210 സിസി എഞ്ചിനുമായി എക്‌സ്‌പൾസ് വരുന്നു, 'ജഗജില്ലി'യാവാൻ ഹീറോയുടെ അഡ്വഞ്ചർ ബൈക്ക്; ഹിമാലയൻ വെള്ളം കുടിക്കും!
അഡ്വഞ്ചർ മോട്ടോർസൈക്കിളോട് ഇന്ത്യക്കാർക്കിപ്പോൾ വല്ലാത്തൊരു പൂതിയാണുള്ളത്. റോയൽ എൻഫീൽഡ് ഹിമാലയനും, ഹീറോ എക്‌സ്‌പൾസും പോലുള്ള വമ്പൻമാരുടെ വിൽപ്പന കണ്ടാൽ തന്നെയറിയാം ഇതിന്റെ തെളിവ്. എഡിവി ബൈക്കുകളെ ഹിറ്റാക്കിയത് എൻഫീൽഡ് ആണെങ്കിലും സെഗ്മെന്റിനെ കൂടുതൽ ജനകീയനാക്കിയത് ഹീറോയാണെന്ന് വേണം പറയാൻ. കുറഞ്ഞ വിലയിൽ എത്തിയ കിടിലൻ മോഡൽ സാധാരണക്കാരുടെ സാഹസികതകളെ പുറത്തെടുക്കാൻ സഹായിച്ചു. കുന്നും മലയും താണ്ടാൻ കെൽപ്പുള്ളതു പോലെ തന്നെ കുണ്ടും കുഴിയും നിറഞ്ഞ നഗര റോഡുകളിൽ കാഴ്ച്ചവെക്കുന്ന മികവുറ്റ പ്രകടനം കൊണ്ട് എക്‌സ്‌പൾസ് ജനഹൃദയങ്ങൾ കീഴക്കുകയായിരുന്നു.
സർവീസുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും വിൽപ്പനയെ ഇതൊന്നും കാര്യമായി ബാധിക്കുന്നില്ലെന്ന് വേണം പറയാൻ. ഇറ്റലിയിലെ മിലാനിൽ നടക്കാനിരിക്കുന്ന 2024 EICMA മോട്ടോഷോയിൽ അവതരിപ്പിക്കുന്ന പുതിയ ബൈക്കിന്റെ ടീസർ പുറത്തുവിട്ട് ഹീറോ മോട്ടോകോർപ് വീണ്ടും തലക്കെട്ടുകളിൽ നിറയുകയാണ്. എക്‌സ്പൾസിന്റെ 210 സിസി പതിപ്പ് ആയിരിക്കും ഇതെന്ന ചർച്ചയാണ് ഇപ്പോൾ നടക്കുന്നത്.

എന്തായാലും സംഭവം അഡ്വഞ്ചർ ടൂറർ ആയിരിക്കുമെന്ന് കമ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. ആദ്യം EICMA മോട്ടോർ ഷോയിൽ പ്രദർശിപ്പിക്കും. അതിനുശേഷമായിരിക്കും ഇന്ത്യൻ വിപണിയിൽ ബൈക്കിന്റെ ലോഞ്ച് നടക്കുകയെന്നാണ് വിവരം. പുതിയ മോട്ടോർസൈക്കിൾ ഏതാവുമെന്ന് ഹീറോ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും കൂടുതൽ കരുത്തുറ്റ പുതിയ എക്‌സ്‌പൾസ് ആയിരിക്കാം ഇതെന്നാണ് ഫാൻസ് തറപ്പിച്ചുപറയുന്നത്.
ടീസറിൽ വരാനിരിക്കുന്ന അഡ്വഞ്ചർ ബൈക്കിന്റെ എക്സ്ഹോസ്റ്റ് നോട്ടും വ്യക്തമായി കേൾക്കാം. മോഡലിന്റെ ഹെഡ്‌ലൈറ്റാണ് ടീസറിലെ പ്രധാന ഹൈലൈറ്റ്. ഓഫ്‌റോഡിംഗ് സമയത്ത് ഉപയോഗപ്രദമാകുന്ന ഒരു ഗ്രിൽ ഉപയോഗിച്ച് പരിരക്ഷിച്ചിരിക്കുന്ന എൽഇഡി ഹെഡ്‌ലാമ്പിനൊപ്പം മുൻവശത്തെ ഉയർന്ന സ്റ്റൈലിലുള്ള മഡ്‌ഗാർഡും കാണാൻ കഴിയും. ഹെഡ്‌ലാമ്പിന് മുകളിലാണ് നമ്പർ പ്ലേറ്റ് സ്ഥാപിച്ചിരിക്കുന്നത്. ടേൺ ഇൻഡിക്കേറ്ററുകൾ ഹാലൊജൻ യൂണിറ്റുകളാണെന്നും ഉറപ്പിക്കാം.

ഹീറോ എക്സ്പൾസ് 210 അടുത്തിടെ ലഡാക്കിലെ ഖർദുങ് ലായ്ക്ക് സമീപം കണ്ടവരുണ്ട്. കരിസ്മ XMR 210 സ്പോർട്‌സ് ബൈക്കിലെ ലിക്വിഡ്-കൂൾഡ് എഞ്ചിൻ കടമെടുത്താണ് വരവെന്നാണ് സൂചന. അങ്ങനെയെങ്കിൽ ഡ്യുവൽ പർപ്പസ് അഡ്വഞ്ചർ ടൂററിന് നിലവിലെ പരിമിതകളെ മറികടക്കാനുമാവും. കരിസ്മയിലെ 210 സിസി ലിക്വിഡ് കൂൾഡ്, സിംഗിൾ സിലിണ്ടർ ഫ്യൂവൽ ഇഞ്ചക്‌റ്റഡ് എഞ്ചിന് 25 bhp കരുത്തിൽ പരമാവധി 20.4 Nm torque വരെ ഉത്പാദിപ്പിക്കാനാവും.
6-സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയ എഞ്ചിന് മികച്ച ലോ, മിഡ് റേഞ്ചിനായി ചെറിയ റീട്യൂണിംഗും ചെയ്യാനാവും. രണ്ടാം തലമുറ എക്‌സ്‌പൾസിൽ കരിസ്‌മയിലെ എഞ്ചിൻ ഉപയോഗിക്കാൻ ഹീറോ തീരുമാനിക്കുകയാണെങ്കിൽ അത് നിലവിലെ 199.6 സിസി 4V എയർ-കൂൾഡ് എഞ്ചിനേക്കാൾ ഏകദേശം 6.1 bhp പവറും 3.1 Nm ടോർക്കും അധികമായി നൽകാൻ ബൈക്കിനാവും.

മറ്റ് ഫീച്ചറുകളിലേക്ക് നോക്കിയാൽ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ടേൺ-ബൈ-ടേൺ നാവിഗേഷനും പിന്തുണയ്ക്കുന്ന ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററുമായാവും ഹീറോ എക്‌സ്‌പൾസ് 210 മോഡലിനെ ഹീറോ മോട്ടോകോർപ് ഒരുക്കുക. സ്വിച്ചബിൾ ഡ്യുവൽ-ചാനൽ ആൻ്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റവും ഓഫറിലുണ്ടാകും. മറ്റ് മെക്കാനിക്കൽ വശങ്ങളിലേക്ക് വന്നാൽ പുതിയ ഹീറോ എക്‌സ്‌പൾസിന്റെ സസ്പെൻഷനായി ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകളും പിന്നിൽ മോണോഷോക്കും ഉണ്ടാകും.
അഡ്വഞ്ചർ ബൈക്കിൽ നിന്നും അഡ്വഞ്ചർ ടൂററായി മാറുമ്പോൾ ഫ്യുവൽ ടാങ്കിന് മുൻ മോഡലിനേക്കാൾ വലിയ ശേഷി ഉണ്ടാകുമെന്നും പ്രതീക്ഷിക്കാം. നിലവിൽ എക്‌സ്‌പൾസിന്റെ ഭാരം വെറും 158 കിലോഗ്രാം മാത്രമാണെങ്കിലും ശേഷി കൂടിയ എഞ്ചിൻ വരുന്നതോടെ ഭാരം അൽപം ഉയരാനും സാധ്യതയുണ്ട്. എങ്കിലും ഓഫ്-റോഡിംഗിൽ അനായാസം കൈകാര്യം ചെയ്യാൻ സാധിക്കുന്ന വിധമാവും ഹീറോ ഒരുക്കുക.


Click it and Unblock the Notifications








