മുതലാളി മലയാളികൾ, 120 കി.മീ. റേഞ്ചുള്ള ഇലക്‌ട്രിക് സ്‌കൂട്ടറുകളിലെ എസ്‌യുവിക്ക് പുതിയ മാറ്റങ്ങളുമായി റിവർ

ഇന്ത്യയിലെ ഇലക്‌ട്രിക് സ്‌കൂട്ടർ വിപണി അനുദിനം വളർന്നുകൊണ്ടിരിക്കുകയാണ്. ഓലയും ഏഥറുമാണ് മുൻപന്തിയിൽ നിന്ന് നയിക്കുന്നതെങ്കിലും മറ്റ് സ്റ്റാർട്ടപ്പ് ബ്രാൻഡുകളും പണംവാരുന്നുണ്ട്. കൂടുതൽ റേഞ്ച്​, കൂടുതൽ വേഗത, വിലക്കുറവ്​ എന്നിവയുള്ള ഇവികൾ ചൂടപ്പം പോലെയാണ് രാജ്യത്ത് വിറ്റഴിക്കപ്പെടുന്നത്. അത്തരത്തിൽ കാശുണ്ടാക്കാനായി രണ്ട് മലയാളികൾ തുടങ്ങിയ കമ്പനിയാണ് റിവർ. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇവി സ്റ്റാർട്ടപ്പിന്റെ ഇൻഡി ഇലക്ട്രിക് സ്കൂട്ടർ പ്രേമലു എന്ന ഹിറ്റ് ചിത്രത്തിലൂടെ പലർക്കും പരിചിതമാവുകയും ചെയ്‌തിരുന്നു. ഇപ്പോഴിതാ ചില മിനുക്കുപണികൾ നടത്തി കൂടുതൽ മിടുക്കനായി വിപണിയിലെത്തിയിരിക്കുകയാണ് കക്ഷി.

ബെംഗളൂരു ആസ്ഥാനമായുള്ള ഇലക്ട്രിക് ടൂ വീലർ സ്റ്റാർട്ടപ്പായ റിവർ ഇവി ഇൻഡിയുടെ നവീകരിച്ച പതിപ്പ് പുറത്തിറക്കി. പരിഷ്ക്കാരങ്ങളുമായി എത്തുന്ന 2024 മോഡൽ റിവർ ഇൻഡിക്ക് 1.43 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വിലയായി മുടക്കേണ്ടി വരിക. പോയ വർഷം വിപണിയിൽ എത്തിയതിന് ശേഷം ഇതാദ്യമായാണ് ഇലക്ട്രിക് സ്കൂട്ടറിലേക്ക് കമ്പനി നവീകരണം കൊണ്ടുവരുന്നത്.

New River Indie Electric Scooter Launched In India

2023-ൽ റിവർ ഇൻഡി ആദ്യമായി ലോഞ്ച് ചെയ്തത് 1.25 ലക്ഷം രൂപയ്ക്കായിരുന്നു. പിന്നീട് ഈ വർഷം ആദ്യം നില 1.38 ലക്ഷമായി ഉയർത്തി. ഇതിന് ശേഷമാണ് ഇപ്പോൾ പരിഷ്ക്കാരങ്ങളുടെ പേരിൽ ചെറിയ വില വർധനവ് വീണ്ടും നടപ്പിലാക്കിയിരിക്കുന്നത്. ഇനി പുതിയ മോഡലിലെ മാറ്റങ്ങളിലേക്ക് കടന്നാലോ? റിവർ ഇൻഡിയിൽ വരുത്തിയ ഏറ്റവും വലിയ മാറ്റം ചെയിൻ ഡ്രൈവ് സംവിധാനമുള്ള പുതിയ സിംഗിൾ സ്പീഡ് ഗിയർബോക്‌സ് ഉൾപ്പെടുത്തിയതാണ്.

ഇത് ഇലക്ട്രിക് സ്കൂട്ടർ സെഗ്‌മെൻ്റിലെ തന്നെ ആദ്യത്തേതാണെന്ന് കമ്പനി അവകാശപ്പെടുന്നു. ഇത് ഓണർഷിപ്പ് കോസ്റ്റിന്റെ മൊത്തം ചെലവ് കുറയ്ക്കുന്നതിനും ഈട് വർധിപ്പിക്കുന്നതിനും സഹായിക്കുമെന്നാണ് റിവർ പറയുന്നത്. സിംഗിൾ-സ്പീഡ് ഗിയർബോക്‌സുമായി ചേർന്ന് ചെയിൻ ഡ്രൈവ് സ്‌കൂട്ടറിൻ്റെ അസംബ്ലി പ്രക്രിയയും റിപ്പയർ ജോലികളും ലളിതമാക്കുന്നുവെന്ന് കമ്പനിയുടെ മെക്കാനിക്കൽ ഡിസൈൻ ഹെഡ് മഷെർ അലി ബെയ്ഗ് മിർസ പറഞ്ഞു.

New River Indie Electric Scooter Launched In India

കൂടാതെ റിവർ ഇൻഡിക്ക് ഇപ്പോൾ രണ്ട് പുതിയ കളർ ഓപ്ഷനുകളും ലഭിക്കുന്നുണ്ട്. 2024 അപ്‌ഡേറ്റിനൊപ്പം വിൻ്റർ വൈറ്റും സ്റ്റോം ഗ്രേയുമാണ് ഇവിയിലേക്ക് കടന്നുവന്നിരിക്കുന്നത്. ഇലക്ട്രിക് സ്കൂട്ടറുകളിലെ എസ്‌യുവി എന്നറിയപ്പെടുന്ന മോഡൽ ഇനി കൂടുതൽ ആളുകളിലേക്ക് എത്തുമെന്ന് ഉറപ്പിക്കാം. ഇതിനോടകം സ്വീകാര്യമായ ഡിസൈനിലൊന്നും കമ്പനി മാറ്റം കൊണ്ടുവന്നിട്ടില്ലെന്ന് വേണം പറയാൻ. പക്ഷേ ഒരു ഡെഡിക്കേറ്റഡ് വേഴ്സ് ബട്ടൺ കമ്പനി പുതുതായി അവതരിപ്പിച്ചിട്ടുണ്ട്.

മസിൽ രൂപവും ആവശ്യത്തിലധികം സാധനങ്ങൾ കയറ്റാനുള്ള സ്പേസുമാണ് ഇവിയുടെ പ്രധാന ഹൈലൈറ്റ്. ധാരാളം സ്റ്റോറേജ് സ്പേസ്, പാനിയര്‍ മൗണ്ടുകള്‍, ക്രാഷ് ഗാര്‍ഡ്​ തുടങ്ങി വൈദ്യുത സ്‌കൂട്ടറുകളില്‍ അങ്ങനെ കണ്ടുവരാത്ത സംവിധാനങ്ങൾ കോർത്തിണക്കിയാണ് റിവർ ഇൻഡി പണികഴിപ്പിച്ചിരിക്കുന്നത്. ഇക്കാര്യങ്ങളെല്ലാം 2024 അപ്ഡേഷനിൽ തുടർന്നിട്ടുമുണ്ട് കമ്പനി.

New River Indie Electric Scooter Launched In India

കൂറ്റൻ ബോഡി വർക്ക്, ട്വിൻ-ബീം എൽഇഡി ഹെഡ്‌ലാമ്പുകൾ, വശങ്ങളിൽ സംയോജിപ്പിച്ച പാനിയറുകൾക്കുള്ള ഹാർഡ് മൗണ്ടുകൾ എന്നിവയെല്ലാം ഇവിയെ വേറിട്ടുനിർത്തും. റിവർ ഇൻഡിയിലെ വലിപ്പമുള്ള സീറ്റ്, പരന്നതും വീതിയുള്ളതുമായ ഫ്ലോർബോർഡ്, ഗ്രാബ്‌റെയ്ൽ, ക്രാഷ് ഗാർഡുകൾ, അലോയ് വീലുകൾ എന്നിവ പരമ്പരാഗത സ്കൂട്ടറുകളെ അപേക്ഷിച്ച് അതിൻ്റെ പരുക്കൻ രൂപവും പ്രവർത്തനക്ഷമതയും വർദ്ധിപ്പിക്കുന്ന കാര്യമാണ്.

റിവർ ഇൻഡി ഇലക്ട്രിക് സ്കൂട്ടറിന് 55 ലിറ്റർ സ്റ്റോറേജ് സ്പേസാണ് ലഭിക്കുന്നത്. ഗ്ലോവ്ബോക്സിൽ 12 ലിറ്ററും സീറ്റിനടിയിൽ 43 ലിറ്ററും സ്റ്റോറേജ് നൽകുന്ന വിധത്തിലാണ് കമ്പനി സെറ്റപ്പ് ചെയ്‌തിരിക്കുന്നത്. കൂടാതെ, ഫ്രണ്ട്-ഫൂട്ട്പെഗുകളും 14 ഇഞ്ച് വീലുകളും ഇതിൽ സജ്ജീകരിച്ചിരിക്കുന്നതും പ്രായോഗികത ഇരട്ടിയാക്കുന്ന സംഗതിയാണ്. ഇതെല്ലാം ഏതുതരം സാഹചര്യങ്ങളിലും മികച്ച യാത്രാക്ഷമതയും ഉറപ്പുവരുത്തുന്നുമുണ്ട്.

4 kWh ബാറ്ററി പായ്ക്കുമായാണ് ഇൻഡി ഇലക്ട്രിക് സ്കൂട്ടർ വരുന്നത്. 6.7 kWh ശേഷിയുള്ള ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ ബാറ്ററിക്ക് പരമാവധി 26 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുണ്ട്. സിംഗിൾ ചാർജിൽ 120 കിലോമീറ്റർ റേഞ്ച് തരുന്ന വാഹനത്തിന് പരമാവധി 90 കിലോമീറ്റർ വേഗതയാണ് കമ്പനി അവകാശപ്പെടുന്നത്. 3.9 സെക്കൻഡിൽ 0-40 കിലോമീറ്റർ വേഗത കൈവരിക്കാനും മോഡലിനാവും.

2023 ഒക്‌ടോബർ മുതൽ ഇൻഡി ഇലക്ട്രിക് സ്‌കൂട്ടറിൻ്റെ 3,000 യൂണിറ്റുകൾ കമ്പനി വിറ്റഴിച്ചതായി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും റിവർ സഹസ്ഥാപകനുമായ അരവിന്ദ് മണി പറഞ്ഞു. കോയമ്പത്തൂർ, വിശാഖപട്ടണം, ഹുബ്ലി, കൊച്ചി, ബെൽഗാം, വെല്ലൂർ, മൈസൂർ, ഉപ്പൽ എന്നിവിടങ്ങളിൽ തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കാനാണ് റിവർ ഇപ്പോൾ പദ്ധതിയിടുന്നത്. 2025 മാർച്ചോടെ ഇന്ത്യയിലുടനീളം 25 റിവർ സ്റ്റോറുകൾ സ്ഥാപിക്കാനാണ് ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കൾ ലക്ഷ്യമിടുന്നത്.

More from DriveSpark

Article Published On: Wednesday, November 27, 2024, 19:39 [IST]
English summary
New river indie electric scooter launched in india price starts from rs 1 43 lakh
കൂടുതല്‍... #electric scooter #electric bike #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X