ഇവികളേക്കാൾ കുറഞ്ഞ വിലയിൽ ഹീറോയുടെ 'ഫാമിലി സ്‌കൂട്ടർ', വില വെറും 79,738 രൂപ മാത്രം
ഇന്ത്യയിൽ ഗിയർലെസ് സ്‌കൂട്ടറുകളെ ജനകീയരാക്കിയവരാണ് ഹോണ്ട. ആക്‌ടിവയിലൂടെ വിപ്ലവം തന്നെ തീർത്ത കമ്പനി ഇന്നും അതേമോടിയോയെ വിപണിയിൽ കുതിക്കുകയാണ് ഇപ്പോഴും. ആക്‌ടിവക്ക് എതിരാളിയായി ഹീറോ മോട്ടോകോർപ് (Hero Motocorp) വിപണിയിലെത്തിച്ച വാഹനമായിരുന്നു പ്ലഷർ. 2006-ലാണ് ഹീറോ ഹോണ്ടയുടെ സന്തോഷമായി പ്ലെഷർ (Pleasure) അരങ്ങേറ്റം കുറിച്ചത്.
അന്ന് ഹീറോയും ഹോണ്ടയും ഒന്നിച്ചായിരുന്നു പ്രവർത്തിച്ചിരുന്നതെങ്കിലും ആക്ടിവയുടെ വിപണി ലക്ഷ്യമിട്ടുകൊണ്ടാണ് പ്ലെഷർ രൂപമെടുത്തത്. പ്രധാനമായും സ്ത്രീകളെ മാത്രം ഉന്നംവെച്ചുകൊണ്ട് പുറത്തിറക്കിയ സ്‌കൂട്ടർ ചരിത്രത്താളുകളിൽ പ്രാധാന്യമർഹിക്കുന്നുണ്ടെന്ന് വേണം പറയാൻ. ആക്ടിവ കഴിഞ്ഞാൽ പലർക്കും പ്രിയപ്പെട്ട മോഡലായി ഇത് അതിവേഗം മാറി. കുറഞ്ഞ ഭാരവും കിടിലൻ മൈലേജുമെല്ലാമായി കുറച്ചുകാലം അരങ്ങുവാഴാൻ പ്ലെഷറിനായി.

പിന്നീട് കാലാകാലങ്ങളായുള്ള പരിഷ്ക്കാരങ്ങൾക്കിടയിൽ പ്ലെഷർ പ്ലസ് എന്ന പേരും സ്വീകരിച്ച് ഇന്നും വിപണിയിൽ പിടിച്ചു നിൽക്കാൻ ഈ മോഡലിനായിട്ടുണ്ട്. പലരും മറന്നിട്ടുണ്ടെങ്കിലും പൊടിതട്ടി പഴയ പ്രതാപം തിരിച്ചുപിടിക്കാൻ പുതിയൊരു വേരിയന്റുമായി എത്തിയിരിക്കുകയാണ് ഹീറോ മോട്ടോകോർപ്. പ്ലെഷർ പ്ലസ് എക്സ്ടെക് സ്‌പോർട്‌സ് എന്നറിയപ്പെടുന്ന പുത്തൻ പതിപ്പാണ് കമ്പനി ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്.
79,738 രൂപയുടെ എക്സ്ഷോറൂം വിലയിലാണ് ഏറ്റവും പുതിയ പ്ലെഷർ പ്ലസ് എക്സ്ടെക് സ്‌പോർട്‌സ് മോഡൽ വിപണിയിലേക്ക് എത്തിയിരിക്കുന്നത്. സ്‌കൂട്ടറിന്റെ മുമ്പുണ്ടായിരുന്ന ടോപ്പ് എൻഡ് എക്സ്ടെക് കണക്റ്റഡ്, എക്സ്ടെക് സ്റ്റാൻഡേർഡ് ട്രിമ്മുകൾക്കിടയിലാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. ബ്രാൻഡിന്റെ മറ്റ് Xtec വേരിയന്റുകളിൽ നിന്ന് സ്പോർട്സിനെ വ്യത്യസ്തമാക്കുന്ന ഒരേയൊരു വശം പുത്തൻ കളർ ഓപ്ഷനും ഗ്രാഫിക്സും മാത്രമാണെന്ന് വേണം പറയാൻ.

സൈഡ് പാനലുകൾ, ഫ്രണ്ട് ആപ്രോൺ, ഫ്രണ്ട് ഫെൻഡർ എന്നിവയിൽ ഓറഞ്ച് നിറവും '18' എന്ന നമ്പറും കാണാം. പ്രാഥമിക നിറമായി ബ്ലൂ കളറാണ് ഉപയോഗിച്ചിരിക്കുന്നതെങ്കിലും ഇതിലെ അബ്രാക്സ് ഓറഞ്ച് ഹൈലൈറ്റുകൾ സ്‌കൂട്ടറിന് പ്രത്യേക ഭംഗി നൽകുന്നുണ്ട്. മാത്രമല്ല വീലുകളുടെ ചുറ്റിനും ഓടുന്ന ഓറഞ്ച് പിൻസ്ട്രിപ്പുകളും ബോഡി-കളറുള്ള ഗ്രാബ് റെയിലുകളും മിററുകളും സ്പോർട്സ് വേരിയന്റിനെ മറ്റുള്ളവയിൽ നിന്ന് കൂടുതൽ വ്യത്യസ്‌തമാക്കുന്നുണ്ട്.
ഹീറോ പ്ലെഷർ പ്ലസ് എക്സ്ടെക് സ്‌പോർട്‌സിന് മറ്റ് മെക്കാനിക്കൽ പരിഷ്ക്കാരങ്ങളൊന്നും കമ്പനി സമ്മാനിച്ചിട്ടില്ലെന്നു വേണം പറയാൻ. സസ്പെൻഷനായി മുന്നിൽ ടെലിസ്‌കോപ്പിക് ഫോർക്കുകളും പിന്നിൽ മോണോഷോക്ക് യൂണിറ്റുമാണ് നൽകിയിരിക്കുന്നത്. രണ്ട് അറ്റത്തും 10 ഇഞ്ച് വലിപ്പമുള്ള വീലുകളാണ് സ്‌കൂട്ടറിൽ ഇപ്പോഴുമുള്ളത്. കംബൈൻഡ് ബ്രേക്കിംഗ് സിസ്റ്റം ഉപയോഗിച്ച് രണ്ടറ്റത്തും ഡ്രം ആണ് ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നത്.

ഫീച്ചറുകളുടെ കാര്യത്തിലേക്ക് വന്നാൽ ആള് അത്രക്ക് പരിഷ്ക്കാരി ഒന്നുമല്ലെന്ന് വേണം പറയാൻ കോളുകൾക്കും SMS അലേർട്ടുകൾക്കുമായി ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള സെമി-ഡിജിറ്റൽ എൽസിഡി കൺസോളാണ് ഹിറോ മോട്ടോകോർപ് ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ, ഈ സെഗ്‌മെൻ്റിൽ വളരെ അസാധാരണമായ ഒരു പ്രൊജക്ടർ എൽഇഡി ഹെഡ്‌ലാമ്പും പ്ലെഷർ പ്ലസിൽ കമ്പനി ഒരുക്കിയിട്ടുണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം.
ഡിസൈനിലേക്ക് നോക്കിയാൽ ക്രോമിയം ആവരണമുള്ള സ്‌ക്വയര്‍ എൽഇഡി ഹെഡ്‌ലൈറ്റ്, ക്രോമിയം സ്ട്രിപ്പുകൾ, ബോഡി കളർ ഫിനിഷുള്ള ഗ്രാബ് റെയില്‍, അലോയ് വീല്‍ തുടങ്ങിയവയാണ് പ്ലഷർ പ്ലസിനെ ആകര്‍ഷകമാക്കുന്നത്. പുതിയ വേരിയന്റ് സ്റ്റാൻഡേർഡ്, എക്സ്ടെക് കണക്റ്റഡ് പതിപ്പുകൾക്ക് സമാനമായി തന്നെയാണ് തുടരുന്നത്. 8 bhp കരുത്തിൽ പരമാവധി 8.7 Nm torque വരെ നൽകുന്ന അതേ 110.9 സിസി എഞ്ചിൻ തന്നെയാണ് ഹീറോ പ്ലെഷർ പ്ലസിന് തുടിപ്പേകുന്നത്.

സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ സിസ്റ്റവുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. സ്‌കൂട്ടറിന് വെറും 106 കിലോഗ്രാം ഭാരം മാത്രമാണുള്ളതെന്ന് കമ്പനി പറയുന്നു. ഹീറോ പ്ലെഷർ പ്ലസ് എക്സ്ടെക് സ്‌പോർട്‌സ് പതിപ്പിന്റെ ഫ്യുവൽ ടാങ്ക് കപ്പാസിറ്റി 4.8 ലിറ്ററാണ്. ഇന്ത്യൻ വിപണിയിലെ 110 സിസി സ്‌കൂട്ടർ സെഗ്മെന്റിൽ ഹോണ്ട ആക്ടിവ 6G, ടിവിഎസ് ജുപ്പിറ്റർ എന്നിവയ്‌ക്കെതിരെയാണ് ഹീറോ പ്ലെഷർ പ്ലസ് എക്സ്ടെക് മാറ്റുരയ്ക്കുന്നത്.
വിൽപ്പന പൊതുവേ കുറവാണെങ്കിലും വിപണിയിലെ സാന്നിധ്യം കൂടുതൽ മെച്ചപ്പെടുത്താൻ പുതിയ വേരിയന്റിലൂടെ സാധിക്കുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ. ഇതോടൊപ്പം തന്നെ ഹീറോ മാസ്ട്രോ സ്‌കൂട്ടര്‍ തങ്ങളുടെ വെബ്സൈറ്റില്‍ നിന്ന് നീക്കം ചെയ്തിരിക്കുകയാണ്. വലിപ്പം കുറച്ച് കൂടുതലായിരുന്നുവെങ്കിലും പ്രായോഗികതയായിരുന്നു മാസ്ട്രോയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. പുതിയ സൂം സീരീസിൽ കൂടുതൽ ശ്രദ്ധകൊടുക്കാനാണ് ഇത് നിർത്തലാക്കുന്നതെന്നാണ് വിവരം.


Click it and Unblock the Notifications








