125 സിസി സെഗ്മെന്റിൽ 'ഹീറോ' ആവാൻ ഹീറോ; കുറഞ്ഞ വിലയ്ക്ക് സ്പോർട്‌സ് ബൈക്ക് റെഡി
പണ്ടൊക്കെ പുതിയൊരു ബൈക്ക് വാങ്ങാൻ തീരുമാനിച്ചാൽ പലരുടേയും ആദ്യ ചോയ്‌സായിരിക്കും പൾസർ മോഡലുകൾ. ബജാജിന്റെ എക്കാലത്തേയും വിജയമായി മാറിയ ഇവയിന്ന് 125 സിസി മുതൽ 250 സിസി വരെ വിരാജിച്ചു കിടക്കുകയാണ്. പക്ഷേ പണ്ടത്തെ പ്രതാപമൊന്നും ഇപ്പോൾ പറയാൻ സാധിക്കില്ലെങ്കിലും പുതുതലമുറയിലേക്ക് ചേക്കേറി മോട്ടോർസൈക്കിളുകൾ എത്തുന്നുണ്ട്.
പണ്ടൊക്കെ 150 സിസി മോഡലുകൾ വാങ്ങാൻ ആളെത്തുന്നതു പോലെയാണ് ഇന്ന് 125 വിഭാഗത്തിലേക്ക് ആളുകളെത്തുന്നത്. പണ്ട് കമ്മ്യൂട്ടർ സ്റ്റൈൽ ബൈക്കുകൾ മാത്രമാണ് ഇവിടെയുണ്ടായിരുന്നതെങ്കിൽ ഇപ്പോൾ യൂത്തിനെ പിടിക്കാനായി സ്പോർട്ടി മോട്ടോർസൈക്കിളുകളും അരങ്ങത്തുണ്ട്. പണ്ടേ പൾസർ മോഡൽ വെട്ടിയിട്ട വഴിയാണെതിങ്കിലും ഇപ്പോൾ ടിവിഎസ് റൈഡർ പോലുള്ള വണ്ടികളാണ് സെഗ്മെന്റ് ഭരിക്കുന്നത്.

ഇവിടേക്ക് രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ്പും കൂടി കടന്നുവരാൻ പോവുകയാണെന്നതാണ് ഏറ്റവും പുതിയ വാർത്ത. നിലവിൽ ഗ്ലാമർ 125 കമ്മ്യൂട്ടർ ബൈക്ക് സെഗ്മെന്റിൽ ഉണ്ടെങ്കിലും യുവതലമുറയെ ആകർഷിക്കുന്ന എന്തേലും വേണമെന്ന തീരുമാനമാണ് ബ്രാൻഡിനെ ഇവിടേക്ക് എത്തിച്ചിരിക്കുന്നത്. എക്‌സ്ട്രീം 125R എന്ന പുത്തൻ മോട്ടോർസൈക്കിളിനെയാണ് കമ്പനി അവതരിപ്പിക്കാൻ പോവുന്നത്.
2024 ഹീറോ വേൾഡ് എന്ന പരിപാടിയിലാവും എക്‌സ്ട്രീം 125R എൻട്രി ലെവൽ സ്പോർട്ടി ബൈക്കിന്റെ അരങ്ങേറ്റം നടക്കുക. പക്ഷേ ഇതിനു മുന്നോടിയായി ബൈക്കിന്റെ ആദ്യ ചിത്രങ്ങൾ ഇന്റർനെറ്റിലൂടെ ചോർന്നിരിക്കുകയാണ്. സ്‌പോർടി സ്‌റ്റൈലിംഗ്, സ്ലീക്ക് എൽഇഡി ഹെഡ്‌ലാമ്പ്, മസ്‌കുലാർ ലുക്കിംഗ് ഫ്യുവൽ ടാങ്ക്, സ്‌പ്ലിറ്റ് സീറ്റുകളുള്ള സ്‌ലിം ടെയിൽ സെക്ഷൻ എന്നിവയാണ് മോഡലിന്റെ ഡിസൈൻ ഹൈലൈറ്റുകളിൽ ഉൾപ്പെടുന്നത്.

സസ്പെൻഷനായി മോട്ടോർസൈക്കിൾ മുന്നിൽ ടെലിസ്‌കോപ്പിക് ഫോർക്കുകളിലും പിന്നിൽ മോണോഷോക്കും ആിരിക്കും ഉപയോഗിക്കുകയെന്ന് സ്പൈ ചിത്രങ്ങൾ സൂചന നൽകിയിട്ടുണ്ട്. അതേസമയം എക്‌സ്‌ഹോസ്റ്റ് മഫ്ലറും ഷാസിയും എക്‌സ്ട്രീം 160R മോഡലിന് സമാനമാണ്. ഹീറോ എക്‌സ്ട്രീം 125R എന്ന പോരാളിക്ക് കരുത്ത് പകരുന്നത് പുതിയ 125 സിസി, സിംഗിൾ സിലിണ്ടർ എഞ്ചിനായിരിക്കുമെന്നാണ് വിവരം.
പവർ, ടോർക്ക് കണക്കുകൾ ഇതുവരെ അറിവായിട്ടില്ലെങ്കിലും എഞ്ചിൻ അഞ്ച് സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കുമെന്ന് ഉറപ്പാണ്. 8,250 ആർപിഎമ്മിൽ 11.5 bhp പവറും 6,250 ആർപിഎമ്മിൽ 10.5 Nm torque ഉം എങ്കിലും ഉത്പാദിപ്പിക്കാൻ മോഡൽ പ്രാപ്‌തമായിരിക്കുമെന്നാണ് ഊഹം. എക്‌സ്ട്രീം 125R പ്രാഥമികമായി ടിവിഎസ് റൈഡർ 125 മോഡലുമായിട്ടായിരിക്കും പ്രധാനമായും മാറ്റുരയ്ക്കുക.

ഹീറോ മോട്ടോകോർപ്പിന്റെ മോട്ടോർസൈക്കിൾ നിരയിലേക്ക് ആവേശകരമായ ഒരു കൂട്ടിച്ചേർക്കലായി എക്‌സ്‌ട്രീം 125R മാറുമെന്നാണ് വിലയിരുത്തൽ. ആകർഷകമായ ഡിസൈൻ, ഷാർപ്പ് എൽഇഡി ഹെഡ്‌ലൈറ്റുകൾ എന്നിവയെല്ലാം യുവാക്കളുടെ ആകർഷിക്കാൻ പ്രാപ്‌തമാണ്. എങ്കിലും വില നിർണയവും വിജയപരാജയങ്ങളിൽ വലിയ പങ്കുവഹിക്കും. ഏകദേശം 95,000 രൂപ മുതൽ എക്സ്ഷോറൂം വില പ്രതീക്ഷിക്കുന്നതിൽ തെറ്റുപറയാനാവില്ല.
പുതിയ എക്സ്ട്രീം 125R സിംഗിൾ-ചാനൽ എബിഎസ്, സിബിഎസ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ ലഭ്യമാകും. ഒപ്പം വിലയുടെ കാര്യം കണക്കിലെടുത്താൽ മോട്ടോർസൈക്കിളിൽ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ ഉൾപ്പെടെയുള്ള ഒന്നിലധികം മോഡേൺ സവിശേഷതകൾ കമ്പനി വാഗ്‌ദാനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. അനുബന്ധ ഫീച്ചറുകൾ പ്രവർത്തനക്ഷമമാക്കാൻ ബ്ലൂടൂത്ത് കണക്റ്റിവിറ്റി കൂടിയുണ്ടെങ്കിൽ സംഭവം കളറാവും.

ഇതുകൂടാതെ നാളെ മാവ്‌റിക്ക് എന്ന പുത്തൻ മോഡേൺ റെട്രോ ബൈക്കും കമ്പനി പുറത്തിറക്കാൻ തയാറായിക്കഴിഞ്ഞു. ഹീറോ-ഹാര്‍ലി ഡേവിഡ്‌സണ്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഹാര്‍ലി X440 അടിസ്ഥാനമാക്കിയുള്ള മോഡലാണിത്. ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പിന്റെ ഫ്ളാഗ്ഷിപ്പ് മോഡല്‍ ആയിരിക്കും മാവ്‌റിക്ക് എന്നതും ശ്രദ്ധനേടും.
2.39 ലക്ഷം മുതല്‍ 2.79 ലക്ഷം രൂപ വരെയാണ് ഹാര്‍ലി ഡേവിഡ്‌സണ്‍ X440 മോഡലിന്റെ എക്‌സ്‌ഷോറൂം വില വരുന്നത്. അതേസമയം ഹീറോ മാവ്‌റിക്കിന് 2 ലക്ഷം രൂപ മുതല്‍ 2.20 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കുന്നു. കമ്മ്യൂട്ടര്‍ മോട്ടോര്‍സെക്കിളുകളിലൂടെ ഇന്ത്യക്കാരുടെ മനംകീഴടക്കിയ ബ്രാന്‍ഡായ ഹീറോ അടുത്ത കാലത്തായി പ്രീമിയം ബൈക്കുകള്‍ക്ക് ലഭിച്ച് കൊണ്ടിരിക്കുന്ന സ്വീകാര്യത മുതലെടുക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്.


Click it and Unblock the Notifications








