഡലിന്റെ നല്ല ഒന്നാന്തരം പവറും സ്റ്റൈലും യുവാക്കൾക്കിടയിൽ ശ്രദ്ധനേടുകയും ചെയ്‌തിരുന്നു. NS സീരീസിന് ശേഷം ആളുകൾ RS പതിപ്പുകൾ ഏറ്റെടുക്കുകയും ചെയ്‌തതോടെ വിൽപ്പന കുതിച്ചുയരുകയും ചെയ്‌തു. എന്നാൽ ആധുനിക കാലത്തിനൊപ്പം RS200 പരിഷ്ക്കരിക്കുന്നതിൽ ബജാജ് കാര്യമായ ശ്രദ്ധ കൊടുത്തിരുന്നില്ല. അതോടെ പതിയെ വിൽപ്പന ഇടിയാനും തുടങ്ങി.

എന്നാൽ ഇപ്പോഴിതാ പഴയ പ്രതാപത്തിലേക്ക് തിരികെയെത്താനായി പൾസർ RS200 മോഡലിനെ പരിഷ്ക്കരിച്ച് പുറത്തിറക്കുകയാണ്. അതിന്റെ സൂചനയായി പുതിയ ടീസർ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിരിക്കുകയാണ് കമ്പനി. ഡിസൈനും മോഡലും സംബന്ധിച്ച യാതൊരു സൂചനയും ടീസറിൽ ഇല്ലെങ്കിലും RS നിരയിലേക്കുള്ള പുതിയ മോഡലാണിതെന്നാണ് അനുമാനം.
ബജാജ് പൾസർ RS200 ആദ്യമായി വിപണിയിലെത്തിയത് 2015-ലാണ്. പൾസർ നിരയിലെ RS എന്ന ചരുക്കപ്പേര് 'റേസിംഗ് സ്‌പോർട്' എന്നതിനെയാണ് അർഥമാക്കുന്നത്. ബജാജിൻ്റെ പ്രശസ്തമായ പൾസർ ലൈനപ്പിലെ 200 സിസി ഫെയർഡ് മോട്ടോർസൈക്കിൾ പുതിയ അവതാരത്തിൽ പിറവിയെടുക്കുമ്പോൾ ആകാംക്ഷകളും വലുതാണ്. ട്വിൻ-പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡിആർഎൽ, സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ക്ലിപ്പ് ഓൺ ഹാൻഡിൽബാർ, സ്‌പോർട്ടി അലോയ് വീലുകൾ എന്നിവയാണ് RS200 പതപ്പിലെ പ്രധാന ആകർഷങ്ങളായിരുന്നത്.

ഇതെല്ലാം അതേപടി നിലനിർത്തിയാവും ബൈക്കിനെ പുതിയ രൂപത്തിലേക്ക് ആവാഹിക്കുക. പക്ഷേ എഞ്ചിനിൽ മാറ്റമുണ്ടാവാൻ സാധ്യതയുണ്ടെന്നത് തള്ളിക്കളയാനാവില്ല. വലിയ 400 സിസി ഹൃദയം വെച്ചുപിടിപ്പിച്ചാൽ ആശാൻ വിപ്ലവം തീർക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം. ഇനി പഴയ 200 സിസി എഞ്ചിൻ നിലനിർത്താൻ തീരുമാനിച്ചാലും സംഗതി ഉഷാറായിരിക്കും. NS200 നേക്കഡ് മോട്ടോർസൈക്കിളിൽ നിന്നും കടമെടുക്കുന്ന യൂണിറ്റ് വേഗരാജാവാണ്.
ഈ 200 സിസി സിംഗിൾ സിലിണ്ടർ, ലിക്വിഡ്-കൂൾഡ്, ഫ്യുവൽ ഇഞ്ചക്ഷൻ 9,750 ആർപിഎമ്മിൽ പരമാവധി 24.5 bhp കരുത്തും 8,000 ആർപിഎമ്മിൽ 18.7 Nm ടോർക്കും വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 6 സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. സ്ലിപ്പർ അസിസ്റ്റ് ക്ലച്ച് പോലുള്ള മോഡേൺ ടെക്നോളജികൾ മുൻഗാമിയിൽ ഉപയോഗിച്ചിട്ടില്ലെങ്കിലും വരാനിരിക്കുന്ന പതിപ്പിൽ നൽകാൻ സാധ്യതയുണ്ട്.

മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ മോട്ടോർസൈക്കിളിന്റെ സസ്‌പെൻഷൻ സജ്ജീകരണത്തിൽ മുൻവശത്ത് ടെലിസ്‌കോപ്പിക്ഫോർക്കുകളും പിന്നിൽ ഒരു മോണോഷോക്കുമാണ് ബജാജ് ഒരുക്കിയിട്ടുള്ളത്. ബ്രേക്കിംഗിനായി മുന്നിൽ 300 mm പെറ്റൽ ഡിസ്കും പിന്നിൽ 230 mm പെറ്റൽ ഡിസ്ക്കുമാണ് ഘടിപ്പിച്ചിരിക്കുന്നത്. അധിക സുരക്ഷക്കായി ഡ്യുവൽ ചാനൽ എബിഎസും കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്.
പൾസർ N150, N160, NS200 എന്നിവയ്‌ക്കൊപ്പം അരങ്ങേറ്റം കുറിച്ച ഡിജിറ്റൽ ഡാഷ്ബോർഡുമായിട്ടാവും പുതിയ പൾസർ RS200 വിപണിയിലേക്ക് എത്തുക. ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ടേൺ-ബൈ-ടേൺ നാവിഗേഷൻ പോലുള്ള ചില ഫീച്ചറുകളും ഇതിലുണ്ടാവുമെന്നാണ് വിവരം. അതോടൊപ്പം വിലയിലും ചെറിയ മാറ്റമുണ്ടായേക്കാം. നിലവിൽ 1.74 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് ബജാജിന്റെ ഫെയർഡ് ബൈക്ക് വിപണിയിലെത്തുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








