2.19 ലക്ഷത്തിന് പുത്തൻ ബൈക്കുകൾ അവതരിപ്പിച്ച് നാം മറന്ന കമ്പനി, ഓർത്തെടുക്കാമോ ഈ ബ്രാൻഡിനെ
വിദേശ വാഹന നിർമാതാക്കളും ഇന്ത്യൻ ബ്രാൻഡുകളും തമ്മിലുള്ള കൂട്ടുകെട്ടും സഹകരണവും സാധാരണമായി മാറിയിരിക്കുകയാണ്. കവസാക്കിയെ ഇന്ത്യയിലേക്ക് കൊണ്ടുവന്നതു പോലെ ഓസ്ട്രിയൻ സ്പോർട് ബൈക്ക് നിർമാതാക്കളായ കെടിഎമ്മിനെയും (KTM) നമ്മുടെ നിരത്തുകളിലേക്ക് കൊണ്ടുവന്നത് ബജാജാണ്. അങ്ങനെ യുവാക്കൾക്കിടയിൽ ഓറഞ്ച് മോട്ടോർസൈക്കിളുകൾ അതിവേഗം ട്രെൻഡായി.
ഇതോടൊപ്പം തന്നെ കെടിഎമ്മിന്റെ ഉടമസ്ഥതയിലുള്ള സ്വീഡിഷ് മോട്ടോർസൈക്കിൾ ബ്രാൻഡായ ഹസ്ഖ്‌വർണയും ഇന്ത്യയിലെത്തുകയുണ്ടായി. തുടക്കകാലത്ത് യൂത്തിനെ പിടിക്കാൻ കമ്പനിക്കായെങ്കിലും പിന്നീട് മോഡേൺ എതിരാളികൾക്കിടയിൽ പലരും ഈ ബ്രാൻഡ് തന്നെ മറന്നുപോവുകയുണ്ടായി. ഹോണ്ടയും ട്രയംഫും ഹാർലിയും കൂടെ ചെറിയ വിലയിൽ യൂത്തിനിടയിലേക്ക് ഇറങ്ങിയതോടെ ഹസ്ഖിയെ എന്നന്നേക്കുമായി നാം മറന്നു.

എന്നാൽ നഷ്‌ടപ്പെട്ട പ്രതാപം വീണ്ടെടുക്കാൻ ഒരുങ്ങിയിറങ്ങിയിരിക്കുകയാണ് ഹസ്ഖ്‌വർണ. അതിന്റെ ഭാഗമായി സ്വാർട്ട്പിലൻ 401, വിറ്റ്പിലൻ 250 മോഡലുകളുടെ പുത്തൻ 2024 മോഡലുകളെ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുകയാണ്. ബൈക്കുകൾ ഏറ്റവും പുതിയ തലമുറയിലേക്ക് നവീകരിച്ചെത്തുമ്പോൾ ബ്രാൻഡിനും ഏറെ പ്രതീക്ഷകളാണുള്ളത്. 250 ഹസ്‌ഖി ബൈക്കുകൾ നേരത്തെ വിപണനത്തിന് എത്തിയിരുന്നുവെങ്കിലും ഇതാദ്യമായാണ് കമ്പനി ആദ്യത്തെ 401 സീരീസ് ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്.
2024 ഹസ്ഖ്‌വർണ വിറ്റ്പിലൻ 250 പതിപ്പിന് 2.19 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. അതേസമയം 2024 മോഡൽ സ്വാർട്ടിപിലൻ 401 മോഡലിന് 2.92 ലക്ഷം രൂപയും എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരും. രണ്ട് മോട്ടോർസൈക്കിളുകളും കെടിഎം 390 ഡ്യൂക്ക്, 250 ഡ്യൂക്ക് എന്നിവയുടെ പ്ലാറ്റ്ഫോമിലാണ് പണികഴിപ്പിച്ചിരിക്കുന്നത്. രണ്ട് ബൈക്കുകളും ഇന്ത്യയിൽ നിർമിക്കുകയും ആഗോള വിപണികളിലേക്ക് കയറ്റുമതി ചെയ്യുകയും ചെയ്യുമെന്നും ബ്രാൻഡ് പറയുന്നു.

പ്ലാറ്റ്ഫോം ഒന്നാണെങ്കിലും ഡിസൈനിലേക്ക് നോക്കിയാൽ സ്വാർട്ട്പിലൻ 401 അതിന്റെ കെടിഎം മോഡലിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. പരിഷ്ക്കരിച്ച സൈഡ് പാനലുകളും പുതിയ ഒർണമെന്റ് വെസറും ലുക്കിന്റെ കാര്യത്തിൽ ബൈക്കിനെ കൂടുതൽ പരുക്കനാക്കുന്നുണ്ട്. പഴയ മോഡലിലെ അണ്ടർബെല്ലി യൂണിറ്റിന് പകരം സൈഡ് മൗണ്ടഡ് എക്‌സ്‌ഹോസ്റ്റും ബൈക്കിന്റെ സവിശേഷതയാണ്.
പിൻഭാഗത്തെ ടയർ ഹഗ്ഗറും ശരിയായ ടെയിൽ ടൈഡി ഉപയോഗിച്ച് മാറ്റിസ്ഥാപിച്ചിട്ടുണ്ട്. 2024 സ്വാർട്ട്പിലൻ 401 മൂന്നാം തലമുറയിലുള്ള കെടിഎം 390 ഡ്യൂക്കിൽ നിന്നുള്ള പുതിയ റിയർ സബ്ഫ്രെയിമിനൊപ്പം അതേ ട്രെല്ലിസ് ഫ്രെയിം തന്നെയാണ് ഉപയോഗിക്കുന്നത്. പുതിയ 398.6 സിസി സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ് എഞ്ചിന് 46 bhp പവറിൽ പരമാവധി 39 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

6 സ്പീഡ് ഗിയർബോക്സിനൊപ്പം ബൈ-ഡയറക്ഷണൽ ക്വിക്ക്ഷിഫ്റ്ററും സ്റ്റാൻഡേർഡായി അവതരിപ്പിച്ചിട്ടുണ്ട്. റൈഡ്-ബൈ-വയർ, സൂപ്പർമോട്ടോ എബിഎസ്, ട്രാക്ഷൻ കൺട്രോൾ, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള 5 ഇഞ്ച് TFT സ്‌ക്രീൻ, ടൈപ്പ്-സി ചാർജിംഗ് എന്നിവയും അതിലേറെയും പോലുള്ള മോഡേൺ സവിശേഷതകളും സ്വാർട്ട്പിലനിൽ നൽകുന്നുണ്ട്. മറ്റ് മെക്കാനിക്കൽ വിശേഷങ്ങളിലേക്ക് വന്നാൽ സസ്‌പെൻഷൻ കൈകാര്യം ചെയ്യുന്നത് മുന്നിൽ അഡ്ജസ്റ്റ് ചെയ്യാവുന്ന USD ഫ്രണ്ട് ഫോർക്കുകളും പിൻവശത്ത് മോണോഷോക്കുമാണ്.
ബ്രേക്കിംഗിനായി മോട്ടോർസൈക്കിളിന്റെ മുന്നിൽ 320 mm ഡിസ്ക്കും പിന്നിൽ 240 mm ഡിസ്‌ക്കുമാണ് ഹസ്‌ഖ്‌വർണ ഒരുക്കിയിരിക്കുന്നത്. അധിക സേഫ്റ്റിക്കായി ഡ്യുവൽ-ചാനൽ എബിഎസ് സ്റ്റാൻഡേർഡായി തന്നെ നൽകിയിട്ടുണ്ട്. 2024 സ്വാർട്ട്പിലൻ 401 ബൈക്കിന് 13.5 ലിറ്റർ ഫ്യുവൽ ടാങ്കും 171.2 കിലോഗ്രാം ഭാരവുമാണുള്ളതെന്നും കമ്പനി പറയുന്നു. അങ്ങനെ മുൻഗാമിയേക്കാൾ മികച്ചതാവാൻ മോഡലിന് സാധിച്ചിട്ടുണ്ട്.

വിറ്റ്പിലനിലേക്ക് വന്നാൽ കെടിഎം 250 ഡ്യൂക്കിന്റെ അതേ പ്ലാറ്റ്ഫോമാണ് ഹസ്ഖി ഇതിലും ഉപയോഗിച്ചിരിക്കുന്നത്. ഫ്ലാറ്റ് പാനൽ, ഫ്യൂവൽ ടാങ്ക് കവർ, ഡിആർഎല്ലുള്ള വൃത്താകൃതിയിലുള്ള എൽഇഡി ഹെഡ്‌ലാമ്പ്, ഗ്രേ കളർ ഓപ്ഷൻ എന്നിവയ്‌ക്കൊപ്പം മോട്ടോർസൈക്കിൾ അതിന്റെ വ്യതിരിക്തമായ സ്റ്റൈലിംഗ് നിലനിർത്തിയിട്ടുണ്ട്. പഴയ മോഡലിൽ കാണുന്ന സ്പ്ലിറ്റ് പാനലുകൾക്ക് പകരം സൈഡ്, ടെയിൽ പാനലുകൾ ഇപ്പോൾ ഒരൊറ്റ യൂണിറ്റായി മാറ്റി.
പുതിയ സിംഗിൾ പീസ് സീറ്റ്, എഞ്ചിൻ കെയ്‌സുകളിൽ കോപ്പർ-ബ്രോൺസ് ഫിനിഷിംഗ്, പുതിയ ഫ്ലൂറസെന്റ് സ്ട്രൈപ്പ് എന്നിവയും വിറ്റ്പിലനിലേക്ക് കൊണ്ടുവന്ന ഡിസൈൻ മാറ്റങ്ങളാണ്. 30.57 bhp കരുത്തിൽ പരമാവധി 25 Nm torque നൽകുന്ന പരിചിതമായ 249 സിസി ലിക്വിഡ് കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ബൈക്കിന്റെ ഹൃദയം. 6-സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

ക്വാർട്ടർ ലിറ്റർ മോട്ടോർസൈക്കിളിന് പുതിയ 5 ഇഞ്ച് എൽസിഡി സ്‌ക്രീൻ, റൈഡ്-ബൈ-വയർ, സ്വിച്ചബിൾ എബിഎസ്, ക്വിക്ക്‌ഷിഫ്റ്റർ, ടൈപ്പ്-സി ചാർജിംഗ് എന്നിവയാണ് ഹസ്ഖ്‌വർണയിൽ സമ്മാനിച്ചിരിക്കുന്നത്. സസ്പെൻഷനായി മുന്നിൽ 43 mm USD ഫോർക്കുകളും പിന്നിൽ ഓഫ്‌സെറ്റ് മൗണ്ടഡ് അഡ്ജസ്റ്റ് ചെയ്യാവുന്ന മോണോഷോക്കുമാണ് കമ്പനി ഉപയോഗിച്ചിരിക്കുന്നത്. ബ്രേക്കിംഗിനായി ഡ്യുവൽ ചാനൽ എബിഎസോട് കൂടിയ ഡിസ്ക്കുകളാണ് ഹസ്‌ഖ്‌വർണ വിറ്റ്പിലൻ 250-യിൽ വാഗ്‌ദാനം ചെയ്യുന്നത്.


Click it and Unblock the Notifications








