മടുപ്പില്ലാതെ എത്ര ദൂരം വേണേലും പോവാം, ഹീറോയുടെ ഷോറൂം നിറയ്ക്കാൻ പുതിയ അഡ്വഞ്ചർ സ്‌കൂട്ടർ വരുന്നു
ഇലക്‌ട്രിക് സ്‌കൂട്ടറുകൾ വിപണി നിറഞ്ഞാടുമ്പോൾ പെട്രോൾ മോഡലുകളുടെ ഭാവി എന്താകുമെന്ന പേടിയൊന്നും മുൻനിര ബ്രാൻഡുകൾക്കില്ല. ഉപയോഗിക്കാനുള്ള എളുപ്പവും വിശ്വാസവുമെല്ലാം തന്നെ മുതൽക്കൂട്ടായുള്ളപ്പോൾ വാങ്ങാൻ ഇന്നും ആളുകൾ എത്തുന്നുണ്ടെന്നതാണ് ഇവരുടെ ശക്തി. പണ്ട് പ്രായോഗികത മാത്രമായിരുന്നു സ്‌കൂട്ടറുകളുടെ മുഖമുദ്രയെങ്കിൽ കാലം മാറിയതോടെ കോലവും ഭാവവും മാറി ഇവരും വിപണിയിൽ എത്തിയെന്നതാണ് ശ്രദ്ധേയം.
പെർഫോമൻസും കാര്യങ്ങളുമെല്ലാം കോർത്തിണക്കിയ ധാരാളം വൈവിധ്യമാർന്ന സ്‌കൂട്ടറുകൾ ഇന്നിപ്പോൾ വിപണിയിൽ സുലഭമാണ്. ആ നിരയിലേക്ക് ഹീറോ മോട്ടോകോർപ്പും പുതിയൊരു പടയാളിയുമായി എത്തുകയാണ്. പ്രശസ്തമായ EICMA മോട്ടോർഷോയുടെ 2023 പതിപ്പിൽ അവതരിപ്പിച്ച അഡ്വഞ്ചർ സ്റ്റൈൽ മാക്‌സി സ്‌കൂട്ടറായ സൂം 160 എന്ന മോഡലുമായാണ് ബ്രാൻഡിന്റെ വരവ്. സ്‌കൂട്ടർ സങ്കൽപ്പത്തെ പൊളിച്ചെഴുതാനുള്ള ശ്രമങ്ങളാണ് ഇതിലൂടെ നടക്കുക.

കൺസെപ്റ്റ് രൂപത്തിലാണ് EICMA മോട്ടോർഷോയിൽ എത്തിയതെങ്കിലും സമാനമായ ശൈലി തന്നെയായിരിക്കും പ്രൊഡക്ഷൻ വേരിയന്റിലും കാണാനാവുക. എന്തായാലും ഇന്ത്യയിലെ ഏറ്റവും വലിയ മോട്ടോർസൈക്കിൾ നിർമാതാക്കളായ ഹീറോ ഇപ്പോൾ തങ്ങളുടെ ആദ്യ പ്രീമിയം സ്കൂട്ടറായ സൂം 160 ഇന്ത്യയിൽ പുറത്തിറക്കാൻ തയാറെടുക്കുകയാണെന്നാണ് വിവരം. അഡ്വഞ്ചർ സ്റ്റൈലിംഗ് തന്നെയാണ് വാഹനത്തിന്റെ പ്രധാന ഹൈലൈറ്റ്.
ബ്രാൻഡിന്റെ പ്രീമിയം ഫ്ലാഗ്ഷിപ്പ് മോഡലായാവും പുതിയ ഹീറോ സൂം 160 സ്ഥാനം പിടിക്കുക. കൂടാതെ നിരവധി സെഗ്‌മെന്റ് ഫസ്റ്റ് ഫീച്ചറുകൾക്കൊപ്പം ഓഫ്-റോഡ് ശേഷിയും വാഗ്ദാനം ചെയ്യുന്നുവെന്നതാണ് സ്‌കൂട്ടറിനെ വേറിട്ടു നിർത്തുന്ന കാര്യം. രാജ്യത്തെ വലിപ്പമേറിയ മാക്‌സി സ്‌കൂട്ടറുകളിൽ ഒന്നായിരിക്കും ഇതെന്നതും എടുത്തു പറയേണ്ട കാര്യമാണ്. ട്രാൻസ്പരന്റ് വൈസറിനൊപ്പം യുണീക്കായ ഫ്രണ്ട് ഡിസൈനാണ് ഇതിൽ ഒരുക്കിയിരിക്കുന്നതും.

സ്പ്ലിറ്റ് എൽഇഡി ഹെഡ്‌ലൈറ്റാണ് മറ്റൊരു ആകർഷണീയമായ കാര്യം. സിംഗിൾ പീസ് സീറ്റും ടോപ്പ് ബോക്‌സ് മൗണ്ടും കൂടെയാവുന്നതോടെ സ്‌കൂട്ടർ പൂർണമാവുന്നു. നീളമുള്ള വീൽബേസും ഫ്യുവൽ ടാങ്കിൻ്റെ സ്ഥാനവും ഒരു വലിയ ബൂട്ടിലേക്ക് വിവർത്തനം ചെയ്യപ്പെടാനും സാധ്യതയുണ്ട്. സൂം 125R പോലെ തന്നെ രണ്ട് അറ്റത്തും 14 ഇഞ്ച് വീലുകളാണ് കമ്പനി ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ ഇവയ്ക്ക് വീതിയേറിയതും ബ്ലോക്ക് പാറ്റേൺ ടയറുകളും ഉണ്ടാവുമെന്നാണ് കമ്പനി വൃത്തങ്ങൾ നൽകുന്ന സൂചന.
ഹീറോയുടെ ഫ്ലാഗ്ഷിപ്പ് പ്രീമിയം സ്കൂട്ടർ ആയതിനാൽ സൂം 160 ഫീച്ചറുകളാൽ സമ്പന്നമായിരിക്കുമെന്നതിൽ സംശയമൊന്നും വേണ്ട. നിലവിൽ കീലെസ് ഇഗ്നിഷൻ, റിമോട്ട് സീറ്റ് ഓപ്പണിംഗ്, എൽഇഡി ലൈറ്റുകൾ, സ്‌മാർട്ട് ഫൈൻഡ്, ബ്ലൂടൂത്തും നാവിഗേഷൻ ഓപ്ഷനും ഉള്ള പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററുമെല്ലാം മുടക്കുന്ന കാശിന് മൂല്യം നൽകും. മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ മുൻവശത്ത് ടെലിസ്‌കോപിക് ഫോർക്കുകളും പിന്നിൽ ഡ്യുവൽ സ്പ്രിംഗ് ഷോക്കുകളുമായാവും സ്‌കൂട്ടർ വരിക.

14 bhp കരുത്തിൽ പരമാവധി 13.7 Nm torque ഉത്പാദിപ്പിക്കുന്ന 156 സിസി, ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് സൂം 160 മാക്‌സി സ്‌കൂട്ടറിന് തുടിപ്പേകുക. ഈ കണക്കുകൾ അടുത്തിടെ നടന്ന 2024 ഭാരത് മൊബിലിറ്റി എക്‌സ്‌പോയിൽ പ്രദർശിപ്പിച്ചിരുന്നു. എന്നാൽ അത് പ്രീ-പ്രൊഡക്ഷൻ മോഡലാണെന്ന കാര്യവും ഹീറോ പ്രത്യേകം അറിയിച്ചിരുന്നു. വിപണിയിൽ അവതരിപ്പിക്കുമ്പോൾ പ്രൊഡക്ഷൻ പതിപ്പുമായി വലിയ വ്യത്യാസമൊന്നും ഉണ്ടാകില്ലെന്ന് വിശ്വസിക്കുന്നു.
141 കിലോഗ്രാം ഭാരമാണ് പുതിയ സൂം 160 മാക്‌സി സ്‌കൂട്ടറിന് പ്രതീക്ഷിക്കുന്നത്. ബ്രേക്കിംഗിനായി മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്ക് സിംഗിൾ ചാനൽ എബിഎസിന്റെ സഹായത്തോടെ വാഗ്‌ദാനം ചെയ്യും. റിപ്പോർട്ടുകൾ പ്രകാരം ഹീറോയുടെ പുത്തൻ പ്രീമിയം സ്‌കൂട്ടറിന് മത്സരാധിഷ്ഠിത വില നിർണയമായിരിക്കും ഉണ്ടാവുക. അതായത് ഏകദേശം 1.30 ലക്ഷം രൂപയോളം എക്സ്ഷോറൂം വില പ്രതീക്ഷിക്കാമെന്ന് സാരം.

ഇന്ത്യയിൽ ലോഞ്ച് ചെയ്യുമ്പോൾ അപ്രീലിയ XSR 160, യമഹ ഏയ്റോക്‌സ് 155 എന്നിവയ്‌ക്ക് എതിരാളിയാകും. സ്കൂട്ടർ സെഗ്‌മെന്റിലേക്ക് കൂടുതൽ പുതുമകൾ കൊണ്ടുവന്ന് ശ്രദ്ധനേടാനുള്ള ഹീറോ മോട്ടോകോർപ്പിന്റെ ശ്രമങ്ങൾ വിജയം കാണുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. ദീർഘദൂരം യാത്ര ചെയ്യാനും കിടിലൻ പെർഫോമൻസിനുമെല്ലാം ഉതകുന്ന തരത്തിലുള്ള സ്‌കൂട്ടറുകൾ വിപണിയിൽ എത്തിത്തുടങ്ങിയിട്ടുണ്ട് എന്നതിനാൽ കൂടുതൽ ആളുകൾ വാങ്ങാനെത്തുമെന്നാണ് കമ്പനിയുടെ അനുമാനം.


Click it and Unblock the Notifications








