ആക്‌ടിവ ഇവിയെ വളരാൻ സമ്മതിക്കൂല്ല! 1 ലക്ഷത്തിൽ താഴെ വിലയുള്ള പുതിയ ഇലക്‌ട്രിക് സ്‌കൂട്ടറുമായി ഹീറോ
ഇലക്‌ട്രിക് സ്‌കൂട്ടർ വിപണിയിലെ മത്സരം ദിനംപ്രതി വർധിച്ചുവരികയാണ്. ഓല, ഏഥർ പോലുള്ള സ്റ്റാർട്ടപ്പ് ബ്രാൻഡുകൾക്കൊപ്പം രാജ്യത്തെ പ്രമുഖ ഇരുചക്ര വാഹന നിർമാതാക്കളായ ബജാജും ടിവിഎസും ഹീറോ മോട്ടോകോർപ്പുമെല്ലാം ഇവി വിഭാഗത്തിൽ സാന്നിധ്യമറിയിച്ചവരാണ്. ഇതൊന്നും പോരാത്തതിന് സ്‌കൂട്ടറുകളുടെ തലതൊട്ടപ്പനായ സാക്ഷാൽ ഹോണ്ടയും ഇക്കഴിഞ്ഞ ദിവസം രംഗപ്രവേശം ചെയ്‌തു. അതും ആക്‌ടിവയുടെ വൈദ്യുത പതിപ്പുമായാണ് ജാപ്പനീസ് ടൂവീലർ നിർമാതാക്കൾ കടന്നുവന്നിരിക്കുന്നത്. ഇതോടെ വിപണിയിലെ മറ്റുള്ള മോഡലുകളുടെ കാര്യത്തിൽ ഏതാണ്ട് തീരുമാനമായിട്ടുണ്ട്.
പക്ഷേ തങ്ങളുടെ ബദ്ധശത്രുക്കളെ അങ്ങനെയങ്ങ് വളരാൻ അനുവദിക്കില്ലെന്ന് ശപതമെടുത്തിരിക്കുകയാണ് ഹീറോ മോട്ടോകോർപ്. ആക്‌ടിവ ഇവിയെ ഒതുക്കി ആളാവാൻ ഇതാ കമ്പനി പുതുപുത്തനൊരു ഇലക്ട്രിക് സ്‌കൂട്ടറുമായി എത്തുകയാണ്. ജനപ്രിയമായ വിഡയുടെ കുറഞ്ഞ വിലയുള്ള V2 സ്കൂട്ടർ ശ്രേണിയാണ് ഹോണ്ടയ്ക്ക് ചെക്ക് വെക്കാനായി വിപണിയിലേക്ക് എത്തുക. പ്രോ, പ്ലസ്, ലൈറ്റ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളായിരിക്കും ശ്രേണിയിലുണ്ടാവുക.

ഹീറോ വിഡ V2 ശ്രേണിയിലെ ഏറ്റവും താങ്ങാനാവുന്ന മോഡലായ V2 ലൈറ്റിന് ഏകദേശം 90,000 രൂപയാണ് ഇന്ത്യയിൽ പ്രതീക്ഷിക്കുന്ന എക്സ്ഷോറൂം വില. V2 ലൈറ്റിന് നിലവിലെ V1 സ്‌കൂട്ടറുകളുടെ അതേ ഡിസൈനും മൊത്തത്തിലുള്ള രൂപവും ലഭിക്കുമെന്ന് തന്നെയാണ് വിവരം. എന്നാൽ പുതിയ കളർ ഓപ്ഷനുകൾ അവതരിപ്പിച്ചായിരിക്കും ഹീറോ മോട്ടോർകോർപ് ഇവയെ വേറിട്ടുനിർത്തുക.
മാറ്റ് അബ്രാക്സ് ഓറഞ്ച്, ഗ്ലോസി സ്പോർട്സ് റെഡ്, ഗ്ലോസി ബ്ലാക്ക്, മാറ്റ് വൈറ്റ് എന്നീ നിറങ്ങളാണ് നിലവിൽ വിഡ ശ്രേണിയിലുള്ളത്. മറ്റ് വിവരങ്ങളിലേക്ക് നോക്കിയാൽ സിംഗിൾ ചാർജിൽ ഏകദേശം 64 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യാൻ സാധ്യതയുള്ള ഒരു 2.2kWh ബാറ്ററി പായ്ക്കായിരിക്കും ഹീറോ വിഡ V2 ലൈറ്റിന് തുടിപ്പേകാൻ എത്തുകയെന്നും റിപ്പോർട്ടുകളുണ്ട്. മണിക്കൂറിൽ പരമാവധി 69 കിലോമീറ്റർ വേഗത നൽകുന്ന 3.9kW മോട്ടോറുമായി ബാറ്ററി ജോടിയാക്കുകയും ചെയ്യും.

V2 ലൈറ്റിൻ്റെ ബാറ്ററി 80 ശതമാനം ചാർജ് ചെയ്യാനായി ഏകദേശം മുക്കാൽ മണിക്കൂർ സമയം മാത്രമായിരിക്കും വേണ്ടിവരിക. കുറഞ്ഞ വിലയായിരിക്കുമെങ്കിലും ഫോളോ-മീ-ഹോം ലൈറ്റുകൾ, കീലെസ് ഓപ്പറേഷൻ, ക്രൂയിസ് കൺട്രോൾ, ടു-വേ ത്രോട്ടിൽ, ഇൻകമിംഗ് കോൾ അലേർട്ടുകൾ, എൽഇഡി ലൈറ്റിംഗ് എന്നിവ ഉപയോഗിച്ച് വിഡ V2 ലൈറ്റിനെ ഹീറോ മോട്ടോകോർപ് ആകർഷകമാക്കുകയും ചെയ്യും.
മെക്കാനിക്കൽ വശങ്ങളിലേക്ക് വന്നാൽ സസ്പെൻഷനായി ടെലിയിസ്‌കോപിക് ഫ്രണ്ട് ഫോർക്കുകളും മോണോഷോക്കും ഹീറോ മോട്ടോകോർപ് ഒരുക്കുമ്പോൾ വിഡ V2 ലൈറ്റ് വേരിയന്റ് 12 ഇഞ്ച് വീലുകളിലായിരിക്കും നിരത്തിലേക്ക് ഓടിയിറങ്ങുക. ബ്രേക്കിംഗിനായി മുൻവശത്ത് ഫ്രണ്ട് ഡിസ്‌കും പിന്നിൽ ഡ്രം ബ്രേക്ക് സജ്ജീകരണവുമായിരിക്കും ലഭിക്കുക. എബിഎസ് പോലുള്ള ഫാൻസി ഫീച്ചറുകളൊന്നും പ്രതീക്ഷിക്കേണ്ടതില്ല കേട്ടോ.

ഹോണ്ട ആക്‌ടിവ ഇവിയുടെ വിൽപ്പനയും ബുക്കിംഗും ആരംഭിക്കുന്നതിന് മുമ്പായി ഹീറോ വിഡ V2 ലൈറ്റ് അവതരിപ്പിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. എന്തായാലും ഇതിലൂടെ രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കൾക്ക് തിളങ്ങാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ വിഡ V1 ശ്രേണിക്ക് 1.17 ലക്ഷം മുതൽ 1.47 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്.
3.94 kWh ലിഥിയം അയൺ ബാറ്ററി പായ്ക്കുമായി വരുന്ന ഹീറോ മോട്ടോകോർപ്പിന്റെ വിഡ V1 പ്രോയ്ക്ക് സിംഗിൾ ചാർജിൽ പരമാവധി 110 കിലോമീറ്റർ റേഞ്ചാണ് നൽകാനാവുക. അതേസമയം ഇവിയുടെ ടോപ്പ് സ്പീഡ് 80 കിലോമീറ്ററായാണ് നിശ്ചയിച്ചിരിക്കുന്നത്. പെർഫോമൻസിലേക്ക് നോക്കിയാൽ 3.2 സെക്കൻഡിൽ പൂജ്യത്തിൽ നിന്ന് 40 കിലോമീറ്റർ വേഗത കൈവരിക്കാൻ ഇതിന് കഴിയും. ഇനി കുറഞ്ഞ വിലയുള്ളവർക്ക് V2 ശ്രേണിയിലേക്കും പ്രീമിയം ഇവി തിരയുന്നവർക്ക് V1 ശ്രേണിയിലേക്കും കണ്ണുംപൂട്ടി പോവാം.


Click it and Unblock the Notifications








