പെട്രോൾ ബൈക്കുകളുടെ അന്തകൻ, കുറഞ്ഞ വിലയും ഒടുക്കത്തെ റേഞ്ചുമായി പുതിയ ഇലക്‌ട്രിക് ബൈക്ക് വരുന്നു
ഇലക്‌ട്രിക് സ്‌കൂട്ടറുകളെ (Electric Scooter) പോലെ തന്നെ വൈദ്യുത വിഭാഗത്തിലേക്ക് നിരവധി മോട്ടോർസൈക്കിളുകളും കടന്നുവന്നുകൊണ്ടിരിക്കുകയാണ് ഇപ്പോൾ. റിവോൾട്ട്, അൾട്രാവയലറ്റ്, മാറ്റർ, ടോർക്ക് പോലുള്ള വമ്പൻമാർ അരങ്ങുവാഴുന്ന വിഭാഗത്തിൽ ഒബെൻ എന്നൊരു മിടുക്കൻ കൂടിയുണ്ട്. റോർ (Oben Rorr) എന്ന ഇവിയുമായി എത്തി അതിവേഗം ശ്രദ്ധിക്കപ്പെടാൻ ബെംഗളൂരു ആസ്ഥാനമായുള്ള ഒബെൻ ഇലക്ട്രിക്കിന് സാധിച്ചിരുന്നു. കിടിലൻ ലുക്കും അതിനൊത്ത പെർഫോമൻസും റേഞ്ചും ഒരുമിച്ചൊരുക്കി എത്തിയ റോറിന് ഇപ്പോഴും മികച്ച സ്വീകാര്യതയാണ് വിപണിയിലുള്ളത്. ഇപ്പോഴിതാ കമ്പനിയുടെ രണ്ടാമത്തെ ഇവിയും അവതരിക്കാൻ തയാറെടുക്കുകയാണ്.
ഒബെൻ്റെ രണ്ടാമത്തെ പുതിയ ഇലക്ട്രിക് മോട്ടോർസൈക്കിളിന് റോർ ഈസി എന്നാണ് പേരിട്ടിരിക്കുന്നത്. 2024 നവംബർ ഏഴിന് വിപണിയിലെത്താനിരിക്കുന്ന മോഡലിന്റെ ടീസർ ചിത്രവും കമ്പനി പുറത്തുവിട്ടിരിക്കുകയാണിപ്പോൾ. പേര് സൂചിപ്പിക്കുന്നത് പോലെ ഒബെൻ റോറിനെ അടിസ്ഥാനമാക്കിയുള്ള കൂടുതൽ താങ്ങാനാവുന്ന ഇലക്ട്രിക് കമ്മ്യൂട്ടർ ബൈക്കായിരിക്കും ഇതെന്നാണ് വിവരം.

2025 മാർച്ചോടെ ഒബെൻ ഇലക്ട്രിക് പുറത്തിറക്കുന്ന നാല് പുതിയ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളിൽ ആദ്യത്തേതായിരിക്കും റോർ ഈസി. ഇലക്‌ട്രിക് ഇരുചക്ര വാഹന രംഗത്തെ നിലവിലെ ഏതൊരു മോഡലിനേക്കാളും ഉയർന്ന നിലവാരമുള്ള വൈദ്യുത വാഹനമായിരിക്കും ഇതെന്നാണ് കമ്പനി അവകാശപ്പെടുന്നത്. പുത്തൻ ബൈക്കിനെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ കമ്പനി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും സംഗതി കിടിലമായിരിക്കുമെന്ന് ഊഹിക്കാം.
റൗണ്ട് ഹെഡ്‌ലാമ്പ്, ചെറിയ ടെലിസ്‌കോപ്പിക് ഫോർക്കുകൾ, ചുറ്റിനും അധിക ആവരണങ്ങൾ എന്നിവയുൾപ്പെടെ റോറിന് സമാനമായ ഡിസൈൻ തന്നെയായിരിക്കും റോർ ഈസി കമ്മ്യൂട്ടർ മോട്ടോർസൈക്കിളിനും ഉണ്ടാവുകയെന്നാണ് ടീസർ സൂചന നൽകിയിരിക്കുന്നത്. ഹൈ-പെർഫോമൻസ് ശേഷിയുള്ള LFP ബാറ്ററി സാങ്കേതികവിദ്യയായിരിക്കും പുതിയ റോർ ഈസിയിൽ ഉപയോഗിക്കുകയെന്നും ഒബെൻ സ്ഥിരീകരിച്ചിട്ടുണ്ട്.

റോർ ഈസി വാങ്ങുന്നവർക്ക് തടസമില്ലാത്ത ഉടമസ്ഥാവകാശം വാഗ്‌ദാനം ചെയ്യുന്നതിനായി 'ഒബെൻ കെയർ' എന്ന വിൽപ്പനാനന്തര സേവനവും വാഗ്‌ദാനം ചെയ്യുമെന്നും ബെംഗളൂരു ആസ്ഥാനമായുള്ള ബ്രാൻഡ് പ്രഖ്യാപിച്ചിട്ടുണ്ട്. ബാറ്ററികൾ, മോട്ടോറുകൾ, വെഹിക്കിൾ കൺട്രോൾ യൂണിറ്റുകൾ, ഫാസ്റ്റ് ചാർജറുകൾ തുടങ്ങിയ ഇവികളിലെ നിർണായക ഘടകങ്ങൾ സ്വന്തമായി ഒബെൻ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
നവംബർ ഏഴിന് അവതരിപ്പിക്കാനിരിക്കുന്ന ഒബെൻ റോർ ഈസി റോർ ഇവിയുടെ കൂടുതൽ ചെലവ് കുറഞ്ഞ പതിപ്പായിരിക്കുമെന്നാണ് അനുമാനം. അതായത് വില കുറഞ്ഞ ഇലക്ട്രിക് മോട്ടോർസൈക്കിളായിരിക്കുമെന്ന് സാരം. മൊത്തത്തിലുള്ള ചിലവ് കുറയ്ക്കുന്നതിന് രണ്ട് മോഡലുകളും നിരവധി മെക്കാനിക്കൽ പാർട്‌സുകൾ പങ്കിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. വ്യത്യസ്‌ത തരം ആളുകളുടെ ആവശ്യകതകൾ പരിഹരിക്കുന്നതിന് മോട്ടോർ ഡിറ്റ്യൂൺ ചെയ്യാനും സാധ്യതയുണ്ട്.

മാത്രമല്ല ചെലവ് കുറയ്ക്കാൻ റോർ ഈസി വേരിയന്റിന് ചെറിയ ശേഷിയുള്ള ബാറ്ററി പായ്ക്ക് ലഭിക്കും. 4.4 kWh ബാറ്ററി പായ്ക്കും 8 kWh IPMSM മോട്ടോറും ഉപയോഗിക്കുന്ന ഓബെൻ പെർഫോമൻസ് ഇലക്ട്രിക് മോട്ടോർസൈക്കിളിന് വെറും മൂന്ന് സെക്കൻഡുകൾക്കുള്ളിൽ 0-40 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും. അതേസമയം ടോപ്പ് സ്പീഡ് മണിക്കൂറിൽ 100 കിലോമീറ്ററായിട്ടാണ് പരിമിതപ്പെടുത്തിയിരിക്കുന്നത്.
സിംഗിൾ ചാർജിൽ ഏകദേശം 187 കിലോമീറ്റർ റേഞ്ച് വരെ നൽകാനും ഓബെൻ റോറിന് സാധിക്കും. ഇ-ബൈക്കിന് 200 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസും 230 മില്ലീമീറ്റർ വാട്ടർ വേഡിംഗ് ശേഷിയുമുണ്ട്. ഒബെൻ റോറിന് ഇന്ത്യയിൽ 1.49 ലക്ഷം രൂപയാണ് എക്‌സ്ഷോറൂം വിലയായി മുടക്കേണ്ടി വരുന്നത്. അതിനാൽ റോർ ഈസി എന്ന പുതിയ മോഡിലിന് 1 ലക്ഷം രൂപയ്ക്ക് അടുത്ത് വില പ്രതീക്ഷിക്കാം.
റോറിന് സ്റ്റാൻഡേർഡ് 15-amp സോക്കറ്റിൽ പ്ലഗ് ചെയ്യാനാവുന്ന ഓൺബോർഡ് ചാർജർ ഉൾക്കൊള്ളുന്നുണ്ട്. ഇതുവഴി 2 മണിക്കൂറിനുള്ളിൽ 80 ശതമാനം വരെ ബാറ്ററി ചാർജ് ചെയ്യാൻ കഴിയും. ഈ ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യ റോർ ഇസിയിലും ലഭിക്കുന്നുണ്ടോയെന്നത് കാത്തിരുന്ന് അറിയേണ്ട സംഗതിയാണ്. 50,000 കി.മീ അല്ലെങ്കിൽ മൂന്ന് വർഷത്തെ വാറണ്ടിയാണ് ഒബെൻ ഇവിക്കുള്ളത്. അതോടൊപ്പം എക്സ്റ്റൻഡഡ് വാറണ്ടിയായി അഞ്ച് വർഷം അല്ലെങ്കിൽ 75,000 കി.മീ വാറണ്ടിയും ലഭിക്കും.


Click it and Unblock the Notifications








