45 മിനിറ്റിൽ ഫുൾ ചാർജ്, 175 കി.മീ. റേഞ്ച്! 89,999 രൂപയ്ക്ക് കൊതിപ്പിക്കുന്ന ലുക്കുള്ള ഇലക്‌ട്രിക് ബൈക്ക്
ഇന്ത്യയിലെ ഇലക്‌ട്രിക് ഇരുചക്ര വാഹന വിപണി കൈയടക്കി വെച്ചിരിക്കുന്നത് സ്‌കൂട്ടറുകളാണെങ്കിലും ബാറ്ററി ഹൃദയം ഘടിപ്പിച്ച മോട്ടോർസൈക്കിളുകളും ഇപ്പോൾ സുലഭമായിക്കൊണ്ടിരിക്കുകയാണ്. റിവോൾട്ടും അൾട്രാവയലറ്റും ടോർക്കും ഒബെനുമെല്ലാം ഇ-ബൈക്ക് വിഭാഗത്തിൽ നിന്നും പണംവാരുന്നവരാണ്. പെട്രോൾ മോഡലുകളെ അപേക്ഷിച്ച് പോക്കറ്റിന് ഗുണകരമാവുന്ന നിശബ്‌ദ ബൈക്കുകളെ ആളുകൾ തിരിച്ചറിയുകയും ചെയ്‌തിട്ടുണ്ട്. റോർ എന്ന തട്ടുപൊളിപ്പൻ ഇവിയിലൂടെ എല്ലാവരുടേയും ഹൃദയത്തിൽ കുടിയേറിയ ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളാണ് ഒബെൻ. കിടിലൻ ലുക്കും ഗംഭീര ഫീച്ചറുകളും ഒടുക്കത്തെ റേഞ്ചുമായി നിരത്തിലെത്തിയ വണ്ടിക്ക് ഇപ്പോൾ വലിയ ഫാൻബേസാണുള്ളത്.
ഇപ്പോഴിതാ കൂടുതൽ ആളുകളിലേക്ക് അടുക്കുന്നതിന്റെ ഭാഗമായി ഒബെൻ റോർ ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ മറ്റൊരു വേരിയന്റ് കൂടി വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. കമ്മ്യൂട്ടർ ഇലക്ട്രിക് ബൈക്കായി പേരെടുത്ത മോഡലിന് റോർ ഈസി എന്നാണ് പേരിട്ടിരിക്കുന്നതും. പേരും ലുക്കും വെറൈറ്റി ആക്കിയെങ്കിലും ചർച്ചയാവാൻ പോവുന്നത് വില തന്നെയായിരിക്കും. വെറും 89,999 രൂപയുടെ എക്സ്ഷോറൂം വിലയിലാണ് വൈദ്യുത വാഹനത്തെ കമ്പനി വിപണിയിൽ എത്തിച്ചിരിക്കുന്നത്.

ഇന്ത്യയിലെ ഇലക്ട്രിക് മോട്ടോർസൈക്കിൾ വിപണിയിൽ കമ്പനിയുടെ വിഹിതം വർധിപ്പിക്കാൻ എന്തായാലും പുതിയ റോർ ഈസി ഒബെനെ സഹായിക്കും. ഇതിനോടകം ബുക്കിംഗ് ആരംഭിച്ച മോഡൽ വാങ്ങാൻ താത്പര്യമുള്ളവർക്ക് 2,999 രൂപ ടോക്കൺ തുക നൽകി കുറഞ്ഞ വിലയുള്ള പുത്തൻ വേരിയന്റ് പ്രീ-ബുക്ക് ചെയ്‌തിടാം. വ്യത്യസ്ത വലിപ്പത്തിലുള്ള ബാറ്ററി പായ്ക്കുകളെ അടിസ്ഥാനമാക്കി മൂന്ന് വ്യത്യസ്ത വേരിയൻ്റുകളിൽ ഒബെൻ റോർ ഈസി ലഭ്യമാണ്.
ഇലക്‌ട്രിക് മോട്ടോർസൈക്കിളിന്റെ തെരഞ്ഞെടുക്കുന്ന വേരിയന്റുകളെ അപേക്ഷിച്ച് 89,999 രൂപ മുതൽ 109,999 രൂപ വരെയാണ് എക്‌സ്ഷോറൂം വില മുടക്കേണ്ടി വരിക. കാത്തിരുത്തി മുഷിപ്പിക്കാതെ റോർ ഈസിക്കായുള്ള ടെസ്റ്റ് റൈഡുകളും ഡെലിവറിയും ഉടൻ തന്നെ ആരംഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 2.6 kWh, 3.4 kWh, 4.4 kWh എന്നിങ്ങനെ മൂന്ന് വ്യത്യസ്ത ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലാണ് ഇവി വരുന്നത്.

റോർ ഈസിയുടെ ബേസ് വേരിയന്റിലെ 2.6 kWh ബാറ്ററി പായ്ക്ക് സിംഗിൾ ചാർജിൽ 110 കിലോമീറ്റർ വരെ റേഞ്ചാണ് വാഗ്‌ദാനം ചെയ്യുന്നത്. അത് 45 മിനിറ്റിനുള്ളിൽ പൂർണമായി ചാർജ് ചെയ്യാനും സാധിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. 3.4 kWh ബാറ്ററിയുള്ള മിഡ് വേരിയന്റ് ഒരു തവണ ചാർജ് ചെയ്താൽ 140 കിലോമീറ്റർ റേഞ്ച് വരെ വാഗ്ദാനം ചെയ്യും. ഇതിന് 1.30 മണിക്കൂർ ചാർജിംഗ് സമയമാണ് വേണ്ടി വരിക.
ഒബെൻ റോർ ഈസിയുടെ ടോപ്പ് എൻഡ് വേരിയൻ്റിന് 4.4 kWh ബാറ്ററി പായ്ക്ക് ആണ് തുടിപ്പേകാൻ എത്തിയിരിക്കുന്നത്. ഇത് പൂർണമായി ചാർജ് ചെയ്താൽ 175 കിലോമീറ്റർ വരെ ഓടിക്കാനാവുമെന്നാണ് ഇലക്ട്രിക് സ്റ്റാർട്ടപ്പ് ബ്രാൻഡ് പറയുന്നത്. അതേസമയം ബാറ്ററി പൂർണമായി ചാർജ് ചെയ്യാൻ 2 മണിക്കൂർ സമയം എടുക്കും. ബാറ്ററി പായ്ക്കിന് ഫാസ്റ്റ് ചാർജിംഗ് ശേഷിയുള്ളതിനാൽ കാര്യങ്ങൾ എളുപ്പമാവുകയും ചെയ്യും.

ഇനി പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ പുതിയ ഒബെൻ റോർ ഈസി മോട്ടോർസൈക്കിളിലെ ഇലക്ട്രിക് മോട്ടോറിന് പരമാവധി 52 Nm ടോർക്ക് വരെ സൃഷ്ടിക്കാൻ കഴിയും. IP67 സർട്ടിഫൈഡായിട്ടുള്ള ഹൈ പെർഫോമൻസ് LFP ബാറ്ററി പായ്ക്കായതിനാൽ ആശങ്കയൊന്നും വേണ്ടതാനും. ഈ ബാറ്ററി പായ്ക്ക് 50 ശതമാനം ഹൈ ടെംപ്രേച്ചർ റെസിസ്റ്റൻസും കൂടുതൽ ആയുസും നൽകുമെന്നാണ് കമ്പനി പറയുന്നത്.
ഒബെൻ റോർ ഈസിയുടെ എല്ലാ വകഭേദങ്ങൾക്കും പരമാവധി പുറത്തെടുക്കാൻ കഴിയുന്ന വേഗം 95 കിലോമീറ്ററാണ്. കൂടാതെ 3.3 സെക്കൻഡിനുള്ളിൽ 0-40 കിലോമീറ്റർ വേഗത കൈവരിക്കാനും ഇലക്ട്രിക് മോട്ടോർസൈക്കിളിന് കഴിയും. ഇനി പുത്തൻ മോഡലിന്റെ ഡിസൈനിലേക്ക് നോക്കിയാൽ ചിത്രങ്ങളിൽ കാണുന്നതു പോലെ തന്നെ കക്ഷി അടിപൊളിയാണ്. ഇലക്ട്രിക് കമ്മ്യൂട്ടർ മോട്ടോർസൈക്കിൾ തേടുന്ന ആളുകൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് റോർ ഈസി.
നിയോ-ക്ലാസിക് ലുക്ക് വഹിക്കുന്ന ഒബെൻ റോറിന് സമാനമാണ് പുതിയ ഈസി വേരിയന്റും. വൃത്താകൃതിയിലുള്ള അതേ എൽഇഡി ഹെഡ്‌ലാമ്പ്, മസ്കുലർ ഫ്യൂവൽ ടാങ്ക്, ടാങ്ക് ആവരണങ്ങളെല്ലാം ഇവിക്ക് പ്രത്യേക അഴകാണ് സമ്മാനിക്കുന്നത്. പെട്രോൾ ബൈക്കുകളുടെ എഞ്ചിൻ ഇരിക്കുന്ന അതേ സ്ഥാനത്താണ് ബാറ്ററി പായ്ക്ക് സ്ഥാപിച്ചിരിക്കുന്നത്. ഡിജിറ്റൽ ഡിസ്പ്ലേയുള്ള ഒരു ടാബ് പോലെയുള്ള ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററും ഇതിലുണ്ട്. പുതുമക്കായി കിടിലൻ കളർ ഓപ്ഷനുകളും കമ്പനി അവതരിപ്പിക്കുന്നുണ്ടെന്നതിനാൽ ആരേയും മോഹിപ്പിക്കും.


Click it and Unblock the Notifications








