കടയിലും ഓഫീസിലും പോവാൻ ഇതുമതി, 79,999 രൂപയ്ക്ക് 137 കി.മീ. റേഞ്ചുമായി പുത്തൻ ഇലക്‌ട്രിക് സ്‌കൂട്ടറുകൾ
എല്ലാവരും ഇലക്‌ട്രിക് സ്‌കൂട്ടറുകളുടെ പിന്നാലെ പായുന്ന കാലഘട്ടമാണിത്. പെട്രോളടിക്കുന്ന കാശ് ലാഭിക്കുന്നതിനോടൊപ്പം കുറഞ്ഞ ചെലവിൽ ഓഫീസിൽ പോവാനും കടയിൽ പോവാനുമെല്ലാം കഴിയുമെന്നതാണ് വൈദ്യുത സ്‌കൂട്ടറുകളെ വേറിട്ടു നിർത്തുന്ന കാര്യം. ചെലവ് കുറഞ്ഞ യാത്രാ മാർഗങ്ങൾ തേടുന്നവർക്ക് ഇവികൾ ശരിക്കും അനുഗ്രഹമാണ്. സ്റ്റൈലും ഭംഗിയുമെല്ലാം നോക്കി വണ്ടിയെടുക്കുന്നവർക്ക് അത്ര പ്രിയപ്പെട്ടതായിരുന്നില്ല മുമ്പ് ഇവി.
എന്നാൽ ഓലയും ഏഥറുമെല്ലാം വന്നതോടെ ഇവരും അടിപൊളിയായി മാറി. പക്ഷേ വില നോക്കുമ്പോൾ പലരും അകന്നു നിൽക്കുകയാണ്. ഇത്തരക്കാർക്കായി മറ്റ് സ്റ്റാർട്ടപ്പ് ബ്രാൻഡുകൾ മിടുക്കൻ ചില മോഡലുകളുമായി അരങ്ങ് തകർക്കുന്നുണ്ട്. അത്തരത്തിലൊരു കമ്പനിയാണ് നാസിക്ക് ആസ്ഥാനമായുള്ള ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ജിതേന്ദ്ര ഇവി.

ബ്രാൻഡിന്റെ ഏറ്റവും വിൽപ്പനയുള്ള പ്രിമോ ഇലക്ട്രിക് സ്കൂട്ടറിന്റ പുതിയ വേരിയന്റുകളുമായി രംഗത്തെത്തിയിരിക്കുകയാണ് കമ്പനി. പ്രിമോ S, പ്രിമോ പ്ലസ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായി വിപണിയിൽ എത്തുന്ന ഇവിക്ക് 79,999 രൂപ മുതലാണ് വില ആരംഭിക്കുന്നത്. റിമൂവബിൾ ബാറ്ററി, സ്മാർട്ട് ബിഎംഎസ് ഉള്ള ബാറ്ററി പ്രൊട്ടക്ഷൻ IP67, എന്തെങ്കിലും തകരുണ്ടെങ്കിൽ കണ്ടെത്തുന്ന ഡിജിറ്റൽ ക്ലസ്റ്റർ പോലുള്ള അത്യാധുനിക ഫീച്ചറുകളാൽ മോഡൽ സമ്പന്നമാണ്.
ഇതോടൊപ്പം തന്നെ സ്മാർട്ട് ഇൻസ്ട്രുമെൻ്റ്ഡ് ക്ലസ്റ്റർ, റേഞ്ച് പ്രെഡിക്ഷൻ ഫീച്ചർ, മൊബൈൽ യുഎസ്ബി ചാർജിംഗ് പോർട്ട്, എൽഇഡി ലാമ്പുകൾ, സൈഡ് സ്റ്റാൻഡ് സെൻസർ, തെർമൽ പ്രൊപ്പഗേഷൻ അലേർട്ട്, റിവേഴ്സ് അസിസ്റ്റൻസ് പോലുള്ള ഹൈടെക് ആഡ്-ഓണുകളുമായാണ് പുതിയ ജിതേന്ദ്ര പ്രിമോ ഇലക്ട്രിക് സ്‌കൂട്ടറുകൾ വരുന്നത്. പുതിയ കാലത്തെ റൈഡർമാരുടെ വ്യതിരിക്തമായ മുൻഗണനകൾ നിറവേറ്റുന്നതിനായാണ് ഇവി രൂപകൽപ്പന ചെയ്‌തിരിക്കുന്നതെന്നും കമ്പനി പറയുന്നു.

2.04 KwH, 3.26 KwH പവർ, ഏറ്റവും പുതിയ LMFP, NCM ബാറ്ററി സാങ്കേതികവിദ്യകൾക്കൊപ്പം പ്രിമോ ഇലക്ട്രിക് സ്കൂട്ടറിന്റെ രണ്ട് വേരിയന്റുകളും യഥാക്രമം 82 കിലോമീറ്റർ, 137 കിലോമീറ്റർ IDC റേഞ്ചാണ് വാഗ്‌ദാനം ചെയ്യുന്നത്. സുസ്ഥിര ഗതാഗത മേഖലയിൽ കാര്യക്ഷമത നൽകുന്നതിനാണ് വാഹനം പണികഴിപ്പിച്ചിരിക്കുന്നത്. പ്രിമോ എസ്, പ്രിമോ പ്ലസ് എന്നിവ ഹൈ-പെർഫോമൻസ് മോഡലുകളാണെന്നും മണിക്കൂറിൽ 52 കിലോമീറ്റർ വേഗത കൈവരിക്കാൻ ഇവയ്ക്ക് കഴിയുമെന്നും കമ്പനി അറിയിച്ചു.
അത്യാധുനിക രൂപകല്പനയും നൂതന സവിശേഷതകളും ഉപയോഗിച്ച് പ്രിമോ S, പ്രിമോ പ്ലസ് ഇലക്ട്രിക് സ്‌കൂട്ടറുകളുടെ നഗര യാത്രയുടെ പരിണാമത്തിൽ ഒരു സുപ്രധാന കുതിച്ചുചാട്ടത്തെയാണ് പ്രതിനിധീകരിക്കുന്നുവെന്ന് ജിതേന്ദ്ര ഇവിയുടെ സഹസ്ഥാപകനായ സാംകിത് ഷാ പറഞ്ഞു. കൂടാതെ നഗര മൊബിലിറ്റി പുനർനിർവചിക്കുകയും സുസ്ഥിരതയ്ക്കും നവീകരണത്തിനും പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇ-സ്‌കൂട്ടറിന്റെ പ്രധാന ആകർഷണമായ അതിൻ്റെ ഐക്കണിക് ഗ്ലോസി ഫിനിഷും, ഫ്യൂച്ചറിസ്റ്റിക് ഡിസൈനും, വലിയ ലെഗ് സ്‌പേസും നിലനിർത്തിയാണ് ജിതേന്ദ്ര ഇവി പ്രിമോ പുറത്തിറക്കുന്നത്. ഇത് റൈഡർമാർക്ക് ആശ്വാസം നൽകുന്ന സവിശേഷതകളാണെന്ന് പ്രത്യേകം പറയേണ്ടതുണ്ട്. അതേസമയം മെച്ചപ്പെടുത്തിയ പെർഫോമൻസ്, നൂതന സുരക്ഷാ സവിശേഷതകൾ, സ്മാർട്ട് കണക്റ്റിവിറ്റി ഓപ്ഷനുകൾ എന്നിവയാലും മോഡൽ പ്രാപ്‌തമാണ്.
കാർബൺ പുറന്തള്ളൽ കുറയ്ക്കുക മാത്രമല്ല, മൊത്തത്തിലുള്ള സിറ്റി യാത്രാ അനുഭവവും തടസമില്ലാത്ത സേവനങ്ങളും വർധിപ്പിക്കുകയും ചെയ്യുന്ന തങ്ങളുടെ മൂല്യമുള്ള ഉപഭോക്താക്കൾക്ക് വിൽപ്പനാനന്തര പിന്തുണയോടെ ശക്തമായ ഒരു പരിസ്ഥിതി സൗഹൃദ ബദൽ യാത്രക്കാർക്ക് നൽകുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. വിൽപ്പന, സർവീസ്, സ്പെയറുകൾ എന്നിവയിലെ ഗുണനിലവാരമുള്ള സേവനങ്ങളാണ് ജിതേന്ദ്ര ഇവി വാഗ്‌ദാനം ചെയ്യുന്നത്.
കൂടാതെ രാജ്യത്തുടനീളം അംഗീകൃത നെറ്റ്‌വർക്ക് വിപുലീകരിക്കാനുള്ള അതിമോഹമായ പദ്ധതിയും കമ്പനിയുടെ അണിയറയിലുണ്ട്. അതിനായി താൽപ്പര്യമുള്ള സംരംഭകർക്ക് 91-7057299999 എന്ന നമ്പറിൽ തങ്ങളെ ബന്ധപ്പെടാം അല്ലെങ്കിൽ www.jitendraev.com സന്ദർശിക്കാനും സാധിക്കുമെന്നും ജിതേന്ദ്ര ഇവി അറിയിച്ചിട്ടുണ്ട്. മികച്ച മോഡൽ ലൈനപ്പ്, ആകർഷകമായ ഡിസൈൻ, മത്സരാധിഷ്ഠിത വിലകൾ എന്നിവയുടെ പിൻബലത്തോടെയാണ് ഇന്ത്യയിലെ ഇലക്ട്രിക് വാഹന രംഗത്ത് അതിവേഗം കമ്പനി പ്രശസ്‌തിയാർജിച്ചത്.


Click it and Unblock the Notifications








