മിന്നാരത്തിലെ ലാലേട്ടനെ പോലെ എൻഫീൽഡിന്റെ ചുള്ളൻ ബോബി, ജാവയെ പൂട്ടാൻ ഗോവൻ ക്ലാസിക് എന്ന ഇടിവെട്ട് പേരും
ഇന്ത്യൻ വിപണിക്കായി പുതിയൊരു മോഡൽ പുറത്തിറക്കാൻ ഒരുങ്ങുകയാണ് നമ്മുടെ റെട്രോ ക്ലാസിക് ഇരുചക്ര വാഹന നിർമാതാക്കളായ റോയൽ എൻഫീൽഡ്. അടുത്തിടെ ഗറില്ല 450, ബെയർ 650 സ്ക്രാംബ്ലർ എന്നീ മോട്ടോർസൈക്കിളുകൾ ഇറക്കി നമ്മെ വിസ്‌മയിപ്പിച്ച ബ്രാൻഡ് അടുത്തതായി കൊണ്ടുവരുന്നത് ഒരു ബോബർ സ്റ്റൈൽ ബൈക്കാണ്. അതും രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ക്ലാസിക് 350 അടിസ്ഥാനമാക്കിയുള്ള മോഡലാണെന്ന് കേട്ടാൽ സന്തോഷം ഇരട്ടിയാവുകയേയുള്ളൂ. നവംബർ 22 മുതൽ 24 വരെ നടക്കാനിരിക്കുന്ന 2024 മോട്ടോവേഴ്‌സിൽ ഗോവൻ ക്ലാസിക് എന്നുപേരിട്ടിരിക്കുന്ന ബോബർ സ്റ്റൈൽ മോട്ടോർസൈക്കിളിനെ കമ്പനി അവതരിപ്പിക്കും.
ഇതിനു മുന്നോടിയായിതാ ഗോവൻ ക്ലാസിക്കിന്റെ ആദ്യ ടീസറും പുറത്തുവിട്ടിരിക്കുകയാണ് കമ്പനി. 2024 കലണ്ടർ വർഷം എന്തായാലും റോയൽ എൻഫീൽഡ് നിറഞ്ഞാടുകയാണ്. വർഷത്തിന്റെ തുടക്കത്തിൽ ഷോട്ട്ഗൺ 650 പുറത്തിറക്കിയായിരുന്നു തുടക്കം. തുടർന്ന് ഗറില്ല 450, പുതിയ ക്ലാസിക് 350 എന്നീ വമ്പൻമാരും കളത്തിലേക്ക് എത്തി. അടുത്തിടെ, മിലാനിൽ നടന്ന EICMA ഷോയിൽ റോയൽ എൻഫീൽഡ് ഇൻ്റർസെപ്റ്റർ ബെയർ 650 സ്‌ക്രാംബ്ലറും ക്ലാസിക് 650 പതിപ്പും പ്രദർശിപ്പിച്ച് ഞെട്ടിക്കുകയും ചെയ്‌തു.

ഇതിന് പിന്നാലെയാണ് ഗോവൻ ക്ലാസിക് 350 എന്ന ബോബർ സ്റ്റൈൽ ബൈക്കും കൊണ്ടുവരുന്നത്. സ്റ്റാൻഡേർഡ് ക്ലാസിക് 350-യുടെ കസ്റ്റമൈസ്‌ഡ് പതിപ്പാണിതെന്ന് നേരത്തെ പറഞ്ഞല്ലോ. ബോബർ-സ്റ്റൈൽ ഡിസൈനും മെച്ചപ്പെടുത്തിയ സൗന്ദര്യശാസ്ത്രവുമായിട്ടായിരിക്കും വാഹനം നമ്മെ ഞെട്ടിക്കുക. പലവട്ടം പരീക്ഷണയോട്ടത്തിനിറങ്ങിയപ്പോൾ ബൈക്കിന്റെ ചിത്രങ്ങൾ പകർത്തി പലരും ഇന്റർനെറ്റിൽ വൈറലാക്കിയിരുന്നു.
പിന്നീട് പേറ്റൻ്റ് ചിത്രങ്ങൾ പുറത്തുവന്നപ്പോഴും ഗോവൻ ക്ലാസിക്കിന് ലഭിച്ച ഹൈപ്പ് ഒന്ന് വേറെ തന്നെയായിരുന്നു. റോയൽ എൻഫീൽഡിന്റെ ആധുനികമായ ജെ-സീരീസ് പ്ലാറ്റ്‌ഫോമിൽ തന്നെയാണ് പുത്തൻ മോട്ടോർസൈക്കിളും പണികഴിപ്പിക്കുക. പക്ഷേ ക്ലാസിക്കിനെ അപേക്ഷിച്ച് സ്‌റ്റൈലിംഗ്, കളർ ഓപ്ഷനുകൾ, റൈഡിംഗ് പൊസിഷൻ എന്നിവയിൽ പരിഷ്ക്കാരങ്ങളുണ്ടാവും.

ബോബർ സ്റ്റൈൽ മോട്ടോർസൈക്കിളായതിനാൽ തന്നെ സിംഗിൾ സീറ്റ് ഓപ്ഷനുമായാവുമോ ഗോവൻ ക്ലാസിക് വരികയെന്നാണ് പലരും ആശങ്കപ്പെടുന്നത്. എന്നാൽ ജാവ 42 ബോബർ, പെരാക്ക് എന്നിവയിൽ നിന്ന് വ്യത്യസ്തമായി റോയൽ എൻഫീൽഡ് 350 സിസി ബോബറിന് റിയർ സീറ്റ് ഓപ്ഷൻ ലഭിച്ചേക്കുമെന്നാണ് നിലവിലെ വിവരം. പിൻസീറ്റ് ലഭിക്കുന്നതോടെ പ്രായോഗികതയുടെ കാര്യത്തിൽ ജാവയുടെ മോഡലുകളേക്കാൾ മിടുക്കനായിരിക്കും.
എന്നാൽ സിംഗിൾ സീറ്റ് ഓപ്ഷനിലും വാഹനം ലഭ്യമായേക്കും. റോയൽ എൻഫീൽഡ് ഗോവൻ ക്ലാസിക് 350-യിൽ നീളമുള്ള റൈഡർ സീറ്റും ഒരു എക്സ്പോസ്ഡ് റിയർ ഫെൻഡറും ഉണ്ട്. സ്പ്ലിറ്റ് ഗ്രാബ് റെയിലുകളും വൈറ്റ്‌വാൾ ടയറുകളുമായി ജോടിയാക്കിയ വയർ-സ്‌പോക്ക്ഡ് വീലുകളുമായിരിക്കും മറ്റ് പ്രത്യേകതകൾ. കൂടുതൽ യുവാക്കളെ മോഡിലേക്ക് ആകർഷിക്കാനായി റോയൽ എൻഫീൽഡ് ഗോവൻ ക്ലാസിക്കിന് അലോയ് വീലുകളും ഓപ്‌ഷണലായി നൽകാം.

സ്റ്റാൻഡേർഡ് 350 ക്ലാസിക്കിന്റെ മെക്കാനിക്കൽ ഘടകങ്ങൾ നിലനിർത്തിക്കൊണ്ട് റോയൽ എൻഫീൽഡ് ഗോവൻ ക്ലാസിക്കിന് അതേ 349 സിസി എയർ-കൂൾഡ്, സിംഗിൾ സിലിണ്ടർ ഫ്യൂവൽ-ഇഞ്ചക്‌റ്റഡ് എഞ്ചിനാണ് തുടിപ്പേകാൻ എത്തുക. ഇത് 20 bhp കരുത്തിൽ പരമാവധി 27 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അഞ്ച് സ്പീഡ് ട്രാൻസ്മിഷനുമായിട്ടാവും എഞ്ചിൻ ജോടിയാക്കുക.
ട്യൂബുലാർ ഡൗൺട്യൂബ് ഫ്രെയിമിൽ പണികഴിപ്പിക്കുന്ന ഗോവൻ ക്ലാസിക് 350-യുടെ മറ്റ് മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ മുൻവശത്ത് ടെലിസ്‌കോപിക് ഫോർക്കും പിന്നിൽ ഡ്യുവൽ ഷോക്ക് അബ്‌സോർബറുകളുമാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇത് സന്തുലിതവും സുഖപ്രദവുമായ യാത്ര ഉറപ്പാക്കുന്നു. ബ്രേക്കിംഗിനായി ഇരുവശത്തും സിംഗിൾ ഡിസ്ക്ക് ബ്രേക്കുകളും ഇടംപിടിക്കും. സുരക്ഷ വർധിപ്പിക്കാനായി ഡ്യുവൽ ചാനൽ എബിഎസിന്റെ സഹായവും ഉണ്ടാവും.


Click it and Unblock the Notifications








